കൊട്ടക്കുണ്ട് വിളിക്കുന്നു, കളകളമൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ
text_fieldsവളാഞ്ചേരി കഞ്ഞിപ്പുര പ്രദേശത്തെ കൊട്ടക്കുണ്ട് വെള്ളച്ചാട്ടം
വളാഞ്ചേരി: സഞ്ചാരികളുടെ മനം കവർന്ന് കൊട്ടക്കുണ്ട് വെള്ളച്ചാട്ടം. കഞ്ഞിപ്പുര മൗണ്ട് ഹിറ ഇന്റർനാഷനൽ സ്കൂളിന് സമീപം വളാഞ്ചേരി നഗരസഭയിൽ ഉൾപ്പെടുന്ന പ്രദേശത്താണ് ഈ വെള്ളച്ചാട്ടം. 30, 31, 32 വാർഡുകളിൽ കൂടിയാണ് വെള്ളത്തിന്റെ കുത്തൊഴുക്കുള്ളത്. സ്കൂളിന് സമീപത്ത് കൂടി കുന്നിറങ്ങിയാണ് ഇങ്ങോട് എത്തേണ്ടത്. വിവിധയിനം മത്സ്യങ്ങളുടെ ഇവിടെയുണ്ട്. വിവിധയിനം പക്ഷികളുടെ പറുദീസ കൂടിയാണിവിടം.
പാറക്കെട്ടുകൾക്കിടയിലൂടെ നീരുറവയായി വരുന്ന ഈ വെള്ളച്ചാട്ടം ആസ്വാദിക്കാൻ ഒഴിവുദിവസങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് എത്തുന്നത്.
മയിൽ, കുരങ്ങ്, വെരുക്, കുറുക്കൻ എന്നിവയും ഈ നീരുറവക്കടുത്ത് വന്നു പോകാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. നഗരസഭയിലെ 30, 32 വാർഡുകളെ ബന്ധിപ്പിച്ച് വെള്ളച്ചാട്ടത്തിന് മുകളിലൂടെ ചെറിയ പാലം തീർത്ത് കോതോൾ വഴി റോഡ് യാഥാർഥ്യമാക്കിയാൽ ഇവിടം താമസിക്കുന്നവർക്കും സഞ്ചാരികൾക്കും ഗതാഗതം എളുപ്പമാകും.
തടയണ കെട്ടി സംരക്ഷിച്ചാൽ തോടുകളിലൂടെ ഒഴുകിപ്പോകുന്ന വെള്ളം കൃഷിക്കും ശുദ്ധജല വിതരണത്തിനും ഉപയോഗിക്കാൻ സാധിക്കും. ഇതിനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.