ഉദയ സൂര്യൻ്റെ നാട്
text_fieldsജീവിക്കാൻ ഏറ്റവും മികച്ച രാജ്യം ഏതെന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരങ്ങളായിരിക്കും. പക്ഷെ ജപ്പാൻ എന്ന രാജ്യത്തെപ്പറ്റി ചോദിച്ചാൽ എല്ലാവർക്കും ഒരേ അഭിപ്രായമേ ഉണ്ടാവൂ. ശാസ്ത്ര-സാങ്കേതികവിദ്യയുടെയും റോബോട്ടിക്സിന്റെയും ഇലക്ട്രോണിക്സ് നിർമിതികളുടെയും കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം. കുറച്ച്നാളുകൾക്കു മുൻപ് വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ ബാപ്പ പറഞ്ഞ ഒരു കാര്യം ഓർമ വരുന്നു.
‘മോളേ, നീ വരുമ്പോ ഒരു റേഡിയോ കൊണ്ടുവരണേ.. ഇവിടുള്ളത് കേടായിപ്പോയി. പിന്നേ.. മെയ്ഡ് ഇൻ ജപ്പാൻ നോക്കി വാങ്ങണേ..’. ‘റേഡിയോ ഞാൻ ജപ്പാനിൽ പോയി വാങ്ങി കൊണ്ട് വരാട്ടോ..’. എന്റെ മറുപടി കേട്ട് ബാപ്പ ചിരിച്ചു. ഇലക്ട്രോണിക്സ് വസ്തുക്കളുടെ നിർമിതിയിൽ ബാപ്പയ്ക്ക് ജപ്പാൻ കഴിഞ്ഞേ മറ്റാരെയും വിശ്വാസമുള്ളൂ. റേഡിയോ വാങ്ങാൻ വേണ്ടിയല്ലെങ്കിലും ഞാൻ ജപ്പാനിൽ പോയി. കുറേ നാളായി ആഗ്രഹിക്കുന്നതും എന്നാൽ താരതമ്യേന ചെലവ് കൂടിയതിന്റെ പേരിൽ മാറ്റി വെച്ചതുമായ ആ സ്വപ്നയാത്ര അങ്ങനെ സഫലമായി. ചെലവ് ചുരുക്കലിന്റെ ഭാഗമായുള്ള അന്വേഷണത്തിനൊടുവിൽ ദുബൈയിലെ ഒരു ടൂർ ഏജൻസിയുടെ ജപ്പാൻ ഗ്രൂപ്പ് ടൂറിൽ ഞങ്ങളും ചേർന്നു. ദുബൈ - സിംഗപ്പൂർ-ടോക്യോ എന്നതായിരുന്നു ഫ്ലൈറ്റ് റൂട്ട്. ടോക്യോ എയർപോർട്ടിൽ ഇറങ്ങുമ്പോൾ സൂര്യൻ ഞങ്ങളോട് യാത്ര പറയാനെന്ന പോലെ കാത്ത് നിൽക്കുകയായിരുന്നു. ആഡംബരങ്ങൾ അധികമില്ലാത്ത ടോക്യോ എയർപോർട്ടിൽ ഇമിഗ്രേഷൻ നടപടികളൊക്കെ എളുപ്പത്തിൽ കഴിഞ്ഞു. എയർപോർട്ടിന് പുറത്ത് ഞങ്ങളെ സ്വാഗതം ചെയ്ത് കൊണ്ട് ഇരുൾ പുതച്ച ടോക്യോ നഗരവും ഒപ്പം ടൂർ ഗൈഡ് മിനോയും കാത്ത് നിൽപ്പുണ്ടായിരുന്നു. മെലിഞ്ഞ് ശോഷിച്ച കാലുകളിൽ ഭാരമില്ലാത്ത തന്റെ ശരീരത്തെ ബാലൻസ് ചെയ്യാൻ പാട്പെടുകയാണോ മിനോ എന്ന് ഞാൻ ശങ്കിച്ചു. പ്രായം വെളുത്ത ചായം അവിടവിടെ പുരട്ടിയ നീണ്ട തലമുടി കെട്ടിവെച്ചിട്ടും പാറിപ്പറക്കുന്നുണ്ടായിരുന്നു. ക്രമരഹിതമായി വളർന്ന താടിരോമങ്ങളും കറുത്ത ജാക്കറ്റുമൊക്കെ ഏതോ പഴയ കാല റഷ്യൻ നോവലിലെ കഥാപാത്രത്തെ ഓർമിപ്പിച്ചു. ഗ്രൂപ്പിലെ എല്ലാവരും എത്തിയെന്ന് എണ്ണി ബോധ്യപ്പെട്ട ശേഷം മിനോ ഞങ്ങളെ ഹോട്ടലിലേക്ക് പോകാനുള്ള ബസ്സിലേക്ക് നയിച്ചു.
ടോക്യോവിലെ ടൊയോസു എന്ന സ്ഥലത്തെ ഹോട്ടൽ ജാൽ സിറ്റിയിലാണ് ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്നത്. മുറിയുടെയും ബാത്റൂമിന്റെയും വൃത്തിയും വെടിപ്പും സാങ്കേതികത്വവും അതിശയിപ്പിക്കുന്നതായിരുന്നു.
സഈദ നടേമ്മലും ഭർത്താവും
തണുപ്പിനെ പ്രതിരോധിക്കാൻ വേണ്ടി സുഖദമായ ചൂടുള്ള ടോയ്ലറ്റിന്റെ ഇരിപ്പിടവും കഴുകാനായി പല രീതിയിൽ വെള്ളം സ്പ്രേ ചെയ്യുന്ന സംവിധാനവും വല്ലാതെ അൽഭുതപ്പെടുത്തി. ആദ്യമായാണ് ഇത്ര സാങ്കേതിക മികവുള്ള ഒരു ടോയ്ലറ്റ് കാണുന്നത്. നല്ല തണുപ്പ് തോന്നിയത് കൊണ്ട് അത്താഴം കഴിക്കാൻ പുറത്ത് പോകാൻ മടിച്ചു. കയ്യിൽ കരുതിയിരുന്ന ഇൻസ്റ്റൻറ് നൂഡിൽസ് കഴിച്ച് തൽക്കാലം വിശപ്പടക്കി. എന്തൊക്കെ വിസ്മയങ്ങളാവും ജപ്പാൻ നഗരം ഞങ്ങൾക്കായ് കാത്ത് വെച്ചിട്ടുണ്ടാവുക എന്ന് ഓർത്ത് കൊണ്ട് ഉറക്കത്തിലേക്ക് വീണു. ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ റെസ്റ്റോറന്റിൽ എത്തിയപ്പോൾ ആദ്യത്തെ വിസ്മയം കണ്മുന്നിൽ. ഭക്ഷണമേശകളിൽ നിന്നും ഒഴിഞ്ഞ പാത്രങ്ങളും കപ്പുകളുമൊക്കെ ശേഖരിച്ച് കൊണ്ടുപോകുന്ന റോബോട്ട് കുഞ്ഞന്മാരെ അതിശയത്തോടെ നോക്കി നിന്നു. എങ്ങനെയാവും ഇവ ദിശ തെറ്റാതെ സഞ്ചരിക്കുന്നതെന്നൊക്കെ ആലോചിച്ചു നിൽക്കെ എട്ട് മണിക്ക് ബസ്സിൽ എത്തണമെന്ന് ഗൈഡ് പറഞ്ഞത് ഓർമ വന്നു. വേഗം തന്നെ കഴിച്ച് ബസ്സിൽ എത്തി. കൂടെയുള്ളവരും കൃത്യസമയത്ത് തന്നെ എത്തിച്ചേർന്നു.
തണുപ്പിനോടൊപ്പം നേർത്തൊരു മഴത്തൂവലും മെല്ലെ വന്ന് തൊട്ടു. ബസ്സിലെ സീറ്റുകൾ നിറഞ്ഞിരിക്കുന്നു. ചിലരൊക്കെ അപരിചിതത്വത്തിന്റെ മേൽമുണ്ടഴിച്ച് വെച്ച് വർത്തമാനത്തിന്റെ കെട്ടഴിക്കുന്നു. ചിലർ മൗനമായി പുറത്തെ തണുപ്പിലേക്ക് മിഴികൾ നട്ടിരിക്കുന്നു.
അസകുസയിലെ ബുദ്ധക്ഷേത്രം
അന്നത്തെ ദിവസം കാണാൻ പോകുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള ചെറുവിവരണം മിനൊ തരികയാണ്. അങ്ങനെയാണ് ഞാൻ ‘അസകുസ’എന്ന വാക്ക് കേട്ടത്. കേട്ടപ്പോൾ വല്ലാത്ത കൗതുകം തോന്നിച്ച അസകുസയിലെത്താനുള്ള കാത്തിരിപ്പിനിടയിൽ ബസ്സിലിരുന്ന് ടേക്യോ നഗരത്തെ സാകൂതം നോക്കിക്കണ്ടു. പോറലുകളേതുമില്ലാത്തതും വൃത്തിയുള്ളതുമായ റോഡുകൾ, ആധുനിക രീതിയിൽ നിർമ്മിച്ച കെട്ടിടങ്ങൾ, ലോകത്തിലെ പ്രധാന നഗരങ്ങളിലൊന്നായ ടോക്യോ പുതിയ ഒരു ദിവസത്തിന്റെ പ്രസരിപ്പണിഞ്ഞ് നിൽക്കുന്നു. മൂവായിരത്തിലേറെ ദ്വീപുകൾ ചേരുന്ന ഈ രാജ്യം ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നാണെന്ന് വിളിച്ചു പറയുന്നു. നമ്മൾ അസകുസ യിൽ എത്തി. എല്ലാവരും ഇറങ്ങിക്കോളൂ .. മിനോയുടെ ചിലമ്പിച്ച ശബ്ദം പുറത്തെ കാഴ്ചകളോടൊപ്പം സഞ്ചരിച്ച് കൊണ്ടിരുന്ന എന്നെ ബസ്സിനുള്ളിലേക്ക് തള്ളിയിട്ടു. ബസ്സിറങ്ങിയത് മനോഹരമായൊരു ക്ഷേത്ര കവാടത്തിന് മുന്നിലാണ്. ഇരുണ്ട ചുവപ്പ് നിറത്തിൽ ശില്പചാതുരിയോടെ നിർമിച്ചിട്ടുള്ള കവാടം കടന്ന് സെൻസോജി ടെംപിളിനുള്ളിലെത്തിയപ്പോൾ (Sensoji Temple) അവിടെ സന്ദർശകർ ഒഴുകി നടക്കുന്നുണ്ടായിരുന്നു. ജപ്പാൻ പരമ്പരാഗത വസ്ത്രമായ കിമോണൊ (Kimono) ധരിച്ച് എത്തിയ ധാരാളം ആളുകളെ അവിടെ കാണാൻ കഴിഞ്ഞു. ജപ്പാനിലെ പുരാതന ബുദ്ധക്ഷേത്രമായ ഇത് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ബുദ്ധമത ക്ഷേത്രം കൂടിയാണ്. ചുവപ്പും വെളുപ്പും പച്ചയും നിറങ്ങൾ ഇടകലർത്തിയുള്ള ഇതിന്റെ മനോഹാരിത കുറേ നേരം നോക്കി നിന്നു. ക്ഷേത്രത്തിനുൾവശമാകട്ടെ അലങ്കാരങ്ങളുടെ പളപളപ്പും ബുദ്ധ പ്രതിമകളുടെ ഗാംഭീര്യവും പ്രഭ ചൊരിയുന്നു. രാജകീയ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് ദണ്ഡനവും സന്യാസവും ധ്യാനവും ജീവിതമുദ്രയാക്കിയ ശ്രീബുദ്ധന്റെ വിഹാരകേന്ദ്രങ്ങളെല്ലാം ആഡംബരത്തിന്റെ തിളക്കങ്ങളണിഞ്ഞാണ് കാണാറുള്ളതെന്ന ചിന്ത അല്പനേരം എന്നെ ചുറ്റിപ്പറ്റി നിന്നു. വാ നമുക്ക് എന്തെങ്കിലും കഴിക്കാൻ കിട്ടുമോയെന്ന് നോക്കാം. ഗൈഡ് പറഞ്ഞ സമയമാകുമ്പഴേക്കും ബസ്സിനടുത്ത് തിരിച്ചെത്തേണ്ടതല്ലേ.. ചിന്തകളെ അവിടെ ഉപക്ഷിച്ച് ഞാൻ ഭർത്താവിനോടൊപ്പം ക്ഷേത്രത്തോട് ചേർന്നുള്ള തെരുവ് ലക്ഷ്യമാക്കി നീങ്ങി. ഉച്ചഭക്ഷണമായി എന്ത് കഴിക്കുമെന്ന് നോക്കി ഭക്ഷണശാലകളുടെ മുന്നിലൂടെ കുറെ നടന്നു. ഹലാൽ ഭക്ഷണം അവിടെങ്ങും ലഭ്യമല്ല എന്ന് ഉറപ്പായപ്പോൾ വാല് വിടർത്തി മൊരിഞ്ഞ ദേഹത്തിന്റെ ഭംഗി പ്രദർശിപ്പിച്ചുകൊണ്ട് നിൽക്കുന്ന കൊഞ്ചുകളുടെ പടം ഒരു റെസ്റ്റോറന്റിനുള്ളിലേക്ക് ഞങ്ങളെ എത്തിച്ചു. മെനു കാർഡ് തിരിച്ചും മറിച്ചും നോക്കി ഒടുവിൽ പ്രോൺസ് തംപുരയും വെജിറ്റബിൾ സൂപ്പും ഓർഡർ ചെയ്തു. അടുത്തുള്ള മേശകളിൽ ഇരിക്കുന്നത് ജപ്പാൻ സ്വദേശികൾ ആണെന്ന് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായി. അവരൊക്കെ എന്താണ് കഴിക്കുന്നതെന്ന് ഞാൻ കൗതുകത്തോടെ നോക്കി. വലിയ ബൗളിലുള്ള സൂപ്പിൽ നിന്നും ചോപ്സ്റ്റിക്ക് ഉപയോഗിച്ച് മാംസവും പച്ചക്കറി കഷ്ണങ്ങളുമൊക്കെ കുത്തിയെടുത്തു കഴിക്കുന്നതോടൊപ്പം പാത്രത്തിൽ നിന്ന് നേരിട്ട് സൂപ്പ് മോന്തി കുടിക്കുന്നു. കൂടെയുള്ള വെള്ള ചോറും ഇടയ്ക്കിടെ എടുത്ത് കഴിക്കുന്നു. ഒരു ചമ്മന്തിയെങ്കിലുമില്ലാതെ ചോറ് ഇറങ്ങാത്ത നമുക്ക് കറികളൊന്നും തന്നെയില്ലാതെ ചോറ് തിന്നുന്നത് കാണുമ്പോൾ അതിശയം തോന്നാതെന്ത് ചെയ്യും?
ഹിരോഷിമയിലെ പീസ് മെമോറിയൽ പാർക്ക്
ആണവായുധത്തിന്റെ അതിഭീകരവും ശക്തവുമായ ആഘാതമേറ്റ് വാങ്ങേണ്ടിവന്ന ഹിരോഷിമയിലേക്കായിരുന്നു അടുത്ത ദിവസത്തെ യാത്ര. ടോക്യോവിൽ നിന്ന് ഹിരോഷിമയിലേക്കുള്ള യാത്ര ബുള്ളറ്റ് ട്രെയിനിൽ ആണെന്നത് എന്നിൽ ജിജ്ഞാസയും ആവേശവും നിറച്ചു. രാവിലെ തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തി. ഒരു രാത്രി ഹിരോഷിമയിൽ തങ്ങാനുള്ള ലഗേജുമയാണ് യാത്ര. ശുഭ്രവർണത്തിൽ തിളങ്ങുന്ന മിനുപ്പോടെ വരുന്ന ബുള്ളറ്റ് ട്രെയിനിന് വിമാനത്തിന്റെ മുഖഛായ തോന്നി. ഇത്ര ഭംഗിയുള്ള ട്രെയിൻ മറ്റൊരു രാജ്യത്ത് പോയപ്പോഴും കണ്ടിട്ടില്ല. ആ സുന്ദരിയോടൊപ്പം ഫോട്ടോ എടുക്കാൻ എല്ലാവരും തിരക്ക് കൂട്ടി. വിമാനത്തിനകത്തേക്കാൾ ആകർഷകമായിരുന്നു ട്രെയിനിനുൾ വശം. കുതിച്ച് പായുന്ന ട്രെയിൻ യാത്രയിൽ ജപ്പാന്റെ പ്രാന്തപ്രദേശങ്ങളുടെ കാഴ്ചകൾ മനോഹരമായിരുന്നു. ഏകദേശം നാല് മണിക്കൂറുകൾ കൊണ്ട് എണ്ണുറ്റിപ്പതിനാറ് കിലോമീറ്ററുകൾ താണ്ടി ട്രെയിൻ ഹിരോഷിമ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും ആദ്യം പോയത് പീസ് മെമ്മോറിയൽ പാർക്കിലേക്കായിരുന്നു.
1945 ഓഗസ്റ്റ് 6, അന്നും പതിവ് പോലെ ജപ്പാനിലെ ജനങ്ങൾ ഉറക്കമുണർന്ന് ദൈനംദിന കൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. കുട്ടികൾ സ്കൂളിലേക്കും മുതിർന്നവർ ജോലിസ്ഥലങ്ങളിലേക്കും പുറപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുന്ന ആ സമയത്ത് അമേരിക്ക തൊടുത്തു വിട്ട വിനാശകാരിയായ ആറ്റം ബോംബ് ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങളുടെ മേൽ പതിച്ചപ്പോൾ ലോകം മുഴുവൻ നടുങ്ങി. ചരിത്രത്തിലെ ആദ്യത്തെ ആണവായുധപ്രയോഗം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഹിരോഷിമ നിമിഷനേരത്തിനുള്ളിൽ തകർക്കപ്പെട്ടു. ലോകം ഇതിന് മുൻപ് അനുഭവിച്ചിട്ടില്ലാത്ത അതിഭീകരവും ദാരുണവുമായ ആ സംഭവത്തിൽ ആയിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെടുകയും അതിലേറെ പേർ ആണവദുരന്തങ്ങൾക്ക് ഇരയാക്കപ്പെടുകയും ചെയ്തു. ഈ കാര്യങ്ങളെല്ലാം ചരിത്രപുസ്തകത്തിൽ വെറുതെ വായിച്ച് പോയതല്ലാതെ ജപ്പാനിലെ മനുഷ്യർ അനുഭവിച്ച നരകയാതന എന്തെന്ന് ഈ മ്യൂസിയം കാണുംവരെയും ഞാൻ ചിന്തിച്ചിരുന്നില്ല.
ആണവാക്രമണം നേരിട്ട ലോകത്തിലെ ആദ്യത്തെ നഗരമെന്നനിലയിൽ ബോംബിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഇരകളുടെ ഓർമകൾക്ക് സമർപ്പിക്കപ്പെട്ട സ്മാരകമാണ് ഈ പാർക്കും മ്യൂസിയവും. ഒരുകാലത്ത് ഹിരോഷിമയിലെ ഏറ്റവും തിരക്കേറിയ നഗരകേന്ദ്രമായിരുന്നു ഇവിടം. സ്ഫോടനത്തെ തുടർന്നുണ്ടായ തുറസ്സായ സ്ഥലത്താണ് പാർക്ക് നിർമ്മിച്ചിട്ടുള്ളത്.1955 ൽ തുറന്ന ഇവിടെ വർഷംതോറും ദശലക്ഷക്കണക്കിന് ആളുകളാണ് സന്ദർശിക്കുന്നത്.
കരളുരുക്കും കാഴ്ചകൾ
മ്യൂസിയത്തിലേക്കുള്ള ടിക്കറ്റ് എടുത്തുകഴിഞ്ഞ് മിനൊ ഞങ്ങളോട് അകത്തേക്ക് കയറിക്കൊള്ളാൻ പറഞ്ഞു. ബോംബ് സ്ഫോടനത്തിൽ തകർന്ന വസ്തുക്കളുടെ അവശിഷ്ടങ്ങൾ, സ്ഫോടന സമയം ലോകത്തെ അറിയിച്ച് നിലച്ചുപോയ ക്ലോക്ക്, സ്ഫോടനത്തിന് ശേഷം ആളുകൾ കടന്നുപോയ അതിദയനീയമായ നിസ്സഹായാവസ്ഥയുടെ ചിത്രങ്ങൾ, അതിജീവിതരുടെ അനുഭവസാക്ഷ്യങ്ങളുടെ വിവരണം തുടങ്ങി മ്യൂസിയത്തിനുള്ളിലെ ഓരോ കാഴ്ചകളും ഹൃദയഭേദകം തന്നെയായിരുന്നു. സ്കൂൾ കുട്ടികളുടെ പാതിമുക്കാലും കരിഞ്ഞു പോയ യൂണിഫോമുകളും, ഷൂസുകളും ചോറ്റുപാത്രങ്ങളും വാട്ടർ ബോട്ടിലുകളും ഒപ്പം തന്നെ കൊല്ലപ്പെട്ട കുട്ടികളുടെ ഫോട്ടോകളും കൂടി കണ്ടപ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞുപോയി. നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനുമപ്പുറമാണ് ജപ്പാൻ ജനത അനുഭവിച്ചതെന്ന് മ്യൂസിയം നമുക്ക് കാണിച്ച് തരുന്നു. ആണവായുധങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നതോടൊപ്പം ഇനിയൊരു ഹിരോഷിമ -നാഗസാക്കി ദുരന്തം ഉണ്ടാവരുതെന്നുള്ള സന്ദേശം കൂടി ലോകത്തെ അറിയിക്കുകയാണ് ഈ മ്യൂസിയം. ഇന്നും യുദ്ധങ്ങൾ തുടരുന്ന ഈ ലോകത്ത് അവ നേട്ടങ്ങളാണോ നാശങ്ങളാണോ അവശേഷിപ്പിച്ചിട്ടുള്ളതെന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. മ്യൂസിയത്തിനുള്ളിലെ അരണ്ട വെളിച്ചത്തിൽ നിന്നും മനസ്സിൽ ഇരുൾ പടർത്തിയ കാഴ്ചകളിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ആകാശം ചുവപ്പ് ചേലയുടുത്ത് തുടുത്തു നിൽക്കുന്നുണ്ടായിരുന്നു.
മരങ്ങളും ചെടികളും നടപ്പാതകളുമൊക്കെയായി മനോഹരമായി സംവിധാനം ചെയ്ത പാർക്കിൽ ആറ്റംബോംബ് ഇരകൾക്ക് വേണ്ടിയുള്ള സ്മാരകമായി കെടാവിളക്കോട് കൂടിയ ഒരു താഴികക്കുടം (Dom) നിർമിച്ചിട്ടുണ്ട്. അതിലെ നടന്നു ചെന്നെത്തുന്നത് മോട്ടോയാസു (Motoyasu) നദിയുടെ അരികിലേക്കാണ്. ശുദ്ധവും ശാന്തവുമായ ജലവും മറുകരയിലേക്കുള്ള പാലവും ഓരത്തെ മരങ്ങളുമൊക്കെ ചേർന്ന് മനോഹരമായ ഒരു ചിത്രം വരച്ചിട്ടപോലെയുണ്ട്. നദിയുടെ കരയിൽ തന്നെയാണ് ആണവാക്രമണത്തെ ഭാഗികമായി അതിജീവിച്ച ഹിരോഷിമയിലെ ഒരേയൊരു കെട്ടിടം സ്ഥിതിചെയ്യുന്നത്. (Genbaku Dome)ചെറിയ മിനുക്കുപണികൾ നടത്തി ആ കെട്ടിടം ഇപ്പോൾ ‘അറ്റോമിക് ബോംബ് ഡോം’എന്ന സ്മാരകമായി നിലനിർത്തിയിരിക്കുന്നു. ഇപ്പോഴത്തെ ഹിരോഷിമ കണ്ടാൽ ഒരു ആണവാക്രമണം നേരിട്ട സ്ഥലമാണെന്ന് തോന്നിപ്പിക്കുകയേ ചെയ്യാത്ത വിധത്തിലാണ് ജപ്പാൻ ഗവണ്മെന്റ് ഈ നഗരത്തെ പുനർനിർമ്മിച്ചിട്ടുള്ളത്. മോട്ടയാസു നദിയെ നോക്കി നിൽക്കെ ആറ്റം ബോംബ് വർഷത്തിന്റെ പൊള്ളലിൽ നിന്നും രക്ഷ തേടി നിരവധിയാളുകൾ വെള്ളത്തിലേക്ക് ചാടുകയും മുങ്ങി മരിക്കുകയും ചെയ്ത സംഭവങ്ങൾ ഓർത്തു പോയി.ബസ്സിലേക്ക് തിരിച്ചു ചെല്ലാനുള്ള സമയമായെന്ന് കൂടെയുള്ളവർ പറയുന്നത് കേട്ടപ്പോൾ ചരിത്രത്തിലെ നടുക്കുന്ന ഓർമ്മകളെ നദിയിലേക്ക് ഒഴുക്കാൻ ശ്രമിച്ച് തിരിച്ചു നടന്നു. ഇവ്വിധം നാശകാരിയായ രാസാക്രമണങ്ങൾക്ക് ഇനിയൊരിക്കലും മനുഷ്യരും പ്രപഞ്ചവും വിധേയമാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയുടെ ദീപം ഞാനുമവിടെ കത്തിച്ചുവെച്ചു. (തുടരും)