Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightകംഫർട്ട് സോൺ വിട്ട്...

കംഫർട്ട് സോൺ വിട്ട് ഇടുക്കിയിലേക്ക് വിടാം! കാണാക്കാഴ്ച്ചകൾ കാണാം

text_fields
bookmark_border
കംഫർട്ട് സോൺ വിട്ട് ഇടുക്കിയിലേക്ക് വിടാം! കാണാക്കാഴ്ച്ചകൾ കാണാം
cancel

എത്ര കണ്ടാലും തീരാത്ത, മടുക്കാത്ത, എത്ര അറിഞ്ഞാലും പ്രകൃതി തന്റെ രഹസ്യങ്ങൾ പൂർണമായി വിട്ടുതരാത്ത ഒരു ഹിഡൻ മാന്ത്രിക ലോകമാണ് ഇടുക്കി! തിരക്കുകളിൽ നിന്നെല്ലാം ഒളിച്ചോടി, കാടും മലയും മഞ്ഞും കോടയും മഴയും നിറഞ്ഞ ആ വിസ്മയ കാഴ്ചകളിലേക്ക് രണ്ട് ദിവസം ഒരു അടിപൊളി ട്രിപ്പ് വിട്ടാലോ? മനസ്സിൽ ഒരുപാട് ഭാരങ്ങളുമായി കയറിവരുന്നവരെ, മഞ്ഞുപെയ്യിച്ചും തണുത്ത കാറ്റേകിയും ആശ്വസിപ്പിക്കുന്ന മാന്ത്രികതയാണ് ഈ മലയോരത്തിനുള്ളത്.

ഇടുക്കിയുടെ മനോഹാരിത ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് ഇനി താമസ സൗകര്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. കുറഞ്ഞ ചെലവിൽ മികച്ച സൗകര്യങ്ങളോടെ താമസിക്കാൻ കേരള വാട്ടർ അതോറിറ്റി ചെറുതോണിയിലും പൈനാവിലുമായി പുത്തൻ ഗസ്റ്റ് ഹൗസുകൾ ഒരുക്കിയിരിക്കുന്നു.

ഗസ്റ്റ് ഹൗസിൽ ചെക്ക്-ഇൻ ചെയ്ത ശേഷം ആദ്യ ദിവസം തൊട്ടടുത്തുള്ള ചെറുതോണി ഡാമിൽ നിന്ന് തന്നെ യാത്ര ആരംഭിക്കാം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാമിന്റെ റിസർവോയറിന്റെ അതിമനോഹര കാഴ്ചയാണ് ചെറുതോണി ഡാം സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. സീസൺ അനുസരിച്ച് ഡാമിന് മുകളിലൂടെയുള്ള നടത്തവും ബോട്ടിങ്ങും ഇവിടെ ആസ്വദിക്കാം. ഉച്ചക്ക് ശേഷം ചെറുതോണിയിൽ നിന്ന് വളരെ അടുത്തുള്ള ഹിൽ വ്യൂ പാർക്കിലേക്ക് തിരിക്കാം. ഇടുക്കി, ചെറുതോണി ഡാമുകളുടെ ഏറ്റവും മനോഹര ഫ്രെയിമുകൾ ഒരുമിച്ച് ലഭിക്കുന്ന ഈ പാർക്കിലെ വാച്ച് ടവറിൽ കയറിയാൽ ഡാമിന്റെ വിസ്മയ കാഴ്ച പൂർണമായി ആസ്വദിക്കാം. കുട്ടികൾക്കായുള്ള റൈഡുകളും ഗാർഡനും ഇവിടെയുണ്ട്. വൈകുന്നേരത്തോടെ പൈനാവ് റൂട്ടിലേക്ക് തിരിഞ്ഞ്, ഇടുക്കി വന്യജീവി സങ്കേതത്തിന്റെ വനാതിർത്തിയോട് ചേർന്ന റോഡ് വഴി ഒരു യാത്രയാകാം. രാത്രിയോടെ ഗസ്റ്റ് ഹൗസിൽ മടങ്ങിയെത്തി വിശ്രമിക്കാം.

ഇടുക്കി ഡാം

രണ്ടാം ദിവസം രാവിലെ കട്ടപ്പന റൂട്ടിലുള്ള കാൽവരി മൗണ്ട് വ്യൂപോയന്റിലേക്ക് യാത്ര തിരിക്കാം. ചെറുതോണിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ മാത്രം അകലെയുള്ള ഈ മലമുകളിൽ എത്തിയാൽ ഇടുക്കി ജലാശയത്തിന്റെ ഇടുക്കുകളിലേക്ക് നീണ്ടുകിടക്കുന്ന മലനിരകളുടെ അതിമനോഹര ആകാശക്കാഴ്ച കാണാം. പുലർച്ചെയുള്ള മഞ്ഞും തണുത്ത കാറ്റും ഫോട്ടോഗ്രഫിക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെയൊരുക്കുന്നത്. ഉച്ചക്ക് ശേഷം കാൽവരി മൗണ്ടിൽ നിന്ന് കുറച്ചുകൂടി മുന്നോട്ട് പോയാൽ അഞ്ചുരുളി ജലാശയത്തിൽ എത്താം. ഇരട്ടയാർ ഡാമിൽ നിന്നുള്ള വെള്ളം ഇടുക്കി ഡാമിലേക്ക് എത്തിക്കുന്നതിനായി മല തുരന്നുണ്ടാക്കിയ ഭീമാകാര ടണൽ ആണ് ഇവിടുത്തെ പ്രധാന ആകർഷണം. മലയ്ക്കുള്ളിലെ ഈ വലിയ തുരങ്കത്തിന്റെ കവാടവും അതിലൂടെ ഒഴുകിവരുന്ന വെള്ളവും ചുറ്റുമുള്ള കാടും സഞ്ചാരികളെ അദ്ഭുതപ്പെടുത്തും. അഞ്ചുരുളിയിലെ കാഴ്ചകൾക്ക് ശേഷം വൈകുന്നേരത്തോടെ കട്ടപ്പന വഴിയോ അല്ലെങ്കിൽ തിരികെ ചെറുതോണിയിലെത്തിയോ മടക്കയാത്ര പ്ലാൻ ചെയ്യാം. ഇടുക്കി, ചെറുതോണി ഡാമുകൾ എല്ലാ ദിവസവും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാറില്ലാത്തതിനാൽ, ക്രിസ്മസ്, ഓണം തുടങ്ങിയ ഉത്സവ സീസണുകളിലും പൊതു അവധി ദിവസങ്ങളിലും ഈ റൂട്ട് പ്ലാൻ ചെയ്യുന്നത് യാത്ര കൂടുതൽ മനോഹരമാക്കും. ചില ദിവസങ്ങളിൽ അറ്റകുറ്റപ്പണി മൂലം സന്ദർശനത്തിന് വിലക്കുള്ളതിനാൽ മുൻകൂട്ടി തിരക്കിയ ശേഷം മാത്രം ഇടുക്കി ഡാം സന്ദർശിക്കാൻ എത്തുന്നതാണ് ബുദ്ധിപരം.


കാൽവരി മൗണ്ട്


"യാത്ര എന്നത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരലല്ല, ആ യാത്ര തന്നെയാണ് പ്രധാന"മെന്ന് അമേരിക്കൻ ചിന്തകൻ റാൽഫ് വാൽഡോ എമേർസൻ പണ്ടൊരിക്കൽ പറഞ്ഞത് വഴി നീളെയുള്ള അനുഭവങ്ങൾ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന പല കാര്യങ്ങളും പഠിപ്പിച്ചു തരുന്നതുകൊണ്ട് കൂടിയാകാം. നമ്മൾ ജീവിക്കുന്ന ഈ ചെറിയ ലോകത്തിന് പുറത്ത്, അതിമനോഹരമായ വലിയൊരു ലോകമുണ്ട്. ഇടുക്കി അത്തരത്തിൽ ഒരു സ്വപ്ന ലോകമാണ്. ഒരുതവണ പോയവർക്ക് വീണ്ടും വരാൻ തോന്നുന്ന എന്തൊക്കെയോ ഈ മാന്ത്രിക ഭൂമിയിൽ ഒളിച്ചിരിക്കുന്നുണ്ട് എന്ന കാര്യം തീർച്ച !

ഇടുക്കി യാത്രക്കാർക്ക് ഇനി ബഡ്ജറ്റ് ഫ്രണ്ട്ലി താമസം: വാട്ടർ അതോറിറ്റിയുടെ ഗസ്റ്റ് ഹൗസുകൾ തുറന്നു!

ചെറുതോണി ഡാമിന്റെയും ഇടുക്കി ഡാമിന്റെയും മനോഹര കാഴ്ചകൾ കണ്ടുണരാൻ ചെറുതോണിയിലെ ഗസ്റ്റ് ഹൗസും, ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ശാന്തതയിൽ പ്രകൃതിയോട് അടുത്തു കഴിയാൻ പൈനാവിലെ ഗസ്റ്റ് ഹൗസും തിരഞ്ഞെടുക്കാം.

നിരക്ക് ഇങ്ങനെ :

വിവിധ തരത്തിലുള്ള 11 റൂമുകൾ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്:

1. ചെറുതോണി ഗസ്റ്റ് ഹൗസ് :

എസി സ്യൂട്ട് റൂം (2 എണ്ണം): ₹ 3000,

ഡബിൾ റൂം ക്ലാസ് എ (1 എണ്ണം): ₹ 1000,

ഡബിൾ റൂം ക്ലാസ് ബി (2 എണ്ണം): ₹ 800,

സിംഗിൾ റൂം ക്ലാസ് എ (1 എണ്ണം): ₹ 750.

കോൺഫറൻസ് ഹാൾ: ₹ 10000 (100 പേരെ ഉൾക്കൊള്ളാവുന്നത്).

2. പൈനാവ് ഗസ്റ്റ് ഹൗസ് :

എസി സ്യൂട്ട് റൂം (3 എണ്ണം): ₹ 3000,

ഡബിൾ റൂം ക്ലാസ് എ (1 എണ്ണം): ₹ 1000, ഡബിൾ റൂം ക്ലാസ് ബി (1 എണ്ണം): ₹ 800.

ബുക്കിങ്ങ് എങ്ങനെ:

നിലവിൽ ഓൺലൈൻ ബുക്കിങ്ങ് സൗകര്യം ലഭ്യമായിട്ടില്ല. റൂമുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി താഴെ പറയുന്ന നമ്പറിലോ ഇ മെയിൽ വഴിയോ ബന്ധപ്പെടുക:

ഫോൺ നമ്പർ: 8547638464

ഇമെയിൽ: ibkwaidukki@gmail.com

Show Full Article
TAGS:Solo Travel Edukki travels 
News Summary - Let's step out of our comfort zone and head to Idukki! Let’s explore its hidden gems
Next Story