പ്രകൃതിയുടെ നിറക്കൂട്ടൊരുക്കി ‘മാക്രിമട’
text_fieldsഗ്രാമക്കാഴ്ചയൊരുക്കുന്ന മാക്രിമട ബണ്ട് റോഡ്
മാവേലിക്കര: ഇളംനീല ആകാശത്തിന് കീഴിൽ വിശാലമായ പച്ചപുതച്ച വയലിന്റെ സൗന്ദര്യം ആസ്വദിക്കാൻ മാക്രിമട പ്രകൃതി സ്നേഹികളെ മാടിവിളിക്കുന്നു. പ്രകൃതി കനിഞ്ഞുനൽകിയ സൗന്ദര്യത്തിലും പേരിന്റെ പ്രത്യേകതയിലും ആകർഷണീയമാണ് മാവേലിക്കര ആക്കനാട്ടുകര മാക്രിമട ബണ്ട് റോഡ്. ഒരു ചിത്രം പോലെ മനസ്സിൽ സൂക്ഷിക്കാനുള്ള ഗ്രാമീണ സൗന്ദര്യത്തിന്റെ നേർസാക്ഷ്യമാണിവിടം.
കൃഷിയോടൊപ്പം വിനോദ സഞ്ചാരത്തിന്റെ സാധ്യതകളും ഏറെയാണ്. മാക്രിമട ബണ്ട് റോഡ് തഴക്കഴ പഞ്ചായത്തിലെ വാർഡ് മൂന്ന്, 17 മുതൽ 21 വരെയും മാവേലിക്കര നഗരസഭയിലെ പുതിയകാവ് ഭാഗങ്ങളിലായാണ് പുഞ്ച വ്യാപിച്ചുകിടക്കുന്നത്. പുഞ്ചയെ കോളശേരിപാടം, തഴക്കര, റെയിൽവേ പാലം മുതൽ പുതിയകാവ് ചന്ത വരെ, പുതിയകാവ് പാലം മുതൽ ആറ്റുമുഖം വരെ എന്നീ നാലു ഭാഗങ്ങളായി തിരിക്കാം. കോളശേരി പാടം നൂറ് ഏക്കറും തഴക്കര ഭാഗം 350 ഏക്കറുമാണ്.
മാക്രിമട മുതൽ റെയിൽവേ മേൽപ്പാലം വരെ വരുന്ന ഈ ഭാഗം നാല് മുനമ്പുകളായാണ് സ്ഥിതി ചെയ്യുന്നത്. അറുന്നൂറ്റിമംഗലം, ആക്കനാട്ടുകര, കല്ലുമല, പുതിയകാവ് പ്രദേശങ്ങളിലായി ഇവ വ്യാപിച്ചുകിടക്കുന്നു. ആക്കനാട്ടുകരയെ അറുന്നൂറ്റിമംഗലവുമായി ബന്ധിപ്പിക്കുന്ന മാക്രിമട ബണ്ട് റോഡിന്റെ തെക്കുവശത്താണ് 100 ഏക്കറുള്ള കോളശേരി പാടം.
തഴക്കര പഞ്ചായത്തിലെ കണ്ണാട്ടുമോടിയിൽ നിന്നാരംഭിച്ച് മാക്രിമട, പുതിയകാവ് വഴി പ്രായിക്കരയിൽ അച്ചൻകോവിലാറ്റിൽ പതിക്കുന്ന കാപ്പിച്ചാലിന് സൗന്ദര്യമേറെയാണ്. ആറര കിലോമീറ്ററോളം ദൈർഘ്യമുള്ള തഴക്കരയുടെ വിശാലമായ ജലസംഭരണിയാണിത്. കാപ്പിച്ചാലിൽനിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനായി മൈനർ ഇറിഗേഷന്റെ പമ്പ് ഹൗസ് മാക്രിമടയിലുണ്ട്. കരക്കണ്ടങ്ങളിലേക്ക് വെള്ളം എത്തിക്കാനായി കാപ്പിച്ചാലിൽനിന്ന് അഞ്ച് കൈത്തോടുകളും മേൽക്കണ്ടങ്ങൾക്കുചുറ്റും കരത്തോടുകളും ഉണ്ട്. ഈ തോടുകളിലൂടെയാണ് വരൾച്ച സമയത്ത് പമ്പ് ചെയ്ത് ആവശ്യമെങ്കിൽ കനാൽ പുഞ്ചയിൽ വെള്ളം എത്തിക്കുന്നത്. ബണ്ട് റോഡിൽ നിന്നും നാല് ദിക്കുകളിലേക്കുള്ള കാഴ്ചയും നയനാനന്ദകരമാണ്.
ക്രിയാത്മകമായ സമീപനത്തോടെ പദ്ധതികൾ ആവിഷ്കരിച്ചാൽ തഴക്കര പുഞ്ചയിലെ കൃഷി മുടങ്ങാതെ തന്നെ മികച്ച വിനോദ സഞ്ചാര പദ്ധതി ആവിഷ്കരിക്കാൻ സാധിക്കാമെന്നതിന് തെളിവാണ് ദിനംപ്രതി ഇവിടെ എത്തുന്നവരുടെ വർധന ചൂണ്ടിക്കാണിക്കുന്നത്.
മനോഹര കാഴ്ച സമ്മാനിക്കുന്ന മാക്രിമട ബണ്ട് റോഡിൽനിന്നുള്ള പുഞ്ചയുടെ സൗന്ദര്യം ആസ്വദിക്കാൻ കുടുംബസമേതമാണ് പലരും എത്തുന്നത്. സിനിമ, വിഡിയോ ചിത്രീകരണങ്ങൾ എന്നിവക്കും നിരവധി പേർ എത്തുന്നു. പ്രകൃതി രമണീയമായ സ്ഥലം തനിമ നിലനിർത്തി മികച്ച വിനോദ സഞ്ചാര കേന്ദ്രമാകുന്നതും കാത്തിരിക്കുകയാണ് നാട്ടുകാർ.