സന്ദർശകരെ നിരാശയിലാഴ്ത്തി പൊന്മുടി
text_fieldsനെടുമങ്ങാട്: കോടമഞ്ഞിൽ പുതഞ്ഞ് കുളിരേകി പൊന്മുടി സഞ്ചാരികളെ മാടി വിളിക്കുന്നെങ്കിലും അതാസ്വദിക്കാൻ കഴിയാത്ത നിരാശയിലാണ് സന്ദർശകർ. ഏറെ ടൂറിസം സാധ്യതയുള്ള ഒരു പ്രദേശത്തെ വകുപ്പിന്‍റെ സംവിധാനങ്ങൾ ചേർന്ന് എങ്ങന നശിപ്പിക്കാം എന്നതിന്‍റെ ഒന്നാം നമ്പർ ഉദാഹരണമായി മാറുകയാണ് ഇന്ന് പൊന്മുടി. "നിങ്ങൾ/നമ്മൾ ഒരു ഹിൽ സ്റ്റേഷനിൽ പോകുന്നത് എന്തിനാണ്? അവിടുത്തെ തണുപ്പും കോടമഞ്ഞും, ഇളം കാറ്റും, സൂര്യൻ ഉദിച്ചു വരുമ്പോഴുള്ള മനോഹരമായ കാഴ്ചയും ഒക്കെ കാണാൻ അല്ലെ? അല്ലാതെ വെയിൽ കൊള്ളാൻ ആരേലും ഒരു ഹിൽ സ്റ്റേഷനിൽ പോകുമോ?. അതിനു വല്ല കോവളം പോലത്തെ ബീച്ചിൽ പോയാൽ പോരെ?"േചാദ്യം അടുത്തിടെ പൊന്മുടി സന്ദർശിക്കാനെത്തിയ ഒരാളുടേതാണ്.
നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള പ്രതീഷ് ജയ്സൺ എന്നയാൾ തന്‍റെ പൊൻമുടി സന്ദർശനാനുഭവം ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെയാണ്. സന്ദർശന ക്രമീകരണം മുതൽ പൊന്മുടി നേരിടുന്ന നിരവധി പ്രശ്നങ്ങൾ സൂചിപ്പിച്ച് പൊന്മുടി പോലെ കേരളത്തിലെ സുപ്രധാനമായ ഈ മനോഹര സ്ഥലം ടൂറിസത്തിന് അപമാനം ആവാതെ അഭിമാനം ആവുന്ന കാലം ഉണ്ടാവെട്ട എന്നാശംസകളുമായാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
നിലവിൽ പൊന്മുടിക്ക് ഹിൽ സ്റ്റേഷൻ എന്ന പേര് മാത്രമേയുള്ളൂ. അവിടെ കാണേണ്ട കാഴ്ചകളൊന്നും ലഭിക്കുന്നില്ലെന്നാണ് സന്ദർശകരുടെ പരാതി. കഴിഞ്ഞ ഒരു മാസക്കാലമായി പൊന്മുടിയാത്ര നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കാലവർഷത്തിൽ റോഡുകൾ ഇടിഞ്ഞതോടെയാണ് പൊന്മുടി അടച്ചിടേണ്ടി വന്നത്. കല്ലാര്‍ മുതല്‍ അപ്പര്‍ സാനിട്ടോറിയം വരേയുള്ള 12 സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞും റോഡ് പൊട്ടിത്തകര്‍ന്നും നാശമുണ്ടായത്.
നിരവധി പരാതികളെ തുടർന്ന് ഇൗ മാസം ആദ്യവാരം തുറന്നതോടെ സന്ദർശകരുടെ എണ്ണവും വർധിച്ചു. ഇപ്പോൾ 8 മണി മുതലാണ് പൊന്മുടിയിലേക്കുള്ള കല്ലാർ ചെക്ക്പോസ്റ്റ് തുറക്കുന്നത്. അതിനുശേഷം 21 ഹെയർപിൻ വളവുകൾ കയറി അപ്പർ സാനിേട്ടറിയത്തിൽ എത്തുമ്പോഴേക്കും നല്ല വെയിൽ വന്നുതുടങ്ങും. പുലർകാലത്തെ തണുപ്പും മഞ്ഞും ഒന്നും അവിടെയുണ്ടാകില്ല. നിലവിൽ പൊന്മുടി പ്രവേശനം ഓൺലൈൻ ബുക്കിങ് വഴിയാണ്.
ബുക്ക് െചയ്ത ശേഷം രാവിലെ പോയി കല്ലാറിൽ കാത്തുകെട്ടി കിടക്കണം. മിക്കപ്പോഴും ചെക്ക്പോസ്റ്റ് തുറക്കാൻ 8 മണി കഴിയും. തുറന്നാൽ തന്നെ ഓൺലൈൻ ബുക്ക് ചെയ്തവരുടെ ലിസ്റ്റ് പ്രിന്‍റ് എടുത്തു ആള് വന്നിട്ടുണ്ടാകില്ല. വെയിറ്റ് ചെയ്യണം എന്നൊക്കെയാവും പറയുക. ഇതിനിടയിൽ അവിടെ തിക്കുംതിരക്കുമാകും. ഓൺലൈൻ ബുക്ക് ചെയ്ത ഹതഭാഗ്യർ ബഹളം തുടങ്ങിയിട്ടുണ്ടാകും.
ലിസ്റ്റ് വരുേമ്പാൾ അതിലും തമാശയായിരിക്കും. നൂറുകണക്കിന് ആളുകളുടെ ലിസ്റ്റ് പ്രിന്‍റ് ചെയ്തിരിക്കുന്നത് ഒരു ഓർഡറും ഇല്ലാതെ. അതിൽ നിന്നും ഒരാളുടെ ബുക്കിങ് കണ്ടുപിടിക്കണമെങ്കിൽ ആദ്യം മുതൽ അവസാനം വരെ തപ്പണം. എന്നിേട്ടാ മിക്ക ആളുകളുടെയും പേര് ബുക്കിങ്ങിൽ കാണില്ല. ഒരു ദിവസം 1500 പേർക്ക് ആണ് പാസ് കൊടുക്കുന്നത്. ലിസ്റ്റിൽ നിന്നും പേരൊക്കെ തപ്പിയെടുത്ത് ഒരു വിധം കല്ലാർ വിടുേമ്പാൾ സമയം പത്തുമണിയാകും.
പൊന്മുടിയിലെ പ്രവേശന സമയത്തിൽ മാറ്റംവരുത്തണമെന്ന സന്ദർശകരുടെ ആവശ്യം ശക്തമാകുന്നു. കല്ലാറിലെ ഓൺലൈൻ പരിശോധനാ സെന്‍ററിന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കണം. കോടമഞ്ഞിന്‍റെ തണുപ്പും പ്രതീക്ഷിച്ചെത്തുന്ന സഞ്ചാരികൾ ചുട്ടുപൊള്ളുന്ന വെയിലത്ത് സമയം ചെലവിടേണ്ട ഗതികേടിലാണ്. ഹിൽസ്റ്റേഷന്‍റെ ഒരു സൗന്ദര്യവും ആസ്വദിക്കാനാകാതെയാണ് മിക്കപ്പോഴും സന്ദർശകർ നിരാശരായി കുന്നിറങ്ങുന്നത്.
രാവിലെ ആറു മണിക്കെങ്കിലും കല്ലാറിൽ നിന്നും സന്ദർശകരെ പൊന്മുടിയിലേക്ക് കടത്തിവിടണമെന്നും വൈകുന്നേരം ഏഴു മണിവരെയെങ്കിലും അപ്പർ സാനിറ്റോറിയത്തിൽ തങ്ങാൻ അനുവദിക്കണമെന്നുമാണ് സന്ദർശകരുടെ ആവശ്യം. എന്നാൽ, മാത്രമേ ഇവിടത്തെ തണുപ്പും കോടമഞ്ഞും ഇളംകാറ്റും ആസ്വദിക്കാനും സന്ദർശകർക്കു സാധിക്കൂ.