
ടൂറിസം സാധ്യതയുള്ള പ്രദേശത്തെ എങ്ങനെ നശിപ്പിക്കാം എന്നതിന്റെ ഉദാഹരണമാണ് പൊന്മുടി
text_fieldsനെടുമങ്ങാട് (തിരുവനന്തപുരം): കോടമഞ്ഞ് പുതച്ച് പൊന്മുടി കുളിരേകാൻ മാടിവിളിക്കുന്നെങ്കിലും അതാസ്വദിക്കാൻ കഴിയാത്ത നിരാശയിലാണ് സന്ദർശകർ. ഏറെ ടൂറിസം സാധ്യതയുള്ള പ്രദേശത്തെ എങ്ങനെ നശിപ്പിക്കാം എന്നതിന്റെ ഉദാഹരണമായി മാറുകയാണ് പൊന്മുടി.
പൊന്മുടിക്കിപ്പോൾ ഹിൽ സ്റ്റേഷൻ എന്ന പേര് മാത്രമേയുള്ളൂ. ഒരു മാസമായി പൊന്മുടിയാത്ര നിര്ത്തിെവച്ചിരിക്കുകയായിരുന്നു. കാലവർഷത്തിൽ റോഡുകൾ ഇടിഞ്ഞതോടെയാണ് പൊന്മുടി അടച്ചിട്ടത്. കല്ലാര്‍ മുതല്‍ അപ്പര്‍ സാനിട്ടോറിയം വെര12 സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞും റോഡ് പൊട്ടിത്തകര്‍ന്നും നാശമുണ്ടായത്.
നിരവധി പരാതികളെ തുടർന്ന് ഈ മാസം ആദ്യവാരം തുറന്നതോടെ സന്ദർശകരുടെ എണ്ണവും വർധിച്ചു. ഇപ്പോൾ രാവിലെ എട്ട് മുതലാണ് പൊന്മുടിയിലേക്കുള്ള കല്ലാർ ചെക്ക്പോസ്റ്റ് തുറക്കുന്നത്. അതിനുശേഷം 21 ഹെയർപിൻ വളവുകൾ കയറി അപ്പർ സാനിട്ടോറിയത്തിൽ എത്തുമ്പോഴേക്കും നല്ല വെയിലാകും. പുലർകാലത്തെ തണുപ്പും മഞ്ഞും ഒന്നും അവിടെയുണ്ടാകില്ല.
പൊന്മുടിയിലെ പ്രവേശനം ഓൺലൈൻ ബുക്കിങ് വഴിയാണ്. ബുക്ക് ചെയ്ത ശേഷം രാവിലെ പോയി കല്ലാറിൽ കാത്തുനിൽക്കണം. മിക്കപ്പോഴും ചെക്പോസ്റ്റ് തുറക്കാൻ എട്ട് കഴിയും. തുറന്നാൽ തന്നെ ഓൺലൈൻ ബുക്ക് ചെയ്തവരുടെ പട്ടിക പ്രിന്റ് എടുത്ത് ആള് വന്നിട്ടുണ്ടാകില്ല. ഇതിനിടയിൽ തിക്കും തിരക്കുമാകും. ഓൺലൈൻ ബുക്ക് ചെയ്ത ഹതഭാഗ്യർ ബഹളം തുടങ്ങിയിട്ടുണ്ടാകും.
പട്ടിക വരുമ്പോൾ നൂറുകണക്കിന് ആളുകളുടെ പട്ടിക പ്രിൻറ് ചെയ്തിരിക്കുന്നത് ക്രമരഹിതമായാകും. അതിൽനിന്ന് ഒരാളുടെ ബുക്കിങ് കണ്ടുപിടിക്കണമെങ്കിൽ ആദ്യം മുതൽ അവസാനം വരെ പരിശോധിക്കണം. മിക്ക ആളുകളുടെയും പേര് കാണില്ല. ഒരു ദിവസം 1500 പേർക്കാണ് പാസ് കൊടുക്കുന്നത്. പേര് കല്ലാർ വിടുമ്പോൾ സമയം പത്താകും.
പൊന്മുടിയിലെ പ്രവേശനസമയത്തിൽ മാറ്റംവരുത്തണമെന്നും ആവശ്യമുണ്ട്. കല്ലാറിലെ ഓൺലൈൻ പരിശോധന സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം. രാവിലെ ആറിനെങ്കിലും കല്ലാറിൽനിന്ന് പൊന്മുടിയിലേക്ക് കടത്തിവിടണമെന്നും വൈകുന്നേരം ഏഴുവരെയെങ്കിലും അപ്പർ സാനിറ്റോറിയത്തിൽ തങ്ങാൻ അനുവദിക്കണമെന്നുമാണ് സന്ദർശകരുടെ ആവശ്യം.