ടൂറിസം മേഖലയിൽ റെക്കോർഡ് അടയാളപ്പെടുത്തി സൗദി
text_fieldsസൗദിയിലെ പ്രധാന ടൂറിസ്റ്റ് പ്രദേശങ്ങൾ
ടൂറിസം മേഖലയിൽ ആഗോള തലത്തിൽ ബഹുമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന പദവിയിലേക്ക് കരുത്തോടെ മുന്നേറുകയാണ് സൗദി. ആത്മീയ കേന്ദ്രങ്ങളും ചരിത്ര പ്രദേശങ്ങളും പൈതൃക ശേഷിപ്പുകളും കുടികൊള്ളുന്ന അറേബ്യൻ ഭൂമിക കാണാൻ ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള സഞ്ചാരികൾ സൗദിയിലേക്ക് ഒഴുകിയെത്തുകയാണ്. അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണം, സന്ദർശകർ രാജ്യത്ത് ചെലവിടുന്ന പണം എന്നിവയിൽ റെക്കോർഡ് മറികടന്നാണ് സൗദിയുടെ മുന്നേറ്റം. 2025 ലെ ആദ്യ പാദത്തിൽ അന്താരാഷ്ട്ര സന്ദർശകരുടെ ചെലവിൽ റെക്കോർഡ് വളർച്ചയാണ് രാജ്യം കൈവരിച്ചത്. 49.4 ബില്യൺ റിയാൽ രാജ്യത്ത് ചെലവഴിച്ചതായാണ് കണക്ക്. ടൂറിസം മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകളിൽ 9.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ടൂറിസം മേഖല സാക്ഷ്യം വഹിക്കുന്ന വികസനത്തെ യും നേട്ടം അടിവരയിടുന്നു. സൗദിയുടെ വൈവിധ്യമാർന്ന ടൂറിസം സംവിധാനങ്ങളിലും അവയുടെ ഗുണനിലവാരത്തിലും വിദേശ സഞ്ചാരികളുടെ വിശ്വാസം വർധിച്ച താണ് ടൂറിസ്റ്റുകളുടെ വരവ് വർധിക്കാൻ കാരണം. കഴിഞ്ഞ വർഷം രാജ്യാന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിലുള്ള വളർച്ചയുടെ കാര്യത്തിൽ ജി 20 രാജ്യങ്ങളിൽ സൗദി ഒന്നാമതെത്തിയതും നേട്ടമായി വിലയിരുത്തുന്നു. എല്ലാ സർക്കാർ ഏജൻസികളുടെയും സംയുക്തമായ സഹകരണം രാജ്യത്തെ ആഗോളതലത്തിൽ മികച്ച സ്ഥാനം കൈവരിക്കാൻ വഴിവെച്ചതായും വിലയിരുത്തുന്നു.
രാജ്യത്തെ മഹിതമായ സാംസ്കാരിക പൈതൃകങ്ങളും അപൂർവ കാഴ്ച ഭംഗിയും സഞ്ചാരികളെ ആവോളം രാജ്യത്തേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. സൗദിയിലെ വിശാലമായ പ്രാചീന നഗരങ്ങളിലൊന്നായ അൽ ഉല പുരാതന നഗരത്തിലേക്ക് ഇപ്പോൾ സന്ദർശകരുടെ നല്ല ഒഴുക്കാണ്. ടൂറിസം മേഖലയിൽ വൻ കുതിപ്പ് ചാട്ടത്തിനൊരു ങ്ങുന്ന സൗദി വിവിധ പദ്ധതികളാണ് ഇവിടെ പൂർത്തിയാക്കിയിട്ടുള്ളത്. ഏറ്റവും വലിയ ലിവിംഗ് മ്യൂസിയം ഇവിടെ കാണാം. 2035 ഓടെ രണ്ട് ദശലക്ഷം വിനോദ സഞ്ചാരി കളെയാണ് സൗദി ഭരണകൂടം അൽ ഉലയിൽ പ്രതീക്ഷിക്കുന്നത്. റെഡ് സീ ഡെവലപ്മെന്റ് കമ്പനിയും കിങ് അബ്ദുല്ല സയൻസ് ആൻറ് ടെക്‌നോളജി യൂനിവേഴ്സിറ്റിയും തമ്മിൽ നടത്തിയ സംയുക്ത കരാർ പ്രകാരം നടക്കുന്ന ചെങ്കടൽ പദ്ധതികളും കൂടുതൽ സജീവമായ വർഷമാണിത്. പുതുമയോടെയുള്ള പാരിസ്ഥിതി സൗഹൃദമായ പദ്ധതികളാണ് ചെങ്കടലിലെ പവിഴപ്പുറ്റുകളുടെ വളർച്ചക്ക് തടസ്സമില്ലാത്ത വിധം കമ്പനി നടപ്പിലാക്കിവരുന്നത്.
ആദ്യ അറബ് ക്രൂസ് ലൈനിന്റെ കപ്പലായ ചെങ്കടലിലെ വിനോദ യാത്രയുമായി തുടരുന്ന അറോയ ക്രൂസ് കപ്പൽ ആഗോള ടൂറിസം മേഖലയിൽ സൗദിയുടെ മികവുറ്റ സാന്നിധ്യമായി മുന്നേറുന്നതും ഈ വർഷത്തെ നേട്ടമാണ്. അറോയ 2024 ഡിസംബർ 16 ന് ജിദ്ദ ഇസ്‌ലാമിക് തുറമുഖത്തെ ചെങ്കടലിൽ നിന്ന് ആരംഭിച്ചതിനുശേഷം സൗദി യുടെ ടൂറിസം മേഖലയിലെ വലിയ സാന്നിധ്യമായി ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. അറോയ യാത്ര ഈ വർഷം വേനൽക്കാലത്ത് ചെങ്കടലിൽ നിന്ന് മെഡിറ്ററേനിയൻ കടലിലേക്ക് വ്യാപിപ്പിച്ചു. തുർക്കിയയുടെ തലസ്ഥാനമായ ഇസ്താംബൂൾ, ഗ്രീക്ക് തലസ്ഥാനമായ ഏഥൻസ്, ഗ്രീക്ക് ദ്വീപുകളായ മൈക്കോണോസ്, സൗദ ബേ, ബോഡ്രം എന്നിവിടങ്ങളിലേക്കും കപ്പൽ യാത്ര തുടരുന്നതും വലിയ നേട്ടമായി വിലയിരുത്തുന്നു. സൗദിയുടെ പൈതൃകവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന ടൂറിസം അനുഭവ ങ്ങൾ യാത്രക്കാർക്ക് ഏറെ ഹൃദ്യത നൽകുന്നതായി യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. ആഗോള ടൂറിസം വ്യവസായത്തിൽ മുൻനിരയിലെത്താൻ കഴിയുന്ന വിധത്തിലുള്ള എല്ലാവിധ ഒരുക്കങ്ങളുമാണ് അറോയ ക്രൂസിന്റെ ലക്ഷ്യം. സൗദി ടൂറിസം വ്യവസായം വിപുലീകരിക്കാനും എണ്ണയെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയെ വൈവിധ്യ വത്കരിക്കുവാനും കൊണ്ടുപിടിച്ച ശ്രമമാണ് നടക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ 'വിഷൻ 2030' ന്റെ അടിത്തറകളിലൊന്നാണ് ടൂറിസവും വിനോദമേഖലയും വികസിപ്പിക്കുക എന്നത്.