
വിനോദ സഞ്ചാരികളേ..! ഷിംല ടോയ് ട്രെയിൻ 'ഹിമാലയൻ ക്വീൻ' ഒരു മാസത്തേക്ക് കൂടി ഓടും
text_fieldsന്യൂഡൽഹി: ഷിംലയിലെ പ്രശസ്തമായ 'ഹിമാലയൻ ക്വീൻ ട്രെയിൻ' സേവനം ഇന്നുമുതൽ ഒരുമാസത്തേക്ക് കൂടി നീട്ടി. ഷിംല ടോയ് ട്രെയിൻ എന്നറിയപ്പെടുന്ന കൽക്കയ്ക്കും ഷിംലയ്ക്കും ഇടയിലുള്ള ഫെസ്റ്റിവൽ സ്‌പെഷ്യൽ ട്രെയിനിലെ യാത്ര വിനോദ സഞ്ചാരികളുടെ ഇഷ്ടങ്ങളിലൊന്നാണ്. മാർച്ചിൽ കോവിഡിെൻറ തുടക്ക സമയത്ത് നിർത്തിവെച്ച സർവിസ് ഒക്ടോബറിൽ പുനരാരംഭിച്ചിരുന്നു.
"കൽക്കയ്ക്കും ഷിംലയ്ക്കും ഇടയിലുള്ള ട്രെയിൻ സേവനം ഒക്ടോബർ 21 മുതൽ പ്രവർത്തനം ആരംഭിച്ചത് ടൂറിസം മേഖലയുടെ ചലനാത്മകത വർധിപ്പിക്കുകയും അതിന് വലിയൊരു ഉത്തേജനം നൽകുകയും ചെയ്യും. യാത്രയ്ക്കിടെ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുക. സുരക്ഷിതവും സന്തോഷകരവുമായ യാത്ര ആശംസിക്കുന്നു. " -കൽക്ക-ഷിംല 'ഹിമാലയൻ ക്വീൻ' ട്രെയിൻ പുനരാരംഭിക്കുന്നതിെൻറ ഭാഗമായി റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.
ഷിംല-കൽക്ക ഹെറിറ്റേജ് റൂട്ടിലെ എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനിലും സൗജന്യ വൈ-ഫൈ ലഭിക്കുമെന്ന് റെയിൽവേ അധികൃതർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. 2019 മാർച്ചിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ 'ഹോപ്-ഓൺ-ഹോപ്-ഓഫ്' സേവനത്തോടൊപ്പം സൗജന്യ വൈ-ഫൈ സൗകര്യം ഏർപ്പെടുത്തിയിരുന്നു, ഇത് യാത്രക്കാരെ ഏത് സ്റ്റേഷനിലും ഇറങ്ങാനും പുതിയ ടിക്കറ്റുകൾ വാങ്ങാതെ മറ്റൊരു ഇൻകമിംഗ് ട്രെയിനിൽ കയറാനും അനുവദിക്കും.
കൽക്ക-ഷിംല റെയിൽവേ 2 അടി 6 ഇഞ്ച് (762 മില്ലീമീറ്റർ) ഇടുങ്ങിയ ഗേജ് റെയിൽവേയാണ്. ഇത് കൽക്കയിൽ നിന്ന് ഷിംലയിലേക്കുള്ള പർവ്വത പാതയിലൂടെ സഞ്ചരിക്കുന്നു. കുന്നുകളുടെയും ചുറ്റുമുള്ള ഗ്രാമങ്ങളുടെയും മനോഹര കാഴ്ച്ചകൾക്ക് പേരുകേട്ടതാണ് ഇവിടം. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്ന ഷിംലയെ ബാക്കി ഇന്ത്യൻ റെയിൽ സംവിധാനങ്ങളുമായി ബന്ധിപ്പിക്കാനാണ് 1898 ൽ കൽക്ക-ഷിംല റെയിൽവേ നിർമ്മിച്ചത്. 107 തുരങ്കങ്ങളും 864 പാലങ്ങളുമാണ് ഈ റൂട്ടിലുള്ളത്.