പ്രായം പറപറക്കുന്നു
text_fieldsമകനാണ് ചാടുന്നത് എന്നാ അവിടെ വന്നവരെല്ലാം കരുതിയത്. ഞാനാണെന്നറിഞ്ഞതും എല്ലാവർക്കും അത്ഭുതമായി
‘മോനേ, ഈ വിമാനത്തിൽനിന്ന് ചാടുന്നതൊക്കെ വലിയ സംഭവമാണല്ലേ...’ മകനോടായിരുന്നു ലീലയുടെ ചോദ്യം. ‘അതെന്നാ അമ്മച്ചിക്ക് പറക്കാൻ അത്ര ആഗ്രഹമുണ്ടോ’ എന്നായി മറുചോദ്യം. പിന്നെ നടന്നതെല്ലാം സ്വപ്നം. എഴുപതാം വയസ്സിൽ പതിമൂവായിരം അടി മുകളിൽനിന്ന് മുകളിലും താഴെയും ആകാശം കണ്ട് ലീല പക്ഷിയെപ്പോലെ പറന്നിറങ്ങി. ഒരു വലിയൊരു മോഹം സാക്ഷാത്കരിച്ച് വിണ്ണിൽനിന്ന് മണ്ണിലേക്ക് ഇറങ്ങുമ്പോൾ പ്രായമൊക്കെ വെറും സംഖ്യകളാണെന്ന് ഒരിക്കൽകൂടി തെളിയിക്കുകയാണ് ഇടുക്കിക്കാരി ലീല.
സ്വപ്നതുല്യമായ ആ ആകാശ അനുഭവം തന്റെ ഗ്രാമമായ കൊന്നത്തടിയിലെ പുതിയപറമ്പിൽ വീട്ടിലിരുന്ന് ലീലാ ജോസ് പറഞ്ഞുതുടങ്ങുമ്പോൾ കേൾക്കുന്നവരുടെ ആവേശത്തിനും ചിറകുമുളക്കും. ഏറെ നാളായുള്ള ആഗ്രഹമായിരുന്നു ആകാശത്ത് ഒന്ന് പറന്നുനടക്കണമെന്നത്. ബഹിരാകാശ യാത്രകളെയും പാരച്യൂട്ട് യാത്രകളെയും സ്കൈ ഡൈവിങ്ങിനെയും കുറിച്ചൊക്കെ കേട്ടുണ്ടായ ആഗ്രഹമാണ്.
സ്വപ്നത്തിനു പിന്നാലെ
ദുബൈയിലുള്ള മകൻ ബാലുവിന്റെ (പി. അനീഷ്) അടുത്ത് അടുത്തിടെ പോയപ്പോൾ ഇക്കാര്യം നേരിട്ടങ്ങ് ചോദിച്ചു. മോനേ, ഈ വിമാനത്തിൽനിന്ന് ചാടും എന്നൊക്കെ കേട്ടിട്ടുണ്ട്. ഞാൻ ചാടിയാൽ എങ്ങനെയിരിക്കുമെന്ന്. ചോദ്യം കേട്ടതും ബാലു എന്നെ നോക്കി. വഴക്ക് പറയുമെന്നാണ് ആദ്യം കരുതിയത്. പിന്നെ അവനൊരു ചിരി ചിരിച്ചു. ഉടൻതന്നെ ഫോണെടുത്ത് ആരെയോ വിളിച്ചു. ഒരു മൂന്നു മണിക്കൂർ കഴിഞ്ഞ് ബാലു അടുത്തുവന്ന് പറഞ്ഞു. റെഡിയായിക്കോട്ടോ, സെലക്ടായിട്ടുണ്ട്. അമ്മച്ചി നാളെ പറക്കാൻ പോകുവാണ്. തന്റെ ഒരു മോഹം ഇത്രവേഗം യാഥാർഥ്യമാകുമെന്ന് കരുതാത്തതിൽ ചെറിയൊരു അങ്കലാപ്പ് തോന്നി. നാട്ടിൽ പള്ളിപ്പെരുന്നാളിന് പോകുമ്പോ ആകാശ ഊഞ്ഞാലിൽ കയറിയതാണ് തന്റെ ഏക സാഹസിക കൃത്യമെന്ന് ഓർമവന്നതുകൊണ്ടായിരുന്നു അത്. ആകാശത്തുനിന്ന് പറന്നിറങ്ങുന്ന ദൃശ്യം ഓർത്ത് കിടന്നിട്ട് ഉറക്കംപോലും വന്നില്ല.
പിറ്റേന്ന് രാവിലെത്തന്നെ അങ്ങനെ ദുബൈയിലെ സ്കൈ ഡൈവ് പാമിലെത്തി. രേഖകൾ ഹാജരാക്കി. ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. മകനാണ് ചാടുന്നത് എന്നാ അവിടെ വന്നവരെല്ലാം കരുതിയത്. ഞാനാണെന്നറിഞ്ഞതും എല്ലാവർക്കും അത്ഭുതമായെന്ന് തെല്ലൊരു ഗമയോടെ ലീല പറയുന്നു. അവർ ഡൈവിങ്ങുമായി ബന്ധപ്പെട്ട കുറച്ച് വിഡിയോയും കാണിച്ചു. ഓകെയാണോ എന്ന് ഇടക്കിടെ അവരും ചോദിക്കുന്നുണ്ടായിരുന്നു. അവർക്ക് ഒരു ആശങ്കയുണ്ടായിരുന്നെങ്കിലും എനിക്കത് ലവലേശമില്ലായിരുന്നു.
മേഘങ്ങൾക്കിടയിലൂടെ പറന്നുപറന്ന്
അങ്ങനെ 15 പേർക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനത്തിൽ ഡൈവിങ്ങിനായി തിരിച്ചു. എന്റെ കൂടെ നാല് പിള്ളേരുമുണ്ടായിരുന്നു. അവർ എന്നെയും ഇടക്കിടെ ഒരു ചമ്മലോടെ നോക്കുന്നത് കണ്ടു. പിന്നെ അവർക്കും കൗതുകമായി. വേറെ ഭാഷയൊക്കെയാണ് സംസാരിച്ചത്. എങ്കിലും അറിയാവുന്നപോലെ അവരോടൊക്കെ സംസാരിച്ചും ചിരിച്ച് കളിച്ചുമൊക്കെയായി പിന്നീടുള്ള യാത്ര. പിന്നെ ഡൈവിങ്ങിന് സമയമായി. ഒപ്പുമുണ്ടായിരുന്നവർ ഓരോരുത്തരായി ചാടി. അഞ്ചാമത് ഞാനാണ്. മുകളിലേക്ക് നോക്കിയാലും താഴേക്ക് നോക്കിയാലും ആകാശം മാത്രം. പതുക്കെ ഇരുന്ന് ഒരു സൈഡിലേക്ക് ചരിഞ്ഞ് ചാടണമെന്ന് ഒപ്പമുള്ള സ്കൈ ഡൈവർ പറഞ്ഞു. താഴേക്ക് ഒരിക്കൽകൂടി നോക്കി. മുന്നിൽ ചാടിയ പിള്ളേരെയൊന്നും കാണാനുമില്ല. നിർദേശം കിട്ടിയതും പിന്നെ ഒന്നും നോക്കിയില്ല. ഒറ്റ ചാട്ടം. മേഘങ്ങൾക്ക് ഇടയിലൂടെ പറന്നുപറന്ന് പോകുന്നു. ആ നിമിഷങ്ങളിൽ മനസ്സും ശരീരവുമൊക്കെ തൂവൽപോലെയായതായി തോന്നി. ആദ്യം ഒന്ന് കണ്ണടച്ചു. അപ്പോൾ താൻ പറക്കുകയാണെന്നുതന്നെയാണ് തോന്നിയത്. 6000 അടി പിന്നിട്ടപ്പോഴാണ് കടൽ കണ്ടത്.
ആ സമയത്ത് നെഞ്ചൊന്ന് പിടഞ്ഞു. ഇനി കടലിലേക്കെങ്ങാനും വീഴുമോന്ന്. ഒടുവിൽ പാരച്യൂട്ട് വിടർന്നു. സേഫ് ലാൻഡിങ്. പിന്നെ കര കണ്ടു. ആ നിമിഷങ്ങളിലെ സന്തോഷമൊന്നും പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. അത് എന്റെ മാത്രം നിമിഷങ്ങളാണെന്നും ലീല ആവേശത്തോടെ തിളങ്ങുന്ന കണ്ണുകളോടെ പറയുന്നു. ആകാശം മുട്ടെ കൊതിതീരുംവരെ പറക്കാൻ കഴിഞ്ഞതിന്റെ ത്രിൽ നാട്ടിലെത്തിയിട്ടും മാറിയിട്ടില്ല.
ഒട്ടും പേടി തോന്നിയില്ലേ എന്ന് ചോദിച്ചപ്പോൾ പേടിച്ചിരുന്നാൽ അങ്ങിരിക്കത്തേയുള്ളൂ. എന്തേലും ആഗ്രഹങ്ങളൊക്കെയുണ്ടേൽ അത് സാധിക്കാൻ പറ്റുന്നതാണേൽ അതങ്ങ് നടത്തിയേക്കണം എന്നാണ് ചേച്ചിക്ക് പറയാനുള്ളത്. ഒരു ആകാശ ചാട്ടം കഴിഞ്ഞതോടെ ബഹിരാകാശത്ത് പോയാലെങ്ങനെയായിരിക്കും എന്നാണ് ഇപ്പോഴത്തെ ചിന്ത. മാത്രമല്ല, ഇനിയും കൂടുതൽ ഉയരത്തിൽനിന്ന് ചാടാൻ ആഗ്രഹമുണ്ട്. ആഗ്രഹങ്ങൾ എന്തിനാണ് കുറക്കുന്നതെന്നാണ് ലീലയുടെ ചോദ്യം. മൂത്തമകൾ ഡോ. അമ്പിളിയും എല്ലാ പിന്തുണയുമായി കൂടെയുണ്ട്. കൊന്നത്തടി സർവിസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന പരേതനായ പി.ജെ. ജോസാണ് ലീലയുടെ ഭർത്താവ്.