ബാനിപ്പൂരിലെയും കുമാർതുലിയിലെയും അത്ഭുത ശിൽപികൾ ബംഗാൾ ഡയറി-6
text_fieldsകുമാർതുലിയിലെ ജീവസ്സുറ്റ കളിമൺ പ്രതിമകൾ
ചക്ലയിലെ ഗ്രാമീണജീവിതക്കാഴ്ചകൾ കണ്ടറിഞ്ഞും, ഗ്രാമീണരോട് ഇടപഴകിയും, സംസാരിച്ചും യാത്ര തുടരുകയാണ്,മഞ്ഞുകാല തണുപ്പിന്റെ സുഖാലസ്യത്തിലാണ് ഗ്രാമമെങ്കിലും ഒത്തുചേരലുകളുടെ ഉത്സവങ്ങളാണ് എല്ലായിടങ്ങളിലും. പകലുകളിൽ ചക്ലമന്ദിറും പരിസരങ്ങളും മനുഷ്യരാലും, വാഹനങ്ങളാലും നിറയുന്നു, എല്ലായിടത്തും തിരക്കാണ്! സമീപദേശങ്ങളിലെ രാവുകൾ ‘ജൽസ’കളുടെ തിരക്കുകളിലും.ജൽസ എന്നാൽ നമ്മുടെ നാട്ടിലെ ആണ്ട് നേർച്ച പോലെ, മതപ്രഭാഷണ രാവുകളും ഒത്തുചേരലുകളുമാണ്.അങ്ങനെ ചക്ളയും,പരിസരഗ്രാമ പ്രദേശങ്ങളും മുഴുവൻ ഉത്സവങ്ങളുടെ പകലിരവുകളിലാണ്.ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിപ്രദേശങ്ങളിലേക്ക് പോകാനായി നിശ്ചയിച്ച വൈകുന്നേരം ചക്ലയിൽ നിന്നും എട്ടു കിലോമീറ്റർ അകലെയുള്ള ബാനിപുർ എന്ന ഗ്രാമത്തിലെ ശിൽപികളുടെ വീടും, അവരുടെ പണിപ്പുരയും സന്ദർശിക്കാൻ അവസരം ലഭിച്ചു.
ഹബ്ര നഗരസഭ പ്രദേശത്തോട് ചേർന്നു കിടക്കുന്ന ബാനിപുർ ഗ്രാമത്തിലും ശിൽപികളും, കലാകാരന്മാരുമുണ്ട്. അവർ കാളിദേവിയുടെയും, മറ്റ് ദേവീ-ദേവന്മാരുടെയും, മഹിഷാസുരന്റെയും, ഗണപതിയുടെയുമൊക്കെ ജീവൻതുടിക്കുന്ന തരം ശിൽപങ്ങൾ തീർക്കുന്നവരാണ്. ബാനിപ്പൂരിലെ ശിൽപികളുടെ വീട്ടിലേക്കും,അവരുടെ പണിപ്പുരയിലേക്കും കൗതുകത്തോടെയാണ് കയറിച്ചെന്നത്. പ്രകൃതിജന്യ വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് വിഗ്രഹങ്ങളും, ശിൽപങ്ങളും നിർമിക്കുന്നത് എന്ന അറിവ് നമ്മളെ അത്ഭുതപ്പെടുത്തും.
നിറയെ ഉണക്കമരക്കൊമ്പുകളും, വൈക്കോൽക്കെട്ടുകളും, കളിമൺകൂമ്പാരവുമാണ് ശിൽപികളുടെ പണിപ്പുരയിൽ ആദ്യം കണ്ടത്! അവിടവിടെയായി ചില ഉടൽരൂപങ്ങൾ, തറയിൽ വിവിധ വലുപ്പത്തിലുള്ള ശരീരഭാഗങ്ങളായ തലകൾ, വിരലുകളുള്ള കൈപ്പത്തികൾ, കാൽപാദങ്ങൾ എന്നിവയുടെ രൂപങ്ങൾ അഴകളവുകളുടെ കൃത്യതയോടെ രൂപപ്പെടുത്തിയെടുത്ത് ഉണങ്ങാനായി നിരത്തിവെച്ചിരിക്കുകയാണ് പണിപ്പുരയുടെ പുറത്ത് വെയിൽ എത്തുന്ന ഭാഗങ്ങളിലെല്ലാം.
മരങ്ങളുടെ ഉറപ്പുള്ളച്ചില്ലിക്കൊമ്പുകളും ഉപയോഗിച്ചും, മുളങ്കമ്പുകൾ ചീന്തിയെടുത്തും, ചട്ടക്കൂടുണ്ടാക്കി അതിൽ വൈക്കോൽ നിറച്ച് ശിൽപങ്ങളുടെ രൂപങ്ങൾ നിർമിക്കുകയാണ് ആദ്യമായി ചെയ്യുന്നത്, അതിനുശേഷം കളിമണ്ണ് ഉമി ചേർത്ത് കുഴച്ച് ശിൽപങ്ങളുടെ വൈക്കോൽ രൂപത്തെ പൊതിഞ്ഞ് വെയിലത്ത് ഉണക്കിയെടുക്കുന്നു. ഉടൽ രൂപത്തിന് ചേർന്ന ശിരസ്സ്, കൈകാലുകൾ പോലെ ശരീരഭാഗങ്ങൾ വെവ്വേറെ നിർമിക്കുകയും ഉടൽരൂപങ്ങളിലേക്ക് ഘടിപ്പിക്കുകയുമാണ് രണ്ടാമതായി ചെയ്യുന്നത്. കണ്ണുകൾ കൊത്തിയെടുത്ത് ആ വിഗ്രഹരൂപം കളിമണ്ണ് മെഴുകി മിനുസ്സപ്പെടുത്തിയെടുക്കുകയും ചെയ്ത് ശേഷം അവസാനമാണ് നിറം കൊടുത്ത് ഭംഗി വരുത്തുന്നത്. ഇങ്ങനെ ആഴ്ചകളോളം നീളുന്ന ക്ഷമാപൂർവമായ കരവിരുതിലാണ് ശിൽപികൾ മനോഹരങ്ങളായ ശിൽപങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നത്.ബാനിപ്പൂരിൽ വൻജനാവലി തിങ്ങിനിറയുന്ന രീതിയിൽ എല്ലാ വർഷവും ജനുവരി അവസാനം ഒരു നാടോടി ഉത്സവം നടക്കാറുണ്ട്, ‘ബാനിപുർ മേള’ എന്നാണ് ഈ ഉത്സവം അറിയപ്പെടുന്നത്. ശാന്തിനികേതനിലെ ‘പോഷ് മേള’ പോലെ ഒരുപരമ്പരാഗത നാടോടി ഉത്സവവും, കരകൗശല മേളയുമാണ് ബാനിപ്പൂരിൽ നടത്തപ്പെടുന്നത്.
കൊൽക്കത്തയുടെ ഹൃദയഭാഗത്തുള്ള കുമാർതുലി എന്ന ശിൽപികളുടെ തെരുവിന് കൊൽൽക്കത്ത നഗരത്തോളം പഴക്കമുണ്ട്, കുമാർതുലിയിലെ സ്ത്രീകളും, പുരുഷന്മാരും കരകൗശല വിദഗ്ധരാണ്, അവർ നിർമിക്കുന്ന ശിൽപങ്ങളിൽ ഏറ്റവും ആവശ്യക്കാരുള്ളത് ദുർഗദേവി സിംഹത്തിന്റെ പുറത്തിരുന്ന് മഹിഷാസുരനെ വധിക്കുന്നതായ ശിൽപങ്ങൾക്കാണ്. ബംഗാളികളുടെ മഹോത്സവമായ ദുർഗപൂജക്കും, കാളീപൂജക്കും, മറ്റ് ഉത്സവാഘോഷങ്ങൾക്കും വിഗ്രഹങ്ങൾ നിർമിക്കുന്നത് കുമാർതുലിയിലെ ശിൽപികളാണ്.
കുമാർതുലിക്ക് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന ബാഗ്ബസാർ ഘട്ടും, ശാരദാദേവി ഘട്ടും ദുർഗപൂജയുടെ ഉത്സവ സീസണിൽ വിഗ്രഹ നിമജ്ജന ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളാണ്. ബനാമാലിത്തെരുവാണ് വിഗ്രഹ വ്യാപാരികളുടെ കേന്ദ്രം.ബംഗാൾ ജനത പൊതുവെ പരമ്പരാഗത കലാ- സാംസ്കാരിക മൂല്യങ്ങളെയും, ആധുനിക സാംസ്കാരിക രീതികളെയും ഉൾക്കൊള്ളുന്നവരാണ്. കുമാർതുലിയിലെ കുശവന്മാർ ഗംഗാനദിയിൽ (ഹുഗ്ലിയിൽ) നിന്നും ശേഖരിക്കുന്ന മണ്ണിൽ പാത്രങ്ങളുണ്ടാക്കി ജീവിച്ചു വരുന്നവരാണ്. വൈക്കോലും മരത്തടിയും ഉപയോഗിച്ച് സ്വന്തം കരവിരുതാൽ അവർ ദേവീദേവന്മാരുടെ രൂപഭംഗിയുളള വിഗ്രഹങ്ങളുമുണ്ടാക്കി. കാളീപൂജക്കും, നവരാത്രിമഹോത്സവത്തിനും കുമാർതുലിയിലെ ശിൽപികൾ സൃഷ്ടിച്ച വിഗ്രഹങ്ങൾ കൊൽക്കത്ത നഗരത്തിന് ഒഴിച്ചുകൂടാനാവാത്തതായിമാറി.
കാലക്രമേണ കുമാർതുലിയിലെ ശിൽപികൾ രൂപകൽപന ചെയ്ത ചിത്രങ്ങൾക്കും, വിഗ്രഹങ്ങൾക്കും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലും ആവശ്യക്കാരുണ്ടായി. കുമാർതുലിയിലെയും, ബാനിപ്പൂരിലെയും ശിൽപികളുടെ അത്ഭുതപ്പെടുത്തുന്ന പ്രത്യേകത അവർ ശിൽപങ്ങൾ നിർമിക്കുന്നത് അച്ചുകൾ (Mold) ഉപയോഗിച്ചല്ല എന്നതാണ്. ശിൽപികൾ അവരവരുടെ മനക്കണ്ണിൽ കാണുന്ന ഉടലഴകും, അളവുകളും ഉണക്കപ്പുല്ലിൽ കളിമണ്ണ് കുഴച്ചെടുത്ത് മാന്ത്രികവിരലുകളാൽ മെനഞ്ഞെടുക്കുമ്പോൾ അച്ചിൽവാർത്തെടുത്ത പോലെ കൃത്യതയുള്ള രൂപങ്ങളായിമാറുന്നു.
ശിരസ്സും, തലമുടിയും, മുഖവും, കണ്ണുകളും, കൈ, കാൽവിരലുകളിലെ നഖങ്ങൾ വരെ വളരെ മനോഹരമായി കൊത്തിയെടുക്കുന്നതും ഒരു വിസ്മയക്കാഴ്ചതന്നെയാണ്! പത്ത് കൈകളും, കൈളിൽ വ്യത്യസ്തതരം ആയുധങ്ങളുമായി സിംഹത്തിന്റെ പുറത്തിരിക്കുന്ന ദുർഗദേവിയുടെ ശിൽപങ്ങൾക്കും, മഹിഷാസുരനെ വധിക്കുന്ന ദുർഗദേവീയുടെ ശിൽപങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ക്രൗര്യഭാവമുള്ള സിംഹപ്പുറത്തിരിക്കുന്ന ദുർഗദേവിയുടെയും, ശാന്തഭാവത്തിൽ എന്നാൽ ശക്തി സ്വരൂപിണിയായ ദുർഗദേവിയുടെയുമൊക്കെ ശിൽപങ്ങൾ രൂപഭംഗിയോടെ സൃഷ്ടിച്ചെടുക്കുകയെന്നത് അനുഗ്രഹീതരായ ശിൽപികൾക്ക് മാത്രമെ കഴിയൂ, ബാനിപ്പൂരിലെ ശിൽപികളുടെ കുടുംബവും അനുഗ്രഹീതരാണ്, അവരുടെ പണിപ്പുരയിൽ നിർമിച്ചുവെച്ചിരിക്കുന്ന വിഗ്രഹങ്ങളും ജീവൻ തുടിക്കുന്ന രൂപഭംഗിയാൽ അത്രമേൽ മനോഹരങ്ങളാണ് !


