കൊച്ചി കായലിലെ ആദ്യ ഹൗസ് ബോട്ട് ഇന്ന് ഉദ്ഘാടനം ചെയ്യും
text_fieldsമുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുന്ന സൺറൈസ് ഹൗസ്ബോട്ട്
കൊച്ചി: കൊച്ചി കായലിലെ സൗന്ദര്യം ഇനി ഹൗസ് ബോട്ടിലൂടെ ആസ്വദിക്കാം. എട്ട് ബെഡ്റൂമുകളും വിശാലമായ കോൺഫറൻസ് ഹാളുമുള്ള ഹൗസ് ബോട്ട് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മറൈൻ ഡ്രൈവിലെ കൊച്ചിൻ ബോട്ട് ക്ലബ് ജെട്ടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും.
കൊച്ചി കായലിൽ രാത്രി ഉറങ്ങാനുള്ള സൗകര്യം ഉൾപ്പെടെയുള്ള ഉള്ള ഹൗസ് ബോട്ട് ഇതാദ്യമായാണ് സർവിസിനൊരുങ്ങുന്നത്. നഗര, ഗ്രാമീണ ഭംഗി ഒരുപോലെ ആസ്വദിക്കാം എന്നതാണ് സൺറൈസ് ഹൗസ് ബോട്ട് ക്രൂയീസിന്റെ പ്രത്യേകത. ഒരേസമയം 24 പേർക്ക് താമസിക്കാം. വിനോദ സഞ്ചാര മേഖലയിൽ കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ഗ്രീനിക്സ് എക്സ്പീരിയൻസാണ് സൺറൈസ് എന്നപേരിൽ ആഡംബര ഹൗസ് ബോട്ട് അവതരിപ്പിക്കുന്നത്.
പെപ്പർ ഐലൻഡ് എന്ന സ്വകാര്യ ദ്വീപിൽ രാത്രി തങ്ങാനുള്ള സൗകര്യവുമുണ്ട്. കോവിഡിനെത്തുടർന്ന് സാംസ്കാരിക ടൂറിസം നേരിട്ട പ്രതിസന്ധികളാണ് കസ്റ്റമൈസ്ഡ് ടൂറിസം മേഖലയിലേക്കും ദ്വീപുകൾ കേന്ദ്രീകരിച്ചും കായൽ ടൂറിസം കേന്ദ്രീകരിച്ചുമുള്ള പ്രവർത്തനങ്ങളിലേക്കും കടക്കാൻ പ്രചോദനമായതെന്ന് ഗ്രീനിക്സ് എക്സ്പീരിയൻസ് മാനേജിങ് ഡയറക്ടർ സരിത ബാബു, സി.ഇ.ഒ സ്റ്റാലിൻ ബാബു, ജെ.സി.ടി ഡയറക്റ്റർ അജു ജേക്കബ് മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



