Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightപമുക്കലെ, തുര്‍ക്കിയ...

പമുക്കലെ, തുര്‍ക്കിയ -അപൂർവമായ വിസ്മയക്കാഴ്ചകളുടെ പറുദീസ

text_fields
bookmark_border
പമുക്കലെ, തുര്‍ക്കിയ -അപൂർവമായ വിസ്മയക്കാഴ്ചകളുടെ പറുദീസ
cancel

പൂർവമായ വിസ്മയക്കാഴ്ചകളുടെ പറുദീസ കാണാൻ തുർക്കിയയിലേക്ക് പോകാം. ഏതു സഞ്ചാരിയും കൊതിച്ചു പോകുന്ന ദൃശ്യാനുഭവത്തിന്റെ ഭൂപടങ്ങൾ കീഴടക്കാൻ തുർക്കിയയിലെ ‘പമുക്കലെ’യിലേക്ക് ഒരിക്കലെങ്കിലും ഒന്ന് യാത്ര ചെയ്യണം.

വെളുത്ത പുതപ്പ് മൂടി കിടക്കുന്ന ഒരു കൂട്ടം കുന്നുകൾ, അതിനിടയിൽ അടുക്കടുക്കായി ഇളം നീല നിറത്തിലുള്ള വെള്ളം നിറഞ്ഞ ചെറിയ കുളങ്ങൾ. പടിഞ്ഞാറൻ തുർക്കിയയിലെ പമുക്കലെ എന്ന പട്ടണത്തിലാണ് ധാതു സമ്പന്നമായ താപജലത്താല്‍ ആരെയും അമ്പരപ്പിക്കുന്ന ഈ പ്രതിഭാസം ഉള്ളത്.

തുര്‍ക്കിയ ഭാഷയില്‍ പമുക്കലെ (Pamukkale) അഥവാ 'Cotton Castle' (പഞ്ഞിക്കോട്ട) എന്നാണ് അർഥം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെട്ട ഈ സ്ഥലം ഒരു പ്രകൃതിദത്ത തെർമൽ സ്പാ ആണെന്നു പറയാം. ശൈത്യകാലത്ത് പോലും ആ കുളങ്ങളിലെ വെള്ളത്തിന് ഇളം ചൂടായിരിക്കും.

കാലാകാലങ്ങളായി ഭൂമിക്കടിയിൽ നിന്നും വരുന്ന ഇളം ചൂടുള്ള വെള്ളം (hot spring) ഈ കുന്നുകളുടെ ചരിവുകളിലൂടെ ഒഴുകി അതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം കാർബണേറ്റ് അടിഞ്ഞു കൂടി ഉണ്ടായതാണ് പമുക്കലെ. അത് കാണുവാനും അനുഭവിക്കാനുമായി കാലങ്ങളായി നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തുന്നു. ലോകത്തിലെ തന്നെ അത്യപൂർവമായ ഒരു പ്രകൃതി വിസ്മയമായ ഇത് ഒരു ലോകാദ്ഭുതം തന്നെയാണ്.

പമുക്കലെയിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങള്‍

ഞാന്‍ താമസിച്ചിരുന്ന അന്റാലിയയിലുള്ള ടൈറ്റാനിക് ഹോട്ടൽ റിസപ്ഷനിൽ നിന്നാണ് മാർസ് ടൂർസ് എന്ന ടൂർ കമ്പനിയുടെ നമ്പർ ലഭിച്ചത്. അവിടേക്ക് വിളിച്ചു പമുക്കലെയിലേക്കുള്ള ടൂർ ബുക്ക് ചെയ്തു. പിറ്റേന്ന് രാവിലെ എട്ടു മണിക്ക് കാറുമായി ഹോട്ടലിൽ എന്നെ പിക്ക് ചെയ്യാൻ ആൾ എത്തി. പേര് ഗോഖന്‍. ഇംഗ്ലീഷ് തീരെ വശമില്ലാത്തതിനാല്‍ ആണ് അദ്ദേഹം അധികം സംസാരിക്കാന്‍ താല്പര്യം കാട്ടാതിരുന്നത് എന്ന് എനിക്ക് പിന്നീട് മനസ്സിലായി. എന്നോട് തുര്‍ക്കിഷ് ഭാഷയില്‍ എന്തൊക്കെയോ ഗോഖന്‍ സംസാരിക്കുന്നുണ്ടായിരുന്നെങ്കിലും എനിക്ക് ഒന്നും മനസ്സിലായില്ല. പിന്നീട് യാത്രയില്‍ ഞങ്ങള്‍ കൂടുതലും സംവദിച്ചത് ആംഗ്യ ഭാഷയിലായിരുന്നു.


തെക്കുപടിഞ്ഞാറൻ തുർക്കിയിലെ ഡെനിസ്‍ലി പ്രവിശ്യയിലാണ് (Denizli) പ്രകൃതിയുടെ അദ്ഭുതമായ ഈ മനോഹരമായ പ്രദേശം. അന്റാലിയയില്‍ (Antalya) നിന്നും ഏകദേശം 250 കി.മീ റോഡ് വഴി എത്തിച്ചേരാവുന്ന സ്ഥലമാണ് ഇത്. തുർക്കിയുടെ ഗ്രാമപ്രദേശങ്ങളിലൂടെ മൂന്ന് മണിക്കൂർ നീണ്ട യാത്ര. ഇടക്ക് വഴിയരികിൽ നിർത്തി ഓറഞ്ച്, അനാർ, ആപ്പിൾ, പീച്ച് തോട്ടങ്ങൾ ഒക്കെ കണ്ടും പല തരം പച്ചക്കറിപ്പാടങ്ങളുടെ മനോഹര ദൃശ്യങ്ങൾ ആസ്വദിച്ചും താഴ്വാരങ്ങളിലൂടെയും വലിയ മലകൾക്കിടയിലൂടെയുമൊക്കെയുള്ള മനോഹരമായ യാത്ര. അങ്ങനെ ഞങ്ങള്‍ പമുക്കലെയില്‍ എത്തി. ഇവിടെയെത്തുന്ന സഞ്ചാരികളെ വരവേല്‍ക്കുന്നത് പ്രകൃതി തീര്‍ത്ത ആ പഞ്ഞിക്കോട്ടകളാണ്.


ദൂരെ കാണുമ്പോൾ മഞ്ഞുമലയോ, അതോ വെള്ളക്കൊട്ടാരമോ, അതോ പഞ്ഞിക്കെട്ടോയെന്ന് പ്രഥമദര്‍ശനത്തില്‍ അമ്പരപ്പിക്കുന്ന പമുക്കലെ. വെളുത്ത മലനിരകളുടെ മാത്രമല്ല ഭൂമിക്കടിയില്‍ നിന്ന് കണ്ണീരു പോലെയുള്ള ചുടുനീരുറവകൾ പുറപ്പെടുന്ന നാടുമാണത്. നാലു മണിക്കൂര്‍ ആണ് ഗോഖന്‍ എനിക്ക് ഇവിടെ അനുവദിച്ചിരിക്കുന്നത്‌. തിരികെ എത്തേണ്ടുന്ന സമയവും സ്ഥലവുമെല്ലാം ആംഗ്യഭാഷയില്‍ അദ്ദേഹം കാണിച്ചു തന്നു. പ്രവേശന ടിക്കറ്റെടുത്ത് ഞാന്‍ ഉള്ളിലേക്ക് കടന്നു. അതി പുരാതന ഗ്രീക്കോ-റോമന്‍ ബൈസന്റിയന്‍ പട്ടണമായ ഹിറോപോളിസ് (Hierapolis) ഇതിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.

വളരെ ചരിത്ര പ്രാധാന്യമുള്ള ഒരു പ്രദേശം. ക്രിസ്തുവിനു മുമ്പും പിമ്പും വളരെ സജീവമായിരുന്നു ഇവിടം. നിരവധി ചരിത്ര ശേഷിപ്പുകള്‍ ഇപ്പോഴും അവിടെ കാണാന്‍ സാധിക്കും. നൂറ്റാണ്ടുകളുടെ പൈതൃകം അവകാശപ്പെടാവുന്ന അസാധാരണമായ ഭൂപ്രകൃതിയുള്ള ഒരു പുരാതന നഗരമാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഹെയ്റാപോളിസ്. റോമൻ, ബൈസന്റൈൻ, ജൂത, ക്രിസ്ത്യൻ, സെൽജുക് സ്വാധീനങ്ങളുടെ മിശ്രണമാണ് ഇവിടുത്തെ സംസ്കാരം. ആദിമ ക്രിസ്തുമതത്തിന്റെ വ്യാപനത്തിൽ പ്രധാന പങ്ക് വഹിച്ച ഇവിടെവച്ചാണ് ക്രിസ്തുവിന്റെ 12 അപ്പോസ്തലന്മാരിൽ ഒരാളായിരുന്ന ഫിലിപ്പോസിന്റെ രക്തസാക്ഷിത്വം എന്നു കരുതപ്പെടുന്നു.


സമ്പന്നമായ പുരാതന നാഗരികതയുടെ അവശിഷ്ടങ്ങൾ നിറഞ്ഞ ഹെയ്റാപോളിസിലെ കാഴ്ചകള്‍ കണ്ട് ഇളം കാറ്റിലൂടെ രണ്ടു കിലോമീറ്ററോളം നടന്നെത്തിയത് പമുക്കലെയിലെ ജലധാരകളുടെ അടുത്തേക്കാണ്‌. കുന്നിന്റെ മുകളില്‍ നിന്നുള്ള ആ കാഴ്ച അതി മനോഹരമായിരുന്നു. താഴെ ഒരു തടാകം അതിനപ്പുറം ഗ്രാമം. കാല്പനികമായ ഒരു ദൃശ്യം. പ്രകൃതിയുടെ വിസ്മയമായ തൂവെള്ള നിറത്തിലുള്ള കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന, 30 - 35 ഡിഗ്രീ ചൂടുള്ള ഭൂഗർഭ ജലം ചാലുകളിലൂടെ ഒഴുകുന്ന ആ പ്രതിഭാസം നോക്കി നിന്നു. അടുത്ത് തന്നെയുള്ള ക്ലിയോപാട്ര പൂളില്‍ ഒന്ന് കുളിച്ച് തിരിച്ചുവന്ന് നീരുറവകളിലേക്ക് ഇറങ്ങാം എന്നു തീരുമാനിച്ചു.


ക്ലിയോപാട്ര പൂൾ സമുച്ചയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എന്നാൽ അവിടുത്തെ കുളത്തിൽ ഇറങ്ങാന്‍ 50 തുർകിഷ് ലിറ ഫീസ് നൽകേണ്ടതുണ്ട്. വസ്ത്രം മാറുന്നതിനുള്ള ലോക്കർ വാടക 10 ലിറ ആണ്. 2000 വർഷത്തിലേറെ പഴക്കമുള്ള, ക്രിസ്തുവിന്റെ കാലത്തിനും മുന്‍പ് നിര്‍മ്മിച്ച ഒരു യഥാർഥ റോമൻ കുളത്തില്‍ നീന്താൻ ലോകത്ത് മറ്റെവിടെയാണ് കഴിയുക?. ആവേശത്തോടെ ഞാനും ക്ലിയോപാട്രയുടെ സൗന്ദര്യത്തിന്റെ രഹസ്യമായിരുന്ന ആ കുളത്തിലെക്കിറങ്ങാൻ തീരുമാനിച്ചു.

സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായി ലോക ചരിത്രത്തില്‍ നിലനിൽക്കുന്ന ക്ലിയോപാട്ര തന്റെ വശ്യ സൗന്ദര്യവും ബുദ്ധിയും ഉപയോഗിച്ച് മഹത്തായ സാമ്രാജ്യം കെട്ടിപ്പടുത്തു. ഈജിപ്തിലെ ഏറ്റവും വിജയശ്രീലാളിതയായ ചക്രവര്‍ത്തിനി ആയിരുന്ന ക്ലിയോപാട്ര ഇവിടെ സ്ഥിരമായി സന്ദർശിക്കുകയും നീരുറവകളിൽ നീരാടുകയും ചെയ്തു എന്ന് പറയപ്പെടുന്നു.


വളരെ പ്രസിദ്ധമായ ഈ കുളത്തിലേക്ക്‌ ഊളിയിട്ട് യൗവനവും സൗന്ദര്യവും വീണ്ടെടുക്കാൻ സാധിക്കും എന്ന കഥകള്‍ ഇന്നും സജീവമാണ്. കുളത്തിന്റെ ഹൈലൈറ്റ് അതിന്റെ അടിയിൽ കിടക്കുന്ന കല്‍തൂണുകള്‍ ആണ്. പുരാതന റോമിലെ വാസ്തുവിദ്യാ പ്രകാരം അവിടം അലങ്കരിച്ചിരുന്നു. ഡോറിക് നിരകളാൽ അലങ്കരിച്ച മേൽക്കൂരയുള്ള അപ്പോളോ റോമൻ ക്ഷേത്രത്തിന്റെ ഭാഗമായിരുന്നു ഇവിടം. എ.ഡി ഏഴാം നൂറ്റാണ്ടിൽ ഉണ്ടായ ഒരു വലിയ ഭൂകമ്പത്തില്‍ ഈ സ്തംഭങ്ങള്‍ കുളത്തിലേക്ക് വീണു. അത് ഇപ്പോഴും അങ്ങനെ തന്നെ അവിടെ കാണാം. നല്ല തിരക്കുണ്ട്‌ പൂളില്‍. സമൃദ്ധമായ പച്ചപ്പുകളാൽ ചുറ്റപ്പെട്ട കുളം വ്യത്യസ്ത ആഴത്തിലുള്ളതും വെള്ളം സുഖകരമായ ചൂടുള്ളതുമാണ്.


ഈ ഉറവയിലെ ചൂടുള്ളതും ശുദ്ധവുമായ ജലത്തിൽ കുളിക്കുന്നത് സുഖകരമാണെന്നതിന് പുറമേ, ഇത് ഒരു മെഡിക്കൽ നടപടിക്രമം കൂടിയാണ്. ത്വക്ക് രോഗങ്ങൾ, ദഹനനാളം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, റിക്കറ്റ്, വാതം എന്നിവ ചികിത്സിക്കാൻ പ്രാദേശികമായി ഈ ജലസ്നാനം ഉപയോഗിക്കുന്നു. ക്ലിയോപാട്ര പൂളിൽ നിന്ന് കയറി ഞാൻ അതിമനോഹരമായ സ്നോ-വൈറ്റ് ട്രാവെർട്ടൈനുകളിലേക്കും ടെറസ് കുളങ്ങളിലേക്കുമാണ് പോയത്. അവിടേക്ക് നഗ്നപാദരായി മാത്രമേ പോകുവാൻ അനുവദിക്കുകയുള്ളൂ. ഹോട്ട് സ്പ്രിങ്ങിന്റെ മുകളിലൂടെ നടന്നു. ചൂടുവെള്ളത്തിൽ ചവിട്ടി മഞ്ഞുമല പോലെ തോന്നിക്കുന്ന അതിന്റെ അടിവാരം വരെ നടന്നു.


പൗരാണികകാലം തൊട്ടുതന്നെ ആരോഗ്യസ്‌നാന പട്ടണമായിരുന്നു പമുക്കലെ. ഈ ചുടുനീരുറവകളുടെ ഔഷധമൂല്യം ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നതിനു എത്രയോ മുമ്പുതന്നെ ഇവിടത്തെ പൂര്‍വികര്‍ അത് മനസ്സിലാക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. ഈ പ്രദേശത്തിലെ ട്രാവെർട്ടൈന്‍ പ്രതലത്തില്‍ ചുടുനീരുറവകളുടെ ഒഴുക്കില്‍ കാത്സ്യം കാര്‍ബണേറ്റും മറ്റു ധാതുക്കളും വെള്ളത്തിൽ അതിസാന്ദ്രീകരിച്ചുണ്ടായതാണ് മഞ്ഞുമലകളോട് സാദൃശ്യമുള്ള പമുക്കലെയുടെ മേല്‍ത്തളങ്ങള്‍. അഗ്‌നിപര്‍വ്വതങ്ങളുടെ പ്രവര്‍ത്തനഫലമായി ഉത്ഭവിക്കുന്ന താപനിര്‍ഝരിയില്‍ പാദമൂന്നിയുള്ള നടപ്പ് ആനന്ദദായകമാണ്.


ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള സഞ്ചാരികള്‍ ഔഷധമൂല്യവും മാനസികോല്ലാസവും തേടി ചുടുനീര്‍ച്ചാലുകളില്‍ ഉല്ലസിക്കാനെത്തുന്നു. നൂറ്റാണ്ടുകൾ കടന്ന് ഗ്രീക്കിനും റോമിനും ബൈസാന്റിയനും ഒട്ടോമനും ശേഷം ആധുനിക തുര്‍ക്കിയയിലൂടെയും നിര്‍ഗളിക്കുന്നു. നിരവധി സന്ദർശകർ, ചിലർ വെള്ളച്ചാലിലൂടെ നടക്കുന്നു, ചിലർ കുളങ്ങളിൽ കുളിക്കുന്നു, മറ്റു ചിലർ ഫോട്ടോഷൂട്ട് നടത്തുന്നു. തിരികെ വരുന്ന വഴി കുറച്ചു മംഗോളിയൻ ടൂറിസ്റ്റുകൾ അവരുടെ ഒരു ഫോട്ടോ എടുത്തു തരുവാൻ എന്നോട് ആവശ്യപ്പെടുകയുണ്ടായി. അതിനുശേഷം ഞാൻ അവരോടൊപ്പം ഒരു സെൽഫി എടുക്കുകയും ചെയ്തു.

പമുക്കലെയിലെ യാത്രക്കിടെ ലേഖകൻ

നല്ല തണുത്ത കാറ്റ്. ലോക്കറില്‍ ചെന്ന് വസ്ത്രം മാറി അഞ്ച് മണിയോടെതന്നെ ഞാന്‍ പുറത്തേക്ക് ഇറങ്ങി. എന്നെ കാത്ത് ഗോഖന്‍ അവിടെ വിസിറ്റേര്‍സ് സെന്ററില്‍ ഉണ്ടായിരുന്നു. അവിടുത്തെന്നെയുള്ള ഒരു റസ്റ്റോറന്റിൽ നിന്ന് ടര്‍ക്കിഷ് കോഫിയും സാന്റവിച്ചും കഴിച്ചതിനു ശേഷം ഹോട്ടലിലേക്ക് ഞങ്ങള്‍ മടങ്ങി. വണ്ടിയില്‍ ഇരുന്നു നന്നായി ഒന്ന് മയങ്ങി ഒമ്പതു മണിയോടെ ഹോട്ടലിൽ തിരിച്ചെത്തി. സമ്പന്നമായ കാഴ്ചകള്‍കൊണ്ട് ഏതൊരു യാത്രികനേയും അതിശയിപ്പിക്കുന്ന ഒരു രാജ്യമാണ് തുര്‍ക്കിയ. പുരാതനമായ നിരവധി സംസ്കാരങ്ങളും അതിശയിപ്പിക്കുന്ന ഭൂപ്രകൃതിയും എല്ലാം ചേര്‍ന്ന സുന്ദരമായൊരു പ്രദേശം.


തുർക്കിയയിലെ എന്റെ യാത്രയിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ മനോഹരമായ ഒരു അനുഭമായിരുന്ന പമുക്കലെ. ആയിരക്കണക്കിന് വർഷങ്ങളായി പാമുക്കലെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു, ഇന്നും ആകർഷിച്ചുകൊണ്ടിരിക്കുന്നു. തുർക്കി സന്ദർശിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു പ്രദേശം തന്നെ ആണ് ഇത്. അതിശയിപ്പിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമാണ് പമുക്കലെ നല്‍കിയത്. പ്രകൃതിയുടെ വ്യത്യസ്തമായ ഒരു ഭാവം, വശ്യമനോഹരമായ കാഴ്ചകൾ ഇളം ചൂടുള്ള അവിടുത്തെ തെളിനീരുപോലെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

Show Full Article
TAGS:Travelogues Turkiya travel news 
News Summary - Pamukkale, Turkey - a paradise of rare wonders
Next Story