സഞ്ചാരികളുടെ മനം നിറച്ച് മൂന്നാര്‍ ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങൾ
text_fieldsചീയപ്പാറ വെള്ളച്ചാട്ടം
അടിമാലി: തുടർച്ചയായി മഴ പെയ്തുതുടങ്ങിയതോടെ ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങള്‍ സജീവമായി. വറ്റിവരണ്ട അവസ്ഥയില്‍നിന്നും ജലസമൃദ്ധിയിക്കേ് വെള്ളച്ചാട്ടങ്ങള്‍ മാറിയതോടെ ഹൈറേഞ്ചിലെത്തുന്ന വിനോദസഞ്ചാരികളെ വെള്ളച്ചാട്ടങ്ങൾ കൂടുതൽ ആകർഷിക്കുന്നുണ്ട്.
മൂന്നാര്‍ വിനോദസഞ്ചാര കേന്ദ്രത്തിന്റെ കവാടത്തിലുള്ള ചീയപ്പാറ വെള്ളച്ചാട്ടത്തിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത്. തൊട്ടടുത്ത വാളറ, മൂന്നാറിലെ ആറ്റുകാട്, മറയൂരിലെ തൂവാനം വെള്ളച്ചാട്ടങ്ങളും മാങ്കുളത്തെ നക്ഷത്രകുത്തും പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടങ്ങളുമൊക്കെ ഏവരെയും ആകര്‍ഷിക്കുന്നതാണ്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖയില്‍ വാളറ കുത്തിന് താഴെയാണ് ചീയപ്പാറ ജലപാതം സ്ഥിതി ചെയ്യുന്നത്. ദേശീയപാതയില്‍നിന്നും കേവലം മൂന്ന് മീറ്റര്‍ വ്യത്യാസത്തിലാണ് ഈ ജലപാതം. 150 മീറ്ററിലേറെ ഉയരത്തില്‍നിന്ന് പതഞ്ഞുപൊങ്ങി ഒലിച്ചിറങ്ങുന്ന വെള്ളം ഇവിടെ എത്തുന്നവരെ അനുഭൂതിയിലെത്തിക്കും. കൂടാതെ ജലാശയത്തില്‍ അടുത്തെത്തി അനുഭൂതി നുകരാനുള്ള അവസരവും സന്ദര്‍ശകര്‍ക്കുണ്ട്. എന്നാൽ, സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ ആരുമില്ലാത്തതിനാല്‍ വാഹന ഗതാഗതം ഉൾപ്പെടെ ഇവിടെ ഗതാഗത സ്തംഭനമാണ്.
ചിലർ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് അപകടസാധ്യതയും ഉണ്ടാക്കുന്നു. പലരും വനംവകുപ്പിന്റെ വേലിയും മറികടന്ന് എത്തിയാണ് ഈ പ്രകടനം. അടിമാലി പഞ്ചായത്തിലെ ജനപ്രതിനിധികള്‍ ചീയപ്പാറ വികസനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും വനംവകുപ്പ് തടസ്സമുന്നയിക്കുന്നതിനാല്‍ വികസനം വേണ്ടവിധം എത്തിക്കാന്‍ സാധിച്ചിട്ടില്ല. വേനല്‍കാലത്ത് വെള്ളമില്ലാതായി ചീയപ്പാറ വിസ്മൃതിയിലാകുമെങ്കിലും കാലവര്‍ഷം സജീവമാകുന്നതോടെ വശ്യമനോഹരമായ വെള്ളച്ചാട്ടം കാണുന്നതിന് ഒഴുകിയെത്തുന്ന സഞ്ചാരികളുടെ വർധനയാണ് ചീയപ്പാറയുടെ നേട്ടവും.
ആദ്യ ജലവൈദ്യുതി പദ്ധതിയായ മൂന്നാർ പള്ളിവാസല്‍ വൈദ്യുതി നിലയത്തിന് മുകള്‍ഭാഗത്താണ് പ്രസിദ്ധമായ ആറ്റുകാട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ശാന്തമെന്ന് തോന്നുമെങ്കിലും അപകടം ഒളിഞ്ഞിരിക്കുന്ന ജലപാതമാണ് ആറ്റുകാട്. മാങ്കുളം പഞ്ചായത്തില്‍ നക്ഷത്രകുത്ത് ഉല്‍പ്പെടെ അഞ്ച് വെള്ളച്ചാട്ടങ്ങളാണുള്ളത്. ഇവയെല്ലാം സജീവമായത് ടൂറിസം മേഖലയിലും ഉണര്‍വിന് കാരണമായി.


