Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഅരിക്കൊമ്പൻ വിഹരിച്ച...

അരിക്കൊമ്പൻ വിഹരിച്ച മേഘമലയിലേക്ക് ഒന്നു പോയിവന്നാലോ?...

text_fields
bookmark_border
അരിക്കൊമ്പൻ വിഹരിച്ച മേഘമലയിലേക്ക് ഒന്നു പോയിവന്നാലോ?...
cancel

തിരക്കേറിയ ജീവിതത്തിൽ നിന്നും അൽപസമയം മാറ്റിവെക്കാൻ തയാറാണെങ്കിൽ ശരീരത്തിനും ഹൃദയത്തിനും ഒരുപോലെ കുളിരേകുന്ന, യാത്രാനുഭവങ്ങളിൽ കുറിച്ചുവെക്കാനുതകുന്ന ഒരു സ്ഥലമുണ്ട്. തമിഴ്നാട്ടിലെ തേനി ജില്ലയിൽ ചിന്നമന്നൂരിൽ നിന്നൽപം മാറി സ്ഥിതി ചെയ്യുന്ന പേരിനോട് നൂറു ശതമാനം നീതി പുലർത്തുന്ന മേഘമല.

ഒരു പക്ഷേ, മേഘമല എന്ന പേര് മലയാളികളിൽ ഒരു വിഭാഗമെങ്കിലും ശ്രദ്ധിച്ചത് അരിക്കൊമ്പൻ വിഷയവുമായി ബന്ധപ്പെട്ടായിരിക്കാം.

കേരളത്തിൽ നിന്ന് കമ്പം- തേനി റൂട്ട് തെരഞ്ഞെടുത്ത് ചിന്നമന്നൂരിൽ നിന്ന് മേഘമല റോഡിലേക്ക് തിരിയുക, അവിടെ നിന്നും ഏകദേശം 40 കീ.മി ഉണ്ടാവും ലക്ഷ‍്യ സ്ഥാനത്തെത്താൻ. യാത്രക്കായി പകൽ സമയം തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. കാരണം നേരം ഇരുട്ടിയാൽ വന‍്യ മൃഗങ്ങൾ ഇറങ്ങാൻ സാധ‍്യതയേറെയാണ്. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുവരെയാണ് ചെക്പോസ്റ്റിലൂടെ കടത്തിവിടുക. വന‍്യമൃഗങ്ങൾ റോഡിലിറങ്ങുന്നതിനാൽ വൈകുന്നേരം ആറുമണിക്ക് മുമ്പെ മലയിറങ്ങണമെന്ന പ്രത‍്യേക നിർദ്ദേശവും ചെക്പോസ്റ്റിൽ നിന്നും ലഭിക്കും.

18 ഹെയർപിനുകളും ചെറു വനത്തിലൂടെയുമുള്ള യാത്രയും താണ്ടി ചെന്നെത്തുന്നത് തേയിലത്തോട്ടങ്ങൾക്ക് നടുവിലേക്കാണ്. ആ യാത്ര ലക്ഷ‍്യസ്ഥാനത്തേക്ക് എത്തുമ്പോഴേക്കും മനസ്സ് ശാന്തമാകും. ഉള്ളിലേക്ക് തണുപ്പ് അരിച്ചുകയറുന്നതായി അനുഭവപ്പെടും.

കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ചെലവഴിക്കാൻ കഴിയുന്ന ഇടമാണെങ്കിലും തനിച്ചൊന്ന് അവിടെ ചെലവഴിക്കാൻ മനസ്സ് മന്ത്രിക്കും. അവിടത്തെ വശ‍്യമായ കാഴ്ച കിലോമീറ്ററുകളോളം പരന്ന് കിടക്കുന്ന തേയിലതോട്ടങ്ങളും അവക്ക് മനോഹാരിത കൂട്ടുന്ന ഇടക്കിടെയുള്ള ചെറുകുടിലുകളും തന്നെയാണ്.


ഒരു ചിത്രകാരൻ തന്‍റെ ക‍്യാൻവാസിൽ വരച്ചിട്ടതുപോലെ മനോഹരമായ പ്രദേശം. തേയിലതോട്ടങ്ങൾക്ക് നടുവിലുള്ള തടാകം ആരെയും ആകർഷിക്കും. മുകളിൽ എത്തുമ്പോൾ വണ്ടിയിൽ നിന്നിറങ്ങിയാൽ കാണുന്ന മഞ്ഞിൽ പാതി മൂടിയ തടാകം വല്ലാത്ത കാഴ്ച തന്നെയാണ്.

മുകളിലേക്കുള്ള യാത്രയിൽ നാം കടന്നുപോകുന്ന പ്രദേശങ്ങളുടെ ഭംഗി ഓരോ നിമിഷവും നമ്മുടെ കണ്ണുകളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. ഇരവഗലർ അണക്കെട്ട്, മണലാർ അണക്കെട്ട്, ഹൈവേവി ഡാം എന്നിവയും മേഘമലയിലെ സഞ്ചാരികളെ ആകർഷിക്കുന്ന വിനോദ പ്രദേശങ്ങളാണ്.


കുറച്ചു കേറിയാൽ ഒരു ചെറിയ പെട്ടി കടയുണ്ട് റോഡിനോട് ചേർന്ന് അവിടെ നിന്നും നല്ല ചൂട് ചായയും കുടിച്ച് ചുറ്റുമുള്ള തേയിലയുടെ ഗന്ധവും ആസ്വദിച്ച് കുറച്ചുനേരം എല്ലാം മറന്നു നിൽക്കാം.

ഇടക്കിടെ വന്നു തട്ടിവിളിക്കുന്ന തണുത്ത കാറ്റും നേരിയ മഞ്ഞും ഏതോ സിനിമയിലെയും കഥകളിലെയും നായിക നായക കഥാപാത്രങ്ങളെ ഓർമിപ്പിക്കും.


ഒരുപ​ക്ഷേ, മലകേറാനൊരുങ്ങുമ്പോൾ ഇത്രയും സുന്ദരമായ ഒരു സ്വർഗതുല്യ പ്രദേശത്തെയാണ് ഇതിനുള്ളിൽ ഒളിപ്പിച്ചതെന്ന് യാത്രക്കാർ ഒരിക്കലും പ്രതീക്ഷിക്കില്ല. സദാ സമയവും മഞ്ഞ് മൂടിയതിനാൽ രാവിലെയും ഉച്ചയും വൈകുന്നേരവുമെല്ലാം ഇവിടെ ഒരുപോലെതന്നെയാണ്.

ഓഫ്റോഡ് യാത്രകളോട് പ്രിയമുള്ളവരെ പരിഗണിക്കുന്ന റോഡുകളാണ്. മേഘമലയുടെ അറ്റം എന്ന് പറഞ്ഞുവെക്കാവുന്നത് ‘മഹാരാജ മേഠ്’ എന്ന വ‍്യൂപോയന്‍റ് ആണ്. ഓഫ്റോഡ് യാത്രയിലൂടെയാണ് അവിടേക്ക് എത്തുക. തേയിലത്തോട്ടത്തിന് എതിർവശത്തെ ചെറിയ നടവഴിയിലൂടെ മുന്നോട്ടു പോയാൽ വ‍്യൂപോയന്‍റ് ആണ്. താഴോട്ട് നോക്കിയാൽ തമിഴ്നാടിന്റെയും മേഘമലയുടെയും ഗ്രാമീണ ഭംഗി മനസ്സിൽ പതിയും. ഇടക്ക് മേഘങ്ങൾ മൂടുന്നതോടെ മേഘമലയുടെ അർഥം പൂർണതയിലെത്തുന്നു.

സഞ്ചാരികളുടെ കുത്തൊഴുക്ക് ഈ പ്രദേശത്തെ ബാധിച്ചിട്ടില്ലാത്തതിനാൽ എങ്ങും നിശബ്ദമാണ്. അതിലൂടെ നടക്കുന്ന ഓരോ ചുവടുകൾക്കും പ്രത്യേക താളവും ആസ്വാദനവും അനുഭവപ്പെടും.

പ്രദേശവാസികൾക്കും സഞ്ചാരികളിൽ യാതൊരു താൽപര്യവും ഇല്ലാത്തതിനാൽ നമ്മുടേതായ ലോകത്ത് വിഹരിച്ച് നടക്കാം. താമസത്തിനായി പഞ്ചായത്ത് ഗസ്റ്റ് ഹൗസ് ആണ് പ്രധാനമായും ആശ്രയിക്കുന്നത്, അല്ലെങ്കിൽ ചുരുക്കം ചില റിസോർട്ടുകളുമുണ്ട്.


പ്രിയപ്പെട്ട അതിഥിയെപ്പോലെ പോലെ ഇടക്കിടെ എത്തുന്ന മഞ്ഞും തണുത്ത കാറ്റും തേയില ഗന്ധവുമെല്ലാം മലയിറങ്ങുമ്പോഴും കൂടെ പോരും. ഏതോ വശ്യതയിലകപ്പെട്ട പോലെ വീണ്ടും തിരികെ നോക്കാൻ തോന്നും, മനസ്സ് അശാന്തമാകുമ്പോൾ ഇനിയും ഈ വഴി വരുമെന്ന് ഉറപ്പോടെ മലയിറങ്ങാം.

Show Full Article
TAGS:Travel News Theni Tamilnadu Meghamalai 
News Summary - What if we went to Meghamala, where rice stalks wandered?
Next Story