സഞ്ചാരികളെ മാടിവിളിച്ച് പൊസഡിഗുംബെ മലനിരകൾ
text_fieldsബദിയടുക്ക: പൊസഡിഗുംബെ മലനിരകൾ സഞ്ചാരികളെ മാടിവിളിക്കുന്നു. ജില്ലയിലെ പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമാണ് പൈ വളിഗെ ഗ്രാമപഞ്ചായത്തിലെ പൊസഡിഗുംബെ. കാസർകോടുനിന്ന് 30 കിലോമീറ്റർ വടക്ക് കിഴക്കായി ബായാറിൽ സ്ഥിതി ചെയ്യുന്ന ചെറുക്കുന്നാണ് പൊസഡിഗുംബെ. മഞ്ചേശ്വരം താലൂക്കിന്റെ പരിധിയിലുള്ള ഈ പ്രദേശം ബായാർ, ധർമത്തടുക്ക എന്നീ വില്ലേജുകൾ ചേർന്നതാണ്. ചുറ്റും മനോഹര കാഴ്ച ഒരുക്കുന്ന കുന്നിൻ പ്രദേശങ്ങൾ. ജില്ലയിലെ രണ്ടാമത്തെ റാണിപുരമാകാൻ പോകുന്ന പൊസടിഗുംബെ, സ്വദേശിയരും വിദേശികളുമായ സഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങളിലൊന്നാണ്.
ചുറ്റും മലനിരകൾ കൊണ്ട് മനോഹരമാണ് ഈ പ്രദേശം. അതുകൊണ്ട് തന്നെയാണ് ടൂറിസം പദ്ധതി നടപ്പാക്കാൻ ബന്ധപ്പെട്ടവർ ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളതും. പൊസഡിഗുംബെയിലെ പ്രകൃതി സൗന്ദര്യം നേരിൽ കണ്ട് മനസ്സിലാക്കാൻ മുൻ കലക്ടർ ഡോ. പി. സജിത് ബാബുവും ഇപ്പോഴത്തെ കലക്ടർ അർജുൻ പാണ്ഡ്യനും ഇതിനകം തന്നെ മല കയറിയിട്ടുണ്ട്. ടൂറിസം പദ്ധതികളിൽ ഇടംപിടിച്ച ഈ പ്രദേശത്ത് ഇനി വേണ്ടത് പദ്ധതിക്കായുള്ള വേഗതയാണ്. ഉയർന്ന കുന്നിൻ പുറത്തുനിന്ന് നാലുഭാഗവും നിരീക്ഷിക്കാവുന്ന മനോഹരമായ കാഴ്ചയാണ് ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. 1.39 കോടി രൂപ ചിലവിൽ പൊസഡിഗുംബെയെ ഒരു പ്രധാന ഹിൽ സ്റ്റേഷനായി വികസിപ്പിക്കുന്ന ഡി.ടി.പി.സിയുടെ പദ്ധതിക്കാണ് ടൂറിസം വകുപ്പ് തയാറെടുക്കുന്നത്.
തുടക്കം എന്ന നിലയിൽ എലിവേറ്റഡ് ഗ്ലാസ് വ്യൂ ടവർ, നടപ്പാതകൾ, കാന്റി ലിവർ വ്യൂ പോയിന്റ്, ട്രക്കിങ് പോയിന്റ്, അഡ്വഞ്ചർ സോൺ, ഹാങ്ങിങ് ബ്രിഡ്ജ് എന്നിവയാണ് ടൂറിസം വികസന പ്രോജക്ടിൽ ഇടം പിടിച്ചിട്ടുള്ളത്. സാങ്കേതിക തടസ്സമുള്ള പദ്ധതികളിൽ തുടർനടപടികൾ സ്വീകരിക്കാൻ കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊസഡിഗുംബെയും ജില്ലയിലെ ടൂറിസം ഭൂപടത്തിൽ വേഗത്തിൽതന്നെ സ്ഥാനം പിടിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.


