വരുന്നു, ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രം
text_fieldsഇലവീഴാ പൂഞ്ചിറ
കുടയത്തൂർ: കുടയത്തൂർ പഞ്ചായത്തിന് വിനോദസഞ്ചര ഭൂപടത്തിൽ കൂടുതൽ ഇടം നൽകുന്ന പ്രഖ്യാപനവുമായി സർക്കാർ. പഞ്ചായത്തിനായി 10 സെന്റ് സ്ഥലം സർക്കാർ അനുവദിച്ചതിൽ വിശ്രമ കേന്ദ്രം, ശൗചാലയം, മിനി ഓഡിറ്റോറിയം എന്നിവ നിർമിക്കാനാണ് ഭരണസമിതിയുടെ തീരുമാനം.
ടേക്ക് എ ബ്രേക് സംവിധാനം ഒരുക്കാൻ ജില്ല പഞ്ചായത്ത് 35 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നിലവിൽ കയറി നിൽക്കാൻ പോലും ഒരു ഇടം ഇല്ലാത്ത അവസ്ഥയാണ് നൂറുകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന പൂഞ്ചിറയിലേത്. ഇതിന് മാറ്റം വരുന്നതോടെ പൂഞ്ചിറക്ക് പുത്തൻ ഉണർവ് കൈവരും. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും അനവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.
സമുദ്രനിരപ്പിൽ നിന്നും 3200 അടി ഉയരത്തിലുള്ള, തണുപ്പും കാറ്റും ശാന്തതയും നൽകുന്ന അന്തരീക്ഷമാണ് പൂഞ്ചിറയിലേത്. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിട്ടാണ് ഈ ടൂറിസം കേന്ദ്രം ഉള്ളത്. പൂഞ്ചിറയിലേക്ക് ഇടുക്കി ജില്ലയിലെ കാഞ്ഞാർ വഴിയും കോട്ടയം ജില്ലയിലെ മേലുകാവ് വഴിയും എത്താൻ കഴിയും. കോട്ടയം ജില്ലയിലെ റോഡ് ഉന്നത നിലവാരത്തിൻ ഗതാഗതയോഗ്യമായതോടെ ഒട്ടേറെ സഞ്ചാരികളാണ് പൂഞ്ചിറയിൽ എത്തുന്നത്.
മിക്ക ദിവസങ്ങളിലും കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം അടക്കം പ്രതിദിനം ഒട്ടേറെ വാഹനങ്ങൾ ഇവിടെ എത്തുന്നു. എന്നാൽ, ഇതിന്റെ ഗുണം കടയത്തൂർ പഞ്ചായത്തിന് നാളിതുവരെ ലഭിച്ചിരുന്നില്ല. ടേക്ക് എ ബ്രേക്ക് സംവിധാനം വരുന്നതോടെ പഞ്ചായത്തിന് വരുമാനവും വിനോദ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യവും ഉറപ്പാകും. കാഞ്ഞാർ വഴിയുള്ള പൊട്ടിപ്പൊളിഞ്ഞ റോഡ് കൂടി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.