കാണാനേറെയുണ്ട് മധുരമൂറും ഈ തെരുവിൽ
text_fieldsകേളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശമാണ് കോഴിക്കോട്. വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെടയുമൊക്കെ സിരാകേന്ദ്രം.
ഹരിതാഭമായ കുന്നുകളും മലകളും, കേരവൃക്ഷത്തോപ്പുകളും, പ്രശാന്തമായ കടൽത്തീരവും ചരിത്രസ്മാരകങ്ങളും എല്ലാം ചേർന്ന ഇവിടെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. സാമൂതിരിമാരുടെ ഭരണ തലസ്ഥാനമായിരുന്ന കോഴിക്കോട് കേരള ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഇടമായിരുന്നു.
വാസ്കോഡ ഗാമ മുതൽ ലോകം കണ്ട ഏറ്റവും പ്രമുഖ സഞ്ചാരികളായ ഇബ്നു ബത്തൂത്തയും മാർക്കോ പോളോയും വരെ കോഴിക്കോട് എത്തിയിട്ടുണ്ട് എന്നത് ഈ പ്രദേശത്തിന്റെര ഗരിമ വിളിച്ചോതുന്ന വസ്തുതയാണ്.
കോഴിക്കോട് നഗരത്തില്‍ ചരിത്രമുറങ്ങുന്ന ഇടങ്ങൾ ഒരുപാടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് മിഠായിത്തെരുവ് എന്ന എസ്.എം സ്ട്രീറ്റ്. മനസ്സും വയറും ഒരുപോലെ നിറക്കുന്ന ഒരിടം. കൊതിപ്പിക്കുന്ന കാഴ്ചകളും രുചികളുമുള്ള മിഠായിത്തെരുവിന്റെ വിശേഷങ്ങള്‍ നോക്കാം. മൂന്ന് ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായിട്ടാണ് കുടുംബമായി കോഴിക്കോട് എത്തിയത്.സുഹൃത്തായ അഖിൽ ആയിരുന്നു ഞങ്ങളുടെ ഇവിടുത്തെ യാത്രകളെല്ലാം ഒരുക്കിയത്. മുക്കം സ്വദേശിയായ അഖിൽ പ്രകൃതിരമണീയമായ കക്കാടം പൊയിലിലായിരുന്നു ഞങ്ങൾക്കായി താമസമൊരുക്കിയിരുന്നത്. കക്കാടംപൊയിൽ, വയനാട് കാഴ്ചകൾക്ക് ശേഷം മൂന്നാമത്തെ ദിവസമാണ് കോഴിക്കോട് നഗരത്തിൽ കാഴ്ചകൾക്കായി ഇറങ്ങിയത്.
എസ്.എം സ്ട്രീറ്റ് എന്ന മിഠായിത്തെരുവ്, കോഴിക്കോടിന്റെച ഹൃദയഭാഗത്ത് ഏറ്റവും കൂടുതൽ വില്പനശാലകൾ ഉള്ള സ്ഥലമാണ് എന്നുതന്നെ പറയാം. ഒരു സാധാരണക്കാരന് വേണ്ടതൊക്കെയും, പ്രത്യേകിച്ച് മധുരം കിനിയുന്ന കോഴിക്കോടൻ ഹൽവ, നേന്ത്രക്കാ ഉപ്പേരി, ബേക്കറി പലഹാരങ്ങൾ, ബിരിയാണി, കോഴിക്കോടൻ സ്പെഷൽ കൂൾ പാനീയങ്ങള്‍, ഉപ്പിലിട്ടത്, പാദരക്ഷകൾ, ബാഗുകൾ, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങൾ, സ്വർണ്ണം-വെള്ളി ആഭരണങ്ങള്‍ എന്നുതുടങ്ങി എല്ലാവിധ സാധനങ്ങളും ഇവിടെ ലഭിക്കും.
കേരളത്തിന്റെ സ്വന്തം ലോകസഞ്ചാരിയും മിഠായിതെരുവിന്റെി കഥാകാരനുമായ എസ്.കെ പൊറ്റെക്കാട്ടിനുള്ള ആദരവാണ് ഇപ്പോൾ ഈ തെരുവിന്റെ പ്രധാന ആകർഷണം.
തെരുവിലേക്ക് കയറുന്ന ഭാഗത്തു തന്നെ അദ്ദേഹത്തിന്റെ ഒരു പ്രതിമ കാണാം. ഞങ്ങള്‍ അവിടെ നിന്ന് ലോക സഞ്ചാരിക്കൊപ്പം ഫോട്ടോ എടുത്തു. അദ്ദേഹത്തിന്റെര അക്കാദമി അവാർഡിനർഹമായ ‘ഒരു തെരുവിന്റെ കഥ’ എന്ന സാഹിത്യ സൃഷ്ടിയിലെ തെരുവാണ് ഞങ്ങളുടെ കൺമുന്നിൽ. ഒരു വശത്തായി മതിലിൽ കഥയിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും അതിമനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് വായിച്ച ഒരു തെരുവിന്റെ കഥയും കഥാപാത്രങ്ങളും മനസിലൂടെ മിന്നി മറഞ്ഞു.
സാമൂതിരിയുടെ കാലത്താണ് ഗുജറാത്തി ഹൽവാവാലകളെ കോഴിക്കോട്ടേക്ക് വ്യാപാരത്തിനായി ക്ഷണിക്കുകയും കച്ചവടത്തിന് അവസരം നല്കുകയും ചെയ്തത്. അങ്ങനെയാണ് ഇവിടം ഇന്നത്തെ മിഠായിത്തെരുവായി മാറി എന്നത് ചരിത്രം. എന്നാൽ ഹൽവാക്കടകൾക്ക് പ്രശസ്തമായ ഈ കോഴിക്കോടൻ തെരുവിന് മിഠായിത്തെരുവെന്ന് പേര് നൽകിയത് ബ്രിട്ടീഷുകാരാണ്. ഹുസൂർ റോഡ് എന്നായിരുന്നു മിഠായിതെരുവിന്റെ് ആദ്യനാമം.
കോഴിക്കോടൻ തെരുവിലെ ഹൽവാ മധുരം ശരിക്ക് ബോധിച്ച സായിപ്പൻമാർ വ്യത്യസ്തങ്ങളായ നിറങ്ങളിൽ ഹൽവകൾ ഒരുങ്ങുന്ന ആ തെരുവിനെ ‘സ്വീറ്റ് മീറ്റ് സ്ട്രീറ്റ്’ (S.M Street) എന്ന് വിളിച്ചു. ഹൽവാ കഷണങ്ങള്‍ കണ്ടപ്പോള്‍ ഇറച്ചിക്കഷണം പോലെ തോന്നിയ അവർ അതിനു വിളിച്ച ഓമനപ്പേരായിരുന്നു ‘സ്വീറ്റ് മീറ്റ്’ എന്നത്. പിന്നീട് ആ പേര് മലയാളീകരിക്കപ്പെട്ടാണ് മിഠായിത്തെരുവായത്.
മിഠായിത്തെരുവിനുള്ളിലേക്ക് ഞങ്ങൾ നടന്നു. ഇരുവശങ്ങളിലും പുതിയതും പഴയതുമായ കെട്ടിടങ്ങളുടെ നീണ്ടനിരയാണ്. പോർച്ചുഗീസുകാരുടെ കാലത്ത് പണിതീർത്ത ചില കെട്ടിടങ്ങൾ ഇന്നും ഇവിടെയുണ്ട്. നല്ല തിരക്ക്, തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ജനങ്ങളെ ക്ഷണിച്ചു കയറ്റുന്നവര്‍, വഴിവാണിഭക്കാര്‍, വെറുതെ കാഴ്ചകൾ കണ്ടു നടക്കുന്നവർ, സജീവമാണിവിടം. പല വർണങ്ങളിൽ, ചുവപ്പും പച്ചയും മഞ്ഞയും ഓറഞ്ചും കറുപ്പുമായി ഹൽവകളും മറ്റു പലഹാരങ്ങളും നിരത്തി വച്ചിരിക്കുന്ന നിരവധി കടകൾ. പാതയോരത്ത് കണ്ട ഒറിയന്റൽ ഹൽവ ഷോപ്പ് എന്ന ഒരു കടയിലേക്ക് ഞങ്ങൾ കയറി. അവിടുത്തെ സെയിൽസ്മാനായ ജയ്സും ബഷീറും ഞങ്ങൾക്ക് വിവിധതരം ഹൽവകൾ രുചിച്ചു നോക്കുവാനായി തന്നു. ഉടമയായ യാസീനെ അവര്‍ ഞങ്ങൾക്ക് പരിചയപ്പെടുത്തി.
മൂന്ന് ഷോപ്പുകളാണ് ഇവർക്ക് ഇവിടെയുള്ളതെന്നും യാസീന്റെ പിതാവായ എം.സി മൊയ്തീൻ കോയയും സുഹൃത്തായ ബോബിയുമാണ് 1935ൽ കച്ചവടത്തിന് തുടക്കമിട്ടതെന്നും പറഞ്ഞു. എസ്.കെ പൊറ്റക്കാട്ടൊക്കെ അന്ന് കടയിലെ സ്ഥിരം സന്ദർശകരായിരുന്നു എന്ന് അദ്ദേഹം വളരെ അഭിമാനത്തോടെ പറഞ്ഞപ്പോൾ എന്തോ ഒരു താൽപര്യം എനിക്ക് അവരോടു തോന്നി. ശുദ്ധമായ നെയ്യ് ചേർത്തുണ്ടാക്കുന്ന നല്ല കോഴിക്കോടൻ ഹൽവ, കോഴിക്കോട്ടുകാരുടെ മനസ്സ്പോലെ തന്നെ പരിശുദ്ധമാണ് എന്നാണ് യാസീന്റെ പക്ഷം.
ആദ്യകാലങ്ങളിൽ മർക്കിംപൊയിൽ പഞ്ചസാരയും നെയ്യും ഏലക്കായയുമിട്ടാണ് കോഴിക്കോടൻ ഹൽവ തയ്യാറാക്കിയിരുന്നത്. മർക്കിംപൊടി എന്നത് മൈദയും ഗോതമ്പും ചേർത്തുള്ള ഒരു ഉൽപന്നമാണ്. കൂടാതെ പനമ്പൊടി, പൂളപ്പൊടി എന്നിവയും ഹൽവയുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. കറുത്ത ഹൽവകളായിരുന്നു ആദ്യകാലങ്ങളിൽ.
കാലംമാറിയപ്പോൾ മർക്കിംപൊടിയും പൂളപ്പൊടിയും മൈദയിലേക്കും ചോളപ്പൊടിയിലേക്കും ഗോതമ്പ് പൊടിയിലേക്കുമൊക്കെ മാറി. ഏലക്കായയുടെ സ്ഥാനത്ത് വിവിധ സുഗന്ധവ്യഞ്ജനങ്ങളും പഴച്ചാറുകളും കടന്നുവന്നു. വലിയ ചെമ്പുപാത്രത്തിൽ വിറകടുപ്പിലാണ് ഇപ്പോഴും ഹൽവയുണ്ടാക്കുന്നത്. മൈദ വെള്ളത്തിൽ അലിയിച്ച് കോട്ടൺതുണിയിൽ അരിച്ചെടുക്കും. 90 കിലോ മൈദ വെള്ളത്തിൽ അലിയിച്ചാൽ അതിൽ 30 കിലോ മൈദയുടെ അവശിഷ്ടമായിരിക്കും. ഇതൊഴിവാക്കി വലിയപാത്രത്തിലേക്ക് ‘മൈദപ്പാൽ’ മാറ്റും. പിറ്റേദിവസം ഇതിൽനിന്ന് ഊറിവരുന്ന പാലാണ് ഹൽവ തയ്യാറാക്കാനായെടുക്കുന്നത്. ഇതാണ് മറ്റുസ്ഥലങ്ങളിലെ ഹൽവകളിൽനിന്ന് കോഴിക്കോടൻ ഹൽവയെ വേറിട്ടുനിർത്തുന്നത്.
ഹൽവയിൽ വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾ നടത്താൻ ഇവിടുത്തുകാർക്ക് എന്നും സന്തോഷമേയുള്ളൂ. പച്ചമുളക് മുതൽ ചക്കവരെ കൊണ്ടുണ്ടാക്കിയ ഹൽവകൾ ഇവിടെയുണ്ട്. പൈനാപ്പിൾ, പഴം, പാഷൻ ഫ്രൂട്ട്, ഇളനീർ, ഈന്തപ്പഴം, അത്തിപ്പഴം, കിവി, കാരറ്റ്, പപ്പായ, മാങ്ങ, മുന്തിരി, ഡ്രൈഫ്രൂട്സ്, ഓറഞ്ച്, മാതളം, ചക്ക, ഇങ്ങനെ പോകുന്നു ഹൽവകളിലെ രുചിഭേദങ്ങൾ. ഡ്രൈ ഫ്രൂട്ട്സുകളായ ബദാം, അണ്ടിപ്പരിപ്പ്, പിസ്ത, കിസ്മിസ് എന്നിവയും രുചിഭേദങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.
ഈന്തപ്പഴം ഹല്‍വക്കും ഗോതമ്പ് ഹൽവക്കും പാൽ ഹൽവക്കും ആവശ്യക്കാരേറെയെന്ന് യാസീൻ പറഞ്ഞു. വീട്ടിലേക്കും സുഹൃത്തുക്കൾക്കുമായി പല തരത്തിലെ ഹൽവകൾ ഞങ്ങള്‍ വാങ്ങി. യാത്ര പറയും നേരം നീലിനായി കുറച്ച് ഇളനീർ ഹൽവ ഉപചാരമായി അവർ പൊതിഞ്ഞു നൽകി. കോഴിക്കോടിന്റെ കേട്ടറിവുള്ള ആതിഥ്യ മര്യാദയുടെ നേരുദാഹരണം ആയിരുന്നു അത്.
ഞങ്ങൾ തെരുവിലൂടെ പിന്നെയും നടന്നു. ഹൽവ പോലെ തന്നെ മിഠായിത്തെരുവിന് പ്രിയപ്പെട്ടതാണ് നേന്ത്രക്കായ വറുത്തത്.സമീപം കണ്ട ഒരു കടയിൽ നിന്ന് ഞങ്ങൾ കുറച്ച് ഉപ്പേരിയും വാങ്ങി, സ്വർണ്ണവർണ്ണത്തിൽ വറുത്തുകോരിയിടുന്ന നേന്ത്രക്കായ ഉപ്പേരിക്ക് പോലും ഒരു കോഴിക്കോടൻ രുചിയുണ്ടായിരുന്നു.
ഹൽവയും മധുര പലഹാരങ്ങളും മാത്രം വിൽക്കുന്ന കടകളല്ല ഇവിടെയുള്ളത്. ഹൽവ പോലെ തന്നെ ഇപ്പോൾ മിഠായിത്തെരുവ് അടക്കിവാഴുന്ന ഒന്നാണ് തുണിക്കച്ചവടം. പെരുന്നാളിനും ഓണത്തിനുമെല്ലാം മിഠായിത്തെരുവിലെ തുണിക്കച്ചവടം പൊടിപൊടിക്കും. എല്ലാ ബ്രാന്റുകളുടെയും കോപ്പി ഉത്പന്നങ്ങളും കുറഞ്ഞ വിലക്ക് ലഭിക്കും. പ്രധാന തെരുവില്‍ നിന്ന് ഇരുവശത്തേക്കും ധാരാളം ശാഖകളും ഉപ റോഡുകളും കാണാം. ഇവിടെയെല്ലാം സമാനമായ കടകളാണ്. അവധി ദിവസമായതിനാൽ അക്ഷരാർത്ഥത്തിൽ കാലെടുത്തു കുത്താൻ കഴിയാത്ത അവസ്ഥയായിരുന്നു എവിടെയും. കോഴിക്കോടിന് പുറത്തുള്ള സ്ഥലങ്ങളിൽ നിന്ന് പോലും നിരവധി ആൾക്കാർ മിഠായിത്തെരുവ് തേടിയെത്തുന്നു.
മൂന്ന് പതിറ്റാണ്ടോളം പഴക്കമുണ്ടായിരുന്ന മിഠായിത്തെരുവ് നവീകരണമെന്ന ആവശ്യം പല കാരണങ്ങളാൽ നടക്കാതെ പോവുകയായിരുന്നു. എന്നാല്‍, 2007 ജനുവരി അഞ്ചിനു മിഠായിത്തെരുവിൽ വലിയ തീപിടിത്തം ഉണ്ടാവുകയും ആറു പേർ മരിക്കുകയും ചെയ്തു. മുപ്പതിലധികം കടകൾ അന്ന് കത്തിനശിച്ചു. അതിനു ശേഷമാണ് ടൂറിസം വകുപ്പ് മുൻകൈയെടുത്ത് ഇപ്പോൾ കാണുന്ന പുതിയ തെരുവ് യാഥാർഥ്യമാക്കിയത്. പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി 6.5 കോടി രൂപ ചെലവിട്ടാണ് ഇവിടം നവീകരിച്ചത്. നാനൂറ് മീറ്റർ നീളത്തിലുള്ള റോഡ് ആധുനികരീതിയിൽ കല്ല് പാകിയായിരുന്നു തുടക്കം. അപകടസാധ്യത ഇല്ലാതാക്കുന്നതിനായി വൈദ്യുതി ലൈനുകൾ ഭൂമിക്കടിയിലൂടെയാക്കി. ഓരോ ഒമ്പത് മീറ്റർ അകലത്തിലും തൂണുകൾ സ്ഥാപിച്ച് അലങ്കാരവിളക്കുകൾ സ്ഥാപിച്ചു. തെരുവ് നവീകരിക്കുമ്പോൾ വാഹനങ്ങൾക്ക് അവിടേക്ക് പ്രവേശനം നൽകേണ്ട എന്ന തീരുമാനമായിരുന്നു കൈക്കൊണ്ടത്. 2017 ഡിസംബർ 23നാണ് നവീകരിച്ച മിഠായിത്തെരുവ് ഔദ്യോഗികമായി തുറന്നത്.
സമ്പന്നമായ സാഹിത്യ പൈതൃകവും, സജീവ സാഹിത്യവും നിലനിർത്തുന്ന നഗരങ്ങൾക്കായി യുനെസ്‌കോ നൽകുന്ന ‘സാഹിത്യ നഗര’മെന്ന അംഗീകാരത്തിന് കോഴിക്കോടിനെ തെരഞ്ഞെടുത്തത് കഴിഞ്ഞ വർഷമാണ്. ഇന്ത്യയില്‍ ഈ അംഗീകാരം നേടുന്ന ഏക നഗരമായ കോഴിക്കോടിന്റെന പെരുമ അന്താരാഷ്ട്ര തലങ്ങളിൽ ശ്രദ്ധിക്കപ്പെടാൻ ഇത് ഏറെ സഹായം നൽകുന്നു. കോഴിക്കോടിനെ ഇതിന് പ്രാപ്തമാക്കിയത് സാഹിത്യവുമായുള്ള ആത്മബന്ധമാണ്. മലയാളത്തിലെ പല സാഹിത്യകാരന്മാരുടേയും സാംസ്കാരിക സിനിമാ നാടക പ്രവർത്തകരുടെയും സംഗമവേദിയായിരുന്നു ഈ തെരുവ് എന്നതും വിസ്മരിക്കാനാകില്ല.
എം.ടി, ബഷീർ, കുഞ്ഞാണ്ടി, നെല്ലിക്കോടു ഭാസ്കരൻ, എസ്.കെ പൊറ്റക്കാട്ട്, മാമുക്കോയ, പി.എം താജ് തുടങ്ങിയവരൊക്കെ അവയിൽ പങ്കാളികളായിരുന്നു. കോഴിക്കോട് പബ്ലിക് ലൈബ്രറിയും ഈ തെരുവിൽ തന്നെയാണ്. ഈ തെരുവിന്റെ ഒരുഭാഗത്തായിരുന്നു സാമൂതിരിയുടെ കാലത്തെ നാണയമടിക്കുന്ന കമ്മട്ടം സ്ഥിതി ചെയ്തിരുന്നത്.
എസ്.കെ സ്ക്വയർ ജനാധിപത്യരീതിയിലുള്ള എല്ലാ പ്രതിഷേധങ്ങൾക്കും കലാപരിപാടികൾക്കുമുള്ള ഇടം കൂടിയാണ്. മിഠായിത്തെരുവിന്റെന കുറച്ച് അകലെയായി നമുക്ക് മാനാഞ്ചിറ കുളവും മൈതാനവും കാണാം. കോഴിക്കോട് സന്ദർശിക്കുന്നവരില്‍ ഭൂരിഭാഗവും മിഠായിത്തെരുവ് സന്ദർശിക്കാതെ, അവിടെ നിന്നും ഒരു കഷണം ഹൽവയെങ്കിലും വാങ്ങിക്കഴിക്കാതെ തിരികെ മടങ്ങാറില്ല എന്നതാണ് യാഥാർഥ്യം. കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്താണ് മിഠായിത്തെരുവ് എന്നതും ഒരു പ്ലസ് പോയന്റാണ്.
ഞങ്ങള്‍ ഒരു കടയില്‍ നിന്ന് നീലിനും നേവയ്ക്കും ഓരോ ജോടി കാൻവാസ് ഷൂ വാങ്ങി. നല്ല ചൂട്, തെരുവിൽ അങ്ങിങ്ങായി കുറെ സമയംകൂടി കറങ്ങി നടന്നതിനുശേഷം ക്ഷീണിച്ച ഞങ്ങള്‍,ഓരോ സർബത്തും വാങ്ങി കുടിച്ചശേഷം ഉച്ചഭക്ഷണത്തിനായി ഒരു ഓട്ടോയില്‍ പ്രശസ്തമായ പാരഗൺ ഹോട്ടലിലേക്കാണ് പോയത്. ഒന്നര മണിക്കൂറോളം ക്യൂ നില്ക്കേണ്ടിവന്നു അവിടുത്തെ രുചികരമായ കോഴിക്കോടൻ ബിരിയാണി കഴിക്കാന്‍. കോഴിക്കോടിനോട് വിടപറയാനുള്ള സമയമായിരുന്നു അപ്പോഴേക്കും. 4:30തിന്റെ വന്ദേഭാരത് ട്രെയിനിൽ ആയിരുന്നു തിരികെയുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. മിഠായിത്തെരുവ് സന്ദർശനം മധുരം കിനിയുന്ന ഓർമ്മയായി ഞങ്ങളുടെ മനസ്സില്‍ എന്നും നിലനിൽക്കും എന്നതില്‍ സംശയമില്ല.