ഓള്‍ഡ് ഹൈദരാബാദിന്റെ ഹൃദയത്തിലൂടെ പേര്‍ഷ്യന്‍-അറേബ്യന്‍ രുചി തേടിയുള്ള ഒരു അലച്ചിലിന്റെ കഥ
text_fieldsമെക്കാ മസ്ജീദിന് മുന്നില്‍ നിന്നുള്ള ചാര്‍മിനാറിന്റെ ദൃശ്യം
കൃഷ്ണ നദിയുടെ പോഷക നദിയായ മൂസി നദിയുടെ തീരത്തുള്ള ഈ നഗരത്തിന് ഒട്ടേറേ കഥകള്‍ പറയാനുണ്ട്. ചാലൂക്യരും കാകതീയരും ഡല്‍ഹി സുല്‍ത്താന്‍മാരും മുഗള്‍ വംശജരും അവസാനം നൈസാമുകളും ഭരിച്ചിരുന്ന നൈസാം സിറ്റി എന്നറിയപ്പെടുന്ന ഹൈദരാബാദ്, കഥകളും ഉപകഥകളും ഐതീഹ്യങ്ങളും ചരിത്രങ്ങളും ഒക്കെ ഇടകലര്‍ന്ന ഒരു ഗംഭീരമായ ഒരു ഭൂമികയാണ്. യാത്രികരെ സംബന്ധിച്ചിടത്തോളം കഥകളും കെട്ടുകഥകളും ചരിത്രവും ഒക്കെ കൂടി കെട്ടുപിണഞ്ഞുകിടക്കുന്ന ഇടങ്ങള്‍ കൂടുതല്‍ ആകര്‍ഷമായിരിക്കും.
കുത്തബ് ഷാഹി ശവകുടീരങ്ങള്‍
ഹൈദരാബാദ് ഒരു മെട്രോ നഗരമായി മാറി കഴിഞ്ഞെങ്കിലും നഗരത്തിലേക്ക് നമ്മള്‍ ആഴ്ന്നിറങ്ങുമ്പോള്‍ സമ്പന്നമായ ആ പൈതൃകം വെളിപ്പെടുന്നത് അറിയാം. അത് ചിലപ്പോള്‍ ഒരു പുരാതന കെട്ടിടത്തിന്റെ കാഴ്ചയില്‍ നിന്നാകാം. പ്രാര്‍ത്ഥന വിളികള്‍ മുഴങ്ങുന്ന മിനാരങ്ങളില്‍ നിന്നാകാം, അവിടുത്തെ പഴയ കോട്ടകളില്‍ നിന്നോ ഹാവേലികളില്‍ നിന്നോ ഇടുങ്ങിയ പാതകളില്‍ നിന്നോ ആകാം, അല്ലെങ്കില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന കരകൗശല വൈദഗ്ദ്ധ്യം വിളിച്ചോതുന്ന മുത്തുകളും വജ്രങ്ങളും പിടിപ്പിച്ച ആഭരണങ്ങളില്‍ നിന്നോ പേര്‍ഷ്യന്‍ സ്വാധീനങ്ങളുടെ ബാക്കിപത്രമായ രുചികളില്‍ നിന്നോ ആകാം. ഇങ്ങനെ പലതും ഹൈദരാബാദ് സഞ്ചാരികള്‍ക്കായി കരുതിവെച്ചിരിക്കുന്നു.
ഹാലിം വിഭവം
ഈ ‘കള്‍ച്ചര്‍ റിച്ചനസ്’ അനുഭവിക്കുന്നതിന് മാത്രമായിട്ടായിരുന്നു ഒരിക്കല്‍ ഒരു ഓഫ് സീസണില്‍ രണ്ട് സുഹൃത്തുക്കളോടൊപ്പം ഹൈദരാബാദിലെത്തിയത്. യഥാര്‍ത്ഥത്തില്‍ ഈ യാത്രയില്‍ ഹൈദരാബാദ് ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു. ശരിക്കും ഒറ്റയ്ക്കുള്ള ഇന്ത്യ കാണാനുള്ള യാത്രയിലായിരുന്നു. അതിനിടയ്ക്ക് ചങ്ങാതിമാരോടൊത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗുഹയായ ആന്ധ്രാപ്രദേശിലെ ബേലം കേവ്‌സ് കാണാന്‍ പോയിരുന്നു.
ബേലം ഗുഹയും ബേലം ഗ്രാമവും ഒക്കെ ചുറ്റിക്കറങ്ങിയപ്പോള്‍ കൂടെയുള്ള ചങ്ങാതിമാര്‍ക്ക് ഒരു ആഗ്രഹം, ആഗ്രഹത്തെക്കാള്‍ കൂടുതല്‍ കൊതിയായിരുന്നു! ഹൈദരബാദിന്റെ തനത് രുചിയിലുള്ള ഒരു ഒരു പേര്‍ഷ്യന്‍-അറേബ്യന്‍ വിഭവം കഴിക്കണമെന്നതായിരുന്നു അവരുടെ ആ കൊതി.
കറാച്ചി ബേക്കറി
അവരുടെ ആ കൊതിക്ക് മുന്നില്‍ മറ്റ് യാത്ര പദ്ധതികള്‍ എല്ലാം തകിടം മറിഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല, ബേലം കേവ്സിന് ഏറ്റവും അടുത്തുള്ള താഡീപത്രി റെയിൽവേ സ്റ്റേഷനില്‍ നിന്ന് ഹൈദരാബാദിലേക്ക് ട്രെയിന്‍ കയറി. അതി പുലര്‍ച്ചെ തന്നെ ഹൈദരാബാദില്‍ എത്തി. ചങ്ങാതിമാരുടെ നിര്‍ബന്ധ പ്രകാരം ഹൈദരാബാദി ബിരിയാണിക്ക് പേരുകേട്ട ഗ്രാന്‍ഡ് ഹോട്ടലിന് അടുത്ത് തന്നെ (അബിദ്‌സ് റോഡില്‍) റൂം എടുത്ത് സെറ്റായി. പ്രഭാത ഭക്ഷണത്തിനായി ഗ്രാന്‍ഡ് ഹോട്ടലിലേക്ക് നടന്നു. പക്ഷെ അവിടെ രാവിലെ ബിരിയാണി കിട്ടില്ല. പന്ത്രണ്ട് മണി മുതല്‍ക്കെ സാധനം കിട്ടൂ.
ചാര്‍മിനാര്‍ റോഡിലെ പിസ്ത ഹൗസ്
നമ്മുടെ വിഷമം കണ്ട് ഹോട്ടല്‍ മാനേജര്‍ അവിടുത്തെ തനതായ മറ്റൊരു ഐറ്റം നല്‍കി. കിമാ റൊട്ടി എന്ന് പേരുള്ള തന്തൂരി റൊട്ടി പോലുള്ള ഒരു വിഭവവും അതിന്റെ കൂടെയുള്ള ആ കറിയും കഴിച്ചപ്പോള്‍ അവര് ഹാപ്പി. പിന്നെ ഗോല്‍ക്കോണ്ട ഫോര്‍ട്ടിലേക്കും അവിടെ നിന്ന് കുത്തബ് ഷാഹി ടോംബിലേക്കും ഒക്കെ പോയി ഒന്ന് കറങ്ങി. ഒരു കൂട്ടം ശവകുടീരങ്ങള്‍ ചേര്‍ന്നതാണ് കുത്തബ് ഷാഹി ടോംബ്. വാസ്തുപരമായി നോക്കുമ്പോള്‍ താജ്മഹലിന്റെ ഘടനയുമായി ഇതിനു സാമ്യം തോന്നും. ഗംഭീരമായ ആ വാസ്തുവിദ്യകള്‍ കണ്ട് നടന്നതുക്കൊണ്ട് സമയം പോയത് അറിഞ്ഞില്ല. അന്ന് ഗ്രാന്‍ഡ് ഹോട്ടലിലെ ഹൈദരബാദി ബിരിയാണി കഴിക്കാന്‍ പറ്റിയില്ല.
അത്യാവശ്യം നല്ല ക്ഷീണമുള്ളതിനാല്‍ രാത്രി ഭക്ഷണം പഴങ്ങളിലും ജ്യൂസിലും ഒതുക്കി റൂമിലേക്ക് പോയി നന്നായിട്ട് കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റെങ്കിലും ചങ്ങാതിമാര്‍ ബിരിയാണി കഴിച്ചിട്ടെ പോകൂ എന്ന നിര്‍ബന്ധത്തിലായിരുന്നു. ഒരു പതിനൊന്നര കഴിഞ്ഞപ്പോള്‍ ഗ്രാന്‍ഡ് ഹോട്ടലിലെക്ക് പോയി. ഒരുപാട് ആളുകള്‍ ഈ ബിരിയാണി കഴിക്കാനായി ഹോട്ടലിന് മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഫുഡ് കഴിച്ചുകഴിഞ്ഞപ്പോള്‍ എല്ലാവരും കൂടി നഗരത്തിലൂടെ ചുമ്മാതെയങ്ങ് നടക്കാനിറങ്ങി. പക്ഷേ, ഹൈദരാബാദിലേക്ക് വന്ന കാര്യം ഇതുവരെ സാധിച്ചിട്ടില്ലായിരുന്നു. ആ പേര്‍ഷ്യന്‍-അറേബ്യന്‍ രുചി തേടിയായി പിന്നീടുള്ള നടത്തം.
അലി കഫേ
റമദാനോട് അനുബന്ധിച്ച് മാത്രമെ ഈ വിഭവം ഇവിടെ ലഭിക്കുകയുള്ളൂ. മറ്റ് സമയങ്ങളില്‍ ഇത് ലഭിക്കാന്‍ സാധ്യത വളരെ കുറവാണ് എന്ന് അന്വേഷണത്തില്‍ നിന്ന് മനസ്സിലായി. ചാര്‍മിനാറിന്റെ പരിസരങ്ങളില്‍ ഈ വിഭവം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അറിഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല, ആ രുചി അന്വേഷിച്ച് ചാര്‍മിനാറിലേക്ക് ചലിച്ചു. വളരെ തിക്കും തിരക്കും നിറഞ്ഞതാണ് ചാര്‍മിനാറിലേക്കുള്ള വഴികള്‍. സ്ട്രീറ്റ് ബസാര്‍ എന്നുപോലും ഈ വഴികളെ വിളിക്കാം.
നീലാകാശത്തിന്റെ പശ്ചാത്തലത്തില്‍ ചാര്‍മിനാറിന്റെ മിനാരങ്ങളുടെ ദൂര കാഴ്ചകള്‍ക്ക് എന്തൊരു ഭംഗിയായിരുന്നു. സീസണുകള്‍ക്കനുസരിച്ച് ഈ കാഴ്ചകള്‍ക്ക് വ്യത്യാസമുണ്ടായിരിക്കാം. ചാര്‍മിനാറിന്റെ ചുറ്റിലും കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. സൂഫികളെ പോലം വേഷം ധരിച്ച് പച്ചയും ചുവപ്പും ചേര്‍ന്ന് തുണികള്‍ നിലത്ത് വിരിച്ച് പഴയ പിച്ചള മോതിരങ്ങള്‍ വില്‍ക്കുന്നവരുണ്ട് ഇവിടെ. അവര്‍ ആളുകളെ അകര്‍ഷിച്ച് മോതിരങ്ങള്‍ വില്‍ക്കുന്നത് കാണാന്‍ തന്നെ നല്ല രസമാണ്. തൊട്ടടുത്തുള്ള മക്കാ മസ്ജീദില്‍ നിന്ന് ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ പ്രാവുകള്‍ കൂട്ടത്തോടെ ചിറകടിച്ച് ഉയരുന്നത് കണ്ടു. അവിടേക്ക് കയറി ചെന്നപ്പോള്‍ പ്രാവുകള്‍ക്ക് ധാന്യം ഇട്ടു കൊടുക്കുന്നവരെയും നിസ്കാരത്തിനായി വലിയ നീല ജലാശയത്തിന്റെ അരികിലിരുന്നു വുളു എടുക്കുന്നവരെയും കണ്ടു.
മസ്ജീദില്‍ നിന്ന് തെരുവിലേക്ക് വീണ്ടും ഇറങ്ങിയപ്പോള്‍ അവിടുത്തെ കച്ചവടക്കാരെ ശ്രദ്ധിച്ചു. എല്ലാവരെ കുറിച്ചും ഒന്നും വിശദമാക്കാന്‍ പറ്റില്ലെങ്കിലും ചിലത് ഒക്കെ പങ്കുവെക്കാം. അതില്‍ ആദ്യത്തേത് മാതളനാരങ്ങ കച്ചവടക്കാരാണ്. മാതളനാരങ്ങകള്‍ സൈക്കിളിന് മുകളില്‍ അടുക്കിവെച്ച് വില്‍ക്കുന്നത് ആകര്‍ഷകമായിട്ടാണ്.
കലാപരമായിട്ട് അടുക്കി വെച്ച മാതളനാരങ്ങകളുടെ ഏറ്റവും മുകളില്‍ മാതളം മുറിച്ച് വച്ചിരിക്കുന്നത് പോലും താമരപൂവ് പോലെയാണ്. മാതളത്തിന്റെ പുറമേയുള്ള ഞരമ്പിലൂടെ ഒന്ന് കീറി വിട്ട് ഞെടുപ്പ് കളഞ്ഞ്, താമര വിടര്‍ന്നിരിക്കുന്നതുപോലെയാണ് വെച്ചിരിക്കുന്നത്. വിരിഞ്ഞിരിക്കുന്ന മാതളത്തിനുള്ളില്‍ നിന്ന് അല്ലികള്‍ സുഖമായിട്ട് എടുത്ത് കഴിക്കാം.
മക്ക മസ്ജിദിലെ നീല ജലാശയം
പിന്നെ കണ്ടത് ഒരു ചെറിയ സഞ്ചിയും പിച്ചള സൂചിയുമായി സുറുമയിട്ടു കൊടുക്കുന്ന ഒരാളെയാണ്. സുറുമയിടാന്‍ എന്തോ തോന്നാത്തതുകൊണ്ട് ചങ്ങാതിമാര്‍ ഇടുന്നത് നോക്കിയിരുന്നു. അറ്റം കൂര്‍ത്ത പിച്ചള കമ്പികൊണ്ട് ചാരകളറിനുള്ള മഷി കണ്ണില്‍ വരച്ചുകഴിയുമ്പോള്‍ നല്ല കരിമഷിയാകുന്നത് അത്ഭുതത്തോടെയാണ് കണ്ടത്.
വരക്ക് എന്ന് വിളിക്കുന്ന സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത ഇലകളില്‍ പൊതിഞ്ഞ മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നതും കണ്ടു. സ്വര്‍ണത്തിന്റെയോ വെള്ളിയിടെയോ തകിട് ഒരു തടിയുടെ ഒരു പ്ലാറ്റ്‌ഫോമില്‍ വെച്ച് അടിച്ചടിച്ച് പതം വരുത്തി ഇല പോലെയാക്കുന്ന വരക്കും അതില്‍ പൊതിഞ്ഞ് നല്‍കുന്ന മധുരപലഹാരങ്ങളും രുചികരമാണ്. പക്ഷേ, ഈ രുചിക്ക് വില കൂടുതലാണെന്ന് മാത്രം. പഴയ രീതിയിലുള്ള വിറക് ചൂള ‘ബോര്‍മ’യും ചാര്‍മിനാറിന്റെ വഴിത്താരയില്‍ വെച്ചാണ് ആദ്യമായി കണ്ടത്. നാട്ടില്‍ അത്തരം ബോര്‍മകള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്, കണ്ടിട്ടില്ല. അതില്‍ പരമ്പരാഗത രീതിയിലുണ്ടാക്കിയ ബണും റസ്‌ക്കുമൊക്കെ ഒരു തവണയെങ്കിലും രുചിച്ച് നോക്കേണ്ടത് തന്നെയാണ്.
ഹൈദരാബാദിലെ പ്രധാന ഫുഡ് ഐറ്റംസ് ആയ ഇറാനി ചായ, പേര്‍ഷ്യന്‍ ചായ, ഒസ്മാനിയ ബിസ്‌ക്കറ്റ്, മലായ് ബണും ഒന്നും ഒഴിവാക്കണ്ട കെട്ടോ! ഇങ്ങനെ കണ്ണില്‍ക്കണ്ട കാഴ്ചകളുമായി നടന്നപ്പോഴും നമ്മുടെ പ്രധാന വിഭവം മാത്രം കിട്ടിയിട്ടില്ല. ആ തനത് പേര്‍ഷ്യന്‍-അറേബ്യന്‍ വിഭവം കിട്ടുന്ന ഒരു കട ചാര്‍മിനാറിന്റെ മുന്നിലുള്ള ഒരു വഴിത്താരയിലുണ്ട്. പിസ്ത ഹൗസ് എന്ന് പേരുള്ള ആ കടയായി പിന്നെ ലക്ഷ്യം. ഇവിടേക്ക് അര കി.മീ താഴെയുള്ള നടത്തമേയുള്ളൂ. അവിടെ എത്തിയപ്പോള്‍ സംഭവം ഇല്ല. അതായത് നോമ്പുകാലത്ത് മാത്രമെ ആ വിഭവം ഉണ്ടാക്കാറുള്ളൂ. അവര്‍ മാത്രമല്ല ഒട്ടുമിക്ക എല്ല കടക്കാരും റമദ്ദാനില്‍ മാത്രമാണ് ഇത് ഉണ്ടാക്കാറുള്ളൂ.
അത് കഴിക്കണമെന്ന് വാശി കയറിയ ചങ്ങാതിമാര്‍ റുമാന്‍, അല്‍ഹംദുലില്ലാഹ്, പാരഡൈസ് അങ്ങനെ കുറെ ഹോട്ടലില്‍ കയറിയും ഗൂഗിള്‍ ചെയ്ത് തപ്പി കിട്ടിയ ഫോണ്‍ നമ്പരിലേക്ക് വിളിച്ചിട്ടും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ ഒരു പ്രായമുള്ള ഒരു ഇക്ക പറഞ്ഞു എല്ലാ സമയത്തും ആ വിഭവം കിട്ടുന്ന കട, ‘അലി കഫേ’ ആണെന്ന്. ഞങ്ങള്‍ ഒരു കാര്‍ ഒക്കെ പിടിച്ച് അലി കഫേ തപ്പി നടന്നു. പക്ഷെ അത് ശരിയായില്ല. പിന്നെ തിരിച്ച് ചാര്‍മിനാറില്‍ വന്ന് വീണ്ടും അലി കഫേ നോക്കി നടന്നു. പുരാനി ഹവേലിയുടെ ഭാഗങ്ങളിലൂടെ ഒക്കെ തെണ്ടി നടന്നു. പഴയ ഹൈദരബാദിന്റെ ബാക്കിശേഷിപ്പുകളായ പല കെട്ടിടങ്ങളും കമാനങ്ങളും ഒക്കെ ഈ നടത്തതില്‍ കാണാന്‍ പറ്റി. ചോദിച്ച് ചോദിച്ച്, വഴിത്തെറ്റി ഒടുവില്‍ അലി കഫേയിലെത്തി. ബോമ്മനവാഡി കോളനിയിലെ ദബീര്‍പുര റോഡിലാണ് ഈ കൊച്ചു കടയുള്ളത്.
യഥാർഥത്തില്‍ ചാര്‍മിനാറില്‍ നിന്ന് ഇവിടേക്ക് ഒന്നര കി.മീ ദൂരമെയുള്ളൂ. പക്ഷെ ഞങ്ങള്‍ കാറിലും നടത്തവും ഒക്കെയായി പത്തുപന്ത്രണ്ട് കി.മീ ചുറ്റിക്കറങ്ങി. അലി കഫേ എന്ന ഈ കട ഒരു ചരിത്രയിടമാണ്. പഴയ ഹൈദരബാദിന്റെ ഹൃദയഭാഗത്തുള്ള ഈ കടക്ക് നൂറു വര്‍ഷത്തിലധികം പഴക്കമുണ്ട്. ഇപ്പോഴത്തെ കടയുടമകളുടെ, പേര്‍ഷ്യയില്‍ നിന്ന് എത്തിയ പൂര്‍വ്വികരാണ് ഇത് ആരംഭിച്ചിരിക്കുന്നത്. കടയുടെ ചരിത്രം ഒക്കെ കേട്ടപ്പോള്‍ അവേശമായി. അത്രയും നേരം അലഞ്ഞുതിരിഞ്ഞു നടന്നതിന്റെ എല്ലാ ക്ഷീണവും മാറി കിട്ടി. ഇറാനി ചായയും മറ്റ് തനത് ഹൈദരബാദി വിഭവങ്ങളും ഇവിടെ ലഭിക്കും. കൂടാതെ എല്ലാ വൈകുന്നേരങ്ങളിലും നാലുമണിക്ക് ശേഷം ഞങ്ങള്‍ അന്വേഷിച്ച് നടന്നിരുന്ന ഹാലിം എന്ന വിഭവവും കിട്ടാറുണ്ട്.
ഹാലിം യഥാര്‍ത്ഥത്തില്‍ പേര്‍ഷ്യന്‍-അറേബ്യന്‍ വിഭവമാണ്. നൈസാമിന്റെ ഭരണകാലത്ത് ഹൈദരാബാദിലേക്ക് കുടിയേറിയ ചൗഷ് വിഭാഗക്കാരാണ് (ഒരു അറബ് ഗോത്രവിഭാഗം) ഹാലിം എന്ന വിഭവം ഇവിടെ പ്രചാരത്തിലാക്കിയത്. അറേബ്യന്‍ ഹാലിം എന്നത് മാംസം, പയര്‍, ഗോതമ്പ് പൊടി എന്നിവ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലുള്ള ഒരു സ്റ്റൂവാണ്. ഹൈദരബാദി ഹാലിമില്‍ സുഗന്ധവ്യഞ്ജനങ്ങളും മസാലക്കൂട്ടുകളും കൂടി ചേര്‍ക്കുന്നു. റമദാന്‍ കാലത്ത് പകല്‍ സമയങ്ങളില്‍ ഉപവാസം ഇരിക്കുന്നവര്‍ക്ക് ആവശ്യത്തിനുള്ള പോഷകങ്ങളും മറ്റും ലഭിക്കാനായി നോമ്പ് മുറിക്കുമ്പോള്‍ കഴിക്കുന്ന/കുടിക്കുന്ന ഒരു വിഭവമാണ് ഹാലിം. മറ്റു മാസങ്ങളില്‍ ഈ വിഭവം പൊതുവേ ഉണ്ടാക്കാറില്ല. ക്ഷീണിതരായവര്‍ക്കും രോഗികള്‍ക്കും ഈ വിഭവം നിർദേശിക്കാറുണ്ടെന്ന് കടയുടമ പറഞ്ഞു.
അങ്ങനെ ഓഫ് സീസണില്‍ ഹാലിം തേടി പിടിച്ച് കഴിച്ചതിന്റെ ചരിത്രാര്‍ത്ഥ്യത്തില്‍ ചങ്ങാതിമാരും പഴയ ഹൈദരബാദിന്റെ ഭാഗങ്ങള്‍ അല്പം കാണാന്‍ സാധിച്ചതിന്റെ നിര്‍വൃതിയില്‍ നമ്മളും തിരിച്ച് ചാര്‍മിനാറിലേക്ക് തന്നെ മടങ്ങിയെത്തി. ഗലികളില്‍ അലഞ്ഞ് നടന്നതുക്കൊണ്ട് ചാര്‍മിനാറില്‍ എത്തിയപ്പോള്‍ ഇരുട്ടുവീണിരുന്നു. രാത്രിയില്‍ ചാര്‍മിനാറിന്റെ മിനാരങ്ങളിലെ വെട്ടവും തെരുവിലെ ലൈറ്റുകളും ഒക്കെ മറ്റൊരു ലോകത്ത് എത്തിയ പ്രതീതി ജനിപ്പിച്ചു. ചാര്‍മിനാറിന്റെയും ഹൈദരാബാദിന്റെയും രാത്രി ജീവിതം ആസ്വദിക്കണമെന്ന് കരുതി വളരെ പതിയെയായിരുന്നു നടത്തങ്ങള്‍.
ആ അലസ നടത്തത്തില്‍, മനസ്സിനെ ഏതോ ഓര്‍മ്മകളിലേക്ക് തള്ളിവിട്ട ഒരു സുഗന്ധം വന്ന് പൊതിഞ്ഞപ്പോഴാണ് ചുറ്റിനും ഒന്നു നോക്കിയത്. ഈ സുഗന്ധം എവിടെ നിന്നാണ് വരുന്നത്? കുറച്ച് ഒന്ന് പരതി നടന്നപ്പോള്‍ ചാര്‍മിനാറിന്റെ അടുത്തുള്ള ഒരു ചെറിയ കട കണ്ടു. അത് ഒരു അത്തര്‍ കടയായിരുന്നു. ഒരു കാലത്ത് ഈ പാതകള്‍ക്ക് സമീപം ലോകത്തിലെ എല്ലാ അത്തറുകളും മുന്തിയയിനം മുത്തുകളും വജ്രങ്ങളും പട്ടുകളും ഒക്കെ വിറ്റിരുന്ന വ്യാപാര ശാലകള്‍ ഉണ്ടായിരുന്നു. ഗോല്‍ക്കൊണ്ടയിലെ കോലൂര്‍ ഖനിയില്‍ നിന്നുള്ള ലോകപ്രശസ്തമായ രത്‌നങ്ങള്‍ ലഭിച്ചിരുന്ന ഒരു തെരുവായിരുന്നു ഇതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. ഇതുകൂടി അറിയുക ഈ കോലൂര്‍ ഖനിയില്‍ നിന്നാണ് ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തെ അലങ്കരിച്ചിരിക്കുന്ന കോഹിനൂര്‍ രത്‌നം ഖനനം ചെയ്‌തെടുത്തിരിക്കുന്നത്.
ചാര്‍മിനാര്‍ തെരുവിലെ അലച്ചിനൊടുവില്‍ തൊപ്പി ഹൗസില്‍ പോയി തൊപ്പിയും വാങ്ങി, ഹുസൈന്‍ സാഗറിലേക്ക് പോയി. കുറേ ദൂരം നടന്നും ഷെയര്‍ ഓട്ടോയിലുമൊക്കെയായി നെക്കലൈസ് റോഡ് ചുറ്റികറങ്ങിയാണ് ഹുസൈന്‍ സാഗര്‍ തടാകത്തിലേക്ക് എത്തിയത്. രാത്രിയിലായത് കൊണ്ട് തടാകത്തിന്റെ നടുക്കുള്ള ബുദ്ധപ്രതിമ ലൈറ്റ് ഒക്കെ ഇട്ട് ഗംഭീരമാക്കിയിട്ടുണ്ട്. തടാകത്തിന് ചുറ്റിനും അല്പം ദൂരം നടന്നു. കൂടെയുള്ളവര്‍ക്ക് പാരഡൈസ് ഹോട്ടല്‍ കണ്ടപ്പോള്‍ വീണ്ടും ഹൈദരബാദ് ബിരിയാണിക്ക് ഒരു കൊതി. അവസാനം ഒരു ബിരിയാണി മേടിച്ച് പങ്കുവെച്ചു അവര്‍ കഴിച്ചു.
തിരിച്ച് റൂമിലോട്ട് പോകുന്ന വഴി കറാച്ചി ബേക്കറി എന്ന ഒരു ബോര്‍ഡ് കണ്ടു. ഒന്നും നോക്കിയില്ല, ഡ്രൈവര്‍ ചേട്ടനോട് വണ്ടി നിര്‍ത്താന്‍ പറഞ്ഞ് കറാച്ചി ബേക്കറിയിലേക്ക് കയറി. പാക്കിസ്താനില്‍ നിന്ന് വന്ന എസ്.കെ. രമണി എന്ന സിന്ധി വംശജന്‍ 1950കളില്‍ ഹൈദരബാദില്‍ തുടങ്ങിയ ബേക്കറിയാണിത്. പല വിവാദങ്ങളുണ്ടെങ്കിലും കറാച്ചി ബേക്കറി ഗുണമേന്മയില്‍ അതിഗംഭീരമായ നിലവാരമാണ് പുലര്‍ത്തുന്നത്. അതുപോലെ തന്നെ അവിടെയെത്തുന്ന ആളുകളോട് അവരുടെ പെരുമാറ്റവും എടുത്തുപറയേണ്ടതാണ്. അവിടെ നിന്ന് കുറെ സാധനങ്ങള്‍ വാങ്ങിയതിന് ശേഷം റൂമിലേക്ക് പതിയെ തടന്നു. വഴിതെറ്റിയപ്പോള്‍ ഗൂഗിള്‍ മാപ്പ് ഉള്ളതുകൊണ്ട് ഒരുവിധം ഹോട്ടലിന് മുന്നില്‍ എത്താന്‍ പറ്റി. അലച്ചിലിന്റെ ക്ഷീണം കാരണം കട്ടില് കണ്ടപ്പോള്‍ തന്നെ ഉറങ്ങിപ്പോയി.
ഇന്ന് അവസാന ദിവസമാണ്. ഈ ദിവസവും കറക്കങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു. രാവിലെ ബിര്‍ല മന്ദിര്‍ കാണാന്‍ പോയി. പിന്നെ സാലാര്‍ ജംഗ് മ്യൂസിയവും കണ്ട് നെഹ്റു പാര്‍ക്കിലെത്തി. തിരികെ പോകാനായി എയര്‍പോര്‍ട്ടിലേക്ക് ചങ്ങാതിമാരെ കാർ കയറ്റി വിട്ടപ്പോള്‍ ഒറ്റക്കായത്‌പോലെ തോന്നി. നെഹ്റു പാര്‍ക്കില്‍ കുറച്ചുനേരം കൂടി കറങ്ങിനടന്ന് ചാര്‍മിനാറിലേക്ക് വീണ്ടും പോയി. യാത്രകള്‍ക്ക് എപ്പോഴും ഒരു അവസാനം ഉണ്ടാകും.
പക്ഷെ യാത്രകള്‍ അവസാനിപ്പിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് ചാര്‍മിനാറില്‍ തന്നെ നിന്ന് വട്ടം കളിച്ചു. അടുത്ത യാത്രയിടം തിരയുന്നതിന് മുമ്പ് ഹൈദരബാദ് യൂനിവേഴ്‌സിറ്റിക്കടുത്തുള്ള മിയാപൂരിലേക്കുള്ള വണ്ടി പിടിച്ചു. അടുത്തത് എങ്ങോട്ടേക്ക് എന്ന് മിയാപൂരിലെത്തിയിട്ട് തീരുമാനിക്കാം എന്ന് കരുതി ബസില്‍ കയറി പതിയെ കണ്ണടച്ചു കിടന്നു.
ചിത്രങ്ങൾ: ആലംഗീര്‍ ഖാന്‍, കെ.ടി. ഷിഹാബുദ്ധീന്‍