അത്ഭുതം, വശ്യം, വൈജ്ഞാനികം ‘ഹിസ്മ’ മരുഭൂമി
text_fieldsതബൂക്കിലുള്ള ഹിസ്മ മരുഭൂമിയിലെ ശിലാലിഖിതങ്ങളും മറ്റും
തബൂക്ക്: സൗദി വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ പ്രകൃതിയൊരുക്കിയ ഹിസ്മ മരുഭൂമി അത്ഭുതകരവും വശ്യവുമായ കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. കടുംചുവപ്പ് നിറത്തിലുള്ള മരുഭൂമിയും മണൽക്കുന്നുകളുടെയും വേറിട്ട കാഴ്ചയൊരുക്കുന്ന ഹിസ്മ മരുഭൂമി അറബ് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഭൂമിക കൂടിയാണ്. ചരിത്രത്തിന് അപ്പുറത്തുനിന്നുള്ള അറേബ്യൻ പൈതൃകത്തെ അടയാളപ്പെടുത്തുന്ന ശിലാലിഖിതങ്ങൾ ചരിത്രാതീതകാലത്തിന്റെ സവിശേഷതകളെ വെളിപ്പെടുത്തുന്നവയാണ്.
പുരാതന നാഗരികതകളെ മനസ്സിലാക്കുന്നതിന് നിയോം പ്രോജക്ട് കൂടി ഉൾപ്പെടുന്ന മേഖലയിലെ ‘ഓപൺ എയർ മ്യൂസിയം’ സന്ദർശകർക്ക് വിസ്മയക്കാഴ്ചയാണ്. പ്രദേശത്ത് കാലക്രമേണ വംശനാശം സംഭവിച്ച മൃഗങ്ങളുമായി പുരാതന മനുഷ്യർ ഇടപഴകി ജീവിച്ചത് എങ്ങനെയെന്ന് വിശദീകരിക്കുന്നതാണ് ശിലകളിൽ കോറിയിട്ടിരിക്കുന്ന ചിത്രങ്ങൾ. മാനവരാശിയുടെ ചരിത്രം വിശദീകരിക്കുന്ന ഒരു തുറന്ന മ്യൂസിയമായി മാറുകയാണ് ഹിസ്മ മേഖല.
അറേബ്യൻ ഉപദ്വീപിലേക്കും തിരിച്ചുമുള്ള പുരാതന വ്യാപാര പാതയിൽ ഹിസ്മ മരുഭൂമി സുപ്രധാന ഇടത്താവളമായി വർത്തിച്ചതായി അറബ് ചരിത്രഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. വിവിധ നാഗരികതകളിലൂടെയുള്ള യാത്രാസംഘങ്ങളുടെയും നാൾവഴികൾ ഇവിടുത്തെ ഓരോ ശേഷിപ്പുകളും പറഞ്ഞുതരുന്നു. ഉന്നത പർവതശിഖരങ്ങളിൽ കാണപ്പെടുന്ന നിരവധി പുരാവസ്തു ലിഖിതങ്ങളിൽ ചരിത്രപ്രാധാന്യം പ്രതിഫലിക്കുന്നു.
പാറകളിൽ കൊത്തിയെടുത്ത മനുഷ്യ ചരിത്രത്തിന്റെ സമ്പന്നമായ വൈവിധ്യം പ്രദർശിപ്പിക്കുന്നു. പുരാതന ശിലാകലയുടെയും പുരാവസ്തു ലിഖിതങ്ങളുടെയും അസാധാരണമായ ‘റോക്ക് ആർട്ട്’ ശേരങ്ങൾ പ്രദേശത്തെ വിവിധ പർവത പാർശ്വഭാഗങ്ങളിൽ കാണാം. ഒട്ടകങ്ങളുടെയും പശുക്കളുടെയും രൂപങ്ങളും മനുഷ്യരൂപങ്ങളുമാണ് പാറകളിൽ കൊത്തിവെച്ചിരിക്കുന്നത്.
ഹിസ്മ മരുഭൂമി വടക്ക് ഷാര പർവതനിരകളാലും പടിഞ്ഞാറ് വാദി അറബയാലും ഹിജാസ് പർവതനിരകളാലും തെക്ക് ഹരത്ത് അൽ റഹയാൽ പർവതങ്ങളാലും അതിര് പങ്കിടുന്നു. മനുഷ്യ നാഗരികതയുടെ വഴിയടയാളങ്ങളെ പാറകളിലെ കലാസൃഷ്ടികൾ പ്രകാശിപ്പിക്കുന്നു. ഈ മേഖലയിലെ സാംസ്കാരികവും സാമൂഹികവുമായ പരിണാമം വെളിപ്പെടുത്തുന്ന കാഴ്ച്ച ചരിത്ര വിദ്യാർഥികൾക്കും പുതിയ അറിവ് പകരുന്നു.