കൂർഗിലേക്കൊരു വീക്കൻഡ് എക്സ്കേപ്പ്
text_fieldsപുലർച്ചെ നാലു മണിക്കാണ് കൂർഗിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങുന്നത്. പോകുന്നതും തിരിച്ചുവരുന്നതും വ്യത്യസ്ത വഴികളിലൂടെയാവണം എന്ന് നേരത്തേ തീരുമാനിച്ചിരുന്നു. ഓരോ വഴിയും സമ്മാനിക്കുന്നത് വ്യത്യസ്ത അനുഭവങ്ങളാണ്. പുലരിയിൽ വൈരക്കല്ലുപോലെ തിളങ്ങുന്ന മഴത്തുള്ളികൾ, ഇടക്കിടെ പെയ്യുന്ന ചാറ്റൽ മഴ, ചുരം കയറുമ്പോഴുള്ള മൂടൽമഞ്ഞ് ഇതെല്ലാം യാത്ര കൂടുതൽ ഹൃദ്യമാക്കി. സ്വയം സന്തോഷിക്കാനുള്ള ഏറ്റവും മികച്ച മാർഗം മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നതാണെന്ന് മാർക് ട്വയിൻ പറഞ്ഞിട്ടുണ്ട്. അത് സ്വന്തം മാതാപിതാക്കളെയാവുമ്പോൾ ഒന്നുകൂടി ധന്യമാകും.
കൂർഗിലെത്തുമ്പോൾ രാവിലെ 10 മണിയോടടുത്തിരുന്നു. മടിക്കേരിയിലാണ് താമസം. ആദ്യയാത്ര മടിക്കേരി കോട്ടയിലേക്ക്. താമസസ്ഥലത്തുനിന്ന് ഒരു കിലോമീറ്ററേ അവിടേക്കുണ്ടായിരുന്നുള്ളൂ. കുടക് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മടിക്കേരി കോട്ട. 1600 മുതൽ 1834 വരെ കുടക് ഭരിച്ചിരുന്നത് ‘ഹാലേരി’ രാജവംശമായിരുന്നു. ഈ രാജവംശത്തിലെ മൂന്നാമത്തെ രാജാവായിരുന്ന മുഗ്ദരാജ 1684 ലാണ് മടിക്കേരി കോട്ട നിർമാണം ആരംഭിച്ചത്. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ ടിപ്പുസുൽത്താൻ ഈ പ്രദേശത്തെ ജാഫർബാദ് എന്ന പുനർനാമകരണം ചെയ്തു. രണ്ടു വർഷങ്ങൾക്കുശേഷം ലിംഗ രാജേന്ദ്ര രണ്ടാമൻ കൊട്ടാരം പുതുക്കി പണിതതായാണ് ചരിത്രം. മദ്രാസ് പ്രസിഡൻസിയുടെ ധനസഹായത്തോടെ 1859ലാണ് ഈസ്റ്റിന്ത്യാ കമ്പനിയുടെ പട്ടാളക്കാർ കോട്ടയിൽ ഒരു ചർച്ച് നിർമിച്ച് ആരാധന ആരംഭിച്ചത്. ഇപ്പോൾ ഈ പള്ളി കർണാടക പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിൽ മടിക്കേരി ഫോർട്ട് മ്യൂസിയം ആയാണ് പ്രവർത്തിക്കുന്നത്. കോട്ടക്കകത്ത് ഗണപതി ക്ഷേത്രവും കാണാം.
കോട്ടയിൽനിന്ന് പുറത്തിറങ്ങി കുറച്ച് സമയം മാർക്കറ്റിൽ കറങ്ങിനടന്നു. ചോക്ലറ്റുകളുടെയും സുഗന്ധദ്രവ്യങ്ങളുടെയും ധാരാളം കടകളുണ്ട് ചുറ്റും. സന്ധ്യാനേരത്താണ് രാജാസീറ്റിൽ എത്തിയത്. കുടക് രാജവംശകാലത്ത് രാജാക്കന്മാർ കുടുംബത്തോടൊപ്പം സൂര്യോദയവും അസ്തമയവും കാണാൻ വന്നിരിക്കുന്ന സ്ഥലമാണ് രാജാസീറ്റ് എന്നറിയപ്പെടുന്നത്. അവിടേക്ക് കയറുമ്പോൾതന്നെ കാത്തിരിക്കുന്നത് നല്ല തണുത്ത കാറ്റും പൂന്തോട്ടവുമാണ്. കിളികളുടെ കളകളാരവവും തണുത്ത കാറ്റുമേറ്റ് സൂര്യാസ്തമയവും സായാഹ്നം മനോഹരമാക്കി.
കൂർഗിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഒഴിവാക്കാൻ പറ്റാത്ത ടൂറിസ്റ്റ് കേന്ദ്രമാണ് ആനകളെ പരിശീലിപ്പിക്കുന്ന ‘ദുബാരെ’. പ്രവേശന സമയം രാവിലെ 9 മുതൽ 11 വരെയും വൈകുന്നേരം 4.30 മുതൽ 5.30 വരെയുമാണ്. താമസസ്ഥലത്തുനിന്ന് രാവിലെതന്നെ ദുബാരെയിലേക്ക് പുറപ്പെട്ടു. ഒഴിവു ദിവസങ്ങളിൽ സാധാരണ ദിവസത്തേക്കാൾ ഇരട്ടിയാണ് ടിക്കറ്റ് ചാർജ്. കാവേരി നദീതീരത്തുള്ള ഒരു ദ്വീപാണിത്. കാവേരി നദി കടന്ന് ബോട്ടിൽ ആന പരിശീലന കേന്ദ്രത്തിലെത്തി. ആനകളുടെ വിസ്മയ ലോകംതന്നെയാണ് അത്. കുറേ ആനക്കൂട്ടങ്ങൾ. ചില ആളുകൾ തുമ്പിക്കൈകൊണ്ട് ആനയുടെ അനുഗ്രഹം വാങ്ങുന്നു. വരിവരിയായി ഒന്നിന് പിറകെ മറ്റൊന്ന് എന്ന രീതിയിൽ ആനകളെ കുളിപ്പിക്കാൻ കൊണ്ടുപോകുന്നതും കുളികഴിഞ്ഞ് അവയെ ഊട്ടുന്നതും ഹൃദ്യമായ കാഴ്ചയായിരുന്നു. അവിടെ സ്ഥാപിച്ച ബോർഡിൽ ആനകളുടെ പേരും വയസ്സും വിവരങ്ങളുമുണ്ട്.
കുടക് ജില്ലയിലെ കുശാൽ നഗറിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് തിബത്തൻ ബുദ്ധിസ്റ്റുകളുടെ സുവർണ ക്ഷേത്രം. പത്മസംഭവ ബുദ്ധവിഹാർ എന്നാണ് ക്ഷേത്രത്തിന്റെ ശരിയായ പേര്. പരമ്പരാഗത തിബത്തൻ ശൈലിയിൽ നിർമിച്ച സുവർണ ക്ഷേത്രം നിർമിതിയിലെ വിസ്മയംതന്നെയാണ്. ആകാശംമുട്ടേ ഉയർന്നുനിൽക്കുന്ന ക്ഷേത്രഗോപുരംതന്നെയാണ് ആദ്യം കണ്ണിൽപെടുക. ബുദ്ധൻ, പത്മസംഭവ, അമിതായസ് എന്നിങ്ങനെ മൂന്ന് സ്വർണ പ്രതിമകൾ ഈ ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന്റെ ഏതു ഭാഗങ്ങൾ നോക്കിയാലും മനോഹരമായ ചിത്രങ്ങൾ കാണാം. തിബത്തൻ ബുദ്ധമത പുരാണങ്ങളെയാണ് ചുവരുകളിൽ ചിത്രീകരിച്ചിരിക്കുന്നത്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുമണി വരെയാണ് സന്ദർശക സമയം. ക്ഷേത്രത്തിന് പുറത്ത് ബുദ്ധമത പ്രാർഥനക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ വിൽക്കുന്ന ധാരാളം കടകളും ഹോട്ടലുകളുമുണ്ട്. തണുപ്പുള്ള കാലാവസ്ഥ ആയതിനാൽ എല്ലാവർക്കും ഒരു ചായ ആവാമെന്ന് തോന്നി. തിബത്തൻ ചായ രുചിക്കാൻ വേണ്ടി ബുദ്ധസന്യാസികൾ നടത്തുന്ന ഹോട്ടലിൽതന്നെ കയറി. മാമോസും ചായയും ഓർഡർ ചെയ്തു. എവിടെയോ വായിച്ച ഓർമയിൽ ഞാൻ മകനോട് പറഞ്ഞു അത് ഉപ്പ് ചായ ആയിരിക്കും. പാൽ നിറം മാറാത്ത തിബത്തൻ രുചിയിൽ ഉപ്പുചായയാണ് കൊണ്ടുവന്നത്.
യാത്രപോയത് കോഴിക്കോട്-തലശ്ശേരി-ഇരിട്ടി വഴി കുടകിലേക്കായിരുന്നു. മടക്കയാത്ര കുട്ട, തോൽപ്പെട്ടി, മാനന്തവാടി വഴി കോഴിക്കോട്ടേക്ക്. തിരിച്ചുവന്ന വഴിയാണ് കുറേ കൂടി പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാൻ പറ്റിയത് എന്നു തോന്നി. കൂർഗ് മുതൽ വയനാട് വരെ റോഡിന്റെ ഇരുവശങ്ങളിലും കണ്ണെത്താ ദൂരത്ത് വ്യാപിച്ചുകിടക്കുന്ന കാപ്പിത്തോട്ടങ്ങൾ കണ്ടപ്പോൾ ‘ഒറ്റയടിപ്പാത’യെന്ന ഡോ. ജാഫറിന്റെ പുസ്തകത്തിൽ വായിച്ച സൂഫി ബാബ ബുദാന്റെ സ്മരണയാണ് ഓർമയിൽവന്നത്. ബാബ ധ്യാനത്തിൽ ഇരുന്നത് ചിക്കമംഗളൂരുവിലെ കുന്നുകളും കാടുകളും ഉള്ള വിജനമായ ഗുഹയിൽ ആയിരുന്നു. അന്ന് ഇന്ത്യയിൽ എവിടെയും കാപ്പിവളർത്തിയിരുന്നില്ല. ബാബ ബുദാൻ ഹജ്ജ് കഴിഞ്ഞു മടങ്ങുമ്പോൾ യമനിലെ മോച്ചയിൽനിന്നാണ് ഏഴ് കാപ്പിക്കുരു കൊണ്ടുവന്ന് ചിക്കമംഗളൂരുവിൽ നട്ടുപിടിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്. ഏഴു കാപ്പിക്കുരുവാണ് ചെടിയും കതിരുമായി വളർന്ന് കൂർഗിലും വയനാട്ടിലും ഒക്കെ പന്തലിച്ചുനിൽക്കുന്ന കാപ്പിത്തോട്ടങ്ങളായി മാറിയത് എന്ന് കഥ.
.