'അമേരിക്ക ജങ്ഷനി'ലേക്ക് ബസ് ടിക്കറ്റെടുക്കാം; പാസ്പോർട്ടും വിസയും വേണ്ട
text_fieldsആലപ്പുഴ: വിസയും പാസ്പോർട്ടുമില്ലാതെ അമേരിക്കയിലേക്ക് പോകാൻ താൽപര്യമുള്ളവർക്ക് ബസിലിരുന്ന് ടിക്കറ്റെടുത്താൽ മതിയാവും. ഗ്രാമത്തിെൻറ പച്ചപ്പും തുടിപ്പും അനുഭവിച്ചറിയുന്ന കുട്ടനാടിെൻറ മണ്ണിലാണ് കൗതുകമുണർത്തുന്ന 'അമേരിക്ക ജങ്ഷൻ' ഉള്ളത്. ഈ സ്ഥലനാമത്തിന് പിന്നിലും കൗതുകം ഒളിഞ്ഞിരിപ്പുണ്ട്. കാലങ്ങളായി നാട്ടുകാർ തമാശക്ക് പറഞ്ഞുപഴകിയ പേര് നാട് ഏറ്റെടുത്തതിെൻറ അടയാളമാണ് ഈ സ്റ്റോപ്. ചമ്പക്കുളം പഞ്ചായത്തിലെ എട്ടാംവാർഡിലെ അമിച്ചകരിയിൽനിന്ന് നിരവധിപേർ അമേരിക്കയിലേക്ക് കുടിയേറിയതുകൊണ്ടല്ല ഈപേര് വരാൻ കാരണം.
ചമ്പക്കുളം-എടത്വ റൂട്ടിൽ പാലത്തിന് സമീപത്തെ റോഡരികിലാണ് അമേരിക്ക ജങ്ഷനുള്ളത്. റോഡ് സൗകര്യം ഇല്ലാതിരുന്ന സമയത്ത് വള്ളത്തിലും മറ്റുമായി കുട്ടനാടിെൻറ വിവിധ പ്രദേശങ്ങളിൽനിന്ന് ഇവിടത്തെ ഷാപ്പിൽ കള്ളുകുടിക്കാൻ ഇവിടെ എത്തിയിരുന്നു. വിദേശമദ്യം സുലഭമായതോടെ പ്രദേശത്തിന് അമേരിക്ക എന്നുപേരുവീണു. അക്കാലത്ത് കുട്ടനാട്ടിൽനിന്ന് ചിലർ കടൽകടന്ന് അമേരിക്കയിൽ ജോലിക്ക് പോയിരുന്ന കാലമാണ്.
വള്ളംതുഴഞ്ഞ് തിടുക്കപ്പെട്ട് പോകുന്നവരെ കാണുമ്പോൾ കരക്കുനിൽക്കുന്നവർ ചോദിക്കും-'എവിടേക്കാടോ ഉവ്വേ?' കള്ളുകുടിക്കാൻ പോകുന്നുവെന്ന് പരസ്യപ്പെടുത്താൻ മടിച്ച് അവർ മറുപടി പറയും. 'അമേരിക്കായ്ക്ക് പോകുവാന്നേ!'. ക്രമേണ അമേരിക്കയിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചതോടെ ആ പേര് കൈവിടാൻ നാട്ടുകാരും തയാറായില്ല. റോഡ് വികസനത്തിെൻറ ഭാഗമായി പഴയ കള്ളുഷാപ്പ് ഉൾപ്പെടെ വിവിധകെട്ടിടങ്ങൾ പൊളിച്ചുനീക്കിയിട്ടും പഴയഓർമ നിലനിർത്താൻ നാട്ടുകാർ സമീപത്തെ റോഡരികിൽ 'അമേരിക്ക ജങ്ഷൻ' എന്ന ബോർഡ് സ്ഥാപിച്ചു. ഔദ്യോഗികരേഖയിൽ ഇല്ലെങ്കിലും ബസിലും ബോട്ടിലും എത്തുന്ന യാത്രക്കാർക്ക് ഈസ്ഥലത്തിറങ്ങാൻ അമേരിക്ക ജങ്ഷൻ എന്ന് വ്യക്തമായി പറയണം. കോവിഡിന് മുമ്പ് ഗ്രാമീണഭംഗി ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളടക്കമുള്ളവരുടെ സെൽഫി കേന്ദ്രംകൂടിയായിരുന്നു.
സമീപത്തെ ആറ്റിറമ്പിലെ ബോട്ടുജെട്ടിയും അമേരിക്ക ജെട്ടിയെന്നാണ് അറിയപ്പെടുന്നത്. ചമ്പക്കുളത്തുനിന്ന് എടത്വയിലേക്ക് ബോട്ടിൽയാത്ര ചെയ്യുന്നവർക്ക് ടിക്കറ്റെടുത്താൽ അമേരിക്കൻ ജെട്ടിയിലും ഇറങ്ങാനുള്ള സൗകര്യമുണ്ട്. ഒരുകിലോമീറ്റർ മുന്നോട്ടുപോയാൽ ന്യൂയോർക്ക് സിറ്റിയുമുണ്ട്. മഹാപ്രളയകാലത്ത് ഈപ്രദേശം പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു.