മലമ്പുഴ ഉദ്യാനം സന്ദര്‍ശിക്കുന്നവർ ഈ അയലത്തെ സുന്ദരിയെ കാണാൻ മറക്കരുതേ...
text_fieldsമലമ്പുഴ ഉദ്യാനത്തിന് കിഴക്കു ഭാഗത്ത്, ഡാമിലെ ജലാശയങ്ങള്‍ക്കപ്പുറത്ത് പ്രകൃതിയുടെ കാഴ്ചയൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു സ്ഥലമുണ്ട്. പശ്ചിമഘട്ട മലനിരകള്‍ക്ക് താഴെ മഴമേഘങ്ങള്‍ താഴ്ന്ന് പറന്നെത്തുന്ന പ്രദേശം. കവ എന്ന് പേരുള്ള പാലക്കാടന്‍ ഗ്രാമം. ഒരുപാട് നല്ല കാഴ്ചകള്‍ കാത്തുവെച്ചാണ് കാവ സഞ്ചാരികളെ കാത്തിരിക്കുന്നത്. കാലാവസ്ഥകള്‍ക്കനുസരിച്ച് സഞ്ചാരികളെ അതിശയിപ്പിച്ചുകൊണ്ടിരിക്കുന്ന മണ്ണാണിത്.

പശ്ചിമഘട്ടത്തിനും നഗരത്തിനും ഇടയിലെ പച്ചപ്പ് നിറഞ്ഞ ഭൂപ്രദേശം. ദൂരെ വെള്ളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന കരിമ്പനകളാണ് കവയുടെ പ്ലസ്. അപ്രതീക്ഷിതമായി വീണുകിട്ടിയ ഒരു യാത്രയായിരുന്നു അത്. കൂട്ടുകാരന്റെ ഫോണ്‍ വിളിയില്‍ നിന്നുണ്ടായ മറക്കാനാവാത്ത യാത്ര. മലമ്പുഴ ഉദ്യാനം സന്ദര്‍ശിച്ചവരില്‍ മിക്ക പേരും ഒരുപക്ഷേ കവ എന്ന പ്രകൃതിരമണീയമായ സ്ഥലം സന്ദര്‍ശിക്കാന്‍ വഴിയില്ല.
മലമ്പുഴ ഉദ്യാനത്തില്‍ വന്നവര്‍ 5.7 കിലോമീറ്റര്‍ തൊട്ടടുത്തുള്ള ഈ പ്രദേശം സന്ദര്‍ശിച്ചില്ലെങ്കില്‍ അത് വലിയ നഷ്ടം തന്നെ. മലമ്പുഴ ഉദ്യാനം ഒരുപാട് തവണ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കവ കാണാന്‍ അവസരം ലഭിച്ചിരുന്നില്ല. ആകാശം മുട്ടിനില്‍ക്കുന്ന മലകളും ഉയര്‍ന്നുനില്‍ക്കുന്ന കരിമ്പനകളും നിബിഡവനവും സഞ്ചാരികള്‍ക്ക് നല്‍കുന്ന അനുഭൂതി ചെറുതല്ല.
ഭക്ഷണം കഴിച്ച് മലമ്പുഴ റോഡിലൂടെ യാത്ര തുടര്‍ന്നു. പാലക്കാടന്‍ നാട്ടുഗ്രാമങ്ങളിലൂടെയാണ് യാത്ര. ചെറു കവലകളും കൊച്ച ുവീടുകളും വാഹനത്തിന് പിറകിലേക്ക് പാഞ്ഞുകൊണ്ടിരുന്നു. ഇടക്കിടെ നെല്‍പാടങ്ങളും പാടങ്ങള്‍ക്ക് അതിരായി ചെറുകരിമ്പനകളും കാഴ്ചയിലേക്ക് കയറിവന്നു.

മലമ്പുഴ ഉദ്യാനത്തിന് മുന്നിലെത്തുമ്പോള്‍ സഞ്ചാരികളുടെ തിരക്ക് തുടങ്ങിയിരുന്നു. ഇവിടെ നിന്ന് കഞ്ചിക്കോട് റോഡിലൂടെയാണ് കവയിലേക്ക് പോകേണ്ടതെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവര്‍മാര്‍ വഴി കാണിച്ചുതന്നു. അല്‍പം സഞ്ചരിച്ചാല്‍ കഞ്ചിക്കോട് റോഡില്‍ നിന്ന് ആനക്കല്‍ റോഡിലേക്ക് തിരിഞ്ഞ് പോകണം. ഇവിടുന്നങ്ങോട്ട് വനം വകുപ്പിന്റെ അധീനതയിലുള്ള ഭൂപ്രദേശമാണ്. വന്‍മരങ്ങളും പാറക്കല്ലുകളും നിറഞ്ഞ കാട്ടിലൂടെ സഞ്ചാരം തുടര്‍ന്നു.
പലയിടങ്ങളിലായി മയിലുകള്‍ പാതയോരത്ത് തീറ്റതേടി നടക്കുന്നത് കണ്ടു. റോഡില്‍നിന്ന് നോക്കുമ്പോള്‍ ദൂരെ കവയെന്ന സുന്ദരിയെ കണ്ടു. ജലാശയത്തില്‍ നീളന്‍ കരിമ്പനകള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ജലാശയത്തിന് സമീപം പരന്നു കിടക്കുന്ന പുല്‍ മൈതാനത്ത് കന്നുകാലികള്‍ മേഞ്ഞു നടക്കുന്ന കാഴ്ചക്കൊപ്പം വെള്ളകൊക്കുകള്‍ പറന്നു നടക്കുന്ന സുന്ദരമായ കാഴ്ച.

വണ്ടി മണ്‍പാതയിലൂടെ കരിമ്പനകള്‍ക്ക് സമീപത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. സൂര്യാസ്തമനത്തിന് തൊട്ടു മുമ്പായിട്ടാണ് കവയില്‍ കാല്‍തൊട്ടത്. സൂര്യവെളിച്ചത്തില്‍ ജലാശയം ചുവന്നു കിടക്കുകയാണ്. അങ്ങ് ദൂരെ കുന്നുകളും മലകളും നിഴലായി കാണാം. പ്രകൃതി പച്ചപ്പുല്‍ വിതാനിച്ച നിലത്ത് ഞങ്ങള്‍ കുറേ സമയം ഇരുന്നു.
കാറ്റില്‍ ഓളം വെട്ടുന്ന ജലാശയം കാലുകള്‍ നനച്ചു കൊണ്ടിരുന്നു. തണുത്ത കാറ്റുംകൂടി എത്തിയതോടെ മനസ്സും ശരീരവും കുളിരാന്‍ തുടങ്ങി. സമയം വൈകും തോറും മഞ്ഞ് മൂടിക്കൊണ്ടിരുന്നു. അന്തരീക്ഷം മുഴുവന്‍ സിന്ദൂരനിറം ചാര്‍ത്തി നില്‍ക്കുകയാണ്. സൂര്യന്‍ വെള്ളത്തിനടിയിലേക്ക് താഴ്ന്നതിന് ശേഷമാണ് കവയോട് വിടപറഞ്ഞത്.

പിന്നീട് കാട്ടുചോലയിലൊരു കുളിയായിരുന്നു ലക്ഷ്യം. കവയിലൂടെ മലമ്പുഴ ഡാമിലേക്ക് ഒഴുകിയെത്തുന്ന കാട്ടുചോല തേടി സഞ്ചാരം തുടര്‍ന്നു. പശ്ചിമഘട്ടത്തില്‍നിന്ന് പലയിടങ്ങളിലൂടെ ഒഴുകുന്ന കാട്ടുചോലകളില്‍ മൈലാടിപ്പുഴ ലക്ഷ്യമാക്കിയാണ് പോകുന്നത്. കവയില്‍നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ ഉള്ളിലേക്ക് സഞ്ചരിച്ചാല്‍ മൈലാടിപ്പുഴയിലെത്താം.
വന്‍ പാറക്കല്ലുകള്‍ക്കിടയിലൂടെ ഒഴുകുന്ന കാട്ടുവെള്ളത്തില്‍ കാല്‍ തൊട്ടു. രാത്രിയില്‍ കാട്ടുചോലയില്‍ മുങ്ങിനിവര്‍ന്നപ്പോള്‍ മരം കോച്ചുന്ന തണുപ്പ്. അര മണിക്കൂര്‍ നേരത്തെ നീരാട്ടിന് ശേഷം കണ്ണുനിറയെ കാഴ്ചകളും മനസ്സു നിറയെ അനുഭൂതിയും നല്‍കിയ നാടിനോട് വിട പറഞ്ഞു.


