
ഇവിടെ ഉയരുന്നത് ആദിതാണ്ഡവത്തിൻ നാദവും നാദരൂപമാർന്ന ശിൽപങ്ങളും
text_fieldsമധുരയ്ക്കടുത്ത് മാട്ടുത്താവണി ബസ്സ്റ്റാൻറിൽ നിന്നാണ് തഞ്ചാവൂരിലേക്കുള്ള ബസ്. നഗരം പിന്നിട്ടാൽ തമിഴ്നാട്ടിൽ സാധാരണ കാണുന്നതുപോലെ വിശാലമായ പ്രദേശങ്ങളും ദൂരെ കരിമ്പനകളും. കുറെ ചെല്ലുേമ്പാൾ ഇരുവശത്തും കൂറ്റൻ പാറക്കെട്ടുകൾ. ആനമലയെന്ന് ഇതിനെ വിളിക്കുന്നു. ഇൗ പ്രദേശത്തുനിന്നാണത്രെ മധുര മീനാക്ഷിക്ഷേത്രം നിർമിക്കാനായി പാറ കൊണ്ടുപോയത്. മനോഹരമായ എക്സ്പ്രസ്ഹൈവേയിലൂടെയാണ് യാത്ര.
എന്നാൽ ഇരുവശവും ജീവിതദുരിതത്തിൻെറ കാഴ്ചകളാണ്. ഇരുവശത്തും നീണ്ട മുൾക്കാടുകൾ മാത്രം. ഉഴുന്നും ചോളവും നെല്ലും പച്ചക്കറികളും കൃഷിചെയ്യുന്ന വിശാലമായ പാടങ്ങൾ കാണാൻ കൊതിച്ചിരുന്ന എനിക്ക് നിരാശയായി. എങ്ങും മുൾക്കാടുകൾ മാത്രം. ഇടക്കിടെ ചെറിയ വീടുകൾ, ജനവാസകേന്ദ്രങ്ങൾ, കടകൾ, ഫാക്ടറികൾ, സ്കൂളുകൾ, കോളജുകൾ.. അങ്ങനെ നാടുകൾ പിന്നിടുകയാണ്. ഒറ്റപ്പെട്ട് ഇടക്കിടെ പേരാൽമരങ്ങൾ. അവയുടെ താങ്ങുവേരുകൾ മണ്ണിലേക്ക് പടർന്ന് ഒരു മരത്തിൻെറ തടിയോളം വളർന്നിരിക്കുന്നു. അങ്ങിങ്ങ് ഒറ്റപ്പെട്ട കൃഷി. കരിമ്പ്, നെല്ല്.
.jpg)
രാവിണിപ്പടിയിലെത്തുമ്പോൾ വരണ്ടുണങ്ങിയ നാട് വീണ്ടും വരളുന്നു. പകൽചൂടിൽ പൊള്ളുന്ന കാറ്റ്. പിന്നെയങ്ങോട്ട് പാറകൂട്ടങ്ങളാണ്. വെളുത്തതും ചുവന്നതുമായ പാറകൾ. കൃഷിയില്ലാതെ പാറക്കൂട്ടങ്ങൾ പടർന്ന ഗ്രാമങ്ങൾ. ഗ്രാനൈറ്റ് ക്വാറികളാണ് ഇവിടത്തെ പ്രധാന വ്യവസായമെന്ന് ഉൗഹിക്കാം. പലയിടത്തും വേലികെട്ടി മറച്ച ക്വാറികൾ. വറ്റിവരണ്ട കുളങ്ങളും തോടുകളും. കുളങ്ങളിലേക്കിറങ്ങാൻ ഒരിക്കൽ നിർമിച്ച പടിക്കെട്ടുകൾ ഉണങ്ങിവരണ്ട കുഴികളിൽ അവസാനിക്കുന്നു.
ചിലയിടങ്ങളിൽ മാത്രം ചെളിനിറഞ്ഞ കുളങ്ങൾ. കീഴവളവ്, മാലമ്പട്ടി തുടങ്ങിയ ഗ്രാമങ്ങൾ. ഭൂമി വരളുേമ്പാഴും അതിജീവനത്തിനായി സംഭരിച്ച ജലസമൃദ്ധിയിൽ പച്ചപ്പണിഞ്ഞ് മുൾക്കാടുകളും കരിമ്പനകൂട്ടങ്ങളും. വഴിയോരങ്ങളിൽ ഒാലയും പുല്ലും കൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയ തട്ടുകളിൽ നാട്ടുപഴങ്ങൾ വിൽകാൻ വെച്ചിരിക്കുന്നു. ഒറ്റപ്പെട്ട ജംഗ്ഷനുകൾ. മരത്തണലുകളിൽ കൂടിയിരുന്നു ക്ഷീണമകറ്റുന്ന പെണ്ണുങ്ങൾ, തൊഴിലാളികൾ.

ഇപ്പോൾ 50 കിലോമീറ്റർ പിന്നിട്ടിരിക്കുന്നു. ഇനിയും 125 കിലോമീറ്റർ താണ്ടണം തഞ്ചാവൂരിലെത്താൻ. ഇടക്ക് എടക്കാടി പക്ഷിസങ്കേതം. പുളിമരങ്ങൾ, തെങ്ങുകൃഷി, കാടുകൾ, ഇടക്കിടെ വീടുകൾ. ചെളിവെള്ളം കെട്ടിക്കിടങ്ങുന്ന കുളത്തിൽ കുളിക്കുന്നവർ. കറുപ്പൂർ, തിരുപ്പുത്തൂർ ഗ്രാമങ്ങൾ. ഇവിടെ നിന്ന് പിള്ളെയാർപട്ടിയിലേക്ക് വളയുന്ന റോഡ്. പിള്ളൈയാർപട്ടിയിലെ ഗണപതി, ശീർഗാഴിയുടെ പാട്ട്. ആൽമരത്തണലിൽ ഏകാകിയായ ദൈവം, ഒരു കല്ലും വേലുമാണ് വിഗ്രഹം.
ഗ്രാമങ്ങൾ നീളുന്നു. അടുത്തടുത്ത് കുഞ്ഞുവീടുകൾ. നമ്മൾ ഒന്നോ രണ്ടോ തലമുറ മുമ്പ് കണ്ടുമറന്ന ഗ്രാമീണ ദൃശ്യങ്ങൾ. ചെളികൊണ്ടും ചെറുപാറകൾ കൊണ്ടും ഒാലകൊണ്ടും സിമൻറ്കൊണ്ടും കെട്ടിയ വീടുകൾ. വീടിനോടുചേർന്ന് കെട്ടിയിട്ട പശുക്കൾ. പുല്ലും ചാണകവും ചിതറിവീണ മുറ്റം. അലഞ്ഞുനടക്കുന്ന കോഴികൾ, മുറ്റത്ത് കൂട്ടിയ മണ്ണടുപ്പ്, ഒാലകെട്ടി മറച്ച കുളിമുറി, പുറത്തിട്ട കട്ടിലുകളിൽ ആളുകൾ വിശ്രമിക്കുന്നു. അമ്മപ്പട്ടി ഗ്രാമം.

വീടിന് കുഞ്ഞുചായിപ്പുകൾ. വെള്ളമാണ് ഇവരുടെ ഏറ്റവും വലിയ വെല്ലുവിളി. വീടുകൾക്കടുത്ത് പൈപ്പുകൾ, കുഴൽകിണറുകൾ, വെള്ളം ചുമക്കുന്നവരും കുടങ്ങളുമായി കാത്തിരിക്കുന്നവരുമാണ് എവിടെയും. ചാരിവെച്ച സെക്കിളുകൾ, ടി.വി.എസിെൻറ മോപ്പഡ്, കച്ചിത്തുറു, കൃഷി, ആടുകൾ, എരുമകൾ അങ്ങനെ നമ്മൾ കണ്ടുമറന്ന ഗ്രാമീണത. പിന്നെയും കാട് മൂടിയ നെൽവയലുകൾ. ഇവിടെ മഴ പെയ്തിട്ട് അഞ്ചു വർഷമായി എന്ന് അടുത്തിരുന്ന പ്രായമായ ആൾ പറഞ്ഞു. ചെട്ടിനാട് പഞ്ഞികമ്പനിയതിൽ തൊഴിലാളിയായിരുന്നു മുരുകൻ. ഇപ്പോൾ വിരമിച്ചു.
മഴയില്ലാത്തതിനാൽ കൃഷിയിടങ്ങൾ മുഴുവൻ കാടുകയറിയതാണെന്ന് അദ്ദേഹം പറഞ്ഞു. കൃഷിയില്ലാതെ നാട്ടുകാർ പട്ടിണിയിലാകുന്നു. ചിലർ കല്ലുപണിക്ക് പോകുന്നു. കുടിവെള്ളം തൃച്ചിയിൽ നിന്ന് എത്തണം. ഒരു സ്ഥലത്ത് വ്യാപകമായി കശുമാവ് കൃഷി. റോഡിെൻറ ഒരുവശത്ത് കുടിലുകെട്ടി കശുവണ്ടി വറക്കുന്ന സ്ത്രീകൾ. ചില കൃഷിയിടങ്ങൾ കഴിഞ്ഞാൽ കിലോമീറ്ററുകൾ നീളുന്ന യൂക്കാലിപ്റ്റസ്, കാറ്റാടി പ്ലാേൻറഷനുകൾ.

.jpg)
ബസ് മാറിക്കയറിയ ഒരു സ്ത്രീ ടിക്കറ്റെടുക്കാനായി കണ്ടക്ടറോട് പറഞ്ഞ സ്ഥലം കേട്ടപ്പോൾ പിന്നെയും ഒരു മൃദംഗത്തിൻെറ താളം. മൃദംഗത്തിലെ ഇന്നത്തെ ചക്രവർത്തി ഉമയാൾപുരം ശിവരാമൻെറ സ്ഥലം. നീണ്ട വിരലുകളും നീണ്ട നെറ്റിത്തടവുമുള്ള ഉമയാൾപുരത്തിൻെറ നെറ്റിയിലെ നീളൻ വരക്കുറി. ഉമയാൾപുരത്തേക്കല്ല വണ്ടി പോകുന്നത്, എതിർവശത്തേക്ക്. അതുകൊണ്ട് അടുത്ത സ്റ്റോപ്പായ പാപനാശത്തിറങ്ങിക്കൊള്ളാൻ കണ്ടക്ടർ പറഞ്ഞു. പിന്നെയും സംഗീതം. തഞ്ചാവൂരിൽ ജനിച്ചുവളർന്ന തെലുങ്കനാണ് ത്യാഗരാജസ്വാമി എങ്കിൽ തമിഴർ തമിഴ്ത്യാഗരാജ എന്നു വിളിക്കുന്ന പാപനാശം ശിവെൻറ നാട്.
നമ്മുടെ തിരുവനന്തപുരത്ത് കുറകൊലം ജീവിച്ചിട്ടുണ്ട്. അനേകം കീർത്തനങ്ങളും ഗാനങ്ങളും എഴുതിയ പാപനാശം ശിവൻ. ഒരിക്കലും മറക്കില്ല അദ്ദേഹത്തിെൻറ 'എന്ന തവം ശെയ്ദനി യശോദാ..' എന്ന കീർത്തനം. തഞ്ചാവൂരിലെ പഴയ ബസ്സ്റ്റാൻറിൽ വണ്ടി നിന്നു. അഞ്ച് രൂപക്ക് ഇവിടെ കുംഭകോണത്ത് പ്രശസ്തമായ ഫിൽട്ടർ കോഫി കിട്ടും. പെരിയകോവിൽവഴിയുള്ള ബസിൽ കയറിയാൽ തഞ്ചാവൂരിലെ ലോകപ്രശസ്തമായ ബൃഹദീശ്വര ക്ഷേത്രത്തിലെത്താമെന്ന് ചായക്കടക്കാർ പറഞ്ഞുതന്നു.
.jpg)

.jpg)