Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTraveloguechevron_rightകാട്ടാനക്കൂട്ടത്തിനു...

കാട്ടാനക്കൂട്ടത്തിനു മുന്നിൽ പതുങ്ങി, നെട്ടറയുടെ വശ്യത നുകർന്ന് ഒരു യാത്ര

text_fields
bookmark_border
കാട്ടാനക്കൂട്ടത്തിനു മുന്നിൽ പതുങ്ങി, നെട്ടറയുടെ വശ്യത നുകർന്ന് ഒരു യാത്ര
cancel
camera_alt

നെല്ലറച്ചാൽ വ‍്യൂ പോയിന്‍റ്

കാട്ടാനക്കൂട്ടത്തിനു മുന്നിൽ വിറച്ച് പഴശ്ശിയുടെ ഒളിസങ്കേതത്തിലൂടെ കറങ്ങിത്തിരിഞ്ഞ് കാളിന്ദിയുടെ മടിത്തട്ടിൽ നെട്ടറ ഗ്രാമത്തിന്‍റെ വശ്യത ആസ്വദിച്ച് ഒരു യാത്ര... പ്രത്യേകിച്ച് ഡെസ്റ്റിനേഷൻ ഒന്നും സെറ്റ് ചെയ്യാതെ കൂട്ടുകാർ ഒരുമിച്ച് യാത്ര പുറപ്പെടുമ്പോൾ അത് ഇത്ര മനോഹരമാവുമെന്ന് കരുതിയിരുന്നില്ല.

വനപാതകളിലൂടെ ഒന്ന് കറങ്ങണം. വൈകീട്ട് ഞെട്ടറയിൽ സായാഹ്നം ചെലവഴിക്കണം. സിമ്പിൾ പ്ലാൻ. പതിവിൽ നിന്ന് വിപരീതമായി ഭക്ഷണം കൂടെ കരുതി. ഭക്ഷണം കഴിക്കാൻ സാധാരണ പ്ലേറ്റും ഗ്ലാസും എടുത്തു. ഡിസ്പോസിബിൾ പ്ലേറ്റും ഗ്ലാസും വയനാടിന്‍റെ വിരിമാറിൽ വലിച്ചെറിഞ്ഞ് ശ്വാസം മുട്ടിക്കേണ്ടല്ലോ എന്നത് തന്നെ ഇതിന് പ്രധാന കാരണം. സമയം കുറച്ചു വൈകി ഇറങ്ങിയതു കൊണ്ട് കോടമഞ്ഞിന്‍റെ അകമ്പടിയില്ലാതെ ചുരം കയറി.

സുരക്ഷിതമായ ഒരിടം കണ്ടെത്തി വണ്ടി നിർത്തി ഭക്ഷണം കഴിച്ചു. പുൽപ്പള്ളി-സുൽത്താൻ ബത്തേരി വനപാതയും നെട്ടറയുമാണ് ലക്ഷ്യം. അതിന് മുമ്പ് കുറച്ച് സമയമുണ്ട്. ഗൂഗിളിനോട് ചോദിച്ചപ്പോൾ, നെല്ലറച്ചാൽ ആണ് മൂപ്പർ നിർദേശിച്ചത്. കൂട്ടത്തിലുള്ളവരോട് സുഹൃത്തുക്കൾ ആരോ പറഞ്ഞിരുന്നുവത്രേ നല്ല വൈബാണെന്ന്. പിന്നെ ഒന്നും നോക്കിയില്ല. വെച്ചുപിടിച്ചു. വലിയ പ്രചാരണമൊന്നും കിട്ടാത്ത, എന്നാൽ കണ്ണെത്താ ദൂരം കുന്നും പച്ചപ്പരവതാനി വിരിച്ച ചെരിവും വെള്ളക്കെട്ടും എല്ലാമായി മോഹിപ്പിക്കുന്ന ഒരിടം. തടാകം കണക്കെ കെട്ടിനിൽക്കുന്ന ശാന്തമായ വെള്ളത്തിന് നിറച്ചാർത്തൊരുക്കി വിവിധ വർണത്തിലുള്ള ആമ്പലുകൾ പൊങ്ങിക്കിടക്കുന്നു. ഒരു ഭാഗത്ത് ആകാശം മുട്ടുന്ന മലനിരകൾ. ഇവയ്ക്കിടയിൽ പഞ്ഞിക്കെട്ടുപോലെ കോട.

നെല്ലറച്ചാൽ ഒരു ഉപദ്വീപിന്റെ ഒരു ഭാഗം പോലെയാണ്. കാരാപ്പുഴ ഡാം റിസർവോയറിന്റെ അതിമനോഹരമായ ഭാഗം. നോക്കിയാൽ അറ്റം കാണാൻ കഴിയാത്ത വിധം പരന്നു കിടക്കുന്ന വെള്ളവും പച്ച പുതച്ച പുൽമേടും. വെള്ളത്തിൽ അങ്ങിങ്ങ് മത്സ്യക്കൃഷിയും കാണാം.

ഞാമലം കുന്ന് വ്യൂ പോയിൻ്റിൽ നിന്നാൽ നെല്ലറച്ചാലിൻ്റെ മനോഹര ദൃശ്യം ആസ്വദിക്കാം. തികച്ചും ശാന്തമായ പ്രകൃതിരമണീയമായ ഒരിടം. ജലാശയത്തിനരികിലെ ശാന്തതയിലിരുന്ന് മീൻപിടിത്തവും ഗ്രാമീണരുടെ ജീവിതരീതികളും ആസ്വദിക്കാനെത്തുന്നവർ ഏറെയാണ്. ഗോത്രവർഗക്കാർ അധിവസിക്കുന്നിടത്ത് നഗരത്തിന്റെ തിരക്കുകളേതുമില്ലാതെ നമുക്ക് കുറേ സമയം ചെലവഴിക്കാം. ആൽബം, വിവാഹ ഫോട്ടോഷൂട്ട് എന്നിവയുടെ പ്രധാന ലൊക്കേഷനാണ് ഇവിടം.

കൽപ്പറ്റയിൽ നിന്ന് മീനങ്ങാടി അമ്പലവയൽ റൂട്ടിലാണ് വയനാടിൻ്റെ ഈ ശാന്തസുന്ദര മടിത്തട്ട്. പ്രഭാതത്തിലോ സായാഹ്നത്തിലോ എത്തേണ്ട സ്ഥലത്ത് കത്തിച്ചുവെച്ച സൂര്യൻ്റെ ആശീർവാദത്തോടെ എത്തിയ ഞങ്ങൾ അധിക സമയം അവിടെ കറങ്ങാതെ യാത്ര തുടർന്നു. അവിടെ നിന്നും സുൽത്താൻ ബത്തേരി-പുൽപ്പള്ളി റൂട്ടിലെ വനപാതകൾ ലക്ഷ്യമാക്കി മുന്നോട്ട്. ഇടയ്ക്ക് സുൽത്താൻ ബത്തേരിയിൽ നിന്ന് സുഹൃത്തിനെയും കുടുംബത്തെയും കണ്ടു. അവിടെ നിന്ന് ഇരുളം റൂട്ടിൽ ചീയമ്പം ആനപ്പന്തി ലക്ഷ്യമാക്കി നീങ്ങി.

ചെതലയം വനമേഖലയിലൂടെയായിരുന്നു യാത്ര. ആനയില്ലാത്ത ആനപ്പന്തിയിലേക്ക് പുറപ്പെട്ട ഞങ്ങളെ വഴിയിൽ കാത്തിരുന്നത് കാട്ടാനക്കൂട്ടം തന്നെയായിരുന്നു. ചെതലയം വനമേഖലയിലായിരുന്നു അമ്മമാരും കുഞ്ഞുങ്ങളും അടങ്ങുന്ന അഞ്ച് ആനകൾ. നാട്ടിൽ ഉത്സവത്തിന് കാണുന്ന ആനകളെക്കാൾ തലയെടുപ്പുള്ള കാടിൻ്റെ ചേലുള്ള ആനകൾ. ബ്രിട്ടീഷ് കാലഘട്ടത്തിലും അതിനുശേഷവും കാട്ടാനകളെ മെരുക്കാനും പാർപ്പിക്കാനുമായി വനം വകുപ്പ് ഉപയോഗപ്പെടുത്തിയ (ആനപ്പന്തി) സ്ഥലമായിരുന്നു ഇത്. ചീയമ്പം 73 എന്ന വനാതിർത്തിയോട് ചേർന്നാണ് ഈ പ്രദേശം. ഇപ്പോൾ ഇവിടെ ആനകൾ ഇല്ല. (ആനപ്പന്തി മുത്തങ്ങയിലേക്ക് മാറ്റി).

ഇവിടെ നിന്ന് കുറച്ച് ദൂരം പോയാൽ കർണാടക അതിർത്തിയാണ്. ചീയമ്പത്തുനിന്ന് നേരെ പോയത് കേരള സിംഹം എന്നറിയപ്പെടുന്ന പഴശ്ശിരാജയുടെ ഗറില്ലാ യുദ്ധത്തിൻ്റെ ഓർമകളുറങ്ങുന്ന മാവിലാംതോടിലേക്ക്. ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിനിടെ പഴശ്ശിരാജ വീരമൃത്യു വരിച്ച സ്ഥലം. ഇവിടെ പഴശ്ശിരാജയുടെ കൂറ്റൻ പ്രതിമയും മ്യൂസിയവും ഉണ്ട്.

പഴശ്ശിയുടെ ഗറില്ലാ സൈന്യവും കുറിച്യ-മാവില പടയാളികളും ബ്രിട്ടീഷുകാർക്കെതിരെ ഉപയോഗിച്ചിരുന്ന വില്ലുകൾ, അമ്പുകൾ, വാളുകൾ, പരിചകൾ, കഠാരകൾ, വൻതോക്കുകളുടെ മാതൃകകളും ഇവിടെയുണ്ട്. ഭൂപ്രകൃതി തന്നെയായിരുന്നു പ്രദേശത്തെ ഒളിസങ്കേതമാക്കാൻ പഴശ്ശിയെ പ്രേരിപ്പിച്ചത്. പുൽപ്പള്ളിക്കടുത്ത് കർണാടക വനാതിർത്തിയോട് ചേർന്ന പ്രദേശം പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽ പതിയുമായിരുന്നില്ല. അതിനാലാണ് പഴശ്ശിയും കൂട്ടരും ഈ പ്രദേശത്തെ ഒളിത്താവളമായി തെരഞ്ഞെടുക്കാൻ കാരണം. കുത്തനെയുള്ള കയറ്റങ്ങളും, കാട്ടുപാതകളും, പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകാവുന്ന ചതുപ്പുകളും നിറഞ്ഞ ഈ പ്രദേശം പഴശ്ശിയുടെ ആദിവാസി പടയാളികൾക്ക് ബ്രിട്ടീഷ് സേനയ്ക്ക് മേൽ ഒളിയാക്രമണം നടത്താൻ വലിയ സഹായമായി. പഴശ്ശിയുടെ വലിയ പ്രതിമയും സ്മൃതിമണ്ഡപവും സ്വാതന്ത്ര്യ സമരത്തിന്‍റെ ചരിത്രം കൂടി നമ്മെ ഓർമപ്പെടുത്തുന്നു. പഴശ്ശി വീരമൃത്യു വരിച്ച സ്ഥലവും ഇവിടെ കാണാം. ചരിത്രമുറങ്ങുന്ന പ്രകൃതിവൈവിധ്യങ്ങളുടെ നാട്. കുട്ടികൾക്കായി ചെറിയ പാർക്കും ഇവിടെയുണ്ട്.

പിന്നെ അവിടെ നിന്ന് മാനന്തവാടി വഴി നെട്ടറയിലേക്ക്. മാനന്തവാടിയിൽ നിന്ന് തിരുനെല്ലി ഭാഗത്തേക്ക് പോകുന്ന റോഡിലൂടെയാണ് നെട്ടറയിലേക്ക് പോകേണ്ടത്. തിരുനെല്ലി ക്ഷേത്രത്തിന് സമീപത്തായി കൊടുംകാടിനും മലനിരകൾക്കും നടുവിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് നെട്ടറ. ബ്രഹ്മഗിരി മലനിരകളുടെ അടിവാരത്തായി, കാളിന്ദി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം അടുത്തകാലത്തായി സഞ്ചാരികൾക്കിടയിൽ ഏറെ വൈറലായ കിടു സ്പോട്ടാണ്. കാടിനു നടുവിൽ നെൽപ്പാടങ്ങളും കൃഷിയിടവും നിറഞ്ഞ ഗ്രാമം. ബഹളങ്ങളില്ലാത്ത ശാന്തമായ യാത്ര ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടം. കടുത്ത വേനലിലും വറ്റാത്ത കാളിന്ദി നദിയാണ് നെട്ടറയുടെ പ്രധാന ഹൈലൈറ്റ്. പുതിയ പാലം വന്നതോടെയാണ് നെട്ടറ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടു തുടങ്ങിയത്. റോഡിൽ നിന്നിറങ്ങി പാടവരമ്പിലൂടെ നടന്ന് കാളിന്ദിയിലൂടെ ഒഴുകുന്ന തെളിനീർ തൊടാം. കുത്തൊഴുക്കില്ലാത്ത സമയമാണെങ്കിൽ ഒരു നീരാട്ടുമാവാം.

കോടമൂടിയ ബ്രഹ്മഗിരി മലനിരകളുടെ ആശീർവാദത്തോടെയുള്ള ഇവിടത്തെ സൂര്യോദയം കണ്ടാലും കണ്ടാലും കൊതി തീരാത്ത ഒരനുഭവമാണ്. ഇരുട്ട് മൂടിയാലും സൂര്യൻ അത്യുഷ്ണത്തിൽ കത്തി ജ്വലിച്ചാലും കണ്ടോണ്ടിരിക്കാൻ തോന്നുന്ന ഒരിടം. രണ്ടുവർഷം മുമ്പുവരെ ആളും ആരവവും ഇല്ലാതിരുന്ന ഞെട്ടറയിലേക്ക് ഇന്ന് സഞ്ചാരികളുടെ ഒഴുക്കാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:trekking Wild Elephant travelogue 
News Summary - An Thrilling Journey Through the Enchanting Trails of Njettara
Next Story