Begin typing your search above and press return to search.
exit_to_app
exit_to_app
Premchand
cancel
Homechevron_rightVelichamchevron_rightClassroomchevron_rightഉപന്യാസ് സമ്രാട്ട്

ഉപന്യാസ് സമ്രാട്ട്

text_fields
bookmark_border
Listen to this Article

ധുനിക ഹിന്ദി, ഉർദു സാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരന്മാരിൽ ഒരാളാണ് മുൻഷി പ്രേംചന്ദ്. 1880 ജൂലൈ 31ന് വാരാണസിക്ക് അടുത്തുള്ള ലമഹിയിലാണ് ജനനം. പ്രേംചന്ദിന്റെ കുട്ടിക്കാലത്തെ പേര് ധനപത്റായ് എന്നായിരുന്നു. പ്രേംചന്ദ് എന്ന തൂലികാനാമം സ്വീകരിക്കുന്നതിന് മുമ്പ് അദ്ദേഹം ഉർദുവിൽ നവാബ്റായ് എന്ന പേരിലാണ് എഴുതിയിരുന്നത്. ഹിന്ദി സാഹിത്യത്തിലെ ഉപന്യാസ് സമ്രാട്ട് (നോവൽ ചക്രവർത്തി) എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം 1936 ഒക്ടോബർ എട്ടിന് അന്തരിച്ചു.

മുൻഷി പ്രേംചന്ദിന്റെ വളരെ പ്രസക്തമായ നോവലാണ് ഗോദാൻ. 'കർഷകരുടെ മഹാകാവ്യം' എന്നാണ് ഗോദാൻ നോവലിനെ വിശേഷിപ്പിക്കുന്നത്. 1936ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ഗ്രാമത്തിന്റെയും നഗരത്തിന്റെയും രണ്ട് കഥകളുടെ യാഥാർഥ്യവും ജീവിതപ്രശ്നങ്ങളും ചിത്രീകരിച്ച പ്രേംചന്ദിന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് ഗോദാൻ.

ഗോദാൻ ഹോറിയുടെ കഥയാണ്. ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്യുന്ന ഹോറി പലവിധ കഷ്ടപ്പാടുകളും അനുഭവിക്കുന്നു. എന്നാൽ, അതിന്റെ ഫലം ഹോറിക്ക് ലഭിക്കുന്നില്ല. ഈ നോവലിലെ നായകൻ ഹോറി ഒരു സാധാരണ കർഷകനായിരുന്നു. ധനിയ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ഗോബർ എന്ന മകനും സോന, രൂപ എന്നീ രണ്ടു പെൺമക്കളും അടങ്ങിയ കുടുംബമായിരുന്നു ഹോറിയുടേത്. അടിസ്ഥാനപരമായ ഒരു സൗകര്യവും അവർക്ക് ഉണ്ടായിരുന്നില്ല. വർഷങ്ങളായി ഹോറിക്ക് ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ, വീട്ടിൽ ഒരു പശു ഉണ്ടായിരിക്കണം എന്നത്. ഭോല എന്ന വ്യക്തിയിലൂടെ അദ്ദേഹത്തിന്റെ ഈ ആഗ്രഹം നിറവേറുന്നു.

പശു വന്നതിൽ ഹോറി ഉൾപ്പെടെ വീട്ടിൽ എല്ലാവരും വളരെയധികം സന്തോഷിക്കുന്നു. എന്നാൽ, കടത്തിന്റെയും വാടകയുടെയും കാര്യം ആലോചിച്ച് ഹോറി വ്യാകുലപ്പെടുന്നു. ഹോറിയുടെ വീട്ടിൽ പശു വന്നതിൽ ഇഷ്ടപ്പെടാതെ ഹോറിയുടെ സഹോദരന്മാരായ ശോഭയും ഹീരയും ഗൂഢാലോചന നടത്തി, പശുവിന് കാലിത്തീറ്റയിൽ വിഷം കലർത്തി കൊടുക്കുന്നു. അങ്ങനെ പശു മരണപ്പെടുന്നു. പശുവിന്റെ മരണത്തിൽ ഹീരയുടെ വീട്ടിൽ പരിശോധന നടത്തണമെന്ന് പൊലീസ് ആവശ്യപ്പെടുന്നു. എന്നാൽ, ഹോറി അത് ആഗ്രഹിച്ചിരുന്നില്ല. അതിനാൽ കൈക്കൂലി കൊടുത്ത് അവരെ മടക്കിയയക്കാൻ നോക്കുന്നു. എന്നാൽ, ധനിയ അതിന് എതിര് നിൽക്കുന്നു.

അതിനിടെ ഹോറിയുടെ മകൻ ഗോബർ ഭോലയുടെ വിധവയായ മകൾ ജുനിയയുമായി പ്രണയത്തിലാവുകയും അതിനുശേഷം ഗർഭിണിയായ ജുനിയയെ ഉപേക്ഷിച്ച് പട്ടണത്തിലേക്ക് കടന്നുകളയുകയും ചെയ്യുന്നു. അതിനാൽ പഞ്ചായത്തിൽ ഹോറിയും കുടുംബവും അപമാനിക്കപ്പെടുന്നു. പഞ്ചായത്തിലെ ശിക്ഷ അനുസരിച്ച് ഹോറി തന്റെ വിളവിന്റെ പകുതി പഞ്ചായത്തിൽ നൽകണം എന്നതായിരുന്നു വ്യവസ്ഥ. അങ്ങനെ അവസാനം ഹോറിക്ക് എല്ലാം നഷ്ടപ്പെടുന്നു. ഇതിനിടയിൽ ഗോബർ തിരികെ നാട്ടിൽ വരുകയും തന്റെ അച്ഛന്റെ കടങ്ങളെല്ലാം തീർക്കുകയും ചെയ്യുന്നു. എന്നാൽ, പൈസക്ക് പിന്നെയും ആവശ്യം വന്നതിനാൽ ഗോബർ തിരികെ പട്ടണത്തിലേക്കുതന്നെ മടങ്ങുന്നു.

ഓരോ ദിവസം കഴിയുംതോറും ഹോറിയുടെ നില അതിഗുരുതരമാവുകയും അദ്ദേഹം മരണപ്പെടുകയും ചെയ്യുന്നു. ഹോറിയുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ധനിയയോട്, ആളുകൾക്ക് ഭക്ഷണവും ആചാരമനുഷ്ഠിക്കുന്ന പണ്ഡിതന് ഒരു പശുവിനെയും ദാനം ചെയ്യണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നു. അങ്ങനെ അവസാനം പശുവിനെ കൊണ്ടുപോകാതെ ചടങ്ങുകൾ നടത്താൻ പണ്ഡിതൻ വിസമ്മതിക്കുകയും ഹോറിയുടെ ഭാര്യ ധനിയ അവിടെ തളർന്നുവീഴുകയും ചെയ്യുന്നതോടുകൂടി നോവൽ അവസാനിക്കുന്നു.

പ്രേംചന്ദ് നോവലിസ്റ്റ് മാത്രമല്ല, നല്ലൊരു കഥാകാരനുമായിരുന്നു. മനുഷ്യജീവിതത്തിന്റെ സൂക്ഷ്മമായ ആഖ്യാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ മിക്ക കഥകളും. പൂസ് കീ രാത്, ബൂഢി കാക്കി, ദോ ബൈലോം കി കഥാ, ബഡേ ഘർ കി ബേടി, പരീക്ഷ തുടങ്ങിയവ അവയിൽ ചിലതു മാത്രം. ഹിന്ദി സാഹിത്യം പ്രേംചന്ദിനാൽ എന്നും തിളങ്ങിനിൽക്കും.

Show Full Article
TAGS:Premchand 
News Summary - Munshi Premchand birth anniversary
Next Story