
പാത്രങ്ങളുടെ താഴ്വര
text_fieldsകണ്ണെത്താദൂരത്തോളം നിറഞ്ഞുകിടക്കുന്ന താഴ്വരയിൽ ചിതറിക്കിടക്കുന്ന ആയിരക്കണക്കിന് കല്ലുപാത്രങ്ങൾ. അതാണ് പ്ലെയിൻ ഓഫ് ജാർസ്. തെക്കുകിഴക്കൻ ഏഷ്യയിൽ തായ്ലൻഡ്, വിയറ്റ്നാം, കമ്പോഡിയ, മ്യാന്മർ, ചൈന എന്നിവക്കിടയിലുള്ള ലാവോസ് എന്ന രാജ്യത്താണ് പ്ലെയിൻ ഓഫ് ജാർസ് സ്ഥിതിചെയ്യുന്നത്.
ലാവോസിലെ സിയാങ്ഖോങ് പീഠഭൂമിയുടെ മധ്യസമതല പ്രദേശത്തുള്ള താഴ്വരകളിലാണ് ഈ കല്ലുപാത്രങ്ങൾ സ്ഥിതിചെയ്യുന്നത്. ചരിത്രാതീത ശ്മശാന സമ്പ്രദായങ്ങളുമായി ഈ ജാറുകൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഫ്രഞ്ച് ഗവേഷകനായ മദെലെയ്ൻ കൊലനി 1930ൽ കണ്ടെത്തിയിട്ടുണ്ട്. ബി.സി 1240 മുതൽ 660 വരെയുള്ള കാലഘട്ടത്തിലാണ് ഈ ജാറുകൾ സ്ഥാപിച്ചതെന്ന് ചരിത്രഗവേഷകന്മാർ പറയുന്നു. ജാറുകൾ നിർമിക്കാനുപയോഗിച്ച പാറകൾ എട്ടു കിലോമീറ്റർ അകലെയുള്ള ക്വാറികളിൽനിന്നാണെന്നും അവർ കണ്ടെത്തി. ഒന്നു മുതൽ മൂന്ന് മീറ്റർ വരെ ഉയരമുള്ള ഈ കൽപാത്രങ്ങൾക്ക് 14 ടൺ വരെ ഭാരം കണക്കാക്കിയിട്ടുണ്ട്. സിയാങ്ഖോങ് പ്രവിശ്യയുടെ പലയിടങ്ങളിലും ഇത്തരത്തിലുള്ള നിരവധി കൽപാത്രങ്ങൾ കണ്ടെത്താനായിട്ടുണ്ട്.
നമ്മുടെ നാട്ടിൽ കണ്ടെത്തിയിട്ടുള്ള നന്നങ്ങാടികളുമായി ഇവക്ക് ഏറെ സാമ്യമുണ്ട്. ഇവിടെ നടന്ന ഗവേഷണങ്ങളിൽനിന്ന് മനുഷ്യാവശിഷ്ടങ്ങളും ശ്മശാന വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രാതീത സ്ഥലങ്ങളിൽ ഒന്നായ പ്ലെയിൻ ഓഫ് ജാർ പ്രദേശം 2019ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടത്തെ കൽപാത്രങ്ങളുടെ അടിഭാഗം മുകൾഭാഗത്തേതിനേക്കാൾ വീതിയുള്ളതാണ്. മിക്ക ജാറുകൾക്കും മൂടികൾ ഉണ്ടായിരുന്നു. എന്നാൽ, അവയിൽ പലതും നശിച്ചുപോയിട്ടുണ്ട്. ചില മൂടികളിൽ മൃഗങ്ങളുടെ രൂപം കൊത്തുപണി ചെയ്തതായും കാണാൻ സാധിക്കും.
1964 - 69 കാലഘട്ടത്തിൽ യു.എസ് സൈന്യം പ്ലെയിൻ ഓഫ് ജാർ പ്രദേശത്ത് ബോംബുകൾ വർഷിച്ചിരുന്നു. ആ ബോംബുകളിൽ പലതും ഇന്നും പൊട്ടാതെ നിലനിൽക്കുന്നതിനാൽ സഞ്ചാരികൾക്ക് ഈ പ്രദേശത്ത് യഥേഷ്ടം സഞ്ചരിക്കാനാവില്ല. അവർക്ക് സഞ്ചരിക്കാനാവുന്ന പ്രദേശങ്ങൾ മാത്രം ഇവിടെ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. യുനെസ്കോയുടെ സഹകരണത്തോടെ ബോംബുകൾ നീക്കംചെയ്യാനുള്ള പ്രവൃത്തികൾ നടന്നുവരുകയാണ്. എല്ലാദിവസവും രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ച് മണി വരെ ഇവിടം സന്ദർശിക്കാം.