
കാന്തിക പാറകളുടെ പ്യൂമ പുങ്കു
text_fieldsനമ്മെ അത്ഭുതപ്പെടുത്തുന്ന ഒത്തിരി ഇടങ്ങൾ ഭൂമിയിലുണ്ട്. അവയിലൊന്നാണ് ബൊളീവിയയിലെ ടിവാനകുവിനു സമീപം സ്ഥിതിചെയ്യുന്ന പ്യൂമ പുങ്കു എന്ന ക്ഷേത്ര സമുച്ചയം. ബൊളീവിയൻ പ്രാദേശിക ഗോത്ര ഭാഷയിൽ പ്യൂമ പുങ്കു എന്നാൽ പ്യൂമയുടെ കവാടം എന്നാണ് അർഥം. പെറുവിയൻ ഐതിഹ്യങ്ങൾ പ്രകാരം പ്യൂമ, പാമ്പ്, കഴുകൻ എന്നീ ജീവജാലങ്ങൾക്കാണ് ഏറെ പ്രാധാന്യം നൽകി വരുന്നത്.
പ്യൂമയെ അധികാരത്തിന്റെയും ശക്തിയുടെയും അടയാളമായിട്ടാണ് പെറുവിയൻ ഐതിഹ്യങ്ങൾ കണക്കാക്കുന്നത്. വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലുമുള്ള പാറകളാണ് പ്യൂമ പുങ്കുവിലെ പ്രധാന സവിശേഷത. എന്നാൽ, ഇവ ആര് എന്തിനു നിർമിച്ചു എന്നുള്ളത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. പുരാവസ്തു ഗവേഷകരും ജിയോളജിസ്റ്റുകളും ഇതിനു ഉത്തരം കണ്ടെത്താൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ടൺ കണക്കിന് ഭാരമുള്ളവയാണ് പ്യൂമ പുങ്കുവിലെ ഓരോ ശിലകളും.
എന്നാൽ, ഇവയോരോന്നും എങ്ങനെ ആ കുന്നിൻ മുകളിൽ എത്തിച്ചു എന്നുള്ളതിന് ഇന്നും ഉത്തരമില്ല. മാത്രമല്ല ഇവിടത്തെ പല പാറകളിലും വടക്കുനോക്കിയന്ത്രം വെച്ച് നോക്കിയാൽ അതിന്റെ ദിശ തെറ്റുന്നതായി നമുക്ക് കാണാൻ സാധിക്കും. അവയിലേക്ക് വൈദ്യുത കാന്തിക തരംഗങ്ങൾ വൻതോതിൽ പതിച്ചിട്ടുണ്ടാകാമെന്നാണ് ഗവേഷകർ കരുതുന്നത്. അതിനാലായിരിക്കണം അവയുടെ ദിശ തെറ്റുന്നതെന്നും അവർ പറയുന്നു.
ബൊളീവിയയിൽ ഇൻകാ നാഗരികത അധികാരമേറുന്നതിനു മുമ്പ് എ.ഡി 300 നും 1000 നും ഇടയിൽ ഇവിടം വാണിരുന്ന ടിവാനകു വംശമാണ് പ്യൂമ പുങ്കു ക്ഷേത്ര സമുച്ചയത്തിന്റെ നിർമാണത്തിനു പിന്നിലെന്നാണ് ഒരു കൂട്ടം ഗവേഷകർ പറയുന്നത്. കാർബൺ ഡേറ്റിങ് പരിശോധനയിൽ എ.ഡി 536- 600 കാലഘട്ടത്തിലാണ് പ്യൂമ പുങ്കുവിന്റെ നിർമാണം ആരംഭിച്ചതെന്നും വ്യക്തമാകുന്നു. ഓരോ ശിലകളിലെയും കൊത്തുപണികൾ ഏവരെയും ആശ്ചര്യപ്പെടുത്തുന്നവയാണ്.
ആധുനിക കാലത്തെ ഉപകരണങ്ങൾ ഉപയോഗിച്ച് കൊത്തുപണി ചെയ്തതുപോലെയാണ് പ്യൂമ പുങ്കുവിലെ കൊത്തുപണികളെ ഗവേഷകർ വിശേഷിപ്പിക്കുന്നത്. പ്യൂമ പുങ്കുവിലെ ഏറ്റവും വലിയ ശില്പത്തിന് 25.6 അടിയാണ് നീളം. 17 അടി വീതിയുള്ള ശില്പത്തിന് 131 മെട്രിക് ടൺ ഭാരമുണ്ട്. ഒരുകാലത്ത് നിധിവേട്ടക്കാരുടെയും കൊള്ളക്കാരുടെയും ഇഷ്ടകേന്ദ്രമായിരുന്നു ഇവിടം. അമൂല്യമായ ഒട്ടേറെ ശിലകൾ അവർ കൈക്കലാക്കിയിരുന്നു. കൂടാതെ, ഭൂകമ്പവും വെള്ളപ്പൊക്കവും കാരണം പ്യൂമപുങ്കുവിലെ നിരവധി ശിലകൾ നശിച്ച അവസ്ഥയിലാണിപ്പോൾ.