
മേഘവിസ്ഫോടനം
text_fieldsഅമർനാഥിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി പേർക്ക് ജീവൻ നഷ്ടമാകുകയും നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്ത വാർത്തകൾ നിങ്ങൾ വായിച്ചുകാണും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്തരം മഴക്കെടുതികളുടെ വാർത്തകൾ മുമ്പും പുറത്തുവന്നിരുന്നു. പ്രളയവും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം അനേകം ജീവനുകളാണ് ഓരോ മഴക്കാലത്തും നഷ്ടമാകുന്നത്. ഇതിന് ഒരു പരിധിവരെ കാരണമാകുന്നത് മേഘവിസ്ഫോടനം (Cloudburst) എന്ന പ്രതിഭാസവും. വളരെ അപൂർവമായി മാത്രമേ ഇവ സംഭവിക്കാറുള്ളൂ. എന്നാൽ, ഇവകൊണ്ടുണ്ടാവുന്ന നാശനഷ്ടങ്ങളുടെ തോത് വളരെ വലുതായിരിക്കും.
എന്താണ് മേഘവിസ്ഫോടനം?
കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രദേശത്ത് പെയ്യുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം എന്നറിയപ്പെടുന്നത്. ഏകദേശം 20 മുതൽ 30 ചതുരശ്ര കിലോമീറ്റർ വരെയുള്ള ഭൂപ്രദേശത്ത് മണിക്കൂറിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുകയാണെങ്കിൽ അതിനെ മേഘവിസ്ഫോടനം എന്നു വിളിക്കാം.
മഴമേഘങ്ങൾ
അന്തരീക്ഷത്തിലെ നീരാവി ഘനീഭവിച്ചാണ് മേഘങ്ങൾ രൂപപ്പെടുന്നത്. മേഘങ്ങളെ അവയുടെ രൂപത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു. ക്യുമുലസ് മേഘങ്ങൾ (കൂമ്പാര മേഘങ്ങൾ), സ്ട്രാറ്റസ് മേഘങ്ങൾ (പാളി മേഘങ്ങൾ), സിറസ് മേഘങ്ങൾ (തൂവൽമേഘങ്ങൾ) എന്നിവയാണവ. മഴമേഘങ്ങൾ പൊതുവെ രണ്ടുതരമാണുള്ളത് ക്യുമുലോ നിംബസും നിംബോ സ്ട്രാറ്റസും. ഇവയിൽ ക്യുമുലോ നിംബസ് മേഘങ്ങളാണ് മേഘവിസ്ഫോടനത്തിന് കാരണമാകുന്നത്. അന്തരീക്ഷത്തിൽ ഒറ്റപ്പെട്ടോ ചങ്ങലപോലെ കൂട്ടമായോ ഇവ കാണപ്പെടാറുണ്ട്. ഇരുണ്ട നിറത്തിൽ കണ്ടുവരുന്ന ക്യുമുലോ നിംബസ് മേഘങ്ങൾ ഇടിയോടുകൂടിയ ശക്തമായ മഴക്ക് കാരണമാകും.
മേഘവിസ്ഫോടനം ഉണ്ടാവുന്നതെങ്ങനെ?
മേഘങ്ങളിൽ ഏറ്റവും വലുപ്പമേറിയ ഇനമാണ് ക്യുമുലോ നിംബസ്. അന്തരീക്ഷത്തിന്റെ താഴെതട്ടിൽനിന്ന് ആരംഭിച്ച് ഏകദേശം 13 കിലോമീറ്റർ വരെ ഉയരത്തിലുള്ള അന്തരീക്ഷ മേഖലയിൽ വരെ ഇവ രൂപപ്പെടാറുണ്ട്. ഇങ്ങനെ രൂപപ്പെടുന്ന വലിയ ക്യുമുലോ നിംബസ് മേഘങ്ങളാണ് മേഘവിസ്ഫോടനത്തിന് കാരണമാവുന്നത്. ഇത്തരം മേഘങ്ങൾക്കുള്ളിൽ ശക്തിയായ വായുപ്രവാഹം ഉണ്ടായിരിക്കും. ചില പ്രത്യേക സാഹചര്യങ്ങളിൽ ഉഷ്ണവായു മുകളിലേക്ക് പ്രവഹിക്കുന്നത് കാരണം ക്യുമുലോ നിംബസ് മേഘങ്ങൾക്ക് മഴയായി പെയ്തിറങ്ങാൻ കഴിയാതെ വരുന്നു. തുടർന്ന് ചംക്രമണരീതിയിൽ ശക്തിയേറിയ വായുപ്രവാഹം ഉണ്ടാവുകയും മേഘങ്ങൾ മുകളിലേക്ക് ഉയരുകയും ചെയ്യുന്നു. മുകളിലേക്ക് പോകുംതോറും അന്തരീക്ഷ താപനില കുറയുന്നതിനാൽ മേഘങ്ങളിലെ നീരാവി മഞ്ഞുകണങ്ങളാവുകയും ഉഷ്ണവായുപ്രവാഹം കുറയുമ്പോൾ ഇവ അന്തരീക്ഷത്തിന്റെ താഴെതട്ടിലെത്തുകയും ചെയ്യും. കൂടാതെ, വലുപ്പം കൂടിയ മഴത്തുള്ളികളുണ്ടാകും. ഒരു ഘട്ടത്തിനുശേഷം, മഴത്തുള്ളികൾ മേഘത്തിന് പിടിച്ചുനിൽക്കാൻ കഴിയാത്തവിധം കനത്തതായിത്തീരുകയും പെട്ടെന്നുള്ള പൊട്ടിത്തെറിയിൽ അവ ഒരുമിച്ച് പേമാരിയായി താഴേക്കു പതിക്കുന്നു.
വളരെ ഉയർന്ന പ്രദേശങ്ങളിലാണ് സാധാരണയായി മേഘവിസ്ഫോടനം ഉണ്ടാവാറുള്ളത്. മേഘവിസ്ഫോടനം ഉണ്ടായി മിനിറ്റുകൾക്കുള്ളിൽ പ്രദേശം പ്രളയത്തിലാവുകയും കനത്ത നാശനഷ്ടമുണ്ടാവുകും ചെയ്യുന്നു. എന്നാൽ മേഘവിസ്ഫോടനം നേരത്തെ പ്രവചിക്കാൻ കഴിയില്ല. കൂടാതെ വളരെ കുറഞ്ഞ സമയത്ത് പെയ്യുന്ന എല്ലാ മഴകളും മേഘവിസ്ഫോടനമല്ല എന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. ഇന്ത്യയിൽ ഇതുവരെ എത്ര മേഘവിസ്ഫോടനം നടന്നു ന്നതിന് കൃത്യമായ രേഖകളില്ല.