
എന്തൊരു പകൽ! എന്തൊരു രാത്രി!
text_fieldsരാവിലെ എഴുന്നേറ്റ് പല്ലുതേച്ച് ചായയും കുടിച്ച് കുളിയും കഴിഞ്ഞ് നേരെ സ്കൂളിലേക്ക്. പിന്നെ അവിടത്തെ പഠനവും കളിയുമെല്ലാം കഴിഞ്ഞ് വീട്ടിലെത്തി യൂനിഫോം പോലും മാറ്റാതെ കളിസ്ഥലത്തേക്ക്. ഇരുട്ടാകുംവരെ പിന്നെ വീട്ടുകാർക്ക് കാണാൻപോലും കിട്ടില്ല. രാത്രി വീട്ടിലെത്തി കുളിയും ഭക്ഷണവും കഴിഞ്ഞ് 10 മണി കഴിയുമ്പോഴേക്ക് ഉറക്കം. 24 മണിക്കൂറിനെ സ്കൂൾ, കളി, ഉറക്കം എന്നിങ്ങനെ തിരിച്ചുവെച്ചിട്ടുണ്ടാകും കൂട്ടുകാർ. രാത്രിയും പകലും ഉള്ളതുകൊണ്ടാണ് ഈ വേർതിരിവ് കൃത്യമായി മനസ്സിലാകുന്നത് അല്ലേ? അപ്പോൾ ഒരു ദിവസം രാത്രി തീരെ ഇല്ലെങ്കിലോ? അങ്ങനെയുണ്ടാകുമോ എന്നല്ലേ... ഉണ്ട്. തുടർച്ചയായി പകലുകളും രാത്രികളുമുള്ള ഇടങ്ങളും ഈ ഭൂമിയിലുണ്ട്.
പകലും രാത്രിയും
അന്റാർട്ടിക്കയിൽ ഏകദേശം ആറുമാസം തുടർച്ചയായ പകലും (polar day or midnight sun) ഏകദേശം ആറുമാസം തുടർച്ചയായ രാത്രിയും (polar night) അനുഭവപ്പെടും. ഇതിന് കാരണം ഭൂമിയുടെ അച്ചുതണ്ടിന്റെ (axis) ചരിവാണ്.
ധ്രുവ പകൽ (Polar Day)
ദക്ഷിണാർധഗോളത്തിലെ (Southern Hemisphere) വേനൽക്കാലത്താണ് ധ്രുവ പകൽ അനുഭവപ്പെടുന്നത്. ഈ സമയത്ത്, ഭൂമി സൂര്യന് അഭിമുഖമായി ചരിയുന്നതിനാൽ, സൂര്യൻ ചക്രവാളത്തിന് മുകളിൽ തന്നെ നിലകൊള്ളുന്നു. അതിന്റെ ഫലമായി ഇവിടെ 24 മണിക്കൂറും സൂര്യരശ്മി ലഭിക്കുന്നു. അതായത്, സൂര്യൻ അസ്തമിക്കുകയില്ല എന്നർഥം. ഇതിനെ അർധരാത്രിയിലെ സൂര്യൻ (Midnight Sun) എന്നും വിളിക്കാറുണ്ട്. മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഈ പകൽ സമയത്ത്, സൂര്യൻ ആകാശത്തിലൂടെ വലംവെക്കുന്നതായി തോന്നും.
ധ്രുവ രാത്രി (Polar Night)
ദക്ഷിണാർധ ഗോളത്തിലെ ശൈത്യകാലത്താണ് ധ്രുവരാത്രി അനുഭവപ്പെടുന്നത്. ഈ സമയത്ത്, ഭൂമി സൂര്യനിൽനിന്ന് അകന്ന് ചരിയുന്നതിനാൽ, അന്റാർട്ടിക്ക പൂർണമായും സൂര്യരശ്മിയിൽനിന്ന് മറഞ്ഞിരിക്കും. അതിന്റെ ഫലമായി ഇവിടെ 24 മണിക്കൂറും ഇരുട്ടായിരിക്കും. സൂര്യൻ ചക്രവാളത്തിന് താഴെയായി നിലകൊള്ളുന്നതിനാൽ സൂര്യോദയമോ സൂര്യാസ്തമയമോ ഉണ്ടാകില്ല.
ഒറ്റനോട്ടത്തില്‍
വിസ്തൃതി -1,40,00,000 ച.കി.മീ
ജനസംഖ്യ -സ്ഥിരവാസികളില്ല
സ്ഥാനം -ഭൂമിയുടെ തെക്കേയറ്റം
കടലോര വിസ്തൃതി -17,968 കി.മീ,
അന്റാർട്ടിക്കൻ ഭൂഖണ്ഡത്തെ പശ്ചിമ, പൂര്‍വ ഭാഗങ്ങളായി വേര്‍തിരിക്കുന്ന പര്‍വതനിര –ട്രാന്‍സ് അന്റാർട്ടിക് പര്‍വതനിര
ഏറ്റവും ഉയരമുള്ള കൊടുമുടി –വിന്‍സണ്‍ മാസിഫ് (ഉയരം 4,892 മീറ്റര്‍ –എന്ഡ്വര്ത്ത് പര്‍വതനിരയില്‍ സ്ഥിതിചെയ്യുന്നു)
അന്റാര്‍റ്റിക്കൊസ്
സ്ഥിരമായി മനുഷ്യവാസമില്ലാത്ത അന്റാർട്ടിക്കയിൽ 98 ശതമാനവും മഞ്ഞുമൂടിക്കിടക്കുകയാണ്. ഗവേഷണ ആവശ്യങ്ങള്‍ക്കായി ആയിരക്കണക്കിനാളുകൾ ഇവിടെയെത്തുന്നുണ്ട്. ‘ആർട്ടിക്കിന് എതിര്‍വശത്തുള്ള’ എന്നർഥം വരുന്ന ‘അന്റാര്‍റ്റിക്കൊസ്’ എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് അന്റാർട്ടിക്ക എന്ന പേരുണ്ടായത്. സാധാരണ ജനജീവിതം ഇവിടെ സാധ്യമല്ല. കൊടും തണുപ്പിനെ അതിജീവിക്കാൻ കഴിയുന്ന ചില ജീവജാലങ്ങൾ മാത്രമാണ് ഇവിടത്തെ സ്ഥിരതാമസക്കാർ.
എങ്ങനെ തണുത്തുറഞ്ഞു?
20 കോടി വര്‍ഷം മുമ്പ് ഭൂമധ്യരേഖ അന്റാർട്ടിക്കയിലൂടെയാണ് കടന്നുപോയിരുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. നിബിഢമായ മഴക്കാടുകള്‍ ഇവിടെ സമൃദ്ധമായിരുന്നത്രേ. കാലക്രമേണയാണ് ഇവിടം മഞ്ഞുമൂടി തണുത്തുറഞ്ഞത്. ഭൂമി ഒരു പന്താണെന്നു കരുതുക. ഇരുപത്തിമൂന്നര ഡിഗ്രി ചരിഞ്ഞുനില്‍ക്കുന്ന ഒരുപന്ത്. ഈ പന്ത് സൂര്യനെ എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു പ്രാവശ്യം ചുറ്റിവരാന്‍ ഒരുവര്‍ഷം വേണം. ഈ പന്ത് അൽപം ചരിഞ്ഞതുകൊണ്ട് ഇതിന്റെ മധ്യഭാഗത്ത് കിട്ടുന്ന സൂര്യപ്രകാശം താഴെയും മുകളിലും കിട്ടില്ല. അതുകൊണ്ടാണ് ആര്‍ട്ടിക്കിലും അന്റാർട്ടിക്കയിലും ആറുമാസം നീണ്ട രാത്രിയും ആറുമാസം നീണ്ട പകലും അനുഭവപ്പെടുന്നത്. ഇങ്ങനെ ലക്ഷക്കണക്കിനു വര്‍ഷം സൂര്യപ്രകാശം വേണ്ടത്ര ലഭിക്കാതെ ഈ പ്രദേശങ്ങള്‍ തണുത്തുറയാന്‍ തുടങ്ങി. അങ്ങനെ മഞ്ഞുകട്ടകള്‍ നീണ്ടുപരന്നുകിടക്കുന്ന ഒരു പ്രദേശമായി മാറി അന്റാർട്ടിക്ക. ഈ മഞ്ഞുകട്ടകള്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മഞ്ഞുകട്ടകള്‍ ഒരു കണ്ണാടിപോലെ പ്രവര്‍ത്തിക്കും. വല്ലപ്പോഴും കിട്ടുന്ന സൂര്യപ്രകാശത്തെ ഒരു കണ്ണാടിപോലെ തിരിച്ചുവിടും. സൂര്യപ്രകാശത്തിന്റെ നല്ലൊരു ഭാഗം ഇങ്ങനെ തിരിച്ചുപോവുന്നതുകൊണ്ട് ഇവിടെ ചൂട് പിന്നെയും കുറയും. അങ്ങനെ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് വേണ്ടത്ര സൂര്യപ്രകാശമോ ചൂടോ ലഭിക്കാതെ തണുത്തുറഞ്ഞതാണ് ഇവിടം.
ശക്തമായ കാറ്റ്
ഏറ്റവും വരണ്ടത്, സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും താഴ്ന്നത്, ഏറ്റവും കൂടുതല്‍ മഞ്ഞുമൂടിക്കിടക്കുന്നത്, മറ്റു വന്കരകളില്നിന്നെല്ലാം ഏറ്റവും അകന്നുകിടക്കുന്ന കര, ഏറ്റവും ശക്തിയായ കാറ്റുവീശുന്ന സ്ഥലം ഇങ്ങനെ ഒട്ടേറെ പ്രത്യേകതകളുണ്ട് അന്റാർട്ടിക്കക്ക്. തണുപ്പുകാലത്ത് അന്റാർട്ടിക്ക വളരാന്‍ തുടങ്ങും. ചുറ്റുമുള്ള കടല്‍വെള്ളം ഐസായി ഉറച്ചു കട്ടിയാവുന്നതാണ് ഇങ്ങനെ വളരാന്‍ കാരണം.
ശുദ്ധജല സംഭരണി
ലോകത്തെ മുഴുവൻ ശുദ്ധജലത്തിന്റെ 90 ശതമാനവും അന്റാർട്ടിക്കയിലാണ്. മഞ്ഞുപാളികളായാണ് ഇവ സ്ഥിതിചെയ്യുന്നത്. ഇതില്‍ ഒഴുകുന്ന ഐസ് ഷെല്‍ഫ് 44 ശതമാനം വരും. ഉറച്ച ഹിമഭിത്തികള്‍ 38 ശതമാനവും ഹിമപ്രവാഹം 13 ശതമാനവും വരും.
അന്റാർട്ടിക് ട്രീറ്റി
അന്റാർട്ടിക്കയെ മനുഷ്യരാശിയുടെ വികസനത്തിനും വിജ്ഞാനത്തിനുമായി പ്രയോജനപ്പെടുത്തുന്നതിനുള്ള ഉടമ്പടിയാണ് അന്റാർട്ടിക് ട്രീറ്റി. 1998 ജനുവരി 14ന് ഈ ഉടമ്പടി പ്രാബല്യത്തില്‍ വന്നു. 1959 ഡിസംബറില്‍ 12 രാജ്യങ്ങള്‍ ചേര്‍ന്ന് ഒപ്പുവെച്ച അൻറാർട്ടിക് സന്ധിയടക്കം ഇരുനൂറോളം കരാറുകളാണ് ഇതിൽപെടുന്നത്. ഈ ഉടമ്പടിയില്‍ ഇന്ത്യയും ഒപ്പുവെച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി ഒട്ടേറെ പ്രത്യേകതകളുള്ള അൻറാർട്ടിക്കയിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്നും എന്തെല്ലാം ഒഴിവാക്കണമെന്നും ഈ ഉടമ്പടിയിൽ പറയുന്നുണ്ട്.
ഖനനമില്ലാത്തിടം
എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി, ഇരുമ്പയിര് എന്നിവ ഇവിടെ ധാരാളമുണ്ടെങ്കിലും അന്റാർട്ടിക് ട്രീറ്റിയിലെ എന്വയണ്മെന്റല് പ്രോട്ടോകോള്‍ അനുസരിച്ച് 2048 വരെ ഇവിടെ ഖനനം നിരോധിച്ചിട്ടുണ്ട്. ഇവിടെ ഇത്തരം ഖനന പ്രവർത്തനങ്ങൾ നടത്തുന്നത് ഭൂമിയുടെ മുഴുവൻ സന്തുലിതാവസ്ഥയെ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് അന്റാർട്ടിക് ഉടമ്പടിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
അന്റാർട്ടിക്കയും ഇന്ത്യയും
1981ലാണ് ഇന്ത്യ ആദ്യമായി അന്റാർട്ടിക് പര്യവേക്ഷണത്തിനു തുടക്കമിടുന്നത്. 1983 ഡിസംബറില്‍ ഇന്ത്യ അവിടെ ദക്ഷിണ ഗംഗോത്രി എന്ന പഠന ഗവേഷണ സ്റ്റേഷന് ആരംഭിച്ചു. 1989ല്‍ രണ്ടാമത്തെ സ്റ്റേഷന് മൈത്രി സ്ഥാപിച്ചു. 2012ല്‍ തുടങ്ങിയ സ്റ്റേഷനാണ് ഭാരതി. ലാര്‍സ്മാന്‍ ഹില്‍സിലാണ് ഇതിന്റെ ആസ്ഥാനം.
ദക്ഷിണ ഗംഗോത്രി പി.ഒ
അന്റാർട്ടിക്കയില്‍ ഇന്ത്യക്ക് സ്വന്തമായി ഒരു പോസ്റ്റ് ഓഫിസുണ്ട്, പേര് ദക്ഷിണ ഗംഗോത്രി. 1988ല്‍ ഇന്ത്യന്‍ സംഘത്തിന്റെ മൂന്നാമത്തെ പര്യടനത്തിലാണ് ഈ പോസ്റ്റ് ഓഫിസ് സ്ഥാപിച്ചത്. അന്റാർട്ടിക്കയില്‍ ഇന്ത്യയുടെ ആദ്യ ഗവേഷണ കേന്ദ്രമായ ദക്ഷിണ ഗംഗോത്രിയിലാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. ഗോവ ഡിപ്പാർട്മെൻറ് ഓഫ് പോസ്റ്റാണ് 1988 ജനുവരി 26ന് ദക്ഷിണ ഗംഗോത്രി പോസ്റ്റ് ഓഫിസ് സ്ഥാപിച്ചത്. ശാസ്ത്രജ്ഞനായ ജി. സുധാകര്‍ റാവു ആയിരുന്നു ആദ്യ പോസ്റ്റ്മാസ്റ്റര്‍. 1990ല്‍, പകുതിയോളം മഞ്ഞിനടിയിലായ ദക്ഷിണ ഗംഗോത്രി പ്രവര്‍ത്തനം നിര്‍ത്തി. ശേഷം ഇന്ത്യൻ പോസ്റ്റ് ഓഫിസ് ഇന്ത്യയുടെ രണ്ടാമത്തെ റിസർച് സ്റ്റേഷനായ മൈത്രിയിലേക്ക് മാറ്റി.
ഇവിടെ ആളുണ്ട്
കഠിനമായ തണുപ്പിനെ അതിജീവിച്ച് ഇവിടെ ജീവിക്കുന്നത് ഏതാനും ജീവജാലങ്ങള്‍ മാത്രമാണ്. സസ്യവര്ഗങ്ങളായ പായലുകള്‍, പൂപ്പലുകള്‍, ആല്‍ഗകള്‍ എന്നിവക്കൊപ്പം പൂക്കുന്ന രണ്ടിനം കൂടിയുണ്ട്. അന്റാർട്ടിക് മുടിപ്പുല്ലും (Antarctic hair grass) അന്റാർട്ടിക് പേള്‍വര്‍ട്ടും. ഹിമ കടല്‍പക്ഷി (Snow petrel), അഞ്ചിനം പെന്‍ഗ്വിനുകള്‍, ആല്‍ബട്രോസ് എന്നീ പക്ഷികളും ക്രില്‍, നീലത്തിമിംഗലം, സീല്‍ എന്നിവയും ഏകദേശം 12 മില്ലി മീറ്റര്‍ വലുപ്പമുള്ള ബെല്‍ജിക അന്റാര്‍ട്ടിക (Belgica Antarctica) എന്നയിനം ചിറകില്ലാ പ്രാണിയെയും ഇവിടെ കണ്ടുവരുന്നു.

