
എണ്ണിയാലൊടുങ്ങാത്ത ശബ്ദങ്ങൾ... ശബ്ദ വിശേഷങ്ങളറിയാം
text_fieldsശബ്ദമില്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. സംഗീതം മാത്രമല്ല, എണ്ണിയാലൊടുങ്ങാത്ത അത്രയും ശബ്ദങ്ങൾ നിറഞ്ഞ ചുറ്റുപാടിലാണ് നാം ജീവിക്കുന്നത്. വളരെ ഉച്ചത്തിലുള്ള ശബ്ദം നമുക്ക് പലപ്പോഴും അസഹനീയമാവാറുണ്ട്. ഇത് മനുഷ്യെൻറ മാത്രമല്ല, മറ്റു ജീവികളുടെയും ആരോഗ്യത്തിന് ഹാനികരമാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ശബ്ദവിശേഷങ്ങളറിയാം.
ബാഹ്യകർണം എന്ന് പേരിട്ടിരിക്കുന്ന ഭാഗമാണ് ശബ്ദത്തെ സ്വീകരിച്ച് നമ്മുടെ ശരീരത്തിനുള്ളിലേക്ക് കൊണ്ടുവരുന്നത്. നാം ചെവിക്കല്ല് എന്ന് വിളിക്കുന്ന ചർമത്തിൽ ശബ്ദം എത്തിച്ചേരുകയും ശബ്ദത്തിനൊത്ത് ചലിക്കുകയും ആ ചർമത്തോട് തൊട്ടിരിക്കുന്ന മൂന്ന് എല്ലിൻ കഷണങ്ങൾ ആ ചലനത്തെ കോക്ലിയ എന്ന് പേരുള്ള ആന്തരിക കർണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. കോക്ലിയക്കുള്ളിലെ ഒരു ഭാഗമാണ് ഓർഗൻ ഓഫ് കോർടി എന്ന് വിളിക്കുന്നത്. ഇതിൽ കാണപ്പെടുന്ന ചെറിയ രോമംപോലെയുള്ള കോശങ്ങളാണ് ശബ്ദത്തെ വൈദ്യുതതരംഗങ്ങളാക്കി നാഡീവ്യൂഹത്തിലേക്ക് എത്തിക്കുന്നത്. അവിടെനിന്നും വൈദ്യുതസ്പന്ദനങ്ങൾ തലച്ചോറിലെത്തുമ്പോഴാണ് നാം ശബ്ദം കേൾക്കുന്നത്.
ശ്രവണപരിധി
വ്യത്യസ്ത ആവൃത്തിയിലുള്ള ശബ്ദങ്ങൾ പ്രകൃതിയിൽ ഉണ്ടാകുന്നുണ്ട്. എല്ലാ ആവൃത്തിയിലുള്ള ശബ്ദവും മനുഷ്യന് കേൾക്കാൻ സാധ്യമല്ല. ശരിയായവിധത്തിൽ കേൾവിശക്തിയുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം കേൾക്കാൻ കഴിയുന്ന ശബ്ദത്തിെൻറ കുറഞ്ഞ പരിധി ഏകദേശം 20 Hz ഉം കൂടിയ പരിധി ഏകദേശം 20000 Hz ഉം ആണ്.
ജീവികൾക്ക് കേൾക്കാവുന്ന ശബ്ദം
നിശാശലഭം 300,000 (കേൾക്കാവുന്ന ആവൃത്തി (Hz ൽ)
കോഴി 125 - 2000
വവ്വാൽ 2000-110,000
പൂച്ച 45-64,000
ആട് 100-30,000
നായ 67-45,000
ആന 16-12,000
ഇൻഫ്രാസോണിക്, അൾട്രാസോണിക് ശബ്ദങ്ങൾ
20 Hz ന് താഴെയുള്ള ശബ്ദങ്ങളെ ഇൻഫ്രാസോണിക് ശബ്ദങ്ങളെന്നും 20000 Hz ന് മുകളിലുള്ള ശബ്ദത്തെ അൾട്രാസോണിക് ശബ്ദങ്ങളെന്നും പറയുന്നു. സമുദ്രത്തിെൻറ ആഴമളക്കാനും ജലത്തിനടിയിലെ സ്ഥലങ്ങളുടെ മാപ്പുകൾ തയാറാക്കാനും അൾട്രാസോണിക് ശബ്ദം ഉപയോഗപ്പെടുത്തുന്നു. ഭൂകമ്പം, സൂനാമി എന്നിവയുണ്ടാകുന്നതിന് മുമ്പ് ഇൻഫ്രാസോണിക് ശബ്ദം ഉണ്ടാകാറുണ്ട്. തിമിംഗലം, ആന തുടങ്ങിയ ജീവികൾക്ക് ഈ ശബ്ദം തിരിച്ചറിയാനാവും.
വവ്വാലും പ്രതിധ്വനിയും
വവ്വാലിന് അൾട്രാസോണിക് ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ കഴിയും. അൾട്രാസോണിക് ശബ്ദതരംഗം ഉപയോഗിച്ചാണ് സഞ്ചാരപാതയിലെ തടസ്സങ്ങൾ വവ്വാലുകൾ മനസ്സിലാക്കുന്നതും ഇരതേടുന്നതും. ചെറു തരംഗങ്ങളായിട്ടാണ് വവ്വാലുകൾ ശബ്ദം പുറത്തുവിടുന്നത്. ഒരിക്കൽ പുറത്തുവിട്ട ശബ്ദത്തിെൻറ പ്രതിധ്വനി ലഭിച്ചാൽ മാത്രമേ വവ്വാലുകൾ അടുത്ത ശബ്ദം പുറത്തുവിടൂ.
സംഗീതവും ഒച്ചയും
ശബ്ദങ്ങളിൽനിന്ന് ഉയർന്നുവന്നതാണ് സംഗീതം. സംഗീതസ്വരം ചെവിക്ക് ശല്യം തോന്നാത്ത ശബ്ദമാണ്. ഒച്ചയെന്നാൽ ചെവിക്ക് ശല്യമുണ്ടാക്കും. വ്യത്യസ്തമായുള്ളതും കൃത്യമായ ഇടവേളകളില്ലാത്തതുമായ ശബ്ദമാണിത്.
ഇടിമുഴക്കം
ചൂടുപിടിച്ച വായു വികസിച്ച് അതിവേഗത്തിൽ തെന്നിമാറുകയും ചുറ്റുപാടുനിന്നും ആ ഭാഗത്തേക്ക് തണുത്ത വായു പ്രവഹിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ് ഇടിമുഴക്കം. ഇടിയും മിന്നലും ഒരുമിച്ചാണ് ഉണ്ടാവുന്നതെങ്കിലും മിന്നൽ കണ്ടതിനുശേഷമാണ് നമ്മൾ ഇടിയുടെ ശബ്ദം കേൾക്കാറുള്ളത്. പ്രകാശം ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതാണ് ഇതിന് കാരണം.
മാക്നമ്പർ
മിസൈലുകളുടെയും സൂപ്പർസോണിക് വിമാനങ്ങളുടെയും വേഗം നിർണയിക്കുന്ന യൂനിറ്റാണ് മാക്നമ്പർ. ശബ്ദത്തിെൻറ വായുവിലൂടെയുള്ള വേഗമാണിത്. ഒരു മാക്നമ്പർ 340 മീറ്റർ / സെക്കൻഡ് ആണ്. സൂപ്പർസോണിക് വിമാനങ്ങൾ രൂപപ്പെടുത്തുന്നതിന് വളരെ മുമ്പുതന്നെ ശബ്ദത്തിെൻറ ആഘാത തരംഗങ്ങളെക്കുറിച്ച് ആസ്‌ട്രേലിയക്കാരനായ ഭൗതികശാസ്ത്രജ്ഞൻ ഏണസ്റ്റ് മാക് വിശദീകരിച്ചിരുന്നു. ആദ്ദേഹത്തിെൻറ പേരിലാണ് ഈ നമ്പർ അറിയപ്പെടുന്നത്.
ഭൂമിയിൽ മാത്രം
ശബ്ദം ഭൂമിയിൽ മാത്രമേയുള്ളൂ. കാരണം വായു ഇവിടെ മാത്രമാണുള്ളത്. മറ്റു ഗ്രഹങ്ങളിൽ വായുവില്ലാത്തതിനാൽ ശബ്ദമില്ല. ശബ്ദത്തിന് സഞ്ചരിക്കാൻ വായു വേണം. ബഹിരാകാശത്ത് നടക്കുന്ന സ്ഫോടനങ്ങൾ നമ്മൾ കേൾക്കാത്തത് ഭൂമിക്കും ബഹിരാകാശത്തിനുമിടയിൽ വായുവില്ലാത്തത് കൊണ്ടാണ്.
ശബ്ദമലിനീകരണം
ജീവജാലങ്ങൾക്ക് അസഹനീയമായ രീതിയിൽ ശബ്ദമുണ്ടാക്കുന്നതാണ് ശബ്ദമലിനീകരണം. അമിതമായ ശബ്ദം ബധിരത, ആസ്ത്മ, പഠനവൈകല്യം എന്നിവക്ക് കാരണമാകുന്നു.
ശബ്ദമലിനീകരണം കുറക്കാം
1. വാഹനങ്ങളിൽ എയർ ഹോൺ ഒഴിവാക്കുക.
2. വാഹനങ്ങളുടെ സൈലൻസറുകൾ ശരിയായ വിധം പ്രവർത്തിപ്പിക്കുക.
3. ധാരാളം മരങ്ങൾ വെച്ചുപിടിപ്പിക്കുക. മരങ്ങൾക്ക് ശബ്ദത്തെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്.
4. ആശുപത്രി, വിദ്യാലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ 50 db ക്ക് മുകളിൽ ശബ്ദമുണ്ടാക്കാതിരിക്കുക.
5. ശബ്ദമലിനീകരണം കുറക്കുന്നതിനാവശ്യമായ മാർഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക.