Begin typing your search above and press return to search.
exit_to_app
exit_to_app
The Great Wall of India
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightദി ഗ്രേറ്റ്‌ വാൾ ഓഫ്...

ദി ഗ്രേറ്റ്‌ വാൾ ഓഫ് ഇന്ത്യ

text_fields
bookmark_border

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിതിയായ ചൈനയിലെ വന്മതിലിനെക്കുറിച്ച് കേട്ടിട്ടുണ്ടാവും. അതിശയകരമായ വാസ്തു വിദ്യയുടെ വലിയൊരു ഉദാഹരണമായ ചൈനയിലെ വന്മതിലിനെപ്പോലെയൊരു മതിൽ നമ്മുടെ ഇന്ത്യയിലുമുണ്ട്. യുനസ്കോയുടെ പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ഈ വന്മതിൽ രാജസ്ഥാനിലാണ്.

ചൈനാ വന്മതിൽ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും നീണ്ട മതിൽ എന്നു വിശേഷിപ്പിക്കുന്ന കുംഭൽഗഢ് കോട്ട രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലെ ആരവല്ലി കുന്നുകളിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് 3600 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മതിലിന് 36 കിലോമീറ്റർ നീളവും പതിനഞ്ച് മീറ്റർ വീതിയുമുണ്ട്. കുംഭൽഗഢ് മതിലിന്റെ ഘടനയും രൂപകല്പനയും ചൈനീസ് വന്മതിലിനോട്‌ ഒരു പരിധിവരെ സാമ്യമുള്ളതിനാൽ ഇതിനെ ദി ഗ്രേറ്റ്‌ വാൾ ഓഫ് ഇന്ത്യ എന്നു വിളിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ മേവാർ പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന റാണ കുംഭ എന്ന കുംഭകർണ സിങ്ങിന്റെ കൽപന പ്രകാരം മദൻ എന്നുപേരുള്ള ശില്പിയാണ് കുംഭൽഗഢ് കോട്ടയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അക്കാലത്തെ പ്രധാന രാജവംശങ്ങളായിരുന്ന മേവാറിനെയും മാർവാറിനെയും തമ്മിൽ വേർതിരിച്ചിരുന്നത് കുംഭൽഗഢ് കോട്ട ആയിരുന്നു. ആരവല്ലി പർവതനിരകളുടെ കാടുകൾക്കിടയിൽ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ കോട്ട ഇപ്പോൾ വന്യജീവി സങ്കേതമാക്കി മാറ്റിയിരിക്കുകയാണ്. കുന്നിൻ മുകളിൽ നിർമിച്ച കോട്ട മേവാർ രാജാക്കന്മാരെ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള പ്രധാന സങ്കേതമായി കണക്കാക്കിയിരുന്നു.


ഇഷ്ടികകൾ കൊണ്ടാണ് കോട്ടയുടെ മതിലുകൾ പണിതിരിക്കുന്നത്. വ്യത്യസ്ത മതവിഭാഗങ്ങളുടേതായി നിരവധി ക്ഷേത്രങ്ങളും മറ്റു നിർമിതികളും കോട്ടക്കുള്ളിൽ കാണാം. കോട്ട മുഴുവനുമായി കാണണമെങ്കിൽ രണ്ടോ മൂന്നോ മണിക്കൂർ സമയമെടുക്കും. കോട്ടക്കുള്ളിലെ കൊട്ടാരങ്ങൾ രജപുത്ര വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. ഗുജറാത്ത് ഭരണാധികാരിയായിരുന്ന അഹമ്മദ് ഷാ 1457ൽ കോട്ടക്ക് നേരെ ആക്രമണം നടത്തിയെങ്കിലും കോട്ട പിടിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. 1458 - 1459 ലും 1467 ലും ഖിൽജി രാജാവായിരുന്ന മഹമൂദ് ഖിൽജിയും സൈന്യവും കോട്ടക്ക് നേരെ ആക്രമണം നടത്തിയെങ്കിലും ആ ശ്രമവും വിഫലമാവുകയായിരുന്നു. രാജസ്ഥാനിലെ ശൈത്യകാലമായ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കാലമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഉദയ്പൂരിൽ നിന്നും 85 കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടയിലെത്താം. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശന സമയം.

Show Full Article
TAGS:The Great Wall of India Kumbhalgarh Kumbhal fort 
News Summary - The Great Wall of India
Next Story