Begin typing your search above and press return to search.
exit_to_app
exit_to_app
The story of Thumba Indias first rocket launch site
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightമുക്കുവഗ്രാമമായ...

മുക്കുവഗ്രാമമായ 'തുമ്പ' ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണകേന്ദ്രമായ കഥ

text_fields
bookmark_border

1963 വരെ പുറംലോകത്ത് ഒട്ടുംതന്നെ അറിയപ്പെടാതിരുന്ന ഒരു മുക്കുവഗ്രാമമായിരുന്നു തിരുവനന്തപുരത്തിനടുത്തുള്ള തുമ്പ. കുറെ തെങ്ങുകളും കടൽത്തീരവുമായിരുന്നു തുമ്പയുടെ മുഖമുദ്ര. നല്ല ഒരു റോഡുപോലും ഇവിടേക്കുണ്ടായിരുന്നില്ല. ഇവിടെ ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം വരുക എന്നത് തീർത്തും അസംഭവ്യമായിരുന്നു. എന്നാൽ, ഈ സ്ഥലം ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവായ ഡോ. വിക്രം സാരാഭായിയുടെ ശ്രദ്ധയാകർഷിച്ചു. അങ്ങനെയാണ് അവിടെ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണകേന്ദ്രം വരുന്നത്.

തുമ്പയുടെ പ്രാധാന്യം

ഭൂമിയുടെ കാന്തികമധ്യരേഖയുടെ (magnetic equator) ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഭൂപ്രദേശമാണ് തുമ്പ. സ്വതന്ത്രമായി ചലിക്കാവുന്ന രീതിയിൽ ഭൂമിക്ക് ചുറ്റും വിവിധ സ്ഥാനങ്ങളിൽ കെട്ടിത്തൂക്കുന്ന കാന്തസൂചികൾ ചൂണ്ടിനിൽക്കുന്ന ദിശകളെ ചേർത്തുവരച്ചാൽ ലഭിക്കുന്ന രേഖയാണ് കാന്തികമധ്യരേഖ. ഈ പ്രദേശം ശാസ്ത്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്. ഈ രേഖക്ക് മുകളിലൂടെയാണ് അയണോസ്ഫിയറിലെ ഇലക്ട്രോണുകളുടെ പ്രവാഹം കൂടുതലും നടക്കുന്നത് (ഭൗമോപരിതലത്തിൽ നിന്നും 50 മുതൽ 1000 വരെ കിലോമീറ്റർ ഉയരത്തിൽ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷമേഖലയാണ് അയണോസ്ഫിയർ. പോസിറ്റിവ് ചാർജുള്ള ആറ്റങ്ങൾ അഥവാ അയോണുകളും സ്വതന്ത്രമായ ഇലക്ട്രോണുകളുമാണ് ഇവിടെ പൊതുവെ കാണപ്പെടുന്നത്).

സൗണ്ടിങ്​ റോക്കറ്റുകൾക്ക് പറ്റിയ ഇടം

ബഹിരാകാശ രംഗത്തെ ശൈശവദശയിൽ നാം അയച്ച റോക്കറ്റുകളെല്ലാം സൗണ്ടിങ്​ റോക്കറ്റുകളായിരുന്നു. വലിയ ദൗത്യങ്ങൾക്ക് മുമ്പുള്ള നമ്മുടെ ആദ്യ ചുവടുവെപ്പുകളായിരുന്നു അവ. പേരിലെ 'സൗണ്ടിങ്​' എന്ന വാക്കിന് ശബ്​ദവുമായി ഒരു ബന്ധവുമില്ല. നാവികർ ഉപയോഗിക്കുന്ന ഈ പദത്തിന് 'അളക്കൽ' എന്നാണ് അർഥം. പ്രധാനമായും കാലാവസ്ഥാപഠനമാണ് ഇവയുടെ ലക്ഷ്യം. ബലൂണുകൾ ഉപയോഗിക്കാൻ പറ്റാത്ത അത്ര ഉയരത്തിലും (40 കിലോമീറ്ററിന് മുകളിൽ) ഉപഗ്രഹങ്ങൾക്ക് കറങ്ങാൻ കഴിയാത്തത്ര താഴെയും (100 കിലോമീറ്ററിന് താഴെ) ഉള്ള അന്തരീക്ഷത്തെക്കുറിച്ച് പഠനം നടത്താനാണ് സൗണ്ടിങ്​ റോക്കറ്റുകൾ അയക്കുന്നത്. ഇവയിലെ പേലോഡ് (പരീക്ഷണ ഉപകരണം) ഭൂമിയെ ചുറ്റുകയില്ല. പകരം സാവധാനം താഴോട്ട് വീഴുന്നു. ഇതിനിടയിൽ അന്തരീക്ഷത്തി​െൻറ താപനില, മർദം, ഈർപ്പം, രാസഘടന, കാറ്റ് മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നു. അത് ശാസ്ത്രജ്ഞർക്ക് ലഭ്യമാക്കുന്നു. ഭൂമിയുടെ കാന്തികമധ്യരേഖയുടെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന പ്രദേശമായതിനാൽ തുമ്പയാണ് കാലാവസ്ഥാപഠനത്തിനുള്ള ഇത്തരം റോക്കറ്റുകൾ വിക്ഷേപിക്കാൻ അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും നല്ല ഇടം.

റോക്കറ്റ് വിക്ഷേപണകേന്ദ്രമായി മാറിയ പള്ളി

തുമ്പയിൽ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം സെൻറ് മേരി മഗ്ദലന പള്ളിയുടെ അധീനതയിലായിരുന്നു. ഡോ. വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ഡോ. എ.പി.ജെ. അബ്​ദുൽകലാം ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞരുടെ ഒരു സംഘം അവിടെയെത്തി. അവർ ബിഷപ്​ പീറ്റർ ബെർണാഡ് പെരേരയെക്കണ്ട് ഈ സ്ഥലം രാജ്യത്തിന് വിട്ടുനൽകേണ്ടതി​ന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്തി. അടുത്ത ഞായറാഴ്ച പ്രാർഥനക്കെത്തിയ വിശ്വാസികളുമായി ബിഷപ്​ കാര്യങ്ങൾ ചർച്ച ചെയ്തു. അദ്ദേഹം അവരെക്കൊണ്ട്​ അത്​ അംഗീകരിപ്പിച്ചു. അങ്ങനെ അവിടെയുണ്ടായിരുന്ന ഗ്രാമീണരെല്ലാം മറ്റൊരു ഗ്രാമത്തിലേക്ക് കുടിയേറി. 100 ദിവസം കൊണ്ട് പുതിയ ഗ്രാമത്തിൽ മറ്റൊരു പള്ളി പണിതു. തുമ്പയിലെ പള്ളി റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തി​ന്‍റെ വർക്​ ഷോപ്പായും ബിഷപ്പി​ന്‍റെ വസതി ഓഫിസായും പരിവർത്തിക്കപ്പെട്ടു (ഈ പള്ളി ഇപ്പോൾ സ്പേസ് മ്യൂസിയമായി പ്രവർത്തിക്കുന്നു). കടൽത്തീരത്ത് റോക്കറ്റ് വിക്ഷേപണത്തറയും സജ്ജമാക്കി. അങ്ങനെ തുമ്പയിൽ ഇന്ത്യയിലെ ആദ്യ റോക്കറ്റ് വിക്ഷേപണകേന്ദ്രമായ 'തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്​റ്റേഷൻ'(TERLS) സ്ഥാപിക്കപ്പെട്ടു.

അർപ്പണബോധമുള്ള ശാസ്ത്രജ്ഞർ

1960 കളിൽ തുമ്പ ഏറെ പരിമിതികളുള്ള ഒരു പ്രദേശമായിരുന്നു. ഒരു കാൻറീൻപോലും അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ, ശാസ്ത്രജ്ഞന്മാർ കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടിയോ നടന്നോ തിരുവനന്തപുരം ​െറയിൽവേ സ്​റ്റേഷനരികിലെത്തിയാണ് പ്രാതൽ കഴിച്ചിരുന്നത്. ഉച്ചഭക്ഷണം ഈ വരവിൽ തന്നെ വാങ്ങിക്കൊണ്ടുപോകും. ആകെയുണ്ടായിരുന്ന ഒരു ജീപ്പിന് എപ്പോഴും തിരക്കായിരിക്കും.

കടൽത്തീരത്തുള്ള വിക്ഷേപണ കേന്ദ്രത്തിലേക്ക് റോക്കറ്റ് ഭാഗങ്ങളും പേലോഡുകളും എത്തിച്ചിരുന്നത് സൈക്കിളുകളിലും കാളവണ്ടികളിലുമായിരുന്നു. ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിനൊടുവിൽ 1963 നവംബർ 21ന് 'നിക് അപ്പാച്ചെ' എന്ന ഇന്ത്യയുടെ ആദ്യത്തെ സൗണ്ടിങ്​ റോക്കറ്റ് തുമ്പയിൽ നിന്നും കുതിച്ചുയർന്നു. ആരാധനാലയങ്ങളുടെ പേരിൽ പടവെട്ടുന്ന ഇക്കാലത്തെ മനുഷ്യന് വലിയ പാഠവും പ്രചോദനവുമാണ് തുമ്പ നൽകുന്നത്.

Show Full Article
TAGS:Thumba rocket launch 
News Summary - The story of Thumba Indias first rocket launch site
Next Story