
2025ൽ നൊബേൽ പുരസ്കാരം നേടിയവരെ അറിയാം
text_fieldsലോകത്തിലെ ഏറ്റവും ഉയർന്ന പുരസ്കാരമാണ് നൊബേൽ പ്രൈസ്. വിവിധ രംഗങ്ങളിലെ മഹത്തായ സംഭാവനകൾക്ക് 1901 മുതൽ നൊബേൽ പുരസ്കാരം നൽകിവരുന്നു. രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ ആറു രംഗങ്ങളിലെ മഹത്തായ സംഭാവനകൾക്കാണ് രസതന്ത്രജ്ഞനും എൻജിനീയറുമായിരുന്ന ആൽഫ്രഡ് നൊബേലിന്റെ പേരിൽ പുരസ്കാരങ്ങൾ നൽകുന്നത്. ലിംഗ, ജാതി, മത, രാഷ്ട്ര ഭേദമന്യേയാണ് നൊബേൽ സമ്മാനം നൽകിവരുന്നത്.ആൽഫ്രഡ് നൊബേലുമായി ബന്ധമില്ലാത്ത, നൊബേലിൽ ഉൾപ്പെടുന്ന ഏക പുരസ്കാരം സാമ്പത്തിക ശാസ്ത്രത്തിന് നൽകുന്ന പുരസ്കാരമാണ്. 1969 മുതലാണ് സാമ്പത്തിക നൊബേലിന്റെ തുടക്കം. സ്വീഡനിലെ റിക്സ് ബാങ്കിന്റെ300ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഈ പുരസ്കാര വിതരണം. അതിനാൽ ബാങ്ക് ഓഫ് സ്വീഡൻ പ്രൈസ് എന്നും ഇത് അറിയപ്പെടുന്നു. സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിൽ വെച്ചാണ് സമാധാനം ഒഴികെയുള്ള ജേതാക്കൾക്ക് പുരസ്കാരം നൽകുക. ആൽഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബർ 10നാണ് പുരസ്കാര വിതരണച്ചടങ്ങ്. നോർവേ തലസ്ഥാനമായ ഓസ്ലോയിൽ സമാധാന പുരസ്കാരവും അന്നേദിവസം വിതരണം ചെയ്യും.
- ഏറ്റവും പ്രായംകുറഞ്ഞ നൊബേൽ ജേതാവ് -മലാല യൂസുഫ് സായ് (2014ലെ സമാധാന നൊബേൽ 17ാം വയസ്സിൽ നേടി)
- സമാധാന നൊബേലിന് അർഹമായ ആദ്യ സംഘടന -ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ ലോ (1904ൽ)
- ഏറ്റവും കൂടുതൽ തവണ നൊബേലിന് അർഹരായ സംഘടന -റെഡ്ക്രോസ് (1917, 1944, 1963 വർഷങ്ങളിൽ)
- ആദ്യമായി നൊബേൽ ലഭിച്ച ഇന്ത്യക്കാരൻ -രവീന്ദ്രനാഥ ടാഗോർ. 1913ൽ സാഹിത്യത്തിന്
- നൊബേൽ നേടിയ ആദ്യ വനിത - മാഡം ക്യൂറി -1903
- ആദ്യമായി നൊബേൽ പങ്കിട്ട ദമ്പതികൾ-പിയറി ക്യൂറിയും മാഡം ക്യൂറിയും -1903
- ആദ്യമായി നൊബേൽ സ്വന്തമാക്കിയ അച്ഛനും മകനും -വില്യം ബ്രാഗ്, ലോറൻസ് ബ്രാഗ് -1915
- ആദ്യമായി നൊബേൽ പുരസ്കാരം നേടിയ അച്ഛനും മകളും -പിയറി ക്യൂറി, ഐറീൻ ജാലിയട്ട് ക്യൂറി
- ആദ്യമായി നൊബേൽ നേടിയ അമ്മയും മകളും -മേരി ക്യൂറി (1903, 1911), ഐറീൻ ജാലിയട്ട് ക്യൂറി -1935
വൈദ്യശാസ്ത്ര നൊബേൽ
ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നുവെന്ന കണ്ടെത്തലിനാണ് മേരി ഇ. ബ്രങ്കോ (യു.എസ്), ഫ്രെഡ് റാംസ്ഡെൽ (യു.എസ്), ഷിമോൺ സകാഗുച്ചി (ജപ്പാൻ) എന്നീ ശാസ്ത്രജ്ഞർക്ക് വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം. ശരീരത്തിന് ശക്തമായൊരു രോഗപ്രതിരോധ സംവിധാനമുണ്ടെന്ന് നേരത്തെതന്നെ ശാസ്ത്രലോകത്തിന് അറിയാമായിരുന്നു. ഈ സംവിധാനം നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ അവ സ്വശരീരത്തെയും അവയവങ്ങളെയും ആക്രമിക്കുമെന്നും അതുവഴി ഓട്ടോ ഇമ്യൂൺ രോഗങ്ങളുണ്ടാകുകയും ചെയ്യും. എന്നാൽ, ശരീരത്തെ ദോഷകരമായി ബാധിക്കുംവിധം പ്രവർത്തിക്കുന്നതിൽ രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്ന ഘടകങ്ങൾ എന്തായിരിക്കുമെന്ന് ’90കൾ വരെ ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്നു. ശരീരത്തിന് ഹാനികരമാകുംവിധം രോഗപ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നതിൽനിന്ന് തടയുന്ന ‘പെരിഫറൽ ഇമ്യൂൺ ടോളറൻസ്’ എന്ന സുരക്ഷാ സംവിധാനത്തെക്കുറിച്ച് 1995ൽ ഷിമോൺ സകാഗുച്ചി തിരിച്ചറിഞ്ഞു. ആറ് വർഷങ്ങൾക്കുശേഷം മേരി ഇ. ബ്രങ്കോ (യു.എസ്), ഫ്രെഡ് റാംസ്ഡെൽ എന്നിവർ എലികളിൽ നടത്തിയ പരീക്ഷണത്തിൽ ടി സെല്ലുകളെ തിരിച്ചറിഞ്ഞു. പ്രതിരോധ സംവിധാനത്തിന്റെ സെക്യൂരിറ്റി ഗാർഡുകൾ എന്നറിയപ്പെടുന്ന റെഗുലേറ്ററി ടി സെല്ലുകളാണ് പ്രതിരോധ കോശങ്ങളിൽ ശരീരത്തിന് ഹാനികരമാകുന്നവയെ തടയുന്നതെന്ന് വ്യക്തമായി. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ വൈദ്യശാസ്ത്രത്തിലുണ്ടായ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായാണ് ഓട്ടോ ഇമ്യൂൺ അസുഖങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ വിലയിരുത്തപ്പെടുന്നത്. ഓട്ടോ ഇമ്യൂൺ അസുഖങ്ങളുടെ ചികിത്സ, കാൻസർ ഇമ്യൂണോ തെറപ്പി, അവയവമാറ്റ ശസ്ത്രക്രിയ തുടങ്ങിയ മേഖലകളിൽ ഈ കണ്ടെത്തൽ വൻകുതിപ്പിന് വഴിയൊരുക്കി.
ഭൗതികശാസ്ത്ര നൊബേൽ
ക്വാണ്ടം ബലതന്ത്രത്തിന്റെ (ക്വാണ്ടം മെക്കാനിക്സ്) അടിസ്ഥാന സങ്കൽപങ്ങളെ തിരുത്തുകയും പുതിയ ഗവേഷണങ്ങൾക്ക് വിത്തുപാകുകയും ചെയ്ത പരീക്ഷണം നടത്തിയ ജോൺ ക്ലാർക്, മിഷേൽ എച്ച്.ഡിവോറെ, ജോൺ മാർട്ടിനിസ് എന്നിവർക്കാണ് ഭൗതിക നൊബേൽ. ബ്രിട്ടീഷ് അമേരിക്കൻ ശാസ്ത്രജ്ഞനും കാലിഫോർണിയ സർവകലാശാലയിലെ പ്രഫസറുമാണ് ജോൺ ക്ലാർക്. ഫ്രഞ്ച് അമേരിക്കൻ ശാസ്ത്രജ്ഞനും യേൽ സർവകലാശാലയിലെ പ്രഫസറുമാണ് മിഷേൽ എച്ച്.ഡിവോറെ. ഗൂഗ്ളിന്റെ ക്വാണ്ടം കമ്പ്യൂട്ടിങ് പ്രൊജക്ടിലൂടെ പ്രശസ്തനായ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനാണ് ജോൺ മാർട്ടിനിസ്. മൂവരും ഏതാണ്ട് 40 വർഷം മുമ്പ് നടത്തിയ പരീക്ഷണം ക്വാണ്ടം കമ്പ്യൂട്ടിങ് ഉൾപ്പെടെയുള്ള മേഖലകളിൽ വൻ മുന്നേറ്റത്തിന് കാരണമായി.
പരമാണുതലത്തിൽ (മൈക്രോസ്കോപിക്) ദ്രവ്യത്തിന്റെ പ്രവർത്തനങ്ങളും മറ്റും വിശദീകരിക്കുന്ന ശാഖയാണ് ക്വാണ്ടം മെക്കാനിക്സ്. നൂറുവർഷത്തോളമായി, ഈ ശാസ്ത്രശാഖയുമായി ബന്ധപ്പെട്ട പല ഗവേഷണങ്ങളും ലോകത്ത് നടക്കുന്നുണ്ട്. എന്നാൽ, ഇതേ പരീക്ഷണങ്ങൾ മാക്രോസ്കോപിക് അളവിൽ സാധ്യമാകുമോ എന്നാണ് പുരസ്കാര ജേതാക്കൾ 1984ലും ’85ലും നടത്തിയ പരീക്ഷണങ്ങളിലൂടെ അന്വേഷിച്ചത്. വൈദ്യുതി സർക്യൂട്ടിൽ ക്വാണ്ടം മെക്കാനിക്കൽ ടണലിങ്ങും എനർജി ക്വാണ്ടൈസേഷനും സാധ്യമാണെന്ന് പരീക്ഷണത്തിൽ തെളിഞ്ഞതോടെ, കാലങ്ങളായി ഈ ശാസ്ത്രശാഖയിൽ നിലനിന്നിരുന്ന ധാരണകൾ തിരുത്തപ്പെട്ടു. ഒരാളുടെ കൈപ്പത്തിയിൽ ഉൾക്കൊള്ളാവുന്ന ഇലക്ട്രിക് സർക്യൂട്ട് ആണ് ഇവർ പരീക്ഷണത്തിനായി ഉപയോഗിച്ചത്. രണ്ട് അതിചാലകങ്ങൾ (സൂപ്പർ കണ്ടക്ടറുകൾ) ഉപയോഗിച്ചാണ് സർക്യൂട്ട് നിർമിച്ചത്. അവയെ തമ്മിൽ വേർതിരിക്കുന്ന മറ്റൊരു നേർത്ത അചാലകവും. ജോസഫ്സൺ ജങ്ഷൻ എന്നാണ് ഈ ഘടന അറിയപ്പെടുന്നത്.
സർക്യൂട്ടിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസങ്ങൾ ഇവർക്ക് നേരിട്ട് നിരീക്ഷിക്കാൻ കഴിഞ്ഞു. സൂപ്പർ കണ്ടക്ടറിലൂടെ നിരവധി ചാർജിത കണങ്ങൾ സഞ്ചരിക്കുന്നുവെങ്കിലും സർക്യൂട്ടിൽ അവയെല്ലാം ഒരൊറ്റ കണമെന്ന നിലയിൽ പ്രവർത്തിക്കുന്ന ഒരു മാക്രോസ്കോപ്പിക് സിസ്റ്റമായി മാറുന്നത് ഇവർ ശ്രദ്ധിച്ചു. അചാലകത്തിനടുത്തെത്തുമ്പോൾ നേരിയ വൈദ്യുതി തടസ്സം ശ്രദ്ധിച്ചു; എന്നാൽ, ക്വാണ്ടം ടണലിങ്ങിലൂടെ ഈ സിസ്റ്റം ഈ അവസ്ഥയിൽനിന്ന് മോചിതമാവുകയും വോൾട്ടേജിന്റെ രൂപത്തിൽ മാറ്റം പ്രകടമാക്കുകയും ചെയ്തു. ക്വാണ്ടം മെക്കാനിക്സ് പ്രവചിക്കുന്നതുപോലെ, സിസ്റ്റം നിർദിഷ്ട അളവിൽ മാത്രം ഊർജം ആഗിരണം ചെയ്യുകയോ പുറന്തള്ളുകയോ ചെയ്യുന്ന ക്വാണ്ടൈസ്ഡ് സ്വഭാവവും ഇവർ തെളിയിച്ചു.
രസതന്ത്ര നൊബേൽ
മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്ക് (എം.ഒ.എഫ്) എന്ന തന്മാത്ര ഘടന രൂപകൽപന ചെയ്തതിന് സുസുമു കിറ്റാഗവ (ജപ്പാൻ), റിച്ചാർഡ് റോബ്സൺ (ബ്രിട്ടൻ), ഉമർ മുവന്നിസ് യാഗി (ജോർഡൻ) എന്നിവർ രസതന്ത്ര നൊബേലിന് അർഹരായി. സുസുമു ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലും റോബ്സൺ മെൽബൺ യൂനിവേഴ്സിറ്റിയിലും ഉമർ കാലിഫോർണിയ സർവകലാശാലയിലും ഗവേഷകരാണ്. നൊബേൽ ചരിത്രത്തിൽ ഇതാദ്യമാണ് അഭയാർഥിത്വ അനുഭവമുള്ളൊരാൾ ശാസ്ത്ര നൊബേൽ നേടുന്നത്. ഫലസ്തീൻ വംശജനാണ് ഉമർ യാഗി.
മനുഷ്യനിർമിത പദാർഥങ്ങളിൽ നവീനമായ ഒന്നാണ് എം.ഒ.എഫ്. ഖരാവസ്ഥയിൽ അതിനുള്ളിൽ ധാരാളം അറകളടങ്ങിയ ക്രിസ്റ്റലുകൾ രൂപപ്പെടുന്നു. ഈ പ്രത്യേക ഘടനകാരണം ഇവക്ക് പല വസ്തുക്കളെയും ആഗിരണം ചെയ്യാനും സംഭരിക്കാനും കഴിയും. ഈ സവിശേഷതയെ ശാസ്ത്രലോകം വിവിധ നിർമിതികൾ നടത്തി പ്രയോഗവത്കരിച്ചു. മരുഭൂമിയിൽ അന്തരീക്ഷവായുവിൽനിന്ന് ഈർപ്പം വലിച്ചെടുത്ത് ജലം സംഭരിക്കുക; ഹൈഡ്രജൻ, കാർബൺഡയോക്സൈഡ് പോലുള്ള വാതകങ്ങൾ ആഗിരണം ചെയ്ത് സൂക്ഷിക്കുക; വിഷവാതകങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക തുടങ്ങി ഒട്ടേറെ നിർമിതികൾ മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്ക് എന്ന ആശയത്തിലൂടെ സാധ്യമായി.
സാഹിത്യ നൊബേൽ
ലാസ്ലോ ക്രാസ്നഹോർകൈ
തത്ത്വശാസ്ത്ര ഗഹനതയും ഹാസ്യവും സമാന്തര രേഖകൾ പോലെ വാക്കുകളിൽ ഒപ്പിയെടുത്ത ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകൈ ആണ് സാഹിത്യ നൊബേൽ നേടിയത്. അതിഭീകരമായ പരിസരങ്ങളിലും കലയുടെ ശക്തിയിൽ വിശ്വാസമർപ്പിക്കുന്ന നിലപാടുകളുള്ള എഴുത്തുകാരനാണ് ലാസ്ലോ. 1985ൽ പ്രസിദ്ധീകരിച്ച സെയ്റ്റൻടാൻഗോ എന്ന ആദ്യ നോവലിലൂടെ എഴുത്തുകാരനെന്ന നിലയിൽ സ്വന്തം ഇടമുറപ്പിച്ചു. 2015ൽ മാൻ ബൂക്കർ ഇന്റർനാഷനൽ പ്രൈസ് ലഭിച്ചു. ‘ദ മെലൻക്വലി ഓഫ് റെസിസ്റ്റൻസ്’, ‘ദ പ്രിസണർ ഓഫ് ഊർഗ’, ‘വാർ ആൻഡ് വാർ’, ‘സെയോബോ ദേർ ബിലോ’ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
സമാധാന നൊബേൽ
മരിയ കൊരീന മഷാദോ

