വലത്തോട്ട് ചായുന്ന യൂറോപ്പ്; ലാറ്റിനമേരിക്കയിൽ ഇടതുവസന്തം
text_fieldsബ്രസീൽ പ്രസിഡന്റ് ലൂലാ ഡ സിൽവ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ
യൂറോപ്പ് വലത്തോട്ടും ലാറ്റിനമേരിക്ക ഇടത്തോട്ടും ചായുന്നതാണ് രാജ്യാന്തര രാഷ്ട്രീയം ശ്രദ്ധിക്കുന്നവർക്ക് മനസ്സിലാകുന്ന ദിശ. കേവല അധികാരത്തിനപ്പുറം യൂറോപ്പിന്റെ മനസ്സിൽ തീവ്രദേശീയതയും വലതുപക്ഷ മൂല്യങ്ങളും കുടിയേറ്റ വിരുദ്ധതയും ഇസ്‍ലാമോഫോബിയയും പിടിമുറുക്കിവരുന്നതാണ് കാണുന്നത്. രണ്ടാം ലോക യുദ്ധത്തിന് ശേഷം ഇതാദ്യമായി തീവ്ര വലതുപക്ഷ നിലപാടുകളുള്ള ഒരു ഭരണകൂടം ഇറ്റലിയില്‍ അധികാരത്തിലേക്കെത്തി. ബ്രദേഴ്‌സ് ഇറ്റലിയുടെ ജോര്‍ജിയ മെലോനി രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി. മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും വലതുപക്ഷ പാർട്ടികൾക്ക് പ്രതീക്ഷ നൽകുന്നതാണ് മെലോനിയുടെ മുന്നേറ്റം.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ വിപ്ലവ മുദ്രാവാക്യങ്ങള്‍ ലോകജനതയെ പഠിപ്പിച്ച ഫ്രഞ്ച് വിപ്ലവത്തിന്റെ നാട്ടില്‍ വെറുപ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടുന്നു. ഫ്രാന്‍സിന്റെ മുക്കിലും മൂലയിലും വലതുപക്ഷ സ്ഥാനാര്‍ഥിയായ ലി പെന്‍ വോട്ട് വിഹിതം വര്‍ധിപ്പിച്ചു. യൂറോപ്പിലെ വലുതും ചെറുതുമായ 14 രാജ്യങ്ങളില്‍ 14 ഇനം നാഷനലിസ്റ്റ് പാര്‍ട്ടികള്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ അവരുടെ സ്ഥിതി മെച്ചപ്പെടുത്തി. ഹംഗറിയിലെ ഫിഡെസ് പാര്‍ട്ടി, സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്വിസ് പീപിള്‍സ് പാര്‍ട്ടി, ഫിന്‍ലന്‍ഡിലെ ദ ഫിന്‍സ്, ഓസ്ട്രിയയിലെ ഫ്രീഡം പാര്‍ട്ടി, ബെല്‍ജിയത്തിലെ ന്യൂ ഫ്ലെമിഷ് അലയന്‍സ്, സ്വീഡനിലെ സ്വീഡന്‍ ഡെമൊക്രാറ്റ്‌സ്, നെതര്‍ലന്‍ഡിലെ ഫ്രീഡം പാര്‍ട്ടി, ജര്‍മനിയിലെ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി, ചെക്ക് റിപ്പബ്ലിക്കിലെ ഫ്രീഡം ആന്‍ഡ് ഡയറക്ട് ഡെമോക്രസി, ഡെന്‍മാര്‍ക്കിലെ ഡാനിഷ് പാര്‍ട്ടി, എസ്റ്റോണിയയിലെ കണ്‍സര്‍വേറ്റീവ് പീപിള്‍സ് പാര്‍ട്ടി, സ്ലോവാക്യയിലെ അവര്‍ സ്ലോവാക്യ, പോളണ്ടിലെ കോണ്‍ഫെഡറേഷന്‍, ഇറ്റലിയിലെ ദ ലീഗ്, ഗ്രീസിലെ ഗ്രീക്ക് സൊലൂഷന്‍, സൈപ്രസിലെ ഇലാം, സ്‌പെയിനിലെ ഫോക്‌സ് എന്നീ പാര്‍ട്ടികളെല്ലാം ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ വലതുപക്ഷ സ്വാധീനം വര്‍ധിപ്പിച്ചു. പോളണ്ട് പ്രസിഡന്റ് ആൻഡ്രിസെജ് ഡൂഡ ട്രംപ് ആശയങ്ങളെ ഇഷ്ടപ്പെടുന്നയാളാണ്. ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബനും അങ്ങനെതന്നെ. ഹംഗറി അധികകാലം പൂർണ ജനാധിപത്യ രാജ്യമായിരിക്കില്ലെന്ന യൂറോപ്യൻ പാർലമെന്റ് അടുത്തിടെ നടത്തിയ പ്രസ്താവനയും ഇതോടൊപ്പം ചേർത്തുവായിക്കണം. അതിര്‍ത്തികള്‍ കൊട്ടിയടക്കുക, കുടിയേറ്റങ്ങള്‍ തടയുക, വംശീയ ന്യൂനപക്ഷങ്ങൾക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുക തുടങ്ങിയ അജണ്ടകളിൽ ഊന്നിയാണ് വലതുപക്ഷ പാർട്ടികളുടെ പ്രചാരണം. കോവിഡ്, യുക്രെയ്ൻ യുദ്ധം, ഭരണകൂടങ്ങളുടെ പിടിപ്പുകേട് തുടങ്ങിയ കാരണങ്ങൾ കൊണ്ടുണ്ടായ സാമ്പത്തികമുരടിപ്പിന്റെയും കുറ്റം കുടിയേറ്റക്കാരിൽ കെട്ടിവെക്കാനാണ് അവർ ശ്രമിക്കുന്നത്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ
അതേസമയം, ലാറ്റിനമേരിക്ക ഇടതുപക്ഷത്തേക്ക് ചായുകയാണെന്ന സൂചനയാണ് സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്. നേരത്തെ ഇടതുപക്ഷത്തെ പുൽകുകയും പിന്നീട് വലത്തോട്ട് തിരിയുകയും ചെയ്തതിന് ശേഷമാണ് മേഖലയിൽ വീണ്ടും ഇടതുപക്ഷം കരുത്താർജിക്കുന്നത്. ബ്രസീലിൽ ജെയർ ബോൾസോനാരോയുടെ നാലുവർഷ ഭരണത്തിന് അന്ത്യംകുറിച്ച് വർക്കേഴ്സ് പാർട്ടി നേതാവ് ലൂല ഡ സിൽവ നടത്തിയ ഗംഭീര തിരിച്ചുവരവാണ് ഒടുവിലത്തേത്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രാഷ്ട്രീയ മാതൃകകൾ പിന്തുടരുന്ന കടുത്ത വലതുപക്ഷ നേതാവായ ബൊൽസനാരോയെ ‘ട്രംപ് ഓഫ് ദി ട്രോപിക്സ്’ എന്നു വിളിച്ചിരുന്നു.
ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യ മാർക്സിസ്റ്റ് പ്രസിഡന്റായിരുന്നു 1970ൽ ചിലിയിൽ അധികാരത്തിലെത്തിയ സാൽവദോർ അലെൻഡെ. 1973ൽ പട്ടാള അട്ടിമറിയിലൂടെ അലെൻഡെയെ പുറത്താക്കി അധികാരത്തിലെത്തിയത് ക്രൂരനായ ഏകാധിപതി അഗസ്റ്റോ പിനോഷെയാണ്. 1990വരെ പിനോഷെ അധികാരത്തിൽ തുടർന്നു. പിനോഷെയുടെ ചിലി ഇന്ന് ഭരിക്കുന്നത് കമ്യൂണിസ്റ്റ് നേതാവായ ഗബ്രിയേൽ ബോറിക് ആണ്.
കൊളംബിയയിൽ ഗുസ്താവോ പെട്രോയുടെ നേതൃത്വത്തിൽ ഇടതുപക്ഷം അധികാരം പിടിച്ചു. ഹോണ്ടുറസിൽ ഇടതുനേതാവായ സിയോമാര കാസ്ട്രോയുടെ തിരിച്ചുവരവിനും മാധുര്യമുണ്ട്. 12 വർഷം മുമ്പ് സിയോമാരയുടെ ഭർത്താവ് മാനുവൽ സെലയയെ സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയാണ് വലതുപക്ഷം ഭരണംപിടിച്ചത്. അർജന്റീനയിൽ വലതുപക്ഷ പ്രസിഡന്റ് മൗറിസിയോ മാക്രിയെ പരാജയപ്പെടുത്തി ആൽബെർട്ടോ ഫെർണാണ്ടസ് അധികാരത്തിലെത്തി. മെക്സിക്കോയിലും ഇടതുപക്ഷം വിജയിച്ചു. ബൊളീവിയയിലും ഇടതുപക്ഷമാണ് അധികാരത്തിൽ. പെഡ്രോ കാസ്റ്റില്ലോയെന്ന ഇടതുനേതാവിനെ പാർലമെന്റ് ഇംപീച്ച്മെന്റിലൂടെ പുറത്താക്കിയ പെറുവിൽ പ്രക്ഷോഭവും അടിയന്തരാവസ്ഥയും തുടരുകയാണ്.