വൈക്കം മുഹമ്മദ് ബഷീർ; ച്ചിരിപ്പിടി വർത്തമാനം
text_fieldsഎണ്ണമറ്റ കൃതികൾക്കൊന്നും തൂലിക ചലിപ്പിക്കാതെ തന്നെ വിശ്വസാഹിത്യത്തിന്റെ മട്ടുപ്പാവിൽ കസേര വലിച്ചിട്ടിരുന്ന വിഖ്യാതനായ എഴുത്തുകാരനാണ് ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീർ. ബഷീർ കുട്ടി എന്നായിരുന്നു യഥാർഥ നാമം.
നാടൻ ഭാഷാപ്രയോഗങ്ങളുമായി നർമത്തിൽ പൊതിഞ്ഞ എഴുത്ത് രീതിയാണ് ബഷീറിന്റെ രചനകളെ വ്യത്യസ്തമാക്കുന്നത്. ഭാഷാപ്രയോഗങ്ങൾ മാത്രമല്ല, അർഥമില്ലാത്ത വാക്കുകളെപോലും ഫലപ്രദമായി സമന്വയിപ്പിച്ച് ആസ്വാദനത്തിെൻറ പുതിയ ലോകം തന്നെ വായനക്കാർക്ക് ബഷീർ സമ്മാനിച്ചു. ബഡുക്കൂസ്, ലൊഡുക്കൂസ്, ച്ചിരിപ്പിടിയോളം, ബുദ്ദൂസ്, ഉമ്മിണിശ്ശ, ഇമ്മിണി ബല്യ ഒന്ന് തുടങ്ങിയ വാക്കുകളും പ്രയോഗങ്ങളും ബഷീർ കൃതികളുടെ പ്രത്യേകതയാണ്. തീവ്രമായ ജീവിതാനുഭവങ്ങളാണ് ബഷീർ രചനകളുടെ ആണിക്കല്ല്.
ഉമ്മാ ഞാൻ ഗാന്ധിജിയെ തൊട്ടു
1908 ജനുവരി 21ന് കായി അബ്ദുറഹിമാെൻറയും കുഞ്ഞാത്തുമ്മയുടെയും ആറു മക്കളിൽ മൂത്ത മകനായി കോട്ടയം വൈക്കത്തിനടുത്ത് തലയോലപറമ്പിലായിരുന്നു ബഷീറിന്റെ ജനനം (ബഷീറിെൻറ ജനന തീയതിയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്, ബഷീർ തന്നെ പറഞ്ഞിരുന്നു അതേക്കുറിച്ച് തനിക്കുതന്നെ കൃത്യമായി അറിയില്ല എന്ന്). അബ്ദുൽഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ.
തലയോലപറമ്പ് മലയാളം പള്ളിക്കൂടത്തിലും ശേഷം വൈക്കം ഇംഗ്ലീഷ് സ്കൂളിലുമായിരുന്നു ബഷീറിന്റെ പഠനം. പഠന കാലത്ത് ഒരിക്കൽ ഗാന്ധിജിയെ കാണാനുള്ള അടക്കാനാകാത്ത ആഗ്രഹം മൂലം വീടു വിട്ടിറങ്ങിയ ബഷീർ കോഴിക്കോട്ടെത്തിയിരുന്നു. ''ഉമ്മാ ഞാൻ ഗാന്ധിജിയെ തൊട്ടു'' എന്ന് അഭിമാനപൂർവം ബഷീർ പറഞ്ഞിരുന്നു. പിൽക്കാലത്ത് സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനാവുകയും സമരത്തിന്റെ തീച്ചൂളയിലേക്ക് അദ്ദേഹം എടുത്തുചാടുകയും ചെയ്തു.
1930 ൽ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് ജയിൽവാസമനുഷ്ഠിച്ച ബഷീർ ബ്രിട്ടീഷ് സൈന്യത്തിന്റെ ക്രൂര മർദനവും ഏറ്റുവാങ്ങിയിരുന്നു. പിന്നീട് ഭഗത് സിങ്ങിന്റെ പ്രവർത്തനരീതിയിൽ ആകൃഷ്ടനായ ബഷീർ ഭഗത് സിങ് മാതൃകയിൽ സംഘടനക്ക് രൂപംകൊടുത്തു. സംഘടനയുടെ മുഖപത്രമായ 'ഉജ്ജീവന'ത്തിലൂടെയാണ് ബഷീറിന്റെ എഴുത്തുകളിൽ ആദ്യമായി അച്ചടിമഷി പുരളുന്നത്. 'പ്രഭ' എന്ന അപരനാമത്തിലായിരുന്നു ബഷീർ ലേഖനങ്ങൾ എഴുതിയിരുന്നത്. സർ സി.പിയെ വിമർശിച്ച് ലേഖനമെഴുതിയതിനെ തുടർന്ന് ബഷീർ രണ്ടു വർഷത്തെ കഠിന തടവിന് ജയിലിലടക്കപ്പെട്ടു.
'മതിലുകൾ'ക്കപ്പുറം
ജയിൽ ജീവിത കാലത്താണ് അദ്ദേഹം 'മതിലുകൾ' എന്ന കൃതിയുടെ രചന നിർവഹിച്ചത്. പത്മനാഭ പൈ പത്രാധിപരായിരുന്ന 'ജയകേസരി'യിൽ പ്രസിദ്ധീകരിച്ച 'തങ്കം' ആണ് ആദ്യം പ്രസിദ്ധീകരിച്ച കഥ. പാത്തുമ്മയുടെ ആട്, സ്ഥലത്തെ പ്രധാന ദിവ്യൻ, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, പ്രേമലേഖനം, മതിലുകൾ, മുച്ചീട്ടുകളിക്കാരന്റെ മകൾ, പൂവൻപഴം, ബാല്യകാലസഖി, വിശ്വവിഖ്യാതമായ മൂക്ക്, ഭാർഗവീനിലയം (നീലവെളിച്ചം എന്ന ചെറുകഥ തിരക്കഥയാക്കിയത്), കഥാബീജം (നാടകത്തിെൻറ തിരക്കഥ), ജന്മദിനം, ഓർമക്കുറിപ്പ്, അനർഘനിമിഷം, വിഡ്ഢികളുടെ സ്വർഗം, പാവപ്പെട്ടവരുടെ വേശ്യ, ജീവിത നിഴൽപ്പാടുകൾ, വിശപ്പ്, താരാസ്‌പെഷൽസ്, മാന്ത്രികപ്പൂച്ച, നേരും നുണയും, ഓർമയുടെ അറകൾ (ഓർമക്കുറിപ്പുകൾ) ആനപ്പൂട, ചിരിക്കുന്ന മരപ്പാവ, ശിങ്കിടി മുങ്കൻ, ചെവിയോർക്കുക! അന്തിമകാഹളം..., സർപ്പയജ്ഞം (ബാലസാഹിത്യം), യാ ഇലാഹി (മരണശേഷം പ്രസിദ്ധീകരിച്ചത്) തുടങ്ങിയവ അദ്ദേഹത്തിന്റെ ചില ശ്രദ്ധേയമായ രചനകളാണ്.
താൻ ജീവിക്കുന്നതോ ജീവിച്ചിരുന്നതോ ആയ ചുറ്റുപാടുകളിൽനിന്നാണ് പലപ്പോഴും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ രൂപംകൊള്ളാറുള്ളത്. മനുഷ്യർ മാത്രമല്ല, ആട്, പട്ടി, പൂച്ച, കാക്ക തുടങ്ങിയ ജീവികളും ബഷീറിന്റെ കഥാപാത്രങ്ങളായിരുന്നു.
എട്ടുകാലി മമ്മൂഞ്ഞ്, മണ്ടൻ മുത്തപ്പ, ഒറ്റക്കണ്ണൻ പോക്കറ്, ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ, തുരപ്പൻ അവറാൻ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം ജീവസ്സുറ്റതായിരുന്നു. അവ വായനക്കാരന്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.
സ്വയം കഥയായ് മാറിയ ഇതിഹാസം
കഥകൾ പറഞ്ഞുപറഞ്ഞ് സ്വയം കഥയായ് മാറിയ ഇതിഹാസം എന്നായിരുന്നു ബഷീറിനെ ഗുരുവായി കാണുന്ന എം.ടി. വാസുദേവൻ നായർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1970), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1981), കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദം (1987), സംസ്കാരദീപം അവാർഡ് (1987), പ്രേംനസീർ അവാർഡ് (1992) ലളിതാംബിക അന്തർജനം അവാർഡ് (1992), മുട്ടത്തുവർക്കി അവാർഡ് (1993), വള്ളത്തോൾ പുരസ്കാരം (1993) എന്നിവ അദ്ദേഹത്തെ തേടിയെത്തി. 1982 ൽ രാജ്യം വൈക്കം മുഹമ്മദ് ബഷീറിനെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.
ജീവിതത്തിെൻറ 'ഫാ'യും 'ബി'യും
1957 ഡിസംബർ 18ന് തന്‍റെ 50ാം വയസ്സിലായിരുന്നു ബഷീറിന്റെ വിവാഹം. അരീക്കാടൻ കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പിൽ തൊണ്ടിയിൽ ഖദീജയുടെയും ഏഴു മക്കളിൽ മൂത്തവളായ ഫാത്തിമ ബീവിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഫാത്തിമയുടെ 'ഫാ'യും ബീവിയുടെ 'ബി'യും ചേർത്ത് ഫാബി ബഷീർ എന്ന പേരിലാണ് ഫാത്തിമ ബീവി പിന്നീട് അറിയപ്പെട്ടത്. കോഴിക്കോടിനടുത്ത് ബേപ്പൂർ എന്ന സ്ഥലത്ത് വയലാലിൽ എന്ന വീട്ടിലായിരുന്നു ബഷീർ ശിഷ്ടകാലം ജീവിച്ചത്. ബഷീറിനൊപ്പമുണ്ടായിരുന്ന ജീവിതത്തെ കുറിച്ച് ഫാബി എഴുതിയ 'ബഷീറിന്റെ എടിയേ' എന്ന ആത്മകഥ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
ച്ചിരിപ്പിടിയോളം അനുഭവങ്ങൾ
എഴുത്തുകാരൻ എന്നതിലുപരി ബഷീർ ഒരു സഞ്ചാരി കൂടിയായിരുന്നു. ഒമ്പതു വർഷക്കാലത്തോളം അദ്ദേഹം ഇന്ത്യക്കകത്തും പുറത്തുമായി അലഞ്ഞുനടന്നു.ഉത്തരേന്ത്യയിൽ സന്യാസികളുടെയും സൂഫിവര്യന്മാരുടെയുമെല്ലാം ഒപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ആഫ്രിക്കയിലും അറേബ്യയിലുമെല്ലാം അദ്ദേഹം സന്ദർശനം നടത്തി. ഇക്കാലയളവിൽ ജീവിക്കാനായി ബഷീർ ചെയ്ത ജോലികൾ നിരവധിയായിരുന്നു. കൈനോട്ടക്കാരൻ, പാചകക്കാരൻ, മാജിക്കുകാരന്റെ സഹായി, ഇംഗ്ലീഷ് ട്യൂഷൻ ടീച്ചർ, ഗേറ്റ് കീപ്പർ, ഹോട്ടൽ ജീവനക്കാരൻ തുടങ്ങി നിരവധി വേഷങ്ങൾ അദ്ദേഹം ജീവിതത്തിൽ ആടിത്തീർത്തു. കറാച്ചിയിൽ ഹോട്ടൽ നടത്തിയിരുന്ന ബഷീർ ലാഹോറിലെ സിവിൽ മിലിറ്ററി ഗസറ്റ് പത്രത്തിൽ കോപ്പി ഹോൾഡറായും ജോലി ചെയ്തിരുന്നു. ഇതിനകം പല ഭാഷകളും അദ്ദേഹം സ്വായത്തമാക്കിയിരുന്നു.
എഴുത്തുകാരനായതിനെക്കുറിച്ച് ബഷീർ വിവരിക്കുന്നതിങ്ങനെയാണ്; ''ഞാൻ എഴുത്തുകാരനായത് യാദൃച്ഛിക സംഭവമൊന്നുമല്ല. ഒമ്പതു കൊല്ലം ലക്കും ലഗാനുമില്ലാതെ എന്നു പറഞ്ഞമാതിരി ഇന്ത്യാ മഹാരാജ്യത്ത് മുഴുവൻ ചുറ്റിക്കറങ്ങി. രാജ്യങ്ങൾ അടച്ചു വലവീശിയമാതിരിയാണ് കറങ്ങിയത്. അനിശ്ചിതമായ കാലഘട്ടം. വെയിലും മഴയും ചൂടും തണുപ്പും ഒക്കെ സഹിച്ചുള്ള സഞ്ചാരം. അവസാനം സ്വന്തം നാടായ കേരളത്തിൽ തിരിച്ചെത്തി. ആകെ സ്വന്തമായി ഒരു പേന മാത്രമാണ് ഉണ്ടായിരുന്നത്. കുഴിമടിയന്മാരായ ബഡുക്കൂസുകൾക്ക് പറ്റിയ പണിയെപ്പറ്റി തലപുകഞ്ഞാലോചിച്ചപ്പോൾ നിധികിട്ടിയമാതിരി ഒരെണ്ണം കിട്ടി; സാഹിത്യം. എഴുത്തുകാരനാവുക. വലിയ ബുദ്ധിയൊന്നും വേണ്ട. ചുമ്മാ എവിടെയെങ്കിലും കുത്തിയിരുന്ന് എഴുതിയാൽ മതി. അനുഭവങ്ങൾ ഇച്ചിരിപ്പിടിയോളം ഉണ്ടല്ലോ. അവനെയൊക്കെ കാച്ചിയാൽ മതി, എഴുതി. അങ്ങനെ ഞാൻ എഴുത്തുകാരനായി.''
ബഷീർ 'സന്യാസി'
എഴുത്തുകാരനായിരുന്നില്ലെങ്കിൽ താനൊരു സന്യാസിയായേനെയെന്ന് ഒരിക്കൽ തമാശ രൂപേണ ബഷീർ പറഞ്ഞിട്ടുണ്ട്. മുൻകൂട്ടി തീരുമാനിക്കാതെ നടത്തുന്ന അലക്ഷ്യമായ യാത്രകളായിരുന്നു പലപ്പോഴും ബഷീർ നടത്താറുണ്ടായിരുന്നത്. തന്റെ വ്യക്തിജീവിതത്തിൽ നിന്നും യാത്രകളിലൂടെയും ലഭിച്ച തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ഉരകല്ലിൽ തേച്ചുമിനുക്കിയ രചനകൾ അതുകൊണ്ടുതന്നെ ജീവിതഗന്ധിയായിരുന്നു.
പലപ്പോഴും യാഥാർഥ്യവും സങ്കൽപനങ്ങളും വിഭ്രമങ്ങളും കൂടിക്കലർന്ന് മാനസികനില തെറ്റുന്ന അവസ്ഥകളിലേക്കുപോലും ബഷീർ എത്തിപ്പെട്ടു. പൂക്കളെയും പൂന്തോട്ട നിർമാണവും ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തി കൂടിയായിരുന്നു ബഷീർ. മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴും ജയിലിലടക്കപ്പെട്ടപ്പോഴുമെല്ലാം അദ്ദേഹം തിരഞ്ഞത് പൂന്തോട്ടം നിർമിക്കാനുള്ള സ്ഥലവും സൗകര്യങ്ങളുമായിരുന്നു.
പൂക്കളെപോലെ തന്നെ സംഗീതത്തെയും ബഷീർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഗസലുകളോടായിരുന്നു താൽപര്യം. സിന്ദഗി എന്ന ചിത്രത്തിൽ കുന്ദൻലാൽ ആലപിച്ച 'സോ ജാ രാജകുമാരി' എന്ന ഗാനം അദ്ദേഹം പല തവണ കേൾക്കാറുണ്ടായിരുന്നു. 1994 ജൂലൈ 5നാണ് ബഷീർ അന്തരിച്ചത്.