
ശാസ്ത്രം സമൂഹനന്മക്ക്
text_fieldsഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം. ഭൗതികശാസ്ത്രജ്ഞൻ സി.വി. രാമന്റെ വിശ്വപ്രസിദ്ധ കണ്ടുപിടിത്തം 'രാമൻ ഇഫക്ടി'ന്റെ ഓർമക്കായാണ് ഇന്ത്യയിൽ ശാസ്ത്രദിനം ആചരിക്കുന്നത്.
സുസ്ഥിര ഭാവിക്ക് ശാസ്ത്രത്തിന്റെ ആവശ്യകതയെപ്പറ്റി ആർക്കും സംശയമുണ്ടാകാനിടയില്ല. ഏറ്റവും അവസാനമായി കോവിഡ് മഹാമാരി ലോകത്തിന്റെ ഉറക്കംകെടുത്തിയപ്പോഴും ആശ്രയിക്കാൻ ശാസ്ത്രമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നുമില്ല. ഇനി വരാനിരിക്കുന്നതെന്നു കരുതുന്ന മഹാമാരിയുടെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും കാലത്ത് ശാസ്ത്രത്തിന്റെയും അറിവിന്റെയും സ്പർശനമില്ലാതെ ലോകത്തിന് മുന്നോട്ടുപോകാൻ കഴിയില്ല. മാത്രമല്ല, അതിന് ശാസ്ത്രവകുപ്പിന്റെ സഹായം മാത്രം പോരാ. സർക്കാറിനു കീഴിലുള്ള എല്ലാ വകുപ്പുകളുടെയും ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ശാസ്ത്രനേട്ടം കൈവരിക്കാനാകൂ. അതുവഴി മാത്രമേ സുസ്ഥിരമായ ഒരു ഭാവി രാജ്യത്ത് പുലരൂ. ഒപ്പം ഒറ്റപ്പെട്ട ശാസ്ത്രശാഖകളിൽനിന്ന് വ്യത്യസ്തമായി സംയോജിത ശാസ്ത്രശാഖകളുടെ മികവും ആക്കംകൂട്ടും. അത് മുന്നിൽ കണ്ടുകൊണ്ടാണ് ഈ വർഷത്തെ ദേശീയ ശാസ്ത്രദിനത്തിന്റെ സന്ദേശമായി 'സുസ്ഥിരവികസനത്തിനായി ശാസ്ത്ര-സാങ്കേതികരംഗത്തെ സംയോജിത സമീപനം' തിരഞ്ഞെടുത്തിരിക്കുന്നത്.
ചരിത്രം
ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ ചന്ദ്രശേഖര വെങ്കട രാമൻ (C.V. Raman) 1928ൽ പ്രസിദ്ധമായ 'രാമൻ ഇഫക്ട്' കണ്ടുപിടിത്തം നടത്തിയതിന്റെയും അദ്ദേഹത്തിന് 1930ലെ നൊബേൽ പുരസ്കാരം ലഭിച്ചതിന്റെയും ഓർമക്കായാണ് ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത്. 1986ൽ നാഷനൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്യൂണിക്കേഷൻ (NCSTC) കേന്ദ്രസർക്കാറിനോട് ആ ദിനം ദേശീയ ശാസ്ത്രദിനമായി ആചരിക്കാൻ അപേക്ഷ നൽകി. ആ വർഷം മുതൽ എല്ലാ ഫെബ്രുവരി 28നും ശാസ്ത്രദിനമായി ആചരിക്കാനും തുടങ്ങി.
ശാസ്ത്രവും കുട്ടികളും
ശാസ്ത്രീയമായ അടിത്തറയാണ് ഒരു സമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള പാത വെട്ടിത്തുറക്കാൻ അത്യാവശ്യം. എന്നാൽ, ഇന്ന് കുട്ടികൾ ശാസ്ത്രചിന്തകളിൽനിന്ന് അകലുകയാണ്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസവും കോവിഡിന്റെ കെടുതികളും മൂലം ശാസ്ത്രപഠനം കൃത്യമായി നടപ്പാക്കുന്നതിൽ നിന്ന് സ്കൂളുകളും അത് പഠിക്കുന്നതിൽനിന്ന് കുട്ടികളും പിന്നാക്കംപോയി. കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്രചിന്തയും വളർത്തുന്നതിന് ഉതകുന്നതരത്തിൽ പഠനരീതി സ്കൂളുകളിൽ ക്രമീകരിക്കേണ്ടതുണ്ട്. സയൻസ് അധ്യാപകർ അക്കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കണം.
ശാസ്ത്രവും സമൂഹവും
ശാസ്ത്രത്തിന്റെ നേട്ടങ്ങളും ഗുണഗണങ്ങളുമൊക്കെ മുമ്പെങ്ങുമില്ലാത്ത തരത്തിൽ ലോകം ആവശ്യപ്പെടുന്ന കാലത്തിലാണ് നമ്മൾ. പ്രബന്ധങ്ങളിൽ ഉറങ്ങുന്ന കണ്ടുപിടിത്തങ്ങൾക്കപ്പുറം അത് യഥാർഥ ഗുണഭോക്താക്കളെ തേടിപ്പിടിക്കുമ്പോഴാണ് ഏതൊരു ശാസ്ത്രനേട്ടവും അതിന്റെ യഥാർഥ ലക്ഷ്യത്തിലെത്തുന്നത്. ശാസ്ത്രനേട്ടങ്ങളുടെ യഥാർഥ ഗുണഭോക്താക്കൾ സമൂഹമാണ്, ഓരോ മനുഷ്യനുമാണ്. എന്നാൽ, ശാസ്ത്രത്തെ മനുഷ്യജീവിതത്തോട് അടുപ്പിക്കുകയും അതുവഴി സമൂഹത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയുമെന്ന സ്വപ്നത്തിലേക്ക് നമ്മൾ എത്തിയിട്ടില്ല. ശാസ്ത്രവിദഗ്ധർ ഉന്നതബിരുദങ്ങൾ നേടി മുന്നേറുമ്പോൾ ആ അഭ്യസിച്ച ശാസ്ത്രം മനുഷ്യരാശിയുടെ നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പ്രകൃതിയുടെ ജീവനശാസ്ത്രം
ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്ന പ്രകൃതിയുടെ ജീവനതാളത്തെ തിരികെ കൊണ്ടുവന്നെങ്കിൽ മാത്രമേ ഏതു സുസ്ഥിരവികസനവും യാഥാർഥ്യമാകൂ. പ്രകൃതിയുടെ സ്വാഭാവിക താളത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ശാസ്ത്രീയപഠനവും പരിഹാരമാർഗങ്ങളും കണ്ടെത്തിയേ മതിയാകൂ. വികസനവും പ്രകൃതിസംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകാൻ ശാസ്ത്രത്തിനു കഴിയും. അതിന്റെ ചുവടുപിടിച്ചാണ് ഐക്യരാഷ്ട്രസംഘടനയുടെ 'സുസ്ഥിരവികസന ലക്ഷ്യങ്ങൾ' വിഭാവനം ചെയ്തിരിക്കുന്നത്.
ശാസ്ത്രാന്വേഷണം
ശാസ്ത്രത്തിന്റെ ഏറ്റവും ചുരുങ്ങിയ വിശദീകരണം 'സത്യം' എന്നതാണ്. ചുറ്റുംകാണുന്ന എന്തിലും ശാസ്ത്രം ഉണ്ട്. ആ കാഴ്ചകൾക്കപ്പുറത്തേക്ക് കണ്ണുകൾ നീളുമ്പോഴാണ് ശാസ്ത്രത്തെ അടുത്തറിയുന്നത്. സമൂഹത്തെ അത്തരമൊരു കാണാക്കാഴ്ചകളിലേക്കും ഉൾക്കാഴ്ചകളിലേക്കും കൂട്ടിക്കൊണ്ടുപോകുമ്പോഴാണ് യഥാർഥ സത്യാന്വേഷകരും ശാസ്ത്രാന്വേഷകരും ആവുന്നത്. നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളെ അത്തരത്തിൽ ശാസ്ത്രബോധമുള്ള, ശാസ്ത്രമൂല്യമുള്ള തലമുറയായി വളർത്തണം. അതിനായി ശ്രമം സ്കൂളുകളിൽനിന്നുതന്നെ തുടങ്ങണം.
തുടങ്ങാം, ഈ ശാസ്ത്രദിനത്തിൽ
ലോകത്തിനു നഷ്ടപ്പെട്ട പ്രകൃതിയെയും പ്രതാപത്തെയും തിരികെ കൊണ്ടുവരാൻ ഇന്ന് ശാസ്ത്രത്തിന്റെ മികവിനു മാത്രമേ സാധിക്കുകയുള്ളൂ. അതിലേക്കുള്ള പ്രയാണമാകട്ടെ ഓരോ ശാസ്ത്രദിനവും.
തയാറാക്കിയത്: ഡോ. അബേഷ് രഘുവരൻ (അസിസ്റ്റന്റ് പ്രഫസർ, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി, കൊച്ചി സർവകലാശാല)