Begin typing your search above and press return to search.
exit_to_app
exit_to_app
ozone day
cancel
camera_alt

September 16 International Day for the Preservation of the Ozone Layer 

Homechevron_rightVelichamchevron_rightDay to Rememberchevron_rightഓസോൺ വീണ്ടെടുപ്പിന്റെ...

ഓസോൺ വീണ്ടെടുപ്പിന്റെ പാതയിൽ

text_fields
bookmark_border

സോണിലെ വിള്ളലുകൾ അടയുന്നു. കുറച്ചു വർഷങ്ങൾക്കു മുൻപ് നമുക്കേറെ ആശ്വാസം നൽകിയ വാർത്തയായിരുന്നു അത്. ഭൂമിയിലെ ജീവജാലങ്ങളെ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ഓസോൺ പാളിയെ സംരക്ഷിക്കാതെ മുന്നോട്ട് പോകാനാവില്ല എന്ന ഓർമപ്പെടുത്തലായിരുന്നു ആ വാർത്ത. ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിച്ചു വരുന്നു. From science to global action എന്നതാണ് ഇത്തവണത്തെ ഓസോൺ ദിനാചാരണത്തിന്റെ മുദ്രാവാക്യം.

എന്താണ് ഓസോൺ

മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്ന തന്മാത്രയാണ് ഓസോൺ. സാധാരണ നിലയിൽ ഇളം നീല നിറത്തിലുള്ള വാതകമായും പിന്നീട് ഇരുണ്ട നീല ദ്രാവകമായും അവസാനം വയലറ്റ് -കറുപ്പ് നിറത്തിൽ ഖരരൂപത്തിലേക്കും ഘനീഭവിക്കുന്നു.

ഓസോണിന്റെ കണ്ടെത്തൽ

1785ൽ ഡച്ച് ശാസ്ത്രജ്ഞനായ മാർട്ടിനസ് വാൻമാര പരീക്ഷണത്തിനിടയിൽ പ്രത്യേക ഗന്ധമുള്ള വാതകത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. അതിൽ അദ്ദേഹത്തിന് കൂടുതൽ വിശദീകരണം നൽകാൻ സാധിച്ചില്ല. 1840ൽ ക്രിസ്ത്യൻ ഫ്രഡറിക് ഷോൺ ബെയ്ൻ എന്ന ശാസ്ത്രജൻ പരീക്ഷണത്തിലൂടെ ഇതേ ഗന്ധമുള്ള വാതകം സൃഷ്ടിക്കുകയും അതിന് മണമുള്ളത് (ഒസീൻ - ozein ) എന്നർഥം വരുന്ന ഓസോൺ എന്ന പേര് നൽകുകയും ചെയ്തു. 1865 ൽ ജാക്വസ് ലൂയിസ് സോററ്റ് എന്ന ശാസ്ത്രജ്ഞൻ ഓസോണിന്റെ രാസസമവാക്യം O3 ആണെന്ന് സമർത്ഥിച്ചു.

വിയന്ന ഉടമ്പടി

ഓസോൺ പാളിയുടെ ശോഷണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്ന ആദ്യ ഉടമ്പടിയാണിത്. 1985 മാർച്ച് 22ന് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ ഒപ്പു വെച്ച ഈ ഉടമ്പടി 1988 സെപ്റ്റംബർ 22ന് നിലവിൽ വന്നു

മോൺട്രിയോൾ പ്രോട്ടക്കോൾ

ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്ന വസ്തുക്കളുടെ അളവ് കുറക്കുന്നതിനായി നിലവിൽവന്ന ഉടമ്പടിയാണിത്. 1987 സെപ്റ്റംബർ 16 ന് കാനഡയിലെ മോൺട്രിയോളിൽ വെച്ചാണ് ഒപ്പു വെച്ചത്. 1989 ജനുവരി ഒന്നിന് ഉടമ്പടി നിലവിൽ വന്നു.

ഓസോൺ ദിനം

മോൺട്രിയോൾ ഉടമ്പടി ഒപ്പുവെച്ച 1987 സെപ്റ്റംബർ 16ന്റെ ഓർമക്കായി എല്ലാ വർഷവും സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിച്ചു വരുന്നു. 1995 ലാണ് ആദ്യ ഓസോൺ ദിനം ആചരിച്ചത്.

ജീവൻ കാക്കുന്ന കുട

1913ൽ ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞരായ ചാൾസ് ഫാബ്രി, ഹെന്റി ബൈസൺ എന്നിവർ ചേർന്നാണ് അന്തരീക്ഷത്തിലെ ഓസോൺ പാളി കണ്ടെത്തിയത്. ഭൂമിയുടെ അന്തരീക്ഷത്തിലെ ഓസോണിന്റെ 90 ശതമാനവും കാണപ്പെടുന്നത് ഭൂമിയുടെ പ്രതലത്തിൽ നിന്നും ഏകദേശം പന്ത്രണ്ട് കിലോമീറ്ററിനും 50 കിലോമീറ്ററിനും ഇടക്കുള്ള സ്ട്രാറ്റോസ്ഫിയർ എന്നറിയപ്പെടുന്ന മേഖലയിലാണ്. സൂര്യനിൽ നിന്നും വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99 ശതമാനവും ഈ പാളി ആഗിരണം ചെയ്യുകയും ജീവജാലങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഓസോൺ ദ്വാരം

ഓസോൺ പാളിയിലെ ഓസോൺ തന്മാത്രകളുടെ സാന്ദ്രതയിൽ വലിയ കുറവിനെ സൂചിപ്പിക്കുന്ന പ്രയോഗമാണ് ഓസോൺ ദ്വാരം. ഏതെങ്കിലും പ്രദേശത്തെ ഓസോൺ സാന്ദ്രത 200 ഡോബ്സൺ യൂണിറ്റിൽ താഴെയാകുമ്പോൾ അതിനെ ഓസോൺ ദ്വാരം എന്ന് വിളിക്കുന്നു.

ഡോബ്സൺ യൂണിറ്റ്

അന്തരീക്ഷത്തിലെ ഓസോണിന്റെ അളവും സാന്ദ്രതയും രേഖപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റാണിത്. അന്തരീക്ഷത്തിലെ ശരാശരി ഓസോണിന്റെ അളവ് ഏകദേശം 300 ഡബ്സൺ യൂണിറ്റുകളാണ്. ഓസോൺ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ മുൻകൈയെടുത്ത ബ്രിട്ടീഷ് ഭൗതിക കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഗോർഡൻ മില്ലർ ബോൺ ഡോബ്സണിന്റെ പേരിൽ നിന്നാണ് യൂണിറ്റിന് ആ പേര് ലഭിച്ചത്.

ഓസോൺ നല്ലതും മോശവും

ഭൂമിയുടെ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിൽ രൂപപ്പെടുന്നതും അൾട്രാവയലറ്റ് രശ്മികളെ ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നത് തടയുകയും ചെയ്യുന്നവയാണ് നല്ല ഓസോൺ. അന്തരീക്ഷത്തിൽ താഴ്ന്ന തലങ്ങളിൽ മലിനീകരണം കാരണം ചെറിയ തോതിൽ ഓസോൺ ഉണ്ടാവാറുണ്ട്. ഇവ മോശം ഓസോൺ എന്നും അറിയപ്പെടുന്നു.

ഓസോൺ പാളി ശോഷണം

ഓസോൺ പാളിക്ക് ക്ഷതമേൽപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് ക്ലോറോ ഫ്ലൂറോ കാർബണുകൾ ആണ്. കാർബൺ, ഫ്ലൂറിൻ, ക്ലോറിൻ എന്നീ മൂലകങ്ങളടങ്ങിയ ദ്രാവകരൂപത്തിലോ വാതകരൂപത്തിലോയുള്ള മനുഷ്യ നിർമിത രാസസംയുക്തങ്ങളാണ് ക്ലോറോഫ്ലൂറോകാർബണുകൾ. റഫ്രിജേറ്ററിലും എയർ കണ്ടീഷണറിലും ഇവ ധാരാളമായി ഉപയോഗിക്കപ്പെടുന്നു.

പ്രത്യാഘാതങ്ങൾ

ഓസോൺ പാളിയുടെ ശോഷണം കാരണം അൾട്രാ വയലറ്റ് കിരണങ്ങൾ ഭൂമിയിലെത്തുകയും മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യും. തൊലിയിലെ കാൻസർ, തിമിരം, സൂര്യാതപം എന്നിവക്ക് കാരണമാകുന്നു. സസ്യങ്ങളുടെ ഇലകൾ ചെറുതാവുകയും ഉത്പാദനക്ഷമത കുറയുകയും ചെയ്യും.

വീണ്ടെടുക്കലിന്റെ പാതയിൽ

ഓസോൺ പാളിയിലെ വിള്ളൽ ചെറുതാകാൻ തുടങ്ങിയതായി യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം (യു.എൻ. ഇ.പി ) പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. രണ്ടായിരമാണ്ടിൽ 2.91കോടി ചതുരശ്ര കിലോമീറ്ററായിരുന്നു വിള്ളൽ. ഇത് 2.31കോടി ചതുരശ്ര കിലോമീറ്ററായിചുരുങ്ങി. 2040 - ഓടെ വിള്ളൽ അടയുമെന്നാണ് യു.എൻ.ഇ.പി റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഓസോണിന് നാശം വരുത്തുന്ന രാസവസ്തുക്കളിൽ നിന്നുള്ള സംരക്ഷണപ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിൽ വരുത്തുന്നു എന്നതിന്റെ സൂചനയാണിത്.

Show Full Article
TAGS:World Ozone Day 
News Summary - September 16 International Day for the Preservation of the Ozone Layer
Next Story