
സൂപ്പർ കമ്പ്യൂട്ടർ!
text_fieldsകമ്പ്യൂട്ടർ ഇല്ലാത്ത, ഇല്ലാതിരുന്ന ഒരു കാലത്തെക്കുറിച്ച് ചിന്തിക്കാനാകുമോ? മനുഷ്യന്‍റെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞു കമ്പ്യൂട്ടർ. പഠിക്കാനും കളിക്കാനും ആശയവിനിമയത്തിനും തൊഴിലിനും ചികിത്സക്കുമെല്ലാം സഹായിയായി ഈ ഉപകരണ പെട്ടിയുമുണ്ടാകും. എന്നാൽ, സാക്ഷരതാദിനം എന്നപോലെ കമ്പ്യൂട്ടർ സാക്ഷരതക്കും ഒരു ദിനമുണ്ടെന്നറിയാമോ? ഡിസംബർ രണ്ടാണ് കമ്പ്യൂട്ടർ സാക്ഷരതാ ദിനം. വിവര സാേങ്കതികവിദ്യയുമായി ബന്ധപ്പെട്ട പഠനമികവും വളർച്ചയുമാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം. എന്നാൽ, കമ്പ്യൂട്ടറുകളെക്കുറിച്ച് ചെറിയ ചില വലിയ കാര്യങ്ങൾ അറിഞ്ഞാേലാ...
ഇൗ കമ്പ്യൂട്ടറിന് ഒരു മുറിയുടെ വലുപ്പം
ലോകത്തിലെ ആദ്യ ഡിജിറ്റല്‍ കമ്പ്യൂട്ടറായ എനിയാക്കിന് (ENIAC- Electronical Numerical Integrater and Calculator) വലിയൊരു മുറിയുടെ അത്ര വലുപ്പമുണ്ടായിരുന്നു. 1945ല്‍ യു.എസിലെ പെന്‍സൽവേനിയ സര്‍വകലാശാലയിലാണ് എനിയാക് സ്ഥാപിതമായത്. 150 ചതുശ്ര മീറ്റര്‍ വിസ്തീര്‍ണവും ഒരാളുടെ ഉയരവും 30 ടണ്‍ ഭാരവും ഉണ്ടായിരുന്നു ഇതിന്. 18,000 വാക്വം ട്യൂബുകളും ധാരാളം അര്‍ധാലക ഡയോഡുകളും ഉള്‍ക്കൊള്ളുന്ന ഈ ഉപകരണത്തില്‍ സെക്കന്‍ഡില്‍ 500 ഗണിതക്രിയകള്‍ നടത്താന്‍ കഴിഞ്ഞിരുന്നു.
കമ്പ്യൂട്ടറിന്‍റെ തലച്ചോര്‍
കമ്പ്യൂട്ടറിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഭാഗമാണ് സി.പി.യു (Central Processing Unit). അതുകൊണ്ടുതന്നെ കമ്പ്യൂറിന്‍റെ തലച്ചോറ് എന്നാണ് സി.പി.യുവിനെ വിശേഷിപ്പിക്കുന്നത്. വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക, ക്രിയകള്‍ ചെയ്യുക, സ്വയം തകരാറുകള്‍ കണ്ടെത്തി സൂചന നല്‍കുക തുടങ്ങി നമ്മുടെ തലച്ചോര്‍ നിര്‍വഹിക്കുന്നതിന് തുല്യമായ പ്രവൃത്തികളാണ് സി.പി.യുവിന് നിര്‍വഹിക്കാനുള്ളത്.
ആദ്യത്തെ ഹാര്‍ഡ് ഡ്രൈവ്
ലോകത്തെ ആദ്യ ഹാര്‍ഡ് ഡ്രൈവിന്‍റെ ശേഷി എത്രയായിരുന്നുവെന്നോ -വെറും അഞ്ച് എം.ബി. ടെക് കമ്പനിയായ ഐ.ബി.എം നിര്‍മിച്ച ഈ ഹാര്‍ഡ് ഡ്രൈവിന് (IBM 30) രണ്ട് റഫ്രിജറേറ്ററുകളുടെ വലുപ്പമുണ്ടായിരുന്നു. ഒരു ടണ്ണോളം ഭാരവും. 1956ലായിരുന്നു ആദ്യ ഹാര്‍ഡ് ഡ്രൈവിന്‍റെ പിറവി. 1000 ജി.ബി (ഒരു ടെറാ ബൈറ്റ്) ശേഷിയുള്ള ഹാര്‍ഡ് ഡ്രൈവ് നിര്‍മിക്കപ്പെട്ടത് 51 വര്‍ഷത്തിന് ശേഷം 2007ലാണ്. 2009ല്‍ 2 ടെറാ ബൈറ്റ് ഹാര്‍ഡ് ഡ്രൈവ് നിര്‍മിച്ചു. 20 ടെറാ ബൈറ്റ് വരെ ശേഷിയുള്ള ഹാര്‍ഡ് ഡിസ്‌കുകള്‍ ഇന്ന് ലഭ്യമാണ്.
ഇൻറര്‍നെറ്റ് എന്ന ലോകം
ലോകത്തെ എല്ലാ കമ്പ്യൂട്ടര്‍ ഉപകരണങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന നെറ്റ്വര്‍ക്ക് ആണല്ലോ ഇൻറര്‍നെറ്റ്. ഇൻറര്‍നെറ്റില്ലാത്ത ഒരു ദിവസം പോലും നമുക്ക് സങ്കൽപിക്കാനാവില്ല. സ്റ്റാറ്റിസ്റ്റ വെബ്‌സൈറ്റിലെ കണക്ക് പ്രകാരം 2021ല്‍ 10.07 ബില്യണ്‍ (1007 കോടി) ഉപകരണങ്ങളാണ് ദിവസവും ഇൻറര്‍നെറ്റുമായി കണക്ടായിരിക്കുന്നത്. 2025 ആവുമ്പോഴേക്കും ഇത് 1644 കോടിയായി വര്‍ധിക്കും.
സൂപ്പര്‍ കമ്പ്യൂട്ടര്‍
പ്രവര്‍ത്തനശേഷിയും വേഗതയും വളരെയേറിയ കമ്പ്യൂട്ടറുകളെയാണ് സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ എന്നു പറയുന്നത്. സങ്കീര്‍ണമായ കമ്പ്യൂട്ടിങ് ജോലികള്‍ നിര്‍വഹിക്കാൻ ഇവ ഉപയോഗിക്കും. ആയിരക്കണക്കിന് ചെറിയ കമ്പ്യൂട്ടറുകള്‍ കൂട്ടിച്ചേര്‍ത്തുള്ള ക്ലസ്റ്ററിങ് രീതിയിലാണ് ഇവ നിർമിക്കുന്നത്. ജപ്പാനിലെ ഫുജിറ്റ്‌സു എന്ന കമ്പനിയും നാഷനല്‍ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടായ റികെനും സംയുക്തമായി നിര്‍മിച്ച ഫുഗാക്കു എന്ന സൂപ്പര്‍ കമ്പ്യൂട്ടറാണ് ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍. ഫുഗാക്കുവിന് സെക്കന്‍ഡില്‍ 442 ക്വാഡ്രിലിയന്‍ കണക്കുകൂട്ടലുകള്‍ നടത്താന്‍ സാധിക്കും.
പരം സിദ്ധി എന്ന സൂപ്പര്‍ കമ്പ്യൂട്ടറാണ് ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍. ലോകത്തിലെ തന്നെ വേഗം കൂടിയ 63ാമത് സൂപ്പര്‍ കമ്പ്യൂട്ടറാണ് നിലവില്‍ ഇത്. 1964ല്‍ യു.എസില്‍ നിര്‍മിച്ച സി.ഡി.സി 6600 ആണ് ലോകത്തെ ആദ്യ സൂപ്പര്‍ കമ്പ്യൂട്ടറായി പരിഗണിക്കുന്നത്.
ആദ്യത്തെ കമ്പ്യൂട്ടര്‍ മൗസ്
1964ലാണ് ആദ്യ കമ്പ്യൂട്ടര്‍ മൗസ് നിര്‍മിക്കുന്നത്. മരം കൊണ്ട് നിര്‍മിച്ച ചെറിയ ചതുരപ്പെട്ടിയായിരുന്നു ആദ്യത്തെ മൗസ്. ഡഗ്ലസ് ഏന്‍ജല്‍ബര്‍ട്ട് എന്ന അമേരിക്കന്‍ എന്‍ജിനീയറാണ് മൗസ് നിര്‍മിച്ചത്. പിന്നിലൂടെയുള്ള വയര്‍ കാരണം എലിയോടുള്ള രൂപസാദൃശ്യം മൂലമാണ് മൗസ് എന്ന പേര് ഉപകരണത്തിന് നല്‍കിയത്.
ലോക കമ്പ്യൂട്ടര്‍ സുരക്ഷ ദിനം
നവംബര്‍ 30 ആണ് ലോക കമ്പ്യൂട്ടര്‍ സുരക്ഷ ദിനമായി ആചരിക്കുന്നത്. പുതിയ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് സൈബര്‍ സുരക്ഷ. കമ്പ്യൂട്ടര്‍ ഹാക്കിങ്, വൈറസുകള്‍, ഡേറ്റ മോഷണം, ദുരുപയോഗം തുടങ്ങിയവയെല്ലാം സൈബര്‍ കുറ്റകൃത്യങ്ങളാണ്. ഇവക്കെതിരായ ബോധവത്കരണമെന്ന നിലക്കാണ് നവംബര്‍ 30 ലോക കമ്പ്യൂട്ടര്‍ സുരക്ഷ ദിനമായി ആചരിക്കുന്നത്.
ടെക്‌നോഫോബിയ
ടെക്‌നോളജിയോടുള്ള ഈ ഭയത്തെ വിശേഷിപ്പിക്കുന്ന വാക്കാണ് ടെക്‌നോഫോബിയ. പ്രത്യേകിച്ചും, കമ്പ്യൂട്ടറുകളോടുള്ള ഭയമാണ് ഇതിന്‍റെ പ്രധാന ലക്ഷണം. ടെക്‌നോഫോബിയയുടെ വിപരീത വാക്കാണ് ടെക്‌നോഫീലിയ. ഇത്തരക്കാര്‍ക്ക് ടെക്‌നോളജിയോട് കൂടുതല്‍ അടുപ്പവും താല്‍പര്യവുമായിരിക്കും.
ശകുന്തളാദേവി എന്ന മനുഷ്യ കമ്പ്യൂട്ടര്‍
മനുഷ്യ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ ഗണിതശാസ്ത്ര പ്രതിഭയാണ് ശകുന്തളാ ദേവി. സങ്കീര്‍ണമായ ഗണിതക്രിയകള്‍ മനക്കണക്കിലൂടെ ചെയ്ത് കമ്പ്യൂട്ടറിനെ തോൽപിച്ചാണ് ശകുന്തളാദേവി ശ്രദ്ധേയയായത്. 1980ല്‍ ലണ്ടനിലെ ഇമ്പീരിയല്‍ കോളജില്‍ 7,686,369,774,870, 2,465,099,745,779 എന്നീ രണ്ട് 13 അക്ക സംഖ്യകളുടെ ഗുണനഫലം ഇവര്‍ മനക്കണക്കിലൂടെ 28 സെക്കന്‍ഡ് കൊണ്ട് കൃത്യമായി കണ്ടെത്തി ഗിന്നസ് റെക്കോഡ് നേടി. 1977ല്‍ യു.എസില്‍ വെച്ച് കമ്പ്യൂട്ടറുമായി വര്‍ഗമൂലം കണ്ടെത്താനുള്ള മത്സരത്തില്‍ ശകുന്തളാ ദേവി വിജയിച്ചിരുന്നു.
CAPTCHA
ചില വെബ്‌സൈറ്റുകളിലും മറ്റും പ്രവേശിക്കുമ്പോള്‍ നമ്മള്‍ ടൈപ് ചെയ്തുകൊടുക്കേണ്ട വാക്കുകളാണ് CAPTCHA. വെബ്‌സൈറ്റുകളുടെ ദുരുപയോഗം തടയാനാണ് പ്രധാനമായും ഇത് ലക്ഷ്യമാക്കുന്നത്. 2000ത്തില്‍ ലൂയിസ് വോണ്‍ ആന്‍, മാന്വല്‍ ബ്ലം, നികോളാസ് ജെ ഹോപര്‍, ജോണ്‍ ലാങ്‌ഫോര്‍ഡ് എന്നിവര്‍ ചേര്‍ന്നാണ് കാപ്ചക്ക് രൂപം നല്‍കിയത്. Completely Automated Public Turing test to tell Computers and Humans Apart എന്നതിന്റെ ചുരുക്കപ്പേരാണ് CAPTCHA.