
അവർ, പൂമ്പാറ്റകളെപ്പോലെ പറക്കട്ടെ പഠിക്കട്ടെ വളരട്ടെ...
text_fields''വീണ്ടും വിദ്യാലയങ്ങൾ തുറക്കുകയാണ്. പുതിയ യൂനിഫോം, ബാഗ്, കുട... അങ്ങനെ എന്തൊരു സന്തോഷത്തോടെയാണ് അവർ പുറത്തേക്കിറങ്ങുന്നത്. പുതിയ ആകാശവും പുതിയ ഭൂമിയും ലഭിക്കുകയാണവർക്ക്. ശരിക്കും പൂമ്പാറ്റക്കൂട്ടങ്ങളെപ്പോലെ, പലവർണങ്ങളിൽ അവർ കൂട്ടമായി പറക്കുന്നതുപോലുള്ള കാഴ്ച. അവർ, പഠിക്കട്ടെ, പഠിച്ച്, പഠിച്ച് വളരട്ടെ... നമ്മുടെ വിദ്യാഭ്യാസ ചരിത്രം മാത്രം പരിശോധിച്ചാൽ മതി, ഈ നാട് എങ്ങനെയാണ് സഞ്ചരിച്ചതെന്നറിയാൻ...'' മുൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറും ചരിത്രകാരനുമായ ഡോ. കെ.കെ.എൻ. കുറുപ്പ് തന്‍റെ വിദ്യാലയ ഓർമകൾ പങ്കുവെക്കുകയാണിവിടെ. പുതിയ കാലത്തിനു ചിന്തിക്കാൻ കഴിയാത്ത ഇന്നലെകളിൽനിന്ന് ഇന്നിലേക്കുള്ള ഓർമകളാണ് കുറുപ്പിന്‍റെ മനസ്സുനിറയെ...
മടിയനായിരുന്നു ഞാൻ...
1944ലാണ് ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്നത്. സ്കൂളിൽ പോകാൻ തീരെ താൽപര്യമില്ലായിരുന്നു. അന്നത്തെ ഭാഷയിൽ പറഞ്ഞാൽ കുഴിമടിയൻ. 'സ്കൂൾ മടിയൻ, ചോറ്റിന് വമ്പൻ' എന്ന പഴഞ്ചൊല്ലുതന്നെ അക്കാലത്തുണ്ടായിരുന്നു. എന്നെ നാണു മാസ്റ്റർ എടുത്തുകൊണ്ടുപോവുകയായിരുന്നു. എത്രയോ ദിവസം അങ്ങനെയായിരുന്നു. വികൃതിക്കുട്ടിയായതിനാൽ എനിക്ക് കഥ പറഞ്ഞുതരുമായിരുന്നു. പഠിക്കാൻ താൽപര്യമുണ്ടാക്കാൻ വേണ്ടിയാണെന്ന് അത് പിന്നീട് മനസ്സിലാക്കി.
നാട്ടിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിച്ചിരിക്കണമെന്ന ചിന്ത അന്ന്, അധ്യാപകർക്കുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന്റെ ആരംഭം ഹരിശ്രീ എഴുതുന്നതോടെയാണെന്ന് പറയാം. പിന്നെ വീട്ടിൽവെച്ച് അക്ഷരം പഠിപ്പിക്കാനുള്ള ശ്രമം നടക്കും. പലരുടെയും പഠനം അതോടെ തീരും. കടുത്ത ദാരിദ്ര്യമാണ്. ഇതിനിടയിൽ എന്ത് പഠനം. അഞ്ചാം വയസ്സിൽ കുടിപ്പള്ളിക്കൂടത്തിൽ ചേർത്തിരുന്നു. അതുതന്നെ, സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിലെ കുട്ടികളാണ് പഠിക്കുക. പ്രീപ്രൈമറി സമ്പ്രദായമൊന്നും അന്നില്ല.
അക്ഷരമാല ക്രമത്തിലല്ല ക്ലാസ്. തറ, പറ എന്നിങ്ങനെ ചെറിയ പദങ്ങളിൽ തുടങ്ങിയാണ് അക്ഷരം പഠിപ്പിക്കുക. പിന്നീടാണ് ഗണിതം. അധ്യാപകരെ ഗുരുക്കന്മാർ എന്നാണ് വിളിക്കാറ്. ഗുണകോഷ്ടം ഒന്നു മുതൽ 12 വരെയുള്ള ഗുണനപ്പട്ടിക മനഃപാഠമാക്കിക്കും. പൊടിഞ്ഞുപോകുന്ന സ്ലേറ്റായിരുന്നു. കുടിപ്പള്ളിക്കൂടങ്ങളായിരുന്നു. പൂഴിയിലായിരുന്നു എഴുത്ത്.
ഏഴു വയസ്സിൽ കളരിയിൽ ചേർക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ, സ്കൂൾവിദ്യാഭ്യാസത്തിന് അത്രയും പ്രാധാന്യം നൽകിയിരുന്നില്ല. കോഴിക്കോട് ജില്ലയിലെ അഴിയൂർ എന്ന ഗ്രാമത്തിലാണ് എന്‍റെ ജനനം. മലബാറിൽ ബാസൽ മിഷനറിമാരാണ് വിദ്യാലയങ്ങൾ പ്രധാനമായും ആരംഭിച്ചത്. അഴിയൂരിലെ ചോമ്പാല കണ്ടപ്പൻകുണ്ടിലാണ് തുടങ്ങിയത്, പിന്നീടതില്ലാതായി. അതോടെയാണ് നാട്ടുകാരനായ ഇ.എം. നാണു മാസ്റ്ററുടെ വീട്ടുമുറ്റം സ്കൂളായത്. അവിടെ, 20 മുതൽ 30 കുട്ടികൾ വരെ പഠിച്ചു. പി. ചാത്തുവെന്ന മാനേജർ ഏറ്റെടുത്തതോടെയാണ് കല്ലാമല സ്കൂളിന് കെട്ടിടമൊക്കെയായത്.
പ്രത്യേകിച്ചും തൊഴിലാളി കുടുംബങ്ങൾ പൂർണ ദാരിദ്ര്യത്തിലായിരുന്നു. അതിനാൽ, പഠിക്കാൻ ശ്രമിക്കുന്നവർ കുറവാണ്. പഠനമെന്നത്, ചൂരൽ പ്രയോഗത്തിന്റേതായിരുന്നു. പഠിപ്പിച്ചെടുക്കാൻ വലിയ മർദനം അന്ന് പതിവായിരുന്നു.
സ്കൂളുകൾക്ക് ഗ്രാന്‍റായിരുന്നു നൽകിയിരുന്നത്. ഇത്, മാനേജർമാർക്കാണ് ലഭിക്കുക. അധ്യാപകർക്ക് സ്ഥിരാവകാശം ഉണ്ടായിരുന്നില്ല. അഞ്ചു വരെയാണ് പ്രാഥമിക വിദ്യാഭ്യാസം. പിന്നെ എട്ടാം തരത്തിൽ ഇ.എസ്.എൽ.സി, 11ാംതരത്തിൽ എസ്.എസ്.എൽ.സി എന്നിങ്ങനെയാണ് ഉയർന്ന പഠനം.
അഞ്ചാം ക്ലാസ് പാസായാൽ അധ്യാപകനാവാം. അധ്യാപികമാർ ഉണ്ടായിരുന്നില്ലെന്ന് പറയാം. ചെറിയ പരിശീലനം മതി. ഇന്ന്, എയ്ഡഡ് മാനേജ്മെന്‍റ് സ്കൂളുകളിൽ വാഹനമില്ലെങ്കിൽ കുട്ടികളെ കിട്ടാത്ത അവസ്ഥയാണുള്ളത്. അന്ന്, കിലോമീറ്ററുകൾ നടന്ന് പഠിക്കുന്നവരായിരുന്നു. കൂട്ടമായി നടന്നുപോകും. ഒമ്പത് കിലോമീറ്റർ നടന്നായിരുന്നു ഞാനൊക്കെ പഠിച്ചത്. ഇല കുടയാക്കി, തലേദിവസത്തെ എന്തെങ്കിലും ഭക്ഷണം കഴിച്ചാണ് പഠനം.
അന്നത്തെ പാഠപുസ്തകങ്ങൾ ഇന്നും സിസ്റ്റർലാൻഡിലെ മ്യൂസിയത്തിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഞാൻ ഒന്നാംതരത്തിൽ പഠിച്ചത് കരിമ്പുഴ രാമകൃഷ്ണന്റെ 'ചിത്രാവലി'യെന്ന പാഠപുസ്തകമാണ്.
കളർചിത്രങ്ങളുള്ള പുസ്തകങ്ങൾ ഉണ്ടായിരുന്നില്ല, ഏകീകൃത പുസ്തകരീതി ഇല്ലായിരുന്നു. മാനേജ്മെന്റ് ലഭ്യമായ പുസ്തകങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കും. അധ്യാപകർക്ക് കാരണവരുടെ സ്ഥാനമായിരുന്നു.
അന്നത്തെ റേഷൻ അരി വളരെ മോശമായിരുന്നു. ഞാൻ റേഷനരിച്ചോറ് കഴിക്കാൻ മടിച്ചു. അമ്മ, കേളപ്പൻ മാഷോട് പരാതിപ്പെട്ടു. മാഷ് എന്നെ ശാസിച്ചു. പഠനത്തിൽ മാത്രമല്ല, എല്ലാകാര്യത്തിലും അധ്യാപകൻ ഇടപെടും. കരിയാട്ടുള്ള പി. കുഞ്ഞിരാമൻ നമ്പ്യാർ എന്ന അധ്യാപകനാണ് എന്നെ മലയാള ഭാഷയുടെ സ്വന്തമാക്കിയത്. 10ാം തരത്തിനുശേഷം മലയാളം പഠിച്ചിരുന്നില്ല. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഉച്ച സമയത്ത് ഒരു പുസ്തകം വായിച്ച് തീർക്കുമായിരുന്നു. ഞങ്ങൾക്ക് സ്കൂൾ മാനേജർ പി. ചാത്തു ഷർട്ടും ടൗസറും വാങ്ങിത്തന്നതിന്‍റെ ഓർമയുണ്ടിപ്പോഴും.
മുന്നേറ്റത്തിന്റെ കഥ
സ്വാതന്ത്ര്യലബ്ധിക്കുശേഷം വിദ്യാഭ്യാസ രംഗം ആകെ മാറി. കരിക്കുലം വന്നു. കൊളോണിയൽ പാരമ്പര്യത്തിലുള്ള വിദ്യാഭ്യാസ രീതി പാടെ മാറി. പരിശീലനം ലഭിച്ച അധ്യാപകർ. സ്മാർട്ട് ക്ലാസ് റൂം. ഭരണകൂടത്തോടൊപ്പം നാടാകെ, വിദ്യാലയത്തെയും വിദ്യാഭ്യാസത്തെയും ഏറ്റെടുത്തിരിക്കയാണിപ്പോൾ. അധ്യാപക സംഘടനകൾക്ക് ഇതിൽ വലിയ പ്രാധാന്യമുണ്ട്. എ.കെ. ഗോപാലൻ, കെ.എ. കേരളീയൻ, ടി.സി. നാരായണൻ നമ്പ്യാർ തുടങ്ങിയവർ അധ്യാപക സംഘടന രൂപവത്കരിക്കുന്നതിനു നേതൃത്വം നൽകി. ചൂരൽപ്രയോഗവും കൂട്ടക്കരച്ചിലും മാറി, പ്രവേശനോത്സവമായി. ഹരിജന വിദ്യാർഥികൾ സ്കൂളിലെത്തുമ്പോൾ മറ്റുള്ളവർ ഒഴിഞ്ഞുപോയ സംഭവങ്ങൾ ഉണ്ടായിരുന്നു. അത്തരം സംഭവങ്ങൾ ഓർമയായി. ഉന്നത വിഭ്യാഭ്യാസ രംഗത്ത് നാം ഏറെ മുന്നേറേണ്ടതുണ്ട്. ഇന്നും ആദിവാസികൾക്കിടയിലൊക്കെ വിദ്യാഭ്യാസം എത്താത്ത ഇടങ്ങളുണ്ട്. എങ്കിലും, എത്രയോ മുന്നേറിക്കഴിഞ്ഞു.
പൊതുവെ പറയാനുള്ളത് ഇത്രമാത്രം അവർ കളിക്കുകയും പഠിക്കുകയും ചെയ്യട്ടെ. സ്വയം വളരുക. പരന്ന വായന സ്വന്തമാക്കുക. ഏത് തൊഴിലും ചെയ്യാനുള്ള മാനസികാവസ്ഥ ആർജിക്കുക. നാടിന്റെ ഇന്നലെകളെ അറിഞ്ഞ്, ഇന്നിൽ ജീവിക്കട്ടെ. അതിനായി ഭരണകൂടവും രക്ഷിതാക്കളും അവസരം ഒരുക്കട്ടെ... ലോകത്തെല്ലാം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരുണ്ട്. എല്ലാവർക്കും വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കിൽ ഇന്നു കാണുന്നതിനെക്കാൾ ലോകം കൂടുതൽ നന്നാകുമായിരുന്നു.