
സ്വപ്നത്തിന് പിന്നാലെ പായണം
text_fieldsസ്കൂൾ ജീവിതം ഒരു ആഘോഷമായിരുന്നു. അതിൽ ഏറ്റവും കൂടുതൽ ആഘോഷിച്ചയാളാണ് ഞാനെന്ന് വേണമെങ്കിൽ പറയാം. ഇന്നത്തെ കുട്ടികൾ പഠനത്തിൽ മാത്രം ഒതുങ്ങിക്കൂടുകയാണ്. കളിയും തമാശകളുമെല്ലാം അവരിൽനിന്ന് അന്യംനിന്നു. അവ അവരിലേക്ക് തിരികെ കൊണ്ടുവരണം.
സ്കൂളിൽ നാടകം ഉൾപ്പെടെ എല്ലാ പരിപാടികളിലും ആവേശത്തോടെ പങ്കെടുക്കുമായിരുന്നു. കുട്ടിക്കാലത്തെ ഒരു ആവേശമായിരുന്നു അവയെല്ലാം. ആദ്യമായി നാടകത്തിന് ഒരു ആൺവേഷമാണ് കെട്ടിയത്. ഇന്നും അത് മറക്കാൻ കഴിയില്ല. അത്തരം സ്കൂൾ അനുഭവങ്ങൾ ഇന്ന് ഓർത്തെടുക്കാനാണ് ഏറെ ഇഷ്ടം. സ്കൂൾ കാലഘട്ടത്തിലെ രണ്ടു അധ്യാപകരുമായി ഇപ്പോഴും വിളിച്ച് സംസാരിക്കുന്നയാളാണ് ഞാൻ. അവർ രണ്ടുപേരാണ് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതും.
സ്കൂൾ കാലത്തിനൊപ്പം തന്നെ ഏറെ ഓർമകൾ സമ്മാനിച്ചതായിരുന്നു ഹോസ്റ്റൽ ജീവിതം. സ്കൂൾ കാലഘട്ടത്തിൽ തന്നെ ഹോസ്റ്റൽ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു. ഏറ്റവും കൂടുതൽ കുസൃതികൾ കാണിച്ചതും അവിടെതന്നെ.
വീണ്ടും കൊച്ചുകൂട്ടുകാർക്കായി ഒരു സ്കൂൾ കാലം തുറക്കുകയാണ്. ഓരോ വിദ്യാർഥിയും ധൈര്യത്തോടെ സ്വന്തം ഇഷ്ടത്തെയും സ്വപ്നങ്ങളെയും പിന്തുടരണം. ആ സ്വപ്നങ്ങൾ എന്തുതന്നെയായാലും, എന്തെല്ലാം പ്രതിസന്ധികളുണ്ടെങ്കിലും പിന്മാറാൻ പാടില്ല. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നതിൽ നിന്ന് തളർത്താൻ ഒരുപാട് ആളുകളുണ്ടാകും. എങ്കിലും ഉറച്ച മനസ്സോടെ ഓരോരുത്തരും സ്വപ്നത്തിന് പിന്നാലെ പായണം.