റഷ്യ വിളിക്കുന്നു... പഠിക്കാനായി
text_fieldsറഷ്യയിലെ വിവിധ യൂനിവേഴ്സിറ്റികളിൽ ഫീസ് നിരക്ക് വ്യത്യസ്തമാണ്. ചില ഇന്ത്യൻ വിദ്യാർഥികൾ മോസ്കോ സർവകലാശാലയാണ് പഠിക്കാനായി തിരഞ്ഞെടുക്കാറ്. എന്നാൽ, റഷ്യയിലെ മറ്റു റീജനുകളെ അപേക്ഷിച്ച് തലസ്ഥാനത്തെ ജീവിതം അൽപം ചെലവേറിയതാണെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. മറ്റ് റഷ്യൻ നഗരങ്ങളിലെ സർവകലാശാലകളിലെ വിദ്യാഭ്യാസം താരതമ്യേന ചെലവ് കുറഞ്ഞതാണ്.
ഐ.ടിയും ഗണിതവും പ്രത്യേക വിഷയമായി എടുത്ത് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഐ.ടി.എം.ഒ (ITMO) യൂനിവേഴ്സിറ്റി, ടോംസ്ക് സ്റ്റേറ്റ് യൂനിവേഴ്സിറ്റി (TSU), സൈബീരിയൻ ഫെഡറൽ യൂനിവേഴ്സിറ്റി (SibFu) എന്നിവിടങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. മെഡിക്കൽ വിദ്യാഭ്യാസത്തിനായി റഷ്യയിൽ നിരവധി യൂനിവേഴ്സിറ്റികളുണ്ട്.
സ്കോളർഷിപ്പോടെ പഠിക്കാം
റഷ്യൻ സർക്കാറിെൻറ സ്കോളർഷിപ് നേടി ട്യൂഷൻ ഫീസിളവോടെ പഠിക്കാനുള്ള സൗകര്യം റഷ്യയിലുണ്ട്. ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും അണ്ടർ ഗ്രാജ്വേറ്റ്, സ്പെഷലിസ്റ്റ്, ഇേൻറൺഷിപ്, പിഎച്ച്.ഡി പഠനങ്ങൾക്കുമായി മറ്റ് രാജ്യങ്ങളിൽനിന്ന് റഷ്യയിലെത്തുന്ന വിദ്യാർഥികൾക്കായി ഏതാനും സീറ്റുകൾ സർക്കാർ മാറ്റിവെക്കാറുണ്ട്. സർക്കാർ നടത്തുന്ന പരീക്ഷയിൽ കഴിവ് തെളിയിച്ച് സ്കോളർഷിപ്പോടെ പഠിക്കാം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക...
പഠിക്കാനാഗ്രഹിക്കുന്ന യൂനിവേഴ്സിറ്റിയെ ഇന്ത്യൻ അതോറിറ്റി അംഗീകരിക്കുന്നുണ്ടോ എന്നറിയണം.
നീറ്റ് പരീക്ഷ പാസായവർക്കേ റഷ്യയിൽ എം.ബി.ബി.എസ് പഠനത്തിന് പ്രവേശനം ലഭിക്കൂ.
റഷ്യയിൽ തണുപ്പ് കാലാവസ്ഥയാണ്. ഇത്തരം അന്തരീക്ഷത്തിൽ ജീവിക്കാൻ പ്രയാസമുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവർ ശ്രദ്ധിക്കണം.
പഠിക്കാനാഗ്രഹിക്കുന്ന സർവകലാശാലയും കോഴ്സും തെരഞ്ഞെടുത്ത ശേഷം സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അവയെ കുറിച്ച് മനസ്സിലാക്കാം.
യൂനിവേഴ്സിറ്റി ലോക റാങ്കിങ്ങിൽ മികവ് പുലർത്തുന്നുണ്ടെന്ന് അന്വേഷിച്ച് ഉറപ്പുവരുത്തിയശേഷം മാത്രം പ്രവേശന നടപടികളിലേക്ക് നീങ്ങുക.
ഏജൻസി തട്ടിപ്പിന് ഇരയാവാതെ നോക്കുക, ഔദ്യോഗിക ചാനൽ വഴി മാത്രം പ്രവേശന നടപടികൾ കൈക്കൊള്ളുക.
അതിർത്തികൾ തുറന്നു
ഇന്ത്യക്കും യു.എസിനും ബ്രസീലിനും പിന്നാലെ കോവിഡ് രൂക്ഷമായ രാജ്യമായിരുന്നു റഷ്യ. എന്നാൽ, ഇപ്പോൾ റഷ്യൻ യൂനിവേഴ്സിറ്റികളിലും കോളജുകളിലും മുഴുവൻസമയ പഠനത്തിനായി എത്തുന്ന വിദ്യാർഥികൾക്കായി റഷ്യൻ അതിർത്തികൾ തുറന്നിരിക്കുകയാണ്.
Alert
ക്ലാസിലെത്തുന്നതിന് 10 ദിവസങ്ങൾക്കു മുമ്പെങ്കിലും അക്കാര്യം യൂനിവേഴ്സിറ്റിയെ അറിയിച്ചിരിക്കണം.
മൂന്ന് ദിവസത്തിനകം എടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. എങ്കിൽ മാത്രമേ മുഖാമുഖം ക്ലാസ് ലഭിക്കൂ.
മെഡിക്കൽ പഠനത്തിന് എന്തുകൊണ്ട് റഷ്യ ?
1. പ്രവേശനം ലഭിക്കാനുള്ള സാധ്യത ഏറെ
മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് പ്രവേശനം ലഭിക്കാൻ സാധ്യത ഏറെയാണെന്നതാണ് ഉന്നതവിദ്യാഭ്യാസത്തിനായി റഷ്യ തിരഞ്ഞെടുക്കാം എന്ന് പറയുന്നതിനുള്ള പ്രധാന കാരണം. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സർവകലാശാലകളുമായി താരതമ്യം ചെയ്യുമ്പോൾ റഷ്യയിലെ മെഡിക്കൽ യൂനിവേഴ്സിറ്റികളിൽ പ്രവേശനം ലഭിക്കാൻ വളരെ എളുപ്പമാണ്.
2. ഐ.ഇ.എൽ.ടി.എസ്/ ടോഫൽ(TOEFL) പരീക്ഷ എഴുതേണ്ടതില്ല
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുന്നതിനുള്ള ഐ.ഇ.എൽ.ടി.എസ്, ടി.ഒ.ഇ.എഫ്.എൽ പോലുള്ള പരീക്ഷ പാസാവുകയെന്ന കടമ്പ റഷ്യയിലെ വിദ്യാഭ്യാസത്തിന് ഇല്ലെന്നതാണ് മറ്റൊരു ആകർഷണീയത.
3. സ്കോളർഷിപ്
സർക്കാർ യൂനിവേഴ്സിറ്റികൾ മറ്റ് രാജ്യങ്ങളിൽനിന്നെത്തുന്ന വിദ്യാർഥികൾക്കായി ഒരുക്കുന്ന സ്കോളർഷിപ് പദ്ധതികൾ ഉപയോഗപ്പെടുത്തുന്നതിലൂടെ എം.ബി.ബി.എസ് ഫീസ് നിരക്കിൽ കുറവ് നേടാവുന്നതാണ്.
4. സംഭാവനയോ പ്രവേശനപരീക്ഷയോ ഇല്ല
റഷ്യൻ യൂനിവേഴ്സിറ്റികളിൽ പ്രവേശനം നേടാനായി ഭീമമായ സംഭാവന നൽകേണ്ടതില്ല. കൂടാതെ, പ്രവേശനപരീക്ഷയെന്ന പരീക്ഷണവും വിദ്യാർഥികളെ അലട്ടുന്നില്ല.
5. കുറഞ്ഞ ഫീസ് നിരക്ക്
താരതമ്യേന കുറഞ്ഞ ഫീസ് നിരക്കാണ് മറ്റൊരു ആകർഷണീയത.
6. പഠനമാധ്യമം വിദ്യാർഥിക്ക് തിരഞ്ഞെടുക്കാം
പഠിക്കുന്നത് ഏത് ഭാഷയിൽ വേണമെന്നത് വിദ്യാർഥിക്ക് തിരഞ്ഞെടുക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. എം.ബി.ബി.എസ് പഠനത്തിെൻറ കാര്യമെടുത്താൽ കോഴ്സ് പൂർണമായും ഇംഗ്ലീഷിലും പൂർണമായും റഷ്യൻ ഭാഷയിലും രണ്ടും ചേർന്നും പഠിക്കാവുന്നതാണ്. ഇതിൽ ഏത് വേണമെന്നത് വിദ്യാർഥിക്ക് തിരഞ്ഞെടുക്കാം.