കാമ്പസ് രാഷ്ട്രീയത്തിന് പൂർണ ലൈസൻസുമായി സർവകലാശാല നിയമ ഭേദഗതി
text_fieldsതിരുവനന്തപുരം: വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഘടന പ്രവർത്തനങ്ങൾക്കും വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിനും എയ്ഡഡ്, സ്വാശ്രയ കോളജുകളിലുള്ള നിയന്ത്രണങ്ങൾ മറികടക്കാൻ സർവകലാശാല നിയമങ്ങളിൽ ഭേദഗതി വരുന്നു. മാർച്ച് മൂന്നിന് നിയമസഭയിൽ ബിൽ അവതരിപ്പിക്കും. വിദ്യാർഥികളുടെ അവകാശങ്ങളെന്ന അധ്യായം ചേർത്താണ് സംഘടന പ്രവർത്തനത്തിന് പൂർണ ലൈസൻസ് ഉറപ്പാക്കുന്നത്. ഒട്ടേറെ കാമ്പസുകളിൽ കോടതി വിധിയുടെ ബലത്തിൽ നിയന്ത്രിത വിദ്യാർഥി യൂനിയൻ പ്രവർത്തനം മാത്രമാണ് അനുവദിക്കുന്നത്. ഇത് മറികടക്കാൻ വഴിയൊരുക്കുന്നതാണ് ഭേദഗതി.
വിദ്യാർഥികൾക്ക് താൽപര്യമനുസരിച്ച് സംഘടനയിൽ അംഗമാകാം. ഒരു സംഘടനയിൽ ഉൾപ്പെടുന്നുവെന്ന കാരണത്താൽ മുൻവിധിയോടെയുള്ള പെരുമാറ്റത്തിന് വിധേയമാക്കാൻ പാടില്ല. കാമ്പസുകളിൽ വിദ്യാർഥികൾക്ക് സംഘടിക്കുന്നതിനും താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അവകാശം. വിദ്യാർഥി ആവശ്യങ്ങൾ നിയമാനുസൃതമായിരിക്കണം. വിദ്യാർഥി സംഘത്തിന് പരസ്യപ്പെടുത്തുന്നതിനും യോഗം ചേരുന്നതിനും ഏത് വിഷയം ചർച്ച ചെയ്യുന്നതിനും സമാധാനപരവുമായ പ്രകടനത്തിൽ ഏർപ്പെടുന്നതിനും അവകാശമുണ്ടായിരിക്കും. സർവകലാശാലയിലും കീഴിലുള്ള സ്ഥാപനങ്ങളിലും വിദ്യാർഥികളുടെ ഔപചാരിക പ്രാതിനിധ്യസമിതി രൂപവത്കരിക്കണം. സമിതിയിൽ സർവകലാശാല തീരുമാന പ്രകാരം തെരഞ്ഞെടുപ്പ് നടത്തണം. സർവകലാശാല പഠന വകുപ്പുകളും കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർഥികളുടെ അവകാശങ്ങൾ നിരീക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ബാധ്യസ്ഥരായിരിക്കും.
അധ്യാപകർക്ക് അഭിപ്രായ പ്രകടനം നടത്താം
അക്കാദമിക സ്വാതന്ത്ര്യവും അന്വേഷണം, അഭിപ്രായപ്രകടനം, സംഘംചേരൽ എന്നിവക്കുള്ള സ്വാതന്ത്ര്യവും കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അഭിപ്രായപ്രകടനം നടത്തുന്ന അധ്യാപകർക്കെതിരെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ പ്രകാരം അച്ചടക്കനടപടി സ്വീകരിക്കാറുണ്ട്. അധ്യാപകർക്കോ അവരുടെ സംഘങ്ങൾക്കോ സംഘടനകൾക്കോ സർവകലാശാലയുടെ മുൻകൂർ അനുമതിയില്ലാതെ എഴുതിയതോ അച്ചടിച്ചതോ ഇലക്ട്രോണിക് രൂപത്തിലുള്ളതോ ആയ മെറ്റീരിയലുകൾ (നോട്ടീസ്, പോസ്റ്റർ തുടങ്ങിയവ) കാമ്പസിൽ വിതരണം ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യാം. ഇവ സർവകലാശാല നയത്തിനോ സംസ്ഥാന നിയമത്തിനോ വിരുദ്ധമാകാൻ പാടില്ല. മെറ്റീരിയലുകളിൽ പ്രസിദ്ധീകരിക്കുന്ന വ്യക്തിയെയോ വ്യക്തികളെയോ വ്യക്തമായി സൂചിപ്പിക്കണമെന്നാണ് വ്യവസ്ഥ.