മ്യൂസിക് പോൾ; സോഷ്യൽ മീഡിയ തിരഞ്ഞ ഹിറ്റ് മ്യുസീഷ്യൻ ഇവിടെയുണ്ട്...
text_fieldsചിത്രങ്ങൾ: ബൈജു കൊടുവള്ളി
സമൂഹമാധ്യമങ്ങളിലെ പാട്ടുപ്രേമികൾ അന്വേഷിക്കുകയാണ് 200ഓളം ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച അലക്സ് പോൾ എന്ന സംഗീത സംവിധായകനെ. ഒരുക്കിയ പാട്ടിലധികവും ഹിറ്റുകളാക്കിയ ആ സംഗീതജ്ഞനെ പക്ഷേ 2018നു ശേഷം സിനിമയിൽ കണ്ടതേയില്ല. ഹിറ്റുകളിൽ മുഴുകിനിൽക്കെ പെെട്ടന്ന് അപ്രത്യക്ഷനായ അലക്സ്പോൾ ഇവിടെയുണ്ട്. തന്റെ പിന്മാറ്റത്തിന് പിന്നിലെ ലക്ഷ്യങ്ങളും തീരുമാനങ്ങളും പങ്കുവെക്കുകയാണ് അദ്ദേഹം...
കേട്ടുനിൽക്കെ ‘ഖൽബിൽ വെണ്ണിലാവ്’ പോലെ നിറയുന്ന ഈണങ്ങൾ സൃഷ്ടിച്ചൊരാൾ നമുക്കിടയിലുണ്ട്. ‘ഇഷ്ടമല്ലേ, ഇഷ്ടമല്ലേ’ എന്ന് ചോദിക്കേണ്ട ആവശ്യമില്ല. വരികളിൽ അലിഞ്ഞുചേരുന്ന ആ സംഗീതമത്രയും കാതിലും ചുണ്ടിലും ചേർത്തുവെച്ചവരാണ് മലയാളികൾ. ‘കാണുന്നതിലെല്ലാം മഴവില്ലുള്ളതു പോലെ’ എന്ന സ്വന്തം ഈണത്തിൽ പിറന്ന പാട്ടിലെ വരികൾപോലെ കേൾക്കുന്നതിലെല്ലാം മധുരമുള്ള എന്തോ ഒന്ന് ആ പാട്ടുകളെ കൂടുതൽ ആസ്വാദ്യകരമാക്കി. അവയിൽ ചിലതിൽ ‘അമ്പലക്കര തെച്ചിക്കാവിലെ പൂര’ത്തിന്റെയും ‘പാണ്ടിമേളം പാട്ടും കൂത്തി’ന്റെയും ആവേശവും ആഘോഷവും ഇരമ്പി. മറ്റ് ചിലത് ‘കാറ്റാടിത്തണലും’ കൊണ്ട് എല്ലാം മറന്ന് കേട്ടിരിക്കാൻ സുഖമുള്ള മെലഡികളായിരുന്നു. 50ഓളം ചിത്രങ്ങളിലായി 200ഓളം ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച അലക്സ് പോൾ എന്ന സംഗീത സംവിധായകൻ ഒരുക്കിയതിലേറെയും ഹിറ്റുകളാണ്. പക്ഷേ, 2018നു ശേഷം സിനിമയിൽ അലക്സ് പോൾ ചിട്ടപ്പെടുത്തിയ പാട്ടുകൾ നമ്മൾ കേട്ടില്ല. എന്തുകൊണ്ട് ഇങ്ങനെയൊരു ബ്രേക്ക് എന്ന് ഇപ്പോഴും അന്വേഷിക്കുന്നുണ്ട് ഗാനാസ്വാദകർ. ആ പിന്മാറ്റത്തിന് പിന്നിൽ അദ്ദേഹത്തിന് വ്യക്തമായ ലക്ഷ്യങ്ങളും തീരുമാനങ്ങളുമുണ്ടായിരുന്നു. മനസ്സിൽ സിനിമയും സംഗീതവുമായി ജീവിക്കുന്ന അലക്സ് പോൾ പാട്ടുവഴികളിലെ യാത്രകളും അനുഭവങ്ങളും സ്വപ്നങ്ങളും പങ്കുവെക്കുന്നു.
ഗാനമേള പിറന്ന വീട്
സംഗീതത്തിന്റെ തലോടലുള്ളൊരു വീട്ടിലാണ് ഞാൻ ജനിച്ചതും വളർന്നതും. വീട്ടിൽ എല്ലാവരും പാടുന്നവരും വിവിധ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരുമായിരുന്നു. സിനിമാഗാനങ്ങൾ കോർത്തിണക്കി ഗാനമേള എന്ന സംഗീതരൂപം പിറവിയെടുക്കുന്നതു തന്നെ എന്റെ കുടുംബത്തിലാണ്. അതുവരെ കച്ചേരികളാണ് ഉണ്ടായിരുന്നത്. പോൾ ആശാൻ എന്നറിയപ്പെട്ടിരുന്ന അപ്പച്ചൻ (പിതാവ്) എം.എം. പോൾ തബലിസ്റ്റും പാട്ടുകാരനുമായിരുന്നു. ഓൾ റൗണ്ടറായിരുന്നു അദ്ദേഹം. നന്നായി പാടും.
എല്ലാ സംഗീതോപകരണങ്ങളും വായിക്കും. എച്ച്.എം.വിക്ക് വേണ്ടി അന്ന് പാടിയിട്ടുണ്ട്. അക്കാലത്ത് അത് എല്ലാ പാട്ടുകാരുടെയും സ്വപ്നമായിരുന്നു. അപ്പച്ചനും അദ്ദേഹത്തിന്റെ അനുജൻ ജോസുമാണ് സംഗീതത്തിൽ എന്റെ ആദ്യ ഗുരുക്കൻമാർ. പിൽക്കാലത്ത് പേരെടുത്ത പല പാട്ടുകാരും ഇവർ ഉൾപ്പെടുന്ന ഗാനമേള സംഘത്തിൽ ഉണ്ടായിരുന്നു. യേശുദാസ് ഈ ഗാനമേളയുടെ ഭാഗമായതോടെ പാട്ടുകാരുടെ ആ കൂട്ടായ്മ ദാസേട്ടന്റെ ഗാനമേള എന്നറിയപ്പെട്ട് തുടങ്ങി. കേരളത്തിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും ഈ സംഘം ഗാനമേളകൾ അവതരിപ്പിച്ചിരുന്നു. അന്ന് പലപ്പോഴും എനിക്കും സഹോദരങ്ങൾക്കും അപ്പച്ചനെ അടുത്ത് കിട്ടിയിരുന്നില്ല. സംഗീത പരിപാടികളുമായി പലയിടങ്ങളിലായിരിക്കും.
വീട്ടിലെ വലിയ ഹാളിലാണ് ഗാനമേളകളുടെ റിഹേഴ്സൽ നടന്നിരുന്നത്. ഞാൻ അന്ന് കൊച്ചുകുട്ടിയാണ്. ഹാളിലേക്ക് കുട്ടികൾക്ക് പ്രവേശനമില്ല. കൂട്ടുകാർ കളിക്കാനോടുമ്പോൾ ഞാൻ ഹാളിനോട് ചേർന്ന മുറിയുടെ ജാലകപ്പഴുതിലൂടെ പാട്ട് കേട്ട് നിൽക്കും. അങ്ങനെ പാട്ടിന്റെ നല്ലൊരു അന്തരീക്ഷം വീട്ടിലുണ്ടായിരുന്നു. സ്വാഭാവികമായും സംഗീതത്തിനും സിനിമക്കുമൊപ്പം എന്റെ മനസ്സ് പതുക്കെ സഞ്ചരിച്ച് തുടങ്ങി. ഞാനും സഹോദരൻ ലാലും സിനിമയിൽ വരുമെന്ന് അന്ന് കലാഭവനിലെ ആബേലച്ചൻ പ്രവചിച്ചതായി അപ്പച്ചൻ പറഞ്ഞ് കേട്ടിട്ടുണ്ട്.
കലാഭവനും ജോൺസണും
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം സെന്റ് ആൽബർട്സ് കോളജിൽനിന്ന് ബി.കോം പഠനം പൂർത്തിയാക്കി. തുടർന്ന് തൃപ്പൂണിത്തുറ ആർ.എൽ.വി അക്കാദമിയില്‍നിന്ന് ഗാനഭൂഷണം പാസായി. ഓര്‍ഗന്‍, കീബോര്‍ഡ്, ഗിത്താര്‍, സിത്താര്‍, വീണ, ഡ്രംസ്, കോംഗോ ഡ്രംസ്, തബല, മാൻഡലിൻ എന്നിവയെല്ലാം അഭ്യസിച്ചു. അപ്പച്ചൻ കലാഭവനിൽ സംഗീത അധ്യാപകനായിരുന്നു. അദ്ദേഹം അവധിയെടുക്കുന്ന ദിവസങ്ങളിൽ പകരക്കാരനായി പോകും. തുടർന്ന് പത്ത് വർഷത്തോളം കലാഭവനിൽ അധ്യാപകനായി. സിനിമയായിരുന്നു അന്നും മനസ്സിൽ.
സംഗീത സംവിധായകൻ ആകണമെന്നുതന്നെയായിരുന്നു ആഗ്രഹം. കലാകാരന് എന്നും ദാരിദ്ര്യമാണ് എന്നൊരു ചിന്ത അന്നുണ്ടായിരുന്നു. തറയിൽ പായിട്ട് കിടന്നും കഞ്ഞികുടിച്ചുമെല്ലാം സന്തോഷം കണ്ടെത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഏതൊരു അവസ്ഥയിലും ജീവിക്കാനുള്ള മാനസിക ഒരുക്കംകൂടിയായിരുന്നു അത്. ജോലി കിട്ടരുതേ എന്നായിരുന്നു പ്രാർഥന. ജോലി കിട്ടിയാൽ സംഗീതം നഷ്ടപ്പെടുമല്ലോ എന്നായിരുന്നു ചിന്ത.
സിനിമയിൽ ഗുരുനാഥൻ ജോൺസൺ മാസ്റ്ററാണ്. അദ്ദേഹത്തിന്റെ അസിസ്റ്റന്റായി കുറെക്കാലം പ്രവർത്തിച്ചു. റാഫിയും മെക്കാർട്ടിനും സുഹൃത്തുക്കളാണ്. അവർ നടനും സംവിധായകനുമായ എന്റെ സഹോദരൻ ലാൽ വഴി പറഞ്ഞാണ് ‘ചതിക്കാത്ത ചന്തു’വിൽ സംഗീത സംവിധായകനായി എത്തുന്നത്. തുടർന്ന് ബ്ലാക്ക്, രാജമാണിക്യം, തൊമ്മനും മക്കളും, അച്ഛനുറങ്ങാത്ത വീട്, തുറുപ്പുഗുലാൻ, ക്ലാസ്മേറ്റ്സ്, വാസ്തവം, പോത്തൻവാവ, ബാബ കല്യാണി, മായാവി, ഇൻസ്പെക്ടർ ഗരുഡ്, പന്തയക്കോഴി, ഹലോ, അലിഭായ്, ചോക്ലേറ്റ്, റോമിയോ, മായാവി, പരുന്ത്, തലപ്പാവ്, ലോലിപോപ്പ്, ടു ഹരിഹർ നഗർ, മൈ ബിഗ് ഫാദർ, ചട്ടമ്പിനാട്, കോബ്ര തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഗാനങ്ങളൊരുക്കി. കലയെ ഒരിക്കലും തൊഴിലായി കണ്ടിട്ടില്ല. ഒരു കാര്യം ചെയ്യുമ്പോൾ അതിൽ നൂറുശതമാനം മുഴുകണം എന്നതാണ് എന്റെ പക്ഷം. സിനിമയിൽ വരുന്നതിന് മുമ്പ് ഒരു സാധകംപോലെ ദിവസവും 20 പാട്ടുകൾ വരെ കംപോസ് ചെയ്ത് പരിശീലിക്കുമായിരുന്നു.
അറിയാതെ ഒഴുകുന്ന ഈണങ്ങൾ
എന്റെ പാട്ടുകളിൽ എന്നെ കാണരുത് എന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. ഒരു പാട്ടും രണ്ടാമത് കംപോസ് ചെയ്യേണ്ടിവന്നിട്ടില്ല. ഒരിക്കലും സംവിധായകന്റെ സമ്മർദങ്ങൾക്ക് വഴങ്ങി ഗാനങ്ങൾ ചിട്ടപ്പെടുത്തുകയോ മാറ്റുകയോ ചെയ്യേണ്ടിയും വന്നിട്ടില്ല. സന്ദർഭത്തിനും ഗാനത്തിന്റെ വരികൾക്കും യോജിച്ച ഈണം, അതിനിണങ്ങുന്ന ശബ്ദം, അതാണ് തിരഞ്ഞെടുക്കുന്നത്. ‘ചതിക്കാത്ത ചന്തു’വിലെയും ‘ക്ലാസ്മേറ്റ്സി’ലെയും പാട്ടുകൾ കേട്ടാൽ രണ്ട് സ്വഭാവത്തിൽ, വേറിട്ടുതന്നെ നിൽക്കുന്നവയാണെന്ന് ബോധ്യമാകും. നിഷ്കളങ്കമായാണ് ഓരോ പാട്ടിനെയും സമീപിക്കുന്നത്. അപ്പോൾ ഈണങ്ങൾ അറിയാതെ വരും. അത് എല്ലാവരും ഇഷ്ടപ്പെടുന്നു എന്നറിയുമ്പോൾ സന്തോഷം.
‘ക്ലാസ്മേറ്റ്സ്’ എന്ന വഴിത്തിരിവ്
‘ക്ലാസ്മേറ്റ്സി’ലെ ‘എന്റെ ഖൽബിലെ വെണ്ണിലാവ് നീ’ എന്ന ഗാനം പ്രതീക്ഷിച്ചതിലുമധികം ഹിറ്റായി. നിർമാതാവ് ആദ്യം ഇഷ്ടമായില്ലെന്ന് പറഞ്ഞ ഗാനമാണത്. പക്ഷേ, ആ പാട്ടിൽ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. പാട്ട് ജനം ഏറ്റെടുത്തു. ആളുകൾ ഇപ്പോഴും മെലഡി ഇഷ്ടപ്പെടുന്നുണ്ടല്ലോ എന്നതായിരുന്നു സന്തോഷം. അത്രത്തോളം സംഗീതബോധമുള്ളവരാണ് മലയാളികൾ. ‘ക്ലാസ്മേറ്റ്സി’ലെ പാട്ടുകൾ ഇറങ്ങിയപ്പോൾ സംവിധായകൻ ലാൽ ജോസ് തമാശയായി എന്നോട് പറഞ്ഞിട്ടുണ്ട്, മലപ്പുറം ഭാഗത്തേക്ക് പോയാൽ ആളുകൾ സ്നേഹംകൊണ്ട് ഞെക്കിക്കൊല്ലുമെന്ന്. ആ പാട്ടുകൾ അത്രമാത്രം സ്വീകരിക്കപ്പെട്ടു. ‘ചില്ലുജാലക വാതിലിൽ’ എന്ന മഞ്ജരി പാടിയ മനോഹരമായ ഒരു ഗാനം കൂടി ആ ചിത്രത്തിൽ ഉണ്ടായിരുന്നു. പക്ഷേ, സിനിമയിൽ ഉൾപ്പെടുത്തിയില്ല. ചിലർക്ക് ‘എന്റെ ഖൽബി’നേക്കാൾ ഇഷ്ടപ്പെട്ടത് ഈ പാട്ടാണ്. തന്റെ ചിത്രത്തിന് ‘എന്റെ ഖൽബിലെ’ പോലൊരു ഗാനം തരണമെന്ന് പറഞ്ഞ് അന്തരിച്ച സംവിധായകൻ ഷാഫി എപ്പോഴും വഴക്കിടുമായിരുന്നു. അങ്ങനെ ചെയ്തതാണ് ‘ചോക്ലേറ്റി’ലെ ‘ഇഷ്ടമല്ലേ ഇഷ്ടമല്ലേ’ എന്ന പാട്ട്.
റിമി ടോമി മുതൽ യേശുദാസ് വരെയുള്ള ഗായകരെക്കൊണ്ട് പാടിക്കാൻ കഴിഞ്ഞു. അതിൽ ഒ.എൻ.വിയുടെയും ബിച്ചുതിരുമലയുടെയും ഗിരീഷ് പുത്തഞ്ചേരിയുടെയും കൈതപ്രത്തിന്റെയുമെല്ലാം വരികളുണ്ട്. യേശുദാസ് പാടുമ്പോൾ സ്വന്തം മനോധർമമനുസരിച്ച് ചില മാറ്റങ്ങളൊക്കെ വരുത്താറുണ്ട്. എന്നാൽ, ‘മായാവി’യിലെ ‘മുറ്റത്തെ മുല്ലേ ചൊല്ല്’ എന്ന പാട്ട് ഞാൻ ഈണമിട്ടതിൽനിന്ന് അൽപം പോലും വ്യത്യാസമില്ലാതെയാണ് ദാസേട്ടൻ പാടിവെച്ചത്. എന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം ചില ഭാഗങ്ങൾ മാറ്റിപ്പാടിയെങ്കിലും പിന്നീട് ആദ്യം പാടിയതുതന്നെ മതിയെന്ന് തീരുമാനിച്ചു. ചെെന്നെയിൽ റെക്കോഡ് ചെയ്യാമെന്ന അദ്ദേഹത്തിന്റെ വാക്ക് കേൾക്കാതെ കൊച്ചിയിൽ ലാലിന്റെ സ്റ്റുഡിയോയിൽ മതിയെന്ന് ഞാൻ വാശി പിടിച്ചതിൽ ആദ്യം അദ്ദേഹത്തിന് ചെറിയ നീരസമുണ്ടെന്ന് തോന്നിയിരുന്നു. എന്നാൽ, പാടിക്കഴിഞ്ഞപ്പോൾ ദാസേട്ടൻ ഒരുപാട് സ്നേഹത്തോടെയാണ് എന്നോട് പെരുമാറിയത്. വയലാർ ശരത്ചന്ദ്രവർമ എഴുതിയ ഗാനങ്ങൾക്കാണ് സിനിമയിൽ കൂടുതലും ഈണമിട്ടത്. ഞങ്ങൾ ഒത്തുചേർന്നപ്പോഴെല്ലാം മികച്ച ഗാനങ്ങളുണ്ടാക്കാൻ കഴിഞ്ഞു. ഞാൻ സംഗീത സംവിധാനം നിർവഹിച്ചവയിൽ ‘കൈ നിറയെ വെണ്ണ തരാം’ (ബാബ കല്യാണി), ചെല്ല പാപ്പാ (മാഡ് ഡാഡ്) എന്നീ ഗാനങ്ങളോട് കൂടുതൽ ഇഷ്ടമുണ്ട്. ഒരു പാട്ടിന്റെ ജോലികൾ തീർത്തുകഴിഞ്ഞാൽ പിന്നീട് സ്റ്റുഡിയോക്ക് പുറത്ത് ആ പാട്ടുകൾ കേൾക്കുന്നത് എന്റെ ശീലമല്ല. നമ്മൾ ചെയ്ത പാട്ട് അതിന്റെ യഥാർഥ സുഖത്തോടെ അത്തരം കേൾവിയിൽ ആസ്വദിക്കാനാവില്ല എന്നതാണ് കാരണം.
എസ്.പി.ബി: ഇന്നും നഷ്ടബോധം
‘തൊമ്മനും മക്കളും’ എന്ന ചിത്രത്തിലെ ‘പുണ്യവാൻ ഇസഹാഖിനുണ്ടായി രണ്ട് മക്കൾ’ എന്ന ഗാനം എസ്.പി. ബാലസുബ്രഹ്മണ്യത്തെകൊണ്ട് പാടിക്കണമെന്നത് സംവിധായകൻ ഷാഫിയുടെ ആഗ്രഹമായിരുന്നു. ഗാനം പ്രദീപ് പള്ളുരുത്തി ട്രാക്ക് പാടിയിരുന്നു. എസ്.പി.ബിയെ കാണാൻ ഞാൻ ട്രെയിനിൽ ചെന്നൈക്ക് പുറപ്പെട്ടു. പാലക്കാട് എത്തിയപ്പോൾ അണിയറക്കാരുടെ വിളി വരുന്നു. പ്രദീപ് പാടിയ ട്രാക്ക് തന്നെ ഉപയോഗിച്ചാലോ എന്നൊരു ആലോചന. പുതിയൊരു പാട്ടുകാരന് അവസരം കൊടുക്കുന്നത് എനിക്കും സന്തോഷമായിരുന്നു. എസ്.പി.ബിയെ കൊണ്ട് പാടിക്കാനുള്ള തീരുമാനം അവിടെ വെച്ച് ഉപേക്ഷിച്ച് ഞാൻ തിരിച്ചുപോന്നു. ഇപ്പോൾ അതാലോചിക്കുമ്പോൾ വലിയ നഷ്ടബോധം തോന്നുന്നുണ്ട്.
ഇനി സംഗീതം സ്വന്തം ചിത്രത്തിൽ മാത്രം
ഞാൻ പൂർണമായും സിനിമാസംവിധാനത്തിലേക്ക് തിരിയുകയാണ്. സ്വന്തം ചിത്രങ്ങളിലെ പാട്ടുകൾക്കുമാത്രം ഇനി സംഗീതം നൽകിയാൽ മതിയെന്നാണ് തീരുമാനം. കഴിഞ്ഞ ഏഴു വർഷത്തോളം സിനിമാ സംവിധായകനാകാനുള്ള ഒരുക്കത്തിലായിരുന്നു. അതുകൊണ്ടാണ് ഇക്കാലമത്രയും മാറിനിന്നത്. സംവിധാനം ചെയ്യുമ്പോൾ പൂർണമായി അതിൽ മുഴുകേണ്ടതുണ്ട്. അതിനിടയിൽ മറ്റ് ചിത്രങ്ങളുടെ സംഗീത സംവിധാനത്തിൽ ശ്രദ്ധിക്കാനാവില്ല. പക്ഷേ, മ്യൂസിക് തെറപ്പിപോലുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംഗീത പ്രാധാന്യമുള്ള 15ഓളം സിനിമകളാണ് മനസ്സിലുള്ളത്. ആദ്യത്തേത് വൈകാതെ പുറത്തിറങ്ങും. എന്റെ പാട്ടുകൾ നെഞ്ചിലേറ്റിയവരെ സിനിമകളും നിരാശപ്പെടുത്തരുതെന്ന് നിർബന്ധമുണ്ട്.
പാട്ടു പരീക്ഷണങ്ങൾ
അതിരുകളില്ലാത്തതാണ് സംഗീതത്തിന്റെ സാധ്യതകൾ. കേരളത്തിനകത്തും പുറത്തുമായി ഭിന്നശേഷി കുട്ടികൾക്ക് അടക്കം ആയിരത്തോളം മ്യൂസിക് തെറപ്പി ക്ലാസുകൾ നടത്തി. പലരിലും കണ്ട മാറ്റങ്ങൾ അത്ഭുതപ്പെടുത്തി. ലോക്ഡൗൺ കാലത്ത് ‘എക്സ്പോൾ ഹീലർ’ എന്ന ഹീലിങ് സംഗീതോപകരണം സ്വന്തമായി വികസിപ്പിച്ചു. മനസ്സിനെയും ശരീരത്തെയും സംഗീതത്തിന്റെ അഭൗമതലങ്ങളിലേക്ക് ചേർത്തുനിർത്തുന്ന ഒന്നാണ് ‘എക്സ്പോൾ ഹീലർ’. പഠിക്കാത്തവർക്ക് പോലും ഇതിൽനിന്ന് സംഗീതം സൃഷ്ടിക്കാനാകും. ബൈബിളിന്റെ ഗദ്യരൂപത്തിലുള്ള സങ്കീര്‍ത്തനങ്ങളും ‘മിശിഹാ ചരിത്രം’ എന്ന പേരില്‍ യേശുവിന്റെ ജനനം മുതല്‍ ഉയിർപ്പ് വരെയും സംഗീതരൂപത്തിലാക്കി. കുട്ടികളുടെ സംഗീത പാഠ്യപദ്ധതി ആല്‍ബമാക്കി. പരീക്ഷണങ്ങൾ തുടരുകയാണ്. സംഗീതത്തിൽ സ്വപ്നപദ്ധതികൾ ഇനിയുമുണ്ട്. നമ്മുടെ സങ്കൽപങ്ങളെങ്കിലും വലുതായിരിക്കണമല്ലോ. അവ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. കാത്തിരിക്കുക.