പൊരുൾ തേടിയുള്ള സഞ്ചാരം
text_fields‘ബംഗാളിൽ നിന്ന് ഒരു വാർത്തയുമില്ല.
ബംഗാളിൽ നിന്ന് മാത്രം
യാതൊന്നും അറിയുന്നില്ല.
യാതൊന്നും
ഒന്നും’. കെ.ജി. ശങ്കരപ്പിള്ളയുടെ ‘ബംഗാൾ’ എന്ന കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. പിന്നീടും നമ്മൾ ഒരുപാട് ബംഗാൾ വാർത്തകൾ കേട്ടു. കേട്ടുകൊണ്ടിരിക്കുന്നു. ബംഗാൾ വാർത്തകളുടെ നെല്ലും പതിരും ചികയുന്ന, നുണകളുടെയും അർധ സത്യങ്ങളുടെയും പെരുമ്പറ മുഴക്കി പുതിയ സത്യങ്ങൾ സൃഷ്ടിക്കാമെന്ന അടയാളവാക്യമായി ബംഗാളിനെ മാറ്റിയ, ആ പുതിയ ബംഗാളിനെ ആസ്പദമാക്കി മിഥുൻ കൃഷ്ണ രചിച്ച നോവലാണ് ‘അപര സമുദ്ര’.
ഫിക്ഷനിൽ ഒരുപക്ഷേ മലയാളത്തിൽ ഇതുവരെ എഴുതപ്പെടാത്ത, ഒരു രാഷ്ട്രീയ സമസ്യയുടെ പൊരുൾ തേടിയുള്ള സഞ്ചാരമാണ് ഈ നോവൽ. കേരളം പോലെ തന്നെ ബംഗാളും സാംസ്കാരികമായ പരിസരംകൊണ്ട് എന്നും ഇന്ത്യയിലെ ശ്രദ്ധേയമായ സ്ഥലങ്ങളാണ്. ബംഗാളും കേരളവും എക്കാലത്തും ഒരു പൊതു സാംസ്കാരിക പരിസരം പങ്കുവെച്ചു പോന്നു. പഥേർ പാഞ്ചാലി നമ്മുടെ നാട്ടിൻപുറങ്ങളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചതാണ്.
ബംഗാളികളുടെ കേരള കുടിയേറ്റം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വസ്തുഹാര പിറന്നതാണ്. മോഹൻ ബഗാനും സൗരവ് ഗാംഗുലിയും ഗീതാഞ്ജലിയും നമുക്ക് മറ്റൊരു നാടിന്റെ അടയാളപ്പെടുത്തലുകൾ അല്ല. കഴിഞ്ഞ നൂറ്റാണ്ടിൽ ഒരു ബംഗാളി ശാസനയുടെ സ്വരത്തിൽ നമ്മെ ഭ്രാന്താലയം എന്ന് വിളിച്ചത് ഇന്നും അഭിമാനത്തോടെയാണ് നമ്മൾ ഓർക്കാറ്. ബംഗാളുമായുള്ള നമ്മുടെ ബന്ധം പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. അന്നത് ഒരു ബൗദ്ധിക വിനിമയം ആണെങ്കിൽ ഇന്നത് കൂടുതൽ ഭൗതികമായി കൂടി മാറിയിട്ടുണ്ട് എന്ന് മാത്രം.
ബംഗാളിലെ രാഷ്ട്രീയ മാറ്റം ഇന്ത്യയിൽ ആകമാനം വിവിധ തലങ്ങളിൽ ചർച്ച ചെയ്യപ്പെട്ടതാണ്. സിംഗൂരും നന്ദിഗ്രാം സമരങ്ങളും. ഈ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ് അപരസമുദ്ര. എവിടെപ്പോയാലും ‘ബംഗാളി’ എന്ന അപരവിദ്വേഷ വിളി കേൾക്കുന്നതിൽ ദുഃഖം പേറുന്ന ബിനോബ എന്ന ബാലനിൽ നിന്ന് ആരംഭിച്ച്, ബംഗാളിലെ രാഷ്ട്രീയ മാറ്റത്തിനു പശ്ചാത്തലം ഒരുക്കിയ രാഷ്ട്രീയ അടരുകളിലേക്കാണ് നോവൽ മിഴി തുറക്കുന്നത്. അനുതാപം ഇല്ലാത്ത അധികാരപ്രയോഗത്തെ, ഗുണ്ടാരാജിനെ, യുക്തി രഹിതമായ പൊതുബോധത്തെ, മാത്രമല്ല, കടും ദാരിദ്ര്യത്തിലെ ജീവിതത്തെയും അവരുടെ പ്രത്യാശയെയും അപരവൽക്കരിക്കപ്പെടുന്ന മനുഷ്യനെയും അതിശയോക്തി ഇല്ലാതെ കാണിച്ചു നൽകുന്നുണ്ട് നോവൽ.
‘ഓവർ ബ്രിഡ്ജിനടിയിൽ, ഇരുണ്ട ലോകം തീർത്ത് കഴിയുന്ന ഒരു കൂട്ടം മനുഷ്യർ. വിളറിയ മുഖങ്ങളും ചെമ്പിച്ച് പറക്കുന്ന മുടിയും കടലാസിന്റെ കനമുള്ള കുട്ടികളും സ്ത്രീകളും അനീഷ് മാഷിനെ തന്നെ ഉറ്റുനോക്കി. ജീവിതം തന്നെ ശവകുടീരമായവർ. നിരാശയുടെ ഭൂപടം വരച്ച് അഭയം തേടിയവർ. റോഡിനുമറുകരയുള്ള തെരുവിലെ ഒഴുക്കിൽപ്പെടാതെ അടിഞ്ഞുകൂടി, നഗരത്തിന്റെ കണ്ണിൽ മറ പറ്റി ജീവിക്കുന്നവർ’. നഗരത്തിന്റെ മറ പറ്റി ജീവിക്കുന്ന, നമ്മുടെ നാടിന്റെ കനമുള്ള പണികളൊക്കെ ചെയ്യുന്ന, അക്ഷരാർത്ഥത്തിൽ അരിക്കുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ നാവാവുന്നുണ്ട് ഈ പുസ്തകം.
ഏച്ചുകെട്ടലില്ലാത്ത പ്രയോഗങ്ങളാലും സുന്ദരമായ ഭാഷാ വിനിമയത്താലും പാരായണത്തിൽ ആവേശം നൽകുന്നുണ്ട് അപരസമുദ്ര. ‘‘ആൾക്കൂട്ടത്തിൽ നിന്നും വാക്യ ചീളുകൾ നുള്ളി പെറുക്കി രവീന്ദ്രൻ ആക്രമിക്കപ്പെട്ട കാറിന് ചുറ്റും നടന്നു’’, ‘‘നാരകത്തിന്റെയും തുളസിച്ചെടിയുടെയും കമ്പുകളിൽ ഉറുമ്പുകൾ പാമ്പും കോണിയും കളിക്കുന്നു’’ ചില ഉദാഹരണങ്ങൾ.
നല്ല ഗവേഷണവും ബൗദ്ധിക അധ്വാനവും ഉണ്ടെങ്കിൽ മാത്രം എഴുതാൻ കഴിയുന്ന ഒരു പുസ്തകമാണ് അപര സമുദ്ര. നിഷ്പക്ഷ നാട്യത്തിന്റെ ബാലൻസിങ് ഇല്ലാതെ, ചാരംമൂടിയ സത്യങ്ങൾ ഡോക്യുമെന്റ് ചെയ്യുക വഴി ഈ നോവലെഴുത്ത് ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയായി മാറുന്നു. ബംഗാളിയിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ആവശ്യപ്പെടുന്ന നോവൽ.


