ചത്ത പെണ്ണ്
text_fieldsമിണ്ടാപ്രാണിയായിരുന്നു, പക്ഷേ അവളിപ്പോഴൊരു മിന്നല്മഴപോലെ മിണ്ടിക്കൊണ്ടേയിരിക്കുന്നു. ഒരാവശ്യക്കാരിയേ അല്ലായിരുന്നു, പക്ഷേ അവളുടെ ആവശ്യങ്ങളിപ്പോള് കുഞ്ഞുങ്ങളുടെ കളിപ്പാട്ടം പോലെയെങ്ങും ചിതറിക്കിടക്കുന്നു. മോഹങ്ങളൊന്നും പറഞ്ഞിട്ടേയില്ലായിരുന്നു, പക്ഷേ അതൊക്കെയുമിപ്പോള് ചുറ്റിനുമങ്ങനെ പലനിറങ്ങളില്‍ പൂത്തുലയുന്നു. പതുങ്ങിച്ചലിച്ചവളായിരുന്നു. അതുകൊണ്ടെപ്പൊഴും ഞാനവളെ മറന്നു പോയിരുന്നു.
ആഴത്തിലെന്നെ സ്നേഹിച്ചവളായിരുന്നു; തിരികെയെന്നൊരിക്കലും വാശിപ്പെടാതെയും.
‘ഒരു യാത്ര പോകാമെ’ന്ന് ഒരിക്കലുമെന്നോട് പറഞ്ഞിട്ടില്ലായിരുന്നു. അതുകൊണ്ട്, എന്റെ അതിരുതാണ്ടലുകള് അതൊരിക്കലുമോര്ത്തുമില്ലായിരുന്നു. ഓരോന്നോര്‍ത്തോര്‍ത്തു കെറുവിച്ചാവോ, അവളിപ്പോള്‍ സദാ കാറ്റായിപ്പാറിരസിക്കുന്നു.
അവിടെ അവിടെയെന്ന് ദൂരെ ദൂരേക്ക് പായുന്നു.
കുളപ്പച്ച നിറമുള്ള കണ്ണുകള്‍ ഒക്കെയുമെന്നോട് തിരികെച്ചോദിക്കുന്നു.
ചെളികെട്ടിയ വെള്ളിപ്പാദസരങ്ങള് ഇരുട്ടില്‍ കിലുങ്ങുന്നു.
സ്വപ്നത്തിലവളുടെ ശ്വാസം കിതക്കുന്നു. രാത്രിയില്‍, അടുക്കളമണമുള്ള മെലിഞ്ഞ കൈവിരലുകള്‍, വിയര്‍പ്പു ചൂരുള്ള കവിളുകള്‍, വിണ്ട കാല്പ്പാദങ്ങള്, അറിയാതെയെന്ന പോലെ എന്റെ മേല്‍ തൊടുന്നു.
അപ്പോഴൊക്കെയും ഉറക്കിലെന്ന പോലെ ഞാന്‍ തിരിഞ്ഞുകിടക്കുന്നു. എനിക്കിപ്പോഴൊന്നും മിണ്ടാനാകുന്നില്ല. ഒരതിരും എന്നെ മോഹിപ്പിക്കുന്നില്ല. ഒരു സ്വപ്നവും മാടി വിളിക്കുന്നുമില്ല.
‘‘എന്റെ പെണ്ണ്, എന്റെ പെണ്ണ്...”
അവളോടായി ഒരിക്കല്‍ പോലുമുരുവിട്ടിട്ടില്ലാത്ത ആ വാചകവും തെരുപ്പിടിച്ച് മരവിച്ചിരിക്കുമ്പോള്‍, അവളുടെ ചിത്രത്തിലെ പൂക്കളത്രയും പൊട്ടിച്ചിരിയ്ക്കുന്നു. ചില്ലു പൊട്ടിച്ച്, എന്റെ വിചാരങ്ങളെ അവള് ചുകപ്പുകൊണ്ടു പൂരിപ്പിക്കുന്നു.
‘‘ചത്ത പെണ്ണ്.’’
.