ഒരു വ്യാഴവട്ടക്കാലം തൂപ്പുകാരിയായിരുന്ന അതേ സ്കൂളിൽ ലിൻസ ഇന്ന് ഇംഗ്ലീഷ് അധ്യാപികയാണ്
text_fieldsഒരു വ്യാഴവട്ടക്കാലം സ്കൂളിലെ തൂപ്പുകാരിയായിരുന്ന ലിൻസ ഇന്ന് അതേ സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപികയാണ്. ദുരിതപൂർണമായ ജീവിതത്തിനുമുന്നിൽ അടിയറവുപറയാതെ വിജയതീരം കൈവരിച്ച ടീച്ചറുടെ ജീവിതത്തിന് തിളക്കമേറെയാണ്...
എത്തിച്ചേരാൻ കഴിയാതെ തോറ്റുപോകുമെന്നു പറഞ്ഞ് മനസ്സും സാഹചര്യവും ഒന്നടങ്കം പിന്തിരിപ്പിച്ചാലും തളരാതെ നടന്നുകയറി ലക്ഷ്യത്തിലെത്തി ആത്മവിശ്വാസത്തോടെ പിന്നിട്ട വഴികളെ നോക്കി പുഞ്ചിരിച്ച ചിലരുണ്ട്, അപൂർവം ചിലർ. ഇത് അങ്ങനെയൊരു ടീച്ചറുടെ ജീവിതമാണ്. കുട്ടികളുടെ 'തൂപ്പുകാരി ചേച്ചി'യിൽനിന്ന് ഒരു വ്യാഴവട്ടത്തെ അശ്രാന്ത പ്രയത്നത്തിനൊടുവിൽ അതേ സ്കൂളിലെ അധ്യാപികയായി മാറിയ ലിൻസ ടീച്ചറുടെ ജീവിതകഥ. ദുരിതപൂർണമായ ജീവിതത്തിനു മുന്നിൽ അടിയറവുപറയാതെ സാഹചര്യങ്ങളെ മറികടന്ന് വിജയതീരം കടന്ന ലിൻസ ടീച്ചർ തന്നെയാണ് കാഞ്ഞങ്ങാട് അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കിന്ന് മാതൃകയും വഴികാട്ടിയും. 2018 വരെ സ്കൂളിലെ തൂപ്പുകാരിയായിരുന്ന ലിൻസ ഇന്ന് അതേ സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപികയാണ്.
പ്രാരബ്ധം സമ്മാനിച്ച തൂപ്പുജോലി
ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃതാധ്യാപകനായിരുന്ന രാജൻ മാഷിന്റെ രണ്ടു മക്കളിൽ മൂത്തവളാണ് ലിൻസ. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കാരനാണ് അദ്ദേഹം. 1978ൽ ജോലി ആവശ്യാർഥമാണ് രാജൻ മാഷ് കാഞ്ഞങ്ങാട്ട് എത്തിയത്. 2001ൽ സർവിസിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് രാജൻ മാഷ് മരിച്ചതോടെയാണ് ലിൻസയുടെ ജീവിതവും മാറിമറിയുന്നത്. 47ാം വയസ്സിലായിരുന്നു അച്ഛന്റെ മരണം. മക്കളുടെ ഉന്നതവിദ്യാഭ്യാസവും മികച്ച ജോലിയും സ്വപ്നം കണ്ട മാഷ് പക്ഷേ, അതു പുലരുന്നത് കാത്തുനിൽക്കാതെയായിരുന്നു പോയത്. ഇതിനിടെയാണ് മാഷിനോടുള്ള ആദരവിന്റെ സൂചകമായി കുടുംബത്തിന് താങ്ങാവാൻ സ്കൂൾ മാനേജ്മെന്റ്് ലിൻസക്ക് താൽക്കാലിക തൂപ്പുജോലി വാഗ്ദാനം ചെയ്തത്. സ്വീപ്പറുടെ അവധി വന്നപ്പോഴുള്ള ഒഴിവിലേക്ക് ലിൻസയുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് നൽകിയതായിരുന്നു ആ ജോലി. അമ്മക്കും സഹോദരനും കരുത്താവാനും ജീവിത പരിതഃസ്ഥിതിയെ അതിജീവിക്കാനും ജോലി സ്വീകരിക്കുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. ബി.എ അവസാന വർഷ വിദ്യാർഥിയായിരിക്കെ ജോലിക്ക് കയറിയതിനാൽ പഠനം പാതിവഴിയിൽ തടസ്സപ്പെട്ടു.
മക്കളെ ഉറക്കിയശേഷം രാത്രി 12 മണി വരെയൊക്കെ പഠിച്ചിരുന്നു. ഇനി അച്ഛന്റെ ആഗ്രഹം പോലെ ഡോക്ടറാവണമെന്ന സ്വപ്നം സാക്ഷാത്കരിക്കണം
പൊടിപിടിക്കാതെ കാത്ത പഠനം
കാലത്ത് എട്ടുമണിക്കെത്തി തൂപ്പുജോലികൾ പൂർത്തിയാക്കിയാൽ വൈകുന്നേരം വരെ ധാരാളം സമയമുണ്ടായിരുന്നു. പാഴായിപ്പോകുന്ന സമയം പിന്നീട് തിരിച്ചുകിട്ടില്ലെന്ന തിരിച്ചറിവും അന്നത്തെ പ്രിൻസിപ്പൽ പ്രവീണ ടീച്ചറുടെ ഉപദേശവുമാണ് പഠിക്കണമെന്ന തോന്നലിലേക്ക് മനസ്സിനെ വഴിതിരിച്ചുവിട്ടത്.
''പ്രവീണ ടീച്ചറോടുള്ള കടപ്പാട് തീർത്താൽ തീരാത്തതാണ്. രാജൻ മാഷിന്റെ മകളെന്ന സ്നേഹവും പരിഗണനയും വെച്ച് ഒരു ദിവസം ടീച്ചറെന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു. 'ലിൻസ ദേഷ്യപ്പെടരുത്, ഒരു അമ്മ പറയുന്നതുപോലെ കരുതിയാൽ മതി. നീ ചെറുപ്പമാണ്. നിന്റെ കൂടെ ജോലി ചെയ്യുന്നവരെപ്പോലെ അല്ല നീ. നിനക്ക് ഇനിയും പഠിക്കാൻ അവസരമുണ്ട്. അത് ഉപയോഗപ്പെടുത്താൻ നീ പരിശ്രമിക്കണം. സമയം വെറുതെ കളയരുത്'' -ഇതായിരുന്നു ടീച്ചറുടെ ഉപദേശം. ''മനസ്സിൽ തറച്ച ആ വാക്കുകൾ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ആ വാക്കുകളാണ് എന്നെ ഇവിടെ എത്തിച്ചത്.
മക്കളെ ഉറക്കിയശേഷം രാത്രി 12 മണി വരെയൊക്കെ പഠിച്ചിരുന്നു. ഒഴിവുസമയങ്ങളും പരമാവധി ഉപയോഗപ്പെടുത്തി. തുടർന്ന് മുറിഞ്ഞുപോയ ബിരുദപഠനം പൂർത്തിയാക്കി. പിന്നാലെ തുടർപഠനവും മുന്നോട്ടുകൊണ്ടുപോയി. അണ്ണാമലൈ സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ പദ്ധതിക്കു കീഴില്‍ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ലൈബ്രറി സയൻസിൽ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയും നേടി. അഞ്ചു വർഷത്തെ ലീവ് വേക്കൻസിയിലായിരുന്നു ജോലി എന്നതിനാൽ 2006ൽ സ്ഥിരം ജീവനക്കാരി അവധി കഴിഞ്ഞ് എത്തിയതോടെ ലിൻസയുടെ ജോലി നഷ്ടപ്പെട്ടു. ജോലി നഷ്ടപ്പെട്ടത് പ്രയാസത്തിലാക്കിയെങ്കിലും നിരാശയോടെ വെറുതെയിരുന്നില്ല.
ഇതിനിടെ അധ്യാപിക എന്ന സ്വപ്നത്തിലേക്ക് ടീച്ചർ അറിയാതെ വഴുതിവീണിരുന്നു. പിന്നീട് അതിനായുള്ള പരിശ്രമമായി. ഇംഗ്ലീഷിൽ ബി.എഡ് പൂർത്തിയാക്കി. പ്രവീണയുടെ തന്നെ നിര്‍ദേശപ്രകാരം പഠിച്ച് ടെറ്റും സെറ്റും നേടി. യോഗ്യത നേടിയതോടെ അൺ എയ്ഡഡ്, ഗവ. സ്കൂളുകളിൽ താൽക്കാലിക ഇംഗ്ലീഷ് അധ്യാപികയായും വീട്ടിൽവെച്ചും മറ്റും ട്യൂഷൻ എടുത്തും മുന്നോട്ടുപോയി.
2013ലാണ് ഇഖ്ബാല്‍ സ്കൂള്‍ തൂപ്പുജോലിക്കായി ലിന്‍സയെ വീണ്ടും തിരിച്ചുവിളിച്ചത്. നിലവിലെ ജീവനക്കാരി വിരമിച്ച ഒഴിവിലേക്ക് ഇത്തവണ സ്ഥിരംനിയമനമാണ്. അഞ്ചു വര്‍ഷത്തെ അധ്യാപികയുടെ റോളില്‍നിന്ന് വീണ്ടും തൂപ്പുജോലിയിലേക്ക്. അധ്യാപികയുടെ മുഴുവൻ യോഗ്യതകള്‍ ഉണ്ടായിട്ടും തൂപ്പുകാരിയായി ജോലിചെയ്യുന്നതിന് മടിയോ നിരാശയോ നാണക്കേടോ ഇല്ലായിരുന്നു. ലക്ഷ്യത്തിലേക്കുള്ള പരിശ്രമം അവർ തുടർന്നുകൊണ്ടേയിരുന്നു. കാലമേറെ കഴിഞ്ഞില്ല. സ്കൂളിൽ അധ്യാപികയുടെ ഒഴിവുവന്നു. സ്കൂൾ അധികൃതർക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. 2018 ജൂണിൽ പ്രമോഷൻ കൊടുത്ത് ലിൻസക്കുതന്നെ ആ ജോലി നൽകി.
ലിൻസ ടീച്ചർ സ്കൂളിൽ കുട്ടികളോടൊപ്പം
കോളജ് ജീവിതം സ്വപ്നം കണ്ട്..
'ഞാനും സഹോദരൻ ഷനത്ത് കലോണും പഠിക്കാന്‍ മിടുക്കരായിരുന്നു. ഞങ്ങളെ എത്രവേണമെങ്കിലും പഠിപ്പിക്കാന്‍ അച്ഛൻ തയാറായിരുന്നു. കുട്ടിക്കാലം തൊട്ടേ അച്ഛനായിരുന്നു മാതൃക പുരുഷൻ. 'മക്കളെ അവര്‍ക്ക് ഇഷ്ടമുള്ളത്രയും പഠിപ്പിക്കണം, അവര്‍ നല്ല ജോലി സമ്പാദിക്കുന്നത് കാണണം' -ഇതൊക്കെയായിരുന്നു അച്ഛന്റെ ആഗ്രഹങ്ങൾ. അച്ഛന് അധ്യാപകനായിരുന്നു എങ്കിലും ഒരിക്കലും ഒരു അധ്യാപികയാകാന്‍ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഡോക്ടറാകുക എന്നതായിരുന്നു ആഗ്രഹം. പക്ഷേ, നടന്നില്ല. അന്ന് ഞങ്ങൾക്ക് ജീവിക്കാൻ ഒരു ജോലി അത്യാവശ്യമായിരുന്നു. പക്ഷേ, സ്കൂളും കുട്ടികളെയും കാണുമ്പോൾ ഭയങ്കര സങ്കടമുണ്ടായിരുന്നു, സഹപാഠികള്‍ എല്ലാവരും കോളജ് ജീവിതം ആസ്വദിക്കുമ്പോള്‍ ഞാന്‍ നിലനിൽപിനായി സ്കൂളും പരിസരവും അടിച്ചുവാരുകയാണ്, എന്തു ചെയ്യാൻ; വീഴ്ചകള്‍ക്ക് നടുവില്‍ കിട്ടിയ പിടിവള്ളിയായിരുന്നു ആ ജോലി'.
'തൂപ്പുജോലി അന്ന് എനിക്ക് ഒട്ടും യോജിക്കില്ലായിരുന്നു. പ്രായത്തിന്റെ പക്വതക്കുറവുമൂലം ജോലിചെയ്യുന്നതിൽ വലിയ സങ്കടമായിരുന്നു. പരാതി പറഞ്ഞു കരയുമ്പോള്‍ അമ്മ ആശ്വസിപ്പിക്കും. എന്തു ജോലിയാണെങ്കിലും അഭിമാനത്തോടെ ഏറ്റെടുക്കണമെന്ന് ഉപദേശിക്കും. ജോലിക്കു കയറിയപ്പോഴും പ്രതിസന്ധികളായിരുന്നു. അച്ഛന്റെ പെൻഷൻ ഒന്നിനും തികയുമായിരുന്നില്ല. മറ്റൊരാളുടെ ഒഴിവിൽ ജോലിയിൽ പ്രവേശിച്ചതിനാൽ ശമ്പളം ലഭിച്ചതുമില്ല. ഒടുവിൽ മാസങ്ങൾ കാത്തിരുന്നാണ് ശമ്പളം ലഭിച്ചത്. തട്ടിയും മുട്ടിയും ജീവിച്ചുതീർത്ത കാലം. സങ്കടങ്ങൾ ആരും കാണാതെ ഒറ്റക്കിരുന്ന് കരഞ്ഞുതീർക്കലായിരുന്നു. പിന്നെ സാവകാശം അതെല്ലാം മറന്നു. നിലനിൽപാണല്ലോ പ്രധാനം. വീട്ടുചെലവുകള്, ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സഹോദരന്റെ പഠനം… പ്രയാസങ്ങളും ജീവിതപ്രാരബ്ധങ്ങളും ഞെരിച്ചതോടെ ഞാന്‍ ജോലിയെയും സ്നേഹിച്ചുതുടങ്ങി. ജീവിതത്തില്‍ മുന്നേറണം എന്ന വാശിയായി. സഹപ്രവർത്തകന്റെ മകൾ എന്ന പരിഗണനയും സ്കൂളിൽ നിന്ന് ലഭിച്ചു' -പിന്നിട്ട വഴികളോരോന്നും ടീച്ചർ ഓർത്തെടുത്തു.
പരിശ്രമിച്ചാൽ കിട്ടാത്തതൊന്നുമില്ല
അർപ്പണബോധവും ആത്മാർഥതയും ജീവിതം മാറ്റിമറിക്കുമെന്ന് ടീച്ചറുടെ അനുഭവ സാക്ഷ്യം.'' ജീവിതത്തെ നോക്കി നിരാശയോടെ നെടുവീർപ്പിടാതെ വിജയിച്ചുകാണിക്കലാണ് ശരിക്കുമുള്ള ഹീറോയിസം. ആഗ്രഹിച്ചതെല്ലാം നേടാന്‍ പറ്റിയില്ലെങ്കിലും ഉള്ളിലെ ആഗ്രഹം തീവ്രമാണെങ്കില്‍ അതില്‍ നന്മയുടെ അംശമുണ്ടെങ്കില്‍ ഒരിക്കലും വിധി നമ്മെ തോൽപിക്കില്ല. അതുകൊണ്ടാണല്ലോ, അച്ഛന്റെ മരണശേഷം എവിടെയോ ജീവിതം നിലച്ചുപോകേണ്ട നിലയില്‍നിന്ന് ഒരു അധ്യാപികയുടെ കുപ്പായത്തിലേക്ക് ഞാന്‍ എത്തിയത്. എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയതെല്ലാം ഞാന്‍ ആഗ്രഹിച്ചു നേടിയതല്ല. എന്റെ നന്മയാഗ്രഹിക്കുന്നവര്‍ കാണിച്ചുതന്ന വഴിലൂടെ ഞാന്‍ നടന്നു. ഉള്ളിലെ ലക്ഷ്യം നല്ലതാണെങ്കില്‍ വിജയം നമ്മെ തേടി വരും. അതു മാത്രമാണ് എന്റെ വിജയത്തിനാധാരം'' -ടീച്ചറുടെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കം.
രാവിലെ ചൂല്, ഉച്ചക്കുശേഷം ചോക്ക്
സുധീരൻ മയ്യിച്ച ജീവിതത്തിലേക്ക് കടന്നുവന്നതോടെയാണ് ലിൻസയുടെ ജീവിതഗതി മാറിയൊഴുകിത്തുടങ്ങിയത്. അഞ്ചു വർഷത്തെ താൽക്കാലിക ജോലി നഷ്ടപ്പെട്ട കാലമായിരുന്നു അത്. ബി.എഡിന് പഠിക്കാൻ നിർബന്ധിച്ചത് ഭർത്താവാണ്. പഠനം പൂർത്തിയായപ്പോൾ കാഞ്ഞങ്ങാട്ടും പരിസരത്തുമുള്ള ഒട്ടേറെ സ്കൂളുകളിൽ അധ്യാപികയായി. ലൈബ്രറി സയൻസിൽ ബിരുദമുള്ളതിനാൽ ക്രസൻറ് ബി.എഡ് കോളജിൽ ലൈബ്രറി അസിസ്റ്റൻറായും ജോലി നോക്കി.
നിയമനം ലഭിച്ചപ്പോൾ കുട്ടികള്‍ അധ്യാപികയായി സ്വീകരിക്കുമോയെന്ന ഭയം ആദ്യ നാളുകളിൽ ടീച്ചർക്കുണ്ടായിരുന്നു. യു.പി അധ്യാപികയായിട്ടായിരുന്നു നിയമനം. വർഷങ്ങളോളം തൂപ്പുകാരിയായ സ്കൂളിൽ അധ്യാപികയായി കുട്ടികൾക്ക് മുന്നിലെത്തിയപ്പോൾ നിറഞ്ഞ കൈയടികളോടെയാണ് അവർ ടീച്ചറെ എതിരേറ്റത്. ലിൻസ ചേച്ചിയിൽനിന്ന് അവരുടെ പ്രിയപ്പെട്ട ലിൻസ ടീച്ചറാവാൻ അധികം താമസമുണ്ടായിരുന്നില്ല.
ഏഴാം ക്ലാസ് ബിയിൽ അധ്യാപികയായി കുട്ടികൾക്കു മുന്നിൽ ആദ്യ ദിവസം നിന്നപ്പോൾ അസാധ്യമായതെന്തോ വെട്ടിപ്പിടിച്ച സംതൃപ്തിയായിരുന്നു മനസ്സു നിറയെ. നീണ്ടകാലത്തെ മോഹസാഫല്യമായിരുന്നു അത്.
ഭർത്താവ് സുധീരൻ മയ്യിച്ചക്കും മക്കൾക്കുമൊപ്പം ലിൻസ ടീച്ചർ
കുട്ടികൾക്ക് പഠനത്തിൽ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും പരിശീലനം നൽകാനും മുൻപന്തിയിലുണ്ട് ടീച്ചറിന്ന്. സ്കൂളിൽ ആദ്യമായി സ്കൗട്ട് ആൻഡ് ഗൈഡ് യൂനിറ്റ് തുടങ്ങിയത് ടീച്ചറുടെ നേതൃത്വത്തിലാണ്. ബേക്കൽ ഉപജില്ലയുടെ ഗൈഡ്സിന്റെ ട്രെയിനിങ് കൗൺസലർ കൂടിയായ ടീച്ചർ ഗൈഡ്സ് വിദ്യാർഥികളുടെ സഹകരണത്തോടെ കോവിഡിന്റെ തുടക്കത്തിൽ ഹ്രസ്വചിത്രവും ഒരുക്കിയിരുന്നു. 'കരുതലിന് കനിവായ്' എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും ടീച്ചർതന്നെയാണ്. ഡോക്ടറാവണമെന്ന അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇനി പിഎച്ച്.ഡി ചെയ്യണമെന്നാണ് ടീച്ചറുടെ ആഗ്രഹം.
ഗവർണറുടെ സല്യൂട്ട്
ടീച്ചറുടെ ജീവിത വിജയകഥ വാർത്തകളിലൂടെ അറിഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ടീച്ചർക്കും കുടുംബത്തിനും രാജ്ഭവനിൽ ചായസൽക്കാരം ഒരുക്കിയിരുന്നു. അത് തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന് ടീച്ചർ പറയുന്നു. ഒരു മണിക്കൂറോളം രാജ്ഭവനിൽ ചെലവഴിച്ച അവരെ സമ്മാനങ്ങൾ നൽകിയാണ് ഗവർണറും ഭാര്യയും യാത്രയാക്കിയത്.
കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്റു കോളജിൽ എല്‍.ഡി ക്ലർക്കാണ് ഭർത്താവ് സുധീരൻ മയ്യിച്ച. സോനിൽ, സംഘമിത്ര എന്നിവർ മക്കളാണ്.