Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightPremiumchevron_rightWeb Exclusivechevron_rightഉമ്മൻ ചാണ്ടിയെ...

ഉമ്മൻ ചാണ്ടിയെ ഓർക്കുമ്പോൾ

text_fields
bookmark_border
ഉമ്മൻ ചാണ്ടിയെ ഓർക്കുമ്പോൾ
cancel

എഴുത്തുകാരനും സീതി സാഹിബിന്റെ പൗത്രനുമായ കെ.എം. അൽത്താഫ്, മാധ്യമ പ്രവർത്തകൻ സനിൽ പി. തോമസ് എന്നിവർ ഉമ്മൻചാണ്ടിയെ ഓർക്കുന്നു30 വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 25-10-1993 നു ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ സെക്രട്ടറിയറ്റ് ഓഫീസില്‍ വച്ച് കാണുന്നത് ഒരനുഭവമായിരുന്നു. സീനിയര്‍ സെയില്‍സ് ടാക്സ് ഓഫീസറായിരിക്കുമ്പോള്‍ എന്‍റെ സര്‍വീസിലെ പ്രൊമോഷനെ ബാധിക്കുന്ന ഒരു വിഷയത്തില്‍ സര്‍ക്കാരിന്‍റെ ഒരു വ്യക്തതാ ഉത്തരവ് ആവശ്യമായി നേരില്‍ കണ്ടതാണ്. ജീവിതത്തില്‍ ആദ്യവും അവസാനവുമായി ഒരു മന്ത്രിയെ സ്വന്തം ആവശ്യത്തിന് ഓഫീസില്‍ പോയി നേരില്‍ കണ്ട അനുഭവവുമായിരുന്നു അത്. പേരിനോടൊപ്പം സീതിസാഹിബിന്‍റെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
എഴുത്തുകാരനും സീതി സാഹിബിന്റെ പൗത്രനുമായ കെ.എം. അൽത്താഫ്, മാധ്യമ പ്രവർത്തകൻ സനിൽ പി. തോമസ് എന്നിവർ ഉമ്മൻചാണ്ടിയെ ഓർക്കുന്നു

30 വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 25-10-1993 നു ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ സെക്രട്ടറിയറ്റ് ഓഫീസില്‍ വച്ച് കാണുന്നത് ഒരനുഭവമായിരുന്നു. സീനിയര്‍ സെയില്‍സ് ടാക്സ് ഓഫീസറായിരിക്കുമ്പോള്‍ എന്‍റെ സര്‍വീസിലെ പ്രൊമോഷനെ ബാധിക്കുന്ന ഒരു വിഷയത്തില്‍ സര്‍ക്കാരിന്‍റെ ഒരു വ്യക്തതാ ഉത്തരവ് ആവശ്യമായി നേരില്‍ കണ്ടതാണ്. ജീവിതത്തില്‍ ആദ്യവും അവസാനവുമായി ഒരു മന്ത്രിയെ സ്വന്തം ആവശ്യത്തിന് ഓഫീസില്‍ പോയി നേരില്‍ കണ്ട അനുഭവവുമായിരുന്നു അത്. പേരിനോടൊപ്പം സീതിസാഹിബിന്‍റെ പൗത്രന്‍ എന്നു എഴുതിയ ഒരു സ്ലിപ്പ് അകത്തു കൊടുത്ത് പുറത്ത് നില്‍ക്കുമ്പോള്‍ തുറന്നിട്ടിരിക്കുന്ന മുറിയില്‍ നേരിട്ട് അദ്ദേഹത്തോട് സംസാരിക്കുന്നതും പുറകില്‍ ഇരുന്നു പരസ്പരം സംസാരിക്കുന്നവരുമായ കുറേ അധികം ആളുകളുടെ സാന്നിധ്യവും ആരവവും കേള്‍ക്കുന്നുമുണ്ടായിരുന്നു. ആ കൂട്ടത്തില്‍ വച്ച് സംസാരിക്കാന്‍ മടിച്ച് തിരിച്ചുപോകാമെന്ന തീരുമാനത്തില്‍, അന്ന് ഞാന്‍ ചോദിച്ചത് പേര്‍സണല്‍ അസിസ്റ്റന്റ് മാത്യൂവിനോടാണ് എന്നാണ്‌ ഓര്‍മ. പക്ഷെ അദ്ദേഹം വീണ്ടും മന്ത്രിയെ നേരില്‍ കണ്ട് ഓര്‍മപ്പെടുത്തിയത് കൊണ്ടാകണം കുറച്ചു കൂടി ഇരിക്കാന്‍ പറഞ്ഞതായി എന്നെ അറിയിച്ചു. പത്ത് മിനിറ്റ് വീണ്ടും കഴിഞ്ഞിട്ടും ആരും പുറത്ത് വരുന്നതായി കണ്ടില്ല.

പക്ഷെ പെട്ടെന്ന് എന്നെ അകത്തേക്ക് വിളിക്കുകയും അവിശ്വസനീയമാം വിധം അദ്ദേഹം ഒരു മുന്‍ പരിചയം ഭാവിച്ച് എഴുന്നേറ്റ് എന്‍റെ തോളില്‍ തട്ടി, തൊട്ടു പുറകിലെ (ഒരു കര്‍ട്ടനു പുറകില്‍ ആണെന്നാണ് ഓര്‍മ) ഇരുന്നു വിശ്രമിക്കാന്‍ ഉള്ള ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ പെട്ടെന്ന് പറഞ്ഞുതുടങ്ങിയത് മുന്‍സ്പീക്കര്‍ ആയിരുന്ന സീതിസഹിബിന്‍റെ പൗത്രന്‍ ആണെന്നായിരുന്നു. അത് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ‘അത് ഞാന്‍ മനസ്സിലാക്കിയാണ് സംസാരിക്കുന്നത്’ എന്ന് അദ്ദേഹം തിരിച്ച് എന്നോടും. തുടര്‍ന്ന് ആദ്യം അദ്ദേഹം വിശേഷിപ്പിച്ചത്‌ “സീതിസാഹിബ് ഈ രാജ്യത്തിന്‍റെ സ്വത്തായിരുന്നല്ലോ” എന്നായിരുന്നു. (സത്യത്തില്‍ പഴയ കോണ്‍ഗ്രസ്സുകാരനും നവോത്ഥാനനായകനും സ്വാതന്ത്ര്യസമരസേനാനിയുമായ സീതിസാഹിബിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്‍റെ ആ വിശേഷണത്തില്‍ നിന്നുമായിരുന്നു) പിന്നീട് ആദ്യം ചോദിച്ചത് എന്‍റെ കുടുംബത്തിന്‍റെ സുഖ വിവരമായിരുന്നു. രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് എന്‍റെ നിവേദനം വായിച്ച് സംശയം ചോദിച്ച ശേഷം അതില്‍ തന്നെ നിര്‍ദേശം എഴുതിയെന്നുവേണം കരുതാന്‍. പ്രശ്നം മെരിറ്റില്‍ നോക്കി ഒരു തീരുമാനം എത്രയും വേഗം എടുക്കണമെന്നേ ഞാനും അപേക്ഷിച്ചുള്ളൂ. അദ്ദേഹം എഴുന്നേല്‍ക്കുമ്പോള്‍ എന്നോട് ഒരു കുടുംബാംഗമെന്നപോലെ, ഇടക്ക് മാത്യുവിനെ വിളിച്ച് അന്വേഷിക്കണമെന്ന നിര്‍ദേശവും തോളില്‍ തട്ടി തന്നാണ് വിട്ടത്. അക്കാര്യത്തില്‍ അദ്ദേഹത്തിന്‍റെ ഓഫീസിനുള്ള പരിമതികള്‍ അറിഞ്ഞുകൊണ്ട് തന്നെ എന്നോട് കാണിച്ച ആ സ്നേഹവും അടുപ്പവും ഒരിക്കലും മറക്കാന്‍ കഴിയാത്ത ഊഷ്മള അനുഭവമാണ്‌ സമ്മാനിച്ചത്‌ . ഈ അനുഭവം തന്നെയായിരിക്കും എല്ലാവർക്കും ഉള്ളത്.


രണ്ടാമത് നിഷ്പക്ഷനായ ഒരു ഭരണാധികാരി എന്നനിലയില്‍ ഞാന്‍ അദ്ദേഹത്തെ വിലമതിക്കുന്നത് എന്‍റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് ഇടയിലുണ്ടായ മറക്കാനാകാത്ത ഒരു അനുഭവത്തില്‍ നിന്നുമാണ്. ഒരു വലിയ നികുതി ചോര്‍ച്ചയുടെ ചുരുള്‍ അഴിക്കാനായി എന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലും റെയിഡിലും ഇടപെടാത്ത ഒരു മന്ത്രിയായി അദ്ദേഹത്തെ കണ്ടതും വലിയ അനുഭവമായിരുന്നു. എന്‍റെ സര്‍വീസ് സ്റ്റോറിയില്‍ ആ സംഭവബഹുലമായ കഥ വിവരിച്ചത് ഇവിടെ ആവര്‍ത്തിക്കുന്നത് അവസരോചിതമല്ല. അതില്‍പെട്ടുപോയ കച്ചവടക്കാരന്‍റെ കഥ പിന്നീട് അറിഞ്ഞപ്പോള്‍ അതിനു അദ്ദേഹത്തെ പ്രേരിപ്പിച്ചതിന് പിന്നിലെ അഴിമതി കഥകകള്‍ എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തി. അതിനു ഇരയായ ആ വ്യക്തിയില്‍ നിന്നും ഉമ്മന്‍ ചാണ്ടി സാറിന്‍റെ മഹാത്മ്യത്തെ കൂടുതല്‍ അറിയാനും കഴിഞ്ഞു.

ആദ്യംകണ്ട അദ്ദേഹത്തിന്‍റെ ജനകീയ മുഖത്തില്‍ നിന്നും വ്യത്യസ്തമായ ഒരു നിഷ്‌പക്ഷനായ ഭരണാധികാരിയെയാണ് പിന്നീട് മൂന്നുമാസത്തിനുള്ളില്‍ ഞാന്‍ കണ്ടത്. തനിക്ക് ഏറ്റവും അടുത്തറിയാവുന്ന ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പെട്ടുപോയ ടി നികുതി വെട്ടിപ്പ് കേസില്‍ പോലും ഇടപെട്ടില്ലെന്ന് മാത്രമല്ല, ആ കച്ചവടക്കാരനെ എന്‍റെ മുന്നില്‍ നേരിട്ട് വന്നുകണ്ട് കേസ് തീര്‍പ്പാക്കി നികുതിയും പിഴയും അടക്കാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. വകുപ്പില്‍ അത്രയും വലിയ ഒരു കേസ്, പരിശോധനക്ക് ശേഷം മൂന്നു മാസത്തിനുള്ളില്‍ വ്യാപാരി സമ്മതിച്ച് തീര്‍പ്പാക്കിയ ചരിത്രവും അന്നുവരെ ഇല്ലായിരുന്നു. എനിക്കും ആ അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ക്കും ‘ഗുഡ്സ് സര്‍വീസ് എന്‍ട്രി’ കിട്ടിയ കേസുകളില്‍ ഒന്നു ഇതുമായിരുന്നു. അന്നത്തെ നികുതി വെട്ടിച്ച കണക്കുനോക്കിയാല്‍ ഇന്നത്തെ രൂപയുടെ മൂല്യത്തില്‍ കോടികളുടെ വരുമാനം ആ കേസിലൂടെയും പിന്നീടും കാപ്പിക്കുരു ബിസിനസ്സില്‍ നിന്നും സംസ്ഥാനത്തിന് ഉണ്ടായത് ചരിത്രം. എന്‍റെ സര്‍വീസ് ജീവിതത്തില്‍ പിന്നീട് അങ്ങനെയുള്ള ഊഷ്മളമായ ഒരനുഭവം ആരിൽനിന്നും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, അതേ ജില്ലക്കാരനായ മറ്റൊരു മന്ത്രി നേരിട്ട് വിളിച്ചു പറഞ്ഞ മറ്റൊരു വെട്ടിപ്പ് കേസില്‍ ആ മന്ത്രിബന്ധം വച്ച് നീട്ടിവാങ്ങിയ സമയത്തിനുള്ളില്‍ പാപ്പര്‍ സൂട്ടു എഴുതി കോടികളുടെ നികുതി വെട്ടിച്ച ഞെട്ടിക്കുന്ന അനുഭവവും ഉണ്ടായി.

എല്ലാവരിലും ഇങ്ങനെയുള്ള പല ഓർമകളും ബാക്കിയാക്കി, നമ്മെ വിട്ടുപോയ നിസ്വാര്‍ത്ഥനായ ആ ജനകീയ നേതാവിന് നിത്യശാന്തി നേരുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

കെ.എം അൽത്താഫ്

ഇങ്ങനെയൊരു നേതാവിനെ ഇനിയെവിടെക്കാണും?

ജനങ്ങൾക്കിടയിൽ ജീവിച്ച ജനകീയ നേതാവ് ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിൽ ഇനി സജീവമായില്ലെങ്കിൽ പോലും ഒരിക്കൽ കൂടി പുതുപ്പള്ളിയിലെ വീട്ടിൽ എത്തുമെന്ന് ഉറച്ച വിശ്വാസമായിരുന്നു ഇന്നലെ വരെയും. വീട്ടുമുറ്റത്ത് കാറു വന്നു നിൽക്കുന്നത് വെയിലത്താണെങ്കിൽ പോലും അദ്ദേഹത്തെ തണലിലേക്കു മാറാൻ ജനം അനുവദിച്ചിരുന്നില്ല. അദ്ദേഹം അതിനു ശ്രമിച്ചിട്ടുമില്ല. രാഷ്ടീയ നേതാവും പത്രപ്രവർത്തകനും തമ്മിലുള്ള ബന്ധം എന്നതിപ്പുറം ഞങ്ങൾ തമ്മിൽ മറ്റൊരു ബന്ധമുണ്ട്. എന്റെ ഭാര്യ സുജയുടെ പിതൃസഹോദര പുത്രനാണ് കുഞ്ഞൂഞ്ഞുച്ചായൻ .ഏതു തിരക്കിനിടയിലും അദ്ദേഹം പുതുപ്പള്ളി താഴത്ത് കരോട്ട് കുടുംബയോഗത്തിന് എത്തുമായിരുന്നു.

ഉമ്മൻ ചാണ്ടിയുടെ വീട്ടിലും ഓഫിസിലുമൊക്കെ ഒട്ടേറെ കാഴ്ചകൾക്ക് ഞാൻ സാക്ഷിയാണ്. അതിലൊരു രംഗം ഇന്നും മനസ്സിൽ നിന്നും മായുന്നില്ല. അദ്ദേഹം ആദ്യം മുഖ്യമന്ത്രിയായി ഏതാനും ദിവസം കഴിഞ്ഞായിരുന്നു കൊച്ചിയിൽ കേരള പൊലീസിന്റെ സംസ്ഥാന കായിക മേള. കേരള പൊലീസിന്റെ സ്പോർട്സ് നേട്ടങ്ങൾ ചുരുക്കിയെഴുതി വേണമെന്നു പറഞ്ഞതനുസരിച്ച് ഞാൻ കുറിപ്പുമായി പുതുപ്പള്ളിയിലെ വീട്ടിലെത്തി. അദ്ദേഹത്തിനു രാവിലെ ചെന്നൈക്കു പോകേണ്ടതിന്നാൽ പുലർച്ചെ തന്നെ ചെന്നു. എന്നെ കണ്ട് രണ്ടു മൂന്നു തവണ അടുത്തേക്കു വിളിച്ചെങ്കിലും ജനത്തിരക്ക് കാരണം അടുത്തെത്താൻ കഴിയുന്നില്ല. അതിനിടെ കൈലിമുണ്ടുടുത്തൊരു ചേച്ചി എല്ലാവരെയും തട്ടിമാറ്റി മുഖ്യമന്ത്രിയുടെ മുന്നിലേക്കു ചെന്നു. അവരോടൊപ്പം ഞാനും കയറിപ്പറ്റി. ചേച്ചി മടിയിൽ നിന്ന് ഒരു അവലോസുണ്ട എടുത്ത് ഉമ്മൻ ചാണ്ടിയുടെ വായിൽ തിരുകി. ഇതു കണ്ട ചില പ്രവർത്തകർ പറഞ്ഞു. "സാറേ അന്നു നമ്മളെ വഴിയിൽ തടഞ്ഞവരുടെ മുന്നിൽ ഉണ്ടായിരുന്നത് ചേച്ചിയാണ്." . ചേച്ചി ചൂടായി. " നീ പോടാ. അതു ഞങ്ങളുടെ പാർട്ടിയുടെ തീരുമാനമാണ് .ഇത് എന്റെ കുഞ്ഞൂഞ്ഞ് മുഖ്യമന്ത്രിയായതിന്റെ സന്തോഷത്തിന് ഞാൻ ഉണ്ടാക്കിയ ഉണ്ടയാണ്. ഇന്നാ നീയും തിന്നോ ഒരെണ്ണം ".

ലേഖകൻ ഉമ്മൻചാണ്ടിക്കൊപ്പം
ലേഖകൻ ഉമ്മൻചാണ്ടിക്കൊപ്പം

ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ അംഗീകാരം കേന്ദ്ര സർക്കാർ സസ്പെൻഡ് ചെയ്തിരിക്കെ ഐ.ഒ.എ. ഭാരവാഹികൾ മുഖ്യമന്ത്രിയെ കാണാൻ വരുന്നുവെന്ന് അറിഞ്ഞ് 'ദ് ഹിന്ദു' പത്രത്തിന്റെ സ്പോർട്സ് ലേഖകൻ എ.വിനോദ് രാത്രിയിൽ എന്നെ വിളിച്ചു. മൻമോഹൻ സിങ് സർക്കാർ സസ്പെൻഡ് ചെയ്തവരെ കോൺഗ്രസ് മുഖ്യമന്ത്രി സ്വീകരിക്കുന്നത് വിമർശിക്കപ്പെടും. അദ്ദേഹത്തിന്റെ കൂടെ കാണുന്നവരെയൊക്കെ മാറി മാറി വിളിച്ചിട്ടും അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഞാൻ ചാണ്ടി ഉമ്മനെ വിളിച്ചു പറഞ്ഞു. " എത്ര രാത്രിയായാലും അപ്പയോട് കാര്യം പറയണം". പുലർച്ചെയാണ് ഉമ്മൻ ചാണ്ടി വീട്ടിൽ എത്തിയതെന്ന് അറിഞ്ഞപ്പോൾ ആശങ്കയുണ്ടായിരുന്നു. പക്ഷേ, ഒളിംപിക് അസോസിയേഷൻ ഭാരവാഹികൾ തിരുവനന്തപുരം യാത്ര അവസാന നിമിഷം റദ്ദാക്കിയെന്നു കേട്ടപ്പോൾ ആശ്വാസമായി. അതായിരുന്നു ഉമ്മൻ ചാണ്ടി. ഏതു പാതിരാത്രിക്കും വിളിക്കാം. കേൾക്കും. തീരുമാനവും ഉണ്ടാകും.

മുഖ്യമന്ത്രിയായിരിക്കെ കോഴിക്കോട്ട് അളകാപുരി ഹോട്ടലിൽ നടന്നൊരു ചടങ്ങ്. അദ്ദേഹത്തെ സ്വീകരിക്കാൻ ഡോ.എം.കെ. മുനീറും സഹോദരീ ഭർത്താവ് പി.എ.ഹംസയും നിൽപുണ്ട്. താഴെ ഹാളിൽ ഒരു വിവാഹച്ചടങ്ങ് നടക്കുന്നു. മുഖ്യമന്ത്രിയെ കണ്ട്, വിവാഹത്തിനെത്തിയ ഏതാനും കുട്ടികൾ ഓടിയെത്തി. മുനീറിനെ വിട്ട് കുട്ടികൾക്കൊപ്പം ഫോട്ടോയെടുക്കാൻ നിന്നു. ഇതു കണ്ട് നവ ദമ്പതികൾ വന്നു. ക്ഷണിക്കപ്പെടാത്ത അതിഥിയായിട്ടും അവർക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് അനുമോദനവും അറിയിച്ചാണ് മുകളിലത്തെ നിലയിലെ ചടങ്ങിന് എത്തിയത്. ഇങ്ങനെയൊരു നേതാവിനെ ഇനി എവിടെക്കാണും. പ്രണാമം.

സനിൽ പി. തോമസ്

Show Full Article
TAGS:Madhyamam Weekly Webzine Oommen Chandy Passed Away Oommen Chandy 
News Summary - remembering oommen chandy
Next Story