ബാങ്കോക്കിലെ പബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 27 മരണം; 22 പേരുടെ നില അതീവ ഗുരുതരം
text_fieldsബാങ്കോക്ക്: തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു പബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 27 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലെ ചാറ്റുചാക് ജില്ലയിലുള്ള നാ ലാഡ് പ്രാവോ എന്ന പബ്ബിലാണ് ഞായറാഴ്ച അർധരാത്രിയോടെ ദുരന്തമുണ്ടായത്. 63 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ 22 പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിനുള്ളിൽ കനത്ത പുകയും ഇരുട്ടും നിറഞ്ഞതോടെ ആളുകൾക്ക് പുറത്തുകടക്കാനായില്ല. പലരും പബ്ബിന്റെ പിൻവശത്തെ ശുചിമുറികളിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തീ അവിടേക്കും പടർന്നതോടെ ദുരന്തത്തിന്റെ ആഘാതം കൂട്ടി. അവിടെനിന്ന് നിരവധി പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലാണ് അഗ്നിരക്ഷാസേന തീ അണച്ചത്. കെട്ടിടത്തിന്റെ ഉൾഭാഗം പൂർണമായും കത്തി നശിച്ച നിലയിലാണ്.
സംഭവസ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി അനുതിൻ ചാർൻവിരാകുൽ ദുരന്തത്തിൽ 27 പേർ മരിച്ചതായി സ്ഥിരീകരിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ സമഗ്ര അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. പരിപാടിയിൽ സംഗീതം അവതരിപ്പിച്ചിരുന്ന കലാകാരന്മാരിൽ ഒരാൾ വേദിക്ക് സമീപത്തെ സർക്യൂട്ട് ബ്രേക്കറിൽ നിന്ന് പുക ഉയരുന്നത് കണ്ടതായും തുടർന്ന് വൈദ്യുതി നിലച്ച ശേഷം വലിയൊരു സ്ഫോടനശബ്ദം കേട്ടതായും അറിയിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിന് പിന്നാലെ പുക അതിവേഗം പബ്ബിലാകെ വ്യാപിക്കുകയായിരുന്നുവെന്നാണ് വിവരം.
അബോധാവസ്ഥയിലായിരുന്ന നിരവധി പേരെ പബ്ബിൽനിന്ന് പുറത്തെടുത്ത് വിവിധ ആശുപത്രികളിലേക്ക് മാറ്റി. മരിച്ചവരിൽ പലരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബന്ധുക്കൾക്ക് വിവരം ലഭ്യമാക്കുന്നതിനായി പ്രത്യേക രജിസ്ട്രേഷൻ കേന്ദ്രവും സഹായ സംവിധാനവും ഒരുക്കിയതായി അധികൃതർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നതടക്കം എല്ലാ വശങ്ങളും പരിശോധിക്കുമെന്നും തായ് അധികൃതർ പറഞ്ഞു. ഇതിനുമുമ്പും തായ്‍ലൻഡിലെ പബ്ബുകളിൽ തീപിടിത്ത അപകടങ്ങൾ ഉണ്ടായിരുന്നു. 2009ലെ സാന്റിക്ക ക്ലബ് തീപിടിത്തത്തിലും 2022ലെ മ്യൂസിക് നൈറ്റ് ക്ലബ് ദുരന്തത്തിലും നിരവധി പേരാണ് മരിച്ചത്.


