ഒരാൾ ആത്മഹത്യ ചെയ്യുമ്പോൾ ഏഴുപേർ ജീവനൊടുക്കാൻ ശ്രമിക്കുന്നു; ഇസ്രായേൽ സൈനികരിൽ ‘ആത്മഹത്യാ മഹാമാരി’യെന്ന്
text_fieldsജീവനൊടുക്കിയ ഐ.ഡി.എഫ് സൈനികനായ എലിറാൻ മിസ്രാഹി (Photo Credit: DocumentIsrael)
തെൽ അവീവ്: ഗസ്സ വംശഹത്യയിൽ പങ്കാളികളായ ഇസ്രായേൽ പ്രതിരോധ സേനയിലെ (ഐ.ഡി.എഫ്) സൈനികർക്കിടയിൽ ആത്മഹത്യാ ശ്രമങ്ങൾ വർധിച്ചതായി പാർലമെന്റിൽ റിപ്പോർട്ട്. 2024 ജനുവരി മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിൽ 279 ഐഡിഎഫ് സൈനികരാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് കെനേസത്ത് ഗവേഷണ, വിവര കേന്ദ്രം ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് സർവിസിലുള്ള സൈനികരുടെ കണക്കാണെന്നും സൈനിക സേവനം പൂർത്തിയാക്കിയ വിമുക്തഭടന്മാരുടേതല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഗസ്സയിൽ കുഞ്ഞുങ്ങളെ അടക്കം കൊല്ലുന്ന ഭീകരദൃശ്യങ്ങളും ഇസ്രായേൽ സൈനികരുടെ മരണങ്ങളും സൈനികരിൽ മാനസിക പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. റിസർവ് സൈനികരെ വലിയ തോതിൽ അണിനിരത്തിയത് ആത്മഹത്യാ നിരക്ക് വർധിക്കുന്നതിന് കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇക്കാലയളവിൽ ഒരു സൈനികൻ ആത്മഹത്യ ചെയ്യുമ്പോൾ ആനുപാതികമായി ഏഴ് സൈനികർ ആത്മഹത്യാശ്രമം നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇടതുപക്ഷ പാർട്ടിയായ ഹദാഷ് താലിന്റെ പാർലമെന്റംഗം ഓഫിർ കാസിഫിന്റെ അഭ്യർത്ഥന പ്രകാരമാണ് റിപ്പോർട്ട് പാർലമെന്റിൽ വെച്ചത്. ഐ.ഡി.എഫ് മെഡിക്കൽ കോർപ്‌സിന്റെ മാനസികാരോഗ്യ കേന്ദ്രം നൽകിയ വിവരങ്ങളുടെയും പാർലമെന്റ് കമ്മിറ്റി ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
2024-ൽ ഇസ്രായേലിൽ ആകെ ആത്മഹത്യ ചെയ്തവരിൽ 78 ശതമാനവും സൈനികരാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് വലിയ വർധനവാണ്. ഗസ്സ വംശഹത്യ തുടങ്ങുന്നതിന് മുമ്പ് 2023-ൽ ഇത് 17 ശതമാനമായിരുന്നു. 2017 മുതൽ 2025 ജൂലൈ വരെ ആകെ 124 സൈനികരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 68 ശതമാനം നിർബന്ധിത സൈനിക സേവനത്തിലുള്ളവരും 21 ശതമാനം ആക്ടീവ് റിസർവ് സർവീസിലുള്ളവരും 11 ശതമാനം കരിയർ സൈനികരുമാണ്. ജീവനൊടുക്കിയ സൈനികരിൽ 17 ശതമാനം പേർ മാത്രമാണ് മരണത്തിന് തൊട്ടുമുമ്പുള്ള രണ്ട് മാസത്തിനുള്ളിൽ മനശ്ശാസ്ത്ര വിദഗ്ധരുടെ സേവനം തേടിയത്.
സൈനികരുടെ മാനസികാരോഗ്യ വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുമെന്ന് ഐഡിഎഫ് അറിയിച്ചു. സൈനികരുടെ മാനസിക പ്രയാസങ്ങൾ തിരിച്ചറിയുന്നതിനായി കമാൻഡർമാർക്കുള്ള പരിശീലനം വിപുലീകരിക്കാനും മനശ്ശാസ്ത്ര വിദഗ്ധരുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാനും ഐഡിഎഫ് പദ്ധതിയിടുന്നതായി റിപ്പോർട്ട് പറയുന്നു.
സൈനികരുടേത് ആത്മഹത്യാ മഹാമാരിയാണെന്നും ഇത് വരുംമാസങ്ങളിൽ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നും പാർലമെന്റംഗം ഓഫിർ കാസിഫ് മുന്നറിയിപ്പ് നൽകി. ‘മനുഷ്യജീവനേക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ല, യുദ്ധം അവസാനിച്ച സാഹചര്യത്തിൽ ആത്മഹത്യാ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്. സൈനികർക്ക് മാനസിക പിന്തുണ മെച്ചപ്പെടുത്തണം. എല്ലാറ്റിനുമുപരിയായി, യുദ്ധങ്ങൾ അവസാനിപ്പിച്ച് യഥാർത്ഥ സമാധാനം കൊണ്ടുവരേണ്ടതും അത്യാവശ്യമാണ. സൈനികരെ യുദ്ധത്തിന് പറഞ്ഞുവിടുകയും തടങ്കലിലടക്കാൻ ഇടവരുത്തുകയും ചെയ്യുന്ന സർക്കാർ, പിന്നീട് അവരെ ഉപേക്ഷിക്കുകയാണ്. സർക്കാർ അവർക്കെതിരെയാണ് പോരാടുന്നത്’ -അദ്ദേഹം പറഞ്ഞു.


