ചൈനയിലെ സിചുവാനിൽ ഭൂചലനം; നോപ്പാളിന് വീണ്ടും പ്രളയ മുന്നറിയിപ്പ്
text_fieldsബെയ്ജിങ്: ചൈനയിലെ സിചുവാനിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ലോങ്ചാങ് നഗരത്തിലാണ് ഭൂചലനമുണ്ടായത്. ഇതോടെ നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്. നേപ്പാളിലെ ത്രിഷൂലി മേഖലയിലാണ് മുന്നറിയിപ്പ്. ദുരന്തമുഖത്തുള്ള നേപ്പാളിന് ഇതി വീണ്ടും ഭീഷണിയായി.
മുകളിൽ നിന്നുള്ള വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് നദിയിലെ ജലനിരപ്പ് ഉയർത്താൻ സാധ്യതയുള്ളതിനാൽ നേപ്പാളിലെ ത്രിഷൂലി പ്രദേശം വീണ്ടും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നേപ്പാൾ പോലീസ് വ്യക്തമാക്കി.അതേസമയം, ടിബറ്റ് ഭാഗത്തെ ഒരു അണക്കെട്ട് വീണ്ടും തകർന്നതായി കാണിച്ച് നേപ്പാൾ പോലീസ് പുതിയ മുന്നറിയിപ്പ് നൽകി.
നേപ്പാളിലെ രസുവ ജില്ലയിലുണ്ടായ വിനാശകരമായ മിന്നൽപ്രളയത്തെത്തുടർന്നുള്ള മരണസംഖ്യ വെള്ളിയാഴ്ച 469 ആയി ഉയർന്നു, അതേസമയം 1,545 പേർക്ക് പരിക്കേൽക്കുകയും അവരെ രക്ഷപ്പെടുത്തുകയും ചെയ്തതായി നേപ്പാൾ പോലീസ് അറിയിച്ചു.
നേപ്പാൾ പോലീസ് നൽകിയ വിവരപ്രകാരം, ചിത്വാൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത്, ഇവിടെ 178 മൃതദേഹങ്ങൾ കണ്ടെടുത്തു. തുടർന്ന് എൻപി ഈസ്റ്റിൽ 110, ഗൂർഖയിൽ 44, നുവാകോട്ടിൽ 37, ധാഡിംഗിൽ 33, താനുഹിൽ 28, എൻപി വെസ്റ്റിൽ 27, രസുവയിൽ 12 എന്നിങ്ങനെയാണ് കണക്കുകൾ.
ബുധനാഴ്ചത്തെ മണ്ണിടിച്ചിലിൽ രണ്ട് നദികളുടെ സംഗമസ്ഥാനത്ത് രൂപംകൊണ്ട തടാകത്തിന്റെ മൺതിട്ട തകർന്ന് വെള്ളപ്പൊക്കമുണ്ടാകാൻ ഉയർന്ന സാധ്യതയുണ്ടെന്നും ചൈന ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയുടെ ജലവിഭവ മന്ത്രാലയം ടിബറ്റ് സ്വയംഭരണ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഛോഛൻ ഖോള, പുരേപു സാംഗ്‌പോ നദികളുടെ സംഗമസ്ഥാനത്തിനടുത്ത് രൂപംകൊണ്ട തടാകമാണ് അപകടഭീഷണി ഉയർത്തുന്നത്. ഈ നദികൾ ടിബറ്റിൽ ഉത്ഭവിച്ച് ഭോട്ടേ കോശി നദീവ്യൂഹത്തിന്റെ ഭാഗമായി നേപ്പാളിലേക്കാണ് ഒഴുകുക.
വ്യാഴാഴ്ച രാവിലെ വരെ തടാകത്തിൽ ഏകദേശം 20 ലക്ഷം ഘനമീറ്റർ വെള്ളം അടിഞ്ഞുകൂടിയതായും, തുടർന്നുള്ള മഴ കാരണം ഏകദേശം 30 ലക്ഷം ഘനമീറ്റർ വരെ ജലനിരപ്പ് ഉയർന്ന് തടാകം പൊട്ടിയൊഴുകാൻ സാധ്യതയുണ്ടെന്നും ബെയ്ജിംഗ് അറിയിച്ചതായി ഔദ്യോഗിക ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹ്വ റിപ്പോർട്ട് ചെയ്തു.


